Wednesday 28 November 2018 11:17 AM IST : By സ്വന്തം ലേഖകൻ

‘സൗന്ദര്യമാണോ നിങ്ങളുടെ പ്രശ്നം, എന്തിനാണ് ഈ കുട്ടിയെ ഇങ്ങനെ കളിയാക്കുന്നത്’; രോഷത്തോടെ കുറിപ്പ്

neethu

മേലും കീഴും നോക്കാതെ കാടടച്ച് വെടിവയ്ക്കുന്ന, തോന്നിയതിനെയെല്ലാം വിമർശിക്കുന്ന സോഷ്യൽ മീഡിയ ലീലാ വിലാസങ്ങൾ നമുക്ക് പുത്തരിയില്ല. കേട്ടപാതി കേൾക്കാത്ത പാതി പല വ്യക്തികളേയും സംഭവങ്ങളേയും വിമർശിച്ച് ഒരു വഴിയാക്കുന്നതാണ് സോഷ്യൽമീഡിയയുടെ പതിവ് രീതി. ടിക് ടോക് പ്രകടനവുമായെത്തിയ ഒരു പെൺകുട്ടിക്കു നേരെ പരിഹാസ ശരവുമായെത്തിയ സംഭവമാണ് ഇത്തരം ചെയ്തികളിലെ ഒടുവിലത്തെ ഉദാഹരണം.

നീതു എന്ന പെൺകുട്ടിയാണ് സോഷ്യൽമീഡിയയുടെ പരിഹാസ പാത്രമായത്. വെറും 13 സെക്കൻഡ് മാത്രമുള്ള വിഡിയോയുടെ പേരിലായിരുന്നു സോഷ്യൽ മീഡിയയുടെ ആക്രമണം. പലർക്കും നീതുവിന്റെ സൗന്ദര്യവും നിറവും പ്രകടനവും ഒക്കെയായിരുന്നു പ്രശ്നം.

ഇപ്പോഴിതാ അത്തരം ‘സൈബർ സുന്ദരൻമാരുടെ’ കളിയാക്കലുകളെ കണക്കിന് വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്യൻ നിഷാദ് എന്ന യുവാവ്. ഒരു കഴിവും ഒരു പണിയും ഇല്ലാത്തവരാണ് ‌ ആ പെൺകുട്ടിയെ കളിയാക്കുന്നത്. കണ്ണീരൊഴുകുമ്പോഴും ആ കുട്ടിയെ പരിഹസിക്കാനായിരുന്നു ചിലർക്ക് തിടുക്കം. ഇവർ ആ കുട്ടിയുടെ പ്രകടനം ആണ് വിലയിരുത്തുന്നതെങ്കിൽ വെറും 13 സെക്കൻഡ് മാത്രമുള്ള വിഡിയോട് ആ കുട്ടി നൂറ് ശതമാനം നീതി കാണിച്ചിട്ടുണ്ട്. പിന്നെ സൗന്ദര്യമാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അത് ഒരു അസുഖം വന്നാൽ തീരാവുന്നതേയുള്ളൂവെന്നും ആര്യൻ പറയുന്നു. വിഡിയോയെ വിമര്‍ശിക്കുന്നവര്‍ക്ക് എതിരെയും സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ പ്രതിഷേധം ഉയരുന്നുണ്ട്.

ആര്യ നിഷാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

ഈ കുട്ടി ആരാണ് എന്ന് എനിക്കറിയില്ല.കഴിഞ്ഞ ദിവസങ്ങളിൽ ഈ കുട്ടിയെ കളിയാക്കി കൊണ്ട് ഫേസ് ബുക്കിലും ,വാട്സ്ആപ്പിലും കുറെ വിഡിയോയും കമന്റ്സും കണ്ടു. എന്തിനാണ് എല്ലാവരും ഇങ്ങനെ കളിയാക്കുന്നത് .നിങ്ങളുടെ വീട്ടിലെ ഒരു കുട്ടിയാണ് ഇങ്ങനെ ചെയ്തത് എങ്കിൽ നിങ്ങൾകളിയാക്കുമോ.അവർ അവരുടെ രീതിയിൽ നന്നായി പെർഫോം ചെയ്തിട്ടുണ്ട്. "പിന്നെ സൗന്ദര്യം ആണ് ഉദ്ദേശിച്ചതെങ്കിൽ അത് ഒരു അസുഖം വന്നാൽ തീരും ട്ടോ " ആരും നടനോ, നടിയോ ആയി ജനിക്കുന്നില്ല. കളിയാക്കുന്നവർ ഒന്നിനും കഴിവില്ലാത്തവർ ആയിരിക്കും. ഈ കുട്ടിക്ക് എന്റെ കട്ട സപ്പോർട്ട്.ഞാൻ ചെയ്യുന്ന അടുത്ത പ്രൊജക്ടിൽ ഒരു വേഷം ഉറപ്പ് തരുന്നു.... കൂടാതെ ഒരു പ്രദേശിക ചാനലിൽ പെർഫോം ചെയ്യാൻ ഒരു അവസരവും വാങ്ങി തരാം ട്ടാ .