Thursday 06 December 2018 03:31 PM IST : By സ്വന്തം ലേഖകൻ

റഹ്മാനെ ‘പാട്ടിലാക്കിയ’ വീട്ടമ്മ സിനിമയിലേക്ക്; ബേബിയുടെ പുതിയ പാട്ടും വൈറലോട് വൈറൽ–വിഡിയോ

rahman

സോഷ്യൽ മീഡിയ ജാതകം മാറ്റിയെഴുതിയ കലാകാരൻമാർ എത്ര പേരുണ്ട്? രാജഹംസമായ് വന്ന് മലയാളക്കരയുടെ മനം കവർന്ന ചന്ദ്രലേഖയും ‘ഉനൈ കാണാത്’ പാടി കമൽഹാസന്റെ വരെ പ്രീതി പിടിച്ചു പറ്റിയ രാകേഷും തുടങ്ങി അങ്ങനെ എത്രയോ കലാകാരൻമാർ.

നേരമൊന്നിരുട്ടി വെളുക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയ താരമാക്കിയ എത്രയോ പേരുണ്ട്. അവർ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് പിച്ചവച്ചിട്ടുമുണ്ട്. പ്രതിഭയുടെ മിന്നലാട്ടം പ്രകടമാക്കുന്ന, ആരാലും അറിയപ്പെടാത്ത ഒരുപിടി കലാകാരൻമാർ അകലെയെവിടെയോ മറഞ്ഞിരിപ്പുണ്ടാകും. അവരുടെ ‘നമ്പരെത്തിയാൽ’ അവരും സ്റ്റാറാകും. സോഷ്യൽ മീഡിയയിലൂടെ അവരെയും ലോകമറിയും.

റഹ്മാന്‍ ഈണമിട്ട ‘ഓ ചെലിയ’ എന്ന ഗാനം പാടി ആസ്വാദകരുടെ മനംകവര്‍ന്ന സാധാരണക്കാരിൽ സാധാരണക്കാരിയായൊരു വീട്ടമ്മയായിരുന്നു മേൽപ്പറഞ്ഞ വൈറൽ ഗായകരുടെ നിരയിലെ ഒടുവിലത്തെ ഉദാഹരണം. തമിഴ് ചിത്രം കാതലന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ ഗാനം പാടിയെത്തിയ ആ അജ്ഞാത ഗായിക ആന്ധ്രാപ്രദേശുകാരി വീട്ടമ്മ ബേബിയാണെന്ന് സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞത് പിന്നെയും ഏറെ വൈകി.

എന്നാൽ ശരിക്കുള്ള വിശേഷം അതൊന്നുമല്ലായിരുന്നു, ഇപ്പറഞ്ഞ ഗായികയെ വാഴ്‍ത്തി സാക്ഷാൽ എആർ റഹ്മാൻ രംഗത്തെത്തിയതോടെ വൈറൽ ഗായികയുടെ ഖ്യാതി ‘അതുക്കുംമേലെയായി.’ ആ അംഗീകാരവും മനസു നിറഞ്ഞുള്ള അഭിനന്ദനങ്ങളുംഇപ്പോൾ ബേബിയെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നതാകട്ടെ സിനിമയിലും. റിലീസിംഗിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമായ ‘പലാസ 1978’ ലാണ് ബേബിക്ക് പാടാനുള്ള അവസരം ലഭിച്ചത്. രഘു കുഞ്ചേയാണ് സംഗീത സംവിധായകന്‍.

ആന്ധ്രയിലെ ‘വടിസലേരു’ എന്ന ഗ്രാമത്തിലെ ബേബി സാധാരണ തൊഴിലാളിയാണ്. ജോലിയുടെ ഇടവേളയില്‍ വെറുതെ പാടിയ ഗാനമാണു ജീവിതം തന്നെ മാറ്റിയത്. സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടന്ന ബേബിയുടെ പാട്ട് എ ആര്‍ റഹ് മാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ബേബി കൂടുതല്‍ പ്രശസ്തയായി. തുടര്‍ന്ന് നടന്‍ ചിരഞ്ജീവി ബേബിയെ കാണാനെത്തിയിരുന്നു. ഇത്രയും നാളും അറിയപ്പെടാതെ ആരും ശ്രദ്ധിക്കാതെ പോയ മാണിക്യമാണു നിങ്ങളെന്നാണ് ചിരഞ്ജീവി ബേബിയെ വിശേഷിപ്പിച്ചത്.

സ്റ്റുഡിയോയില്‍ ബേബി പാടുന്നതിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രൊഫഷണല്‍ ഗായികക്കൊപ്പം നില്‍ക്കുന്ന ബേബിയുടെ പ്രകടനം സംഗീതപ്രേമികള്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.