Wednesday 16 October 2019 05:55 PM IST : By സ്വന്തം ലേഖകൻ

അടച്ചുറപ്പുള്ള വീട്, അനുജത്തിയുടെ വിവാഹം; ഇന്ന് അതേ കടമുറി വീടിന്റെ ചാരത്ത് അഭിജിത്തിന്റെ ചേതനയറ്റ ദേഹം; കണ്ണീർ

abhi

ഈ കടമുറി വീടിന്റെ സ്ഥാനത്ത് അടച്ചുറപ്പുള്ള ഒരു നല്ല വീട്. പിന്നെ അനുജത്തിയുടെ വിവാഹം. ഇങ്ങനെ സ്വപ്നങ്ങളേറെയായിരുന്നു അഭിജിത്തിന്. ഒന്നും യാഥാർഥ്യമായില്ല! ഇന്ന് അഭിജിത്തിന്റെ മൃതദേഹമെത്തുന്നത് ആ പഴയ കടമുറി വീട്ടിലേക്കു തന്നെ. 3 കൊച്ചു കടമുറികളും അടുക്കളയും ചേരുന്നതാണ് അഭിജിത്തിന്റെ ആയൂർ ഇടയത്തെ വീട്. പട്ടാളത്തിൽ ജോലി ലഭിച്ചതോടെ വായ്പയെടുത്ത് നല്ലൊരു വീടു നിർമിക്കാം എന്ന് അഭിജിത്ത് മനസ്സിൽ കണ്ടിരുന്നു.

വീട്ടിൽ സൗകര്യങ്ങൾ കുറവായതിനാൽ സമീപത്തെ ശ്രീനാരായണ ഹാളിലാണ് അഭിജിത്തിന്റെ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കുന്നത്. കുട്ടിക്കാലം മുതൽ കമ്പക്കോട്ടെ അമ്മ വീട്ടിലായിരുന്നു അഭിജിത്ത് ഏറെയും ചെലവഴിച്ചിരുന്നത്. പട്ടാളത്തിൽ ചേരുക, രാജ്യസേവനം ചെയ്യുക എന്ന അമ്മാവൻ സന്തോഷിന്റെ നടക്കാതെ പോയ ആഗ്രഹം അഭിജിത്ത് മനസ്സിലാക്കുന്നതും അതു തന്റെ ആഗ്രഹമാക്കി മാറ്റുന്നതും അങ്ങനെ.

3 വർഷം മുൻപു പട്ടാളത്തിലേക്കു സിലക്‌ഷൻ ലഭിച്ചപ്പോഴും വീട്ടുകാർ ഏറെ സന്തോഷത്തോടെയാണ് യാത്രയാക്കിയത്. സൗദിയിൽ ഡ്രൈവറാണെങ്കിലും പ്രഹ്ലാദനു കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല. മരിക്കുന്നതിനു മുൻപായി പുലർച്ചെ ഫോണിൽ അമ്മയോടു സംസാരിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ കോയിൻ ബോക്സിൽ നിന്നു വിളിച്ചാണ് 2 മിനിറ്റ് സംസാരിച്ചത്

കശ്മീരിലെ ബാരാമുള്ളയിൽ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടിയാണ് അഭിജിത്ത് കൊല്ലപ്പെട്ടത്. 

കടപ്പാട്: സായൂജ്യ സെബാസ്റ്റ്യൻ

More