Friday 04 December 2020 03:38 PM IST : By സ്വന്തം ലേഖകൻ

ഒറ്റയാനായി വിടാൻ മനസില്ല; അച്ഛൻ പ്രണയം കണ്ടെത്തിയതിൽ സന്തോഷം പങ്കിട്ട് ഈ മകൻ; വൈറൽ കല്യാണം

shayon

അച്ഛനും അമ്മയ്ക്കും വേണ്ടി എത്ര സൗഭാഗ്യങ്ങൾ കൊണ്ടു ചെന്നു നൽകാനും മടിക്കാത്ത മക്കളുണ്ട്. പക്ഷേ അവരുടെ മനസു കാണാൻ ശ്രമിക്കുന്നവർ ചുരുക്കം മാത്രം. ഒറ്റയ്ക്ക് ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്ന അച്ഛനോ അമ്മയ്ക്കോ കൂട്ടു കണ്ടുപിടിച്ചു നൽകുന്ന മക്കളുടെ കഥകൾ അപൂർവമായി മാത്രമേ കേൾക്കാറുള്ളു. പക്ഷേ കേട്ട കഥകളെല്ലാം സുന്ദരമായിരിക്കും. ഇവിടെയിതാ രണ്ടാമത് വിവാഹം കഴിച്ച അച്ഛന് ഉറച്ച പിന്തുണയുമായി നിൽക്കുകയാണ് ഒരു മകൻ. ഷയോൺ എന്ന മകനാണ് അച്ഛൻ വീണ്ടും വിവാഹിതനായതിൽ സന്തോഷം പങ്കുവച്ചതിലെ സന്തോഷം പങ്കുവയ്ക്കുന്നത്. ട്വിറ്ററാണ് ആ സ്നേഹഗാഥ സോഷ്യൽ മീഡിയയോട് വിളിച്ചു പറയുന്നത്.

അമ്മ മരിച്ച് 10 വർഷങ്ങള്‍ക്ക് ശേഷമാണ് ഷയോണിന്റെ അച്ഛന്റെ വിവാഹം. അച്ഛൻ വീണ്ടും പ്രണയം കണ്ടെത്തിയതിൽ സന്തോഷമെന്നാണ് ഷയോൺ ട്വിറ്ററിൽ കുറിച്ചത്. ച്ഛനൊപ്പമുള്ള വിവാഹ ഫോട്ടോയും ഷയോൺ ട്വീറ്റ് ചെയ്തു.

'അങ്ങനെ കഴിഞ്ഞ ദിവസം എന്റെ അച്ഛന്‍ വിവാഹിതനായി. ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. അങ്ങേയറ്റം രസകരവും സന്തോഷം നിറഞ്ഞതുമായിരുന്നു. എന്റെ അമ്മയുടെ മരണത്തിന് ശേഷം 10 വർഷത്തോളം ഒറ്റയാനായി കഴിഞ്ഞ അച്ഛൻ ഇപ്പോൾ വീണ്ടും പ്രണയം കണ്ടെത്തിയതിൽ സന്തോഷം.' ഷയോൺ ചിത്രം പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു. 

ഷയോണിനെ നല്ല മനസിനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. നന്മയുള്ള ഹൃദയമുള്ള വ്യക്തിയെന്നാണ് ഷയോണിനെ പലരും പ്രശംസിച്ചത്. അച്ഛനമ്മമാരുടെ മനസറിയുന്ന ഷയോണിനെ പോലുള്ള മക്കൾ ഇനിയും ഉണ്ടാകട്ടെയെന്നാണ് സാമൂഹിക പ്രവർത്തക റിതുപർണ ചാറ്റർജി കുറിച്ചത്. 6000ത്തോളം പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തത്.