Wednesday 29 April 2020 11:18 AM IST

ഈ കാലവും കടന്നുപോകും, വീണ്ടും ഒത്തുകൂടാം...! ലോക്ഡൗണില്‍പ്പെട്ട് ഒത്തുകൂടാനാകാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ക്കായി ഒരു കുടുംബത്തിന്റെ പാട്ടുകള്‍

V N Rakhi

Sub Editor

song

വിഷുവിന് ഒന്നൊത്തുകൂടാന്‍ പോലുമാകാതെ ലോകഡൗണില്‍ പലയിടത്ത് കുടുങ്ങിപ്പോയ കുടുംബങ്ങള്‍ക്കായി കൊല്ലം ഉദയപ്പിണയ്ക്കല്‍ കുടുംബാംഗങ്ങളുടെ ഒരു ഗാനോപഹാരം. 67കാരി രമണി പങ്കജാക്ഷനും സഹോദരീസഹോദരന്മാരും മക്കളും ചേര്‍ന്നാണ് പാട്ടുപാടിയും സ്റ്റേ ഹോം സ്‌റ്റേ സേഫ് സന്ദേശമെഴുതിയും വിഡിയോ ഇറക്കിയത്. ദക്ഷിണാമൂര്‍ത്തിസ്വാമി, എം.എസ്.ബാബുരാജ്, കെ. ജെ. ജോയ്, രാഘവന്‍ മാസ്റ്റര്‍, രവി ബോംബെ, ജോണ്‍സണ്‍മാസ്റ്റര്‍, ഔസേപ്പച്ചന്‍, യേശുദാസ്, പി. സുശീല, എസ്. ജാനകി തുടങ്ങിയ സംഗീതപ്രതിഭകള്‍ക്കുള്ള സമര്‍പ്പണം കൂടിയാണീ വിഡിയോ.

കൊല്ലം മീയ്യണ്ണൂരിലെ വീട്ടിലിരുന്ന് രമണി പാടിയ പാട്ടുപാടി ഉറക്കാം...എന്ന ഗാനത്തോടെ വിഡിയോ തുടങ്ങുന്നു. സുറുമയെഴുതിയ മിഴികളേ...യുമായി അനുജന്‍ ദേവദാസും ഗോപികേ നിന്‍ വിരല്‍... പാടി മകള്‍ മേഘ്‌നയും ചാത്തന്നൂരില്‍ നിന്നും, മഞ്ഞണിപ്പൂനിലാവ്...പാടി അനുജത്തി ഉഷയും അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം... പാടി മകന്‍ അമലും കടവന്ത്രയില്‍ നിന്നും രമണിക്കൊപ്പം കൂടി. പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്ന് മെല്ലെ മെല്ലെ മുഖപടം... പാടി ഉഷയുടെ മരുമകന്‍ ജിനു. രമണിയുടെ മൂത്തസഹോദരന്റെ മക്കളാണ് പ്രമോദും പ്രദീപും. പേരയത്തും പാപ്പനംകോടും നിന്നുമായി ഇവര്‍ ഓരോ ഗാനങ്ങളുമായെത്തി. പലതരത്തില്‍ പാട്ടിനോടു കൂട്ടുകൂടുന്നവരാണ് ഇവരെല്ലാം. രമണിയുടെ മറ്റൊരു മൂത്തസഹോദരന്‍ ശിഖാമണി മൃദംഗവിദ്വാനായിരുന്നു. ചേച്ചി കമലയും സഹോദരന്‍ മണികണ്ഠനും സംഗീതാധ്യാപകരും. പണ്ട് ഇവര്‍ ഒരുമിച്ച് സംഗീതക്കച്ചേരികളും കഥാപ്രസംഗവും നടത്തിയിട്ടുണ്ട്.
റിട്ടയേഡ് പഞ്ചായത്ത് സൂപ്രണ്ടാണ് ദേവദാസ്.മേഘ്‌ന ഐ ടി ജോലിക്കാരി. കെപിഎംജിയിലെ ഓഡിറ്ററാണ് അമല്‍. പ്രമോദ് സ്വകാര്യസ്ഥാപനത്തിലും പ്രദീപ് ഗ്രാഫിക് ഡിസൈനറായും ജോലി ചെയ്യുന്നു. ഉഷയുടെ മകള്‍ ആതിരരാജിന്റെ മനസ്സിലെ ആശയമാണ് വിഡിയോ ആയിത്തീര്‍ന്നത്. എല്ലാവരെയും ഏകോപിപ്പിച്ചതും വിഡിയോ എഡിറ്റിങ് നടത്തിയതും തഷ്വീര്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ ബുട്ടീക് നടത്തുന്ന ആതിര തന്നെ. മ്യൂസിക് പ്രൊഡക്ഷന്‍ കമ്പനി പാര്‍ട്ണറായ ഭര്‍ത്താവ് ജിനുവിന്റെ അനുജനും സംഗീതസംവിധായകനുമായ ജിബു ശിവാനന്ദന്‍ പ്രോഗ്രാമിങ്ങും മിക്‌സിങ്ങും ചെയ്തു.