Wednesday 08 April 2020 04:21 PM IST

മനസ് പതറി നിൽക്കുമ്പോൾ ധൈര്യം പകർന്നു പാട്ട്; റഫീഖ് അഹമ്മദ്- എസ്പിബി കൂട്ടുകെട്ടിൽ അവിസ്മരണീയ സംഗീതം! വിഡിയോ

Shyama

Sub Editor

spb

'ഒരുമിച്ച് നിൽക്കേണ്ട സമയം' എന്ന് തുടങ്ങുന്ന റഫീഖ് അഹമ്മദിന്റെ വരികൾ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്വരത്തിൽ കെട്ടവർക്കറിയാം മനസ് പതറി നിൽക്കുമ്പോൾ പോലും ഈ പാട്ട് നമ്മിൽ നിറയെ ധൈര്യം നിറയ്ക്കുന്നുണ്ട്, ഒരുമിച്ചു നിന്നാൽ കീഴടക്കാൻ കഴിയാത്തൊരു ഭയവുമില്ലെന്നൊരു പ്രതീക്ഷാകിരണം തെളിയിക്കുന്നുണ്ട്...

"എസ്പിബി സർ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക് പേജിലൂടെ ധാരാളം കാര്യങ്ങൾ ഈ സമയത്ത് ചെയ്യുന്നുണ്ട്. നല്ല സന്ദേശങ്ങൾ കൊടുക്കുക, നല്ല പാട്ടുകൾ പാടുക തുടങ്ങി പലതും. അങ്ങനെ കന്നഡ, തെലുഗു ,തമിഴ് അങ്ങനെ പല ഭാഷകളിൽ ഈയൊരു സമയത്തെ കുറിച്ചുള്ള പാട്ടുകൾ ചെയ്യ്യുന്നതിനിടയിക്ക് മലയാളതിൽ എന്നോട് ഒന്ന് എഴുതാൻ ആവശ്യപ്പെട്ടു. അങ്ങിനെ എഴുതിയ ചില വരികളാണവ. അദ്ദേഹം തന്നെയാണ് അത് കംപോസ് ചെയ്ത് പാടിയത്.

ഫോണിലൂടെ തന്നെയാണ് എല്ലാം ചെയ്തത്. ഇപ്പോൾ നമ്മളെല്ലാവരും ചെയ്യേണ്ടതും അത് തന്നെയാണ്. പരിമിധികൾക്കപ്പുറം മനസുകൊണ്ട് ഒരുമിച്ച് നിൽക്കുക.

ഒരുപാട് ആളുകൾ വിഡിയോ കണ്ട് വിളിച്ചു...അതിലെ സന്ദേശം അവരെയൊക്കെ തൊട്ടു എന്നറിയുമ്പോൾ സന്തോഷം. ഈ സൈബർ യുഗം വരുമ്പോൾ ഒന്ന് നോക്കിയാൽ നമുക്ക് അതിരുകളെ ഇല്ലല്ലോ...നമ്മൾ ആശയങ്ങളിലൂടെ കലയിലൂടെ ഒക്കെ എവിടേക്കൊക്കെ സഞ്ചരിക്കുന്നു.
വീട്ടിലിരിക്കുന്ന സമയം നമുക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം- കൃഷി, വായന, വര, എഴുത് അങ്ങനെ പലതും. ഇതിനോടൊപ്പം തന്നെ വീട് വൃത്തിയാക്കി വയ്ക്കാനും മറ്റും ഓരോരുത്തരും സഹായിക്കേണ്ടതുണ്ട്. മുൻപ് സമയമില്ലാത്തതുകൊണ്ട് വേണ്ടാ എന്ന് വച്ച കാര്യങ്ങളും ചെയ്യാൻ മറന്ന് പോയതുമൊക്കെ ചികഞ്ഞെടുത്ത് ചെയ്യാം. പ്രകൃതിയിലെ മാറ്റങ്ങൾ നോക്കിക്കാണാം...അങ്ങനെ പലതും ചെയ്യാൻ കിട്ടിയൊരു അവസരമായി ഈ സമയത്തെ കാണണം.

ഞാനിപ്പോൾ ഒരു പുതിയൊരു കാര്യത്തിന്റെ പണിപ്പുരയിലാണ്... തുള്ളൽപാട്ടിന്റെ രൂപത്തിലുള്ളൊരു സംഭവം എഴുതി ആ കലാകാരന്മാരെ ചേർത്ത് ഒരു സൃഷ്ടി സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റ്‌ ചെയ്യാനുള്ളൊരു ശ്രമത്തിലാണ്. "- റഫീഖ് അഹമ്മദ്പറയുന്നു.

പാട്ടിന്റെ വരികൾ

ഒരുമിച്ച് നിൽക്കേണ്ട സമയം,
ഇത് പൊരുതലിന്റെ കരുതലിന്റെ സമയം.
ഭയസംഭ്രമങ്ങൾ വേണ്ട,
അതിസാഹസിക ചിന്ത വേണ്ട,
അതിജീവിന സഹവർത്തന സഹനം മതി.

പ്രാർത്ഥനകൾ ഉത്സവങ്ങൾ ആഘോഷങ്ങൾ,
മർത്യസേവനത്തേക്കാൾ ഭാസുരമല്ല.
വാശികൾ തർക്കങ്ങൾ കക്ഷിഭേദങ്ങൾ,
വിശ്വാസങ്കടത്തിനുള്ളിൽ ഭൂഷണമല്ല.
മതജാതി വിചാരങ്ങൾ മറകൊള്ളുവിൻ,
മറികടക്കുവാൻ ഇതൊന്നേ- ശാസ്ത്രവിവേകം.