Thursday 23 January 2020 10:21 AM IST : By സ്വന്തം ലേഖകൻ

പൊന്നുപോലെ നോക്കിയ അമ്മ പോയി, വേദനിപ്പിക്കുന്ന കാഴ്ചയായി ശരത്; കണ്ണീർക്കുറിപ്പ്

shyla

താങ്ങും തണലുമായി നിൽക്കുന്നവരെ മരണത്തിന് എറിഞ്ഞു കൊടുക്കുന്ന വിധിയെ പോലെ ക്രൂരത മറ്റൊന്നിനും ഈ ഭൂമുഖത്ത് ഉണ്ടാകില്ല. രംഗബോധമില്ലാതെയെത്തുന്ന മരണങ്ങളിൽ അനാഥമായിപ്പോകുന്നത് ഒരു കുടുംബത്തിന്റെ തന്നെ മുഴുവൻ പ്രതീക്ഷകളായിരിക്കും. കുടുംബത്തിന്റെ കാവൽ വിളക്കായ അച്ഛൻ...ഭാവി പ്രതീക്ഷയായ മക്കൾ...അങ്ങനെ എത്രയോ പേർ ഒരൊറ്റ നിമിഷം കൊണ്ട് ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഷൈലയെന്ന ഈ അമ്മയുടെ മരണം എത്രമേൽ ക്രൂരമായിപ്പോയി എന്ന് നാം ചിന്തിക്കുന്നത് അവരുടെ പൊന്നുമോന്റെ മുഖം കാണുമ്പോഴാണ്.

അച്ഛൻറെ തണലും കുടുംബത്തിൻറെ പിന്തുണയും എല്ലാം ഉണ്ട് ശരത് എന്ന ഈ മകന്. എങ്കിലും അമ്മത്തണലിൽ ശാരീരിക പരിമിതികൾ പോലും അറിയാതെ ജീവിതം തള്ളിനീക്കുകയായിരുന്നു.  അവൻ ഉണ്ണുന്നതും ഉറങ്ങുന്നതും തൊട്ട്, പ്രാഥമിക കർമങ്ങൾക്കു പോലും ഈ അമ്മയുടെ കരുതല്‍ വേണം. പക്ഷേ ഷൈലയെ മരണം കൂട്ടിക്കൊണ്ടു പോയത് വേദനിപ്പിക്കുന്ന കാഴ്ചയായി.  

സൂരജ് കൊടുങ്ങല്ലൂർ എന്ന യുവാവാണ് ഈ വേദനിപ്പിക്കുന്ന കഥ സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടു പോകുന്നവർക്കും ആരോരുമില്ലാത്തവർക്കും ജീവിക്കാനൊരിടം വേണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.