Saturday 06 July 2019 12:58 PM IST : By സ്വന്തം ലേഖകൻ

‘മച്ചിയാണോ, പിള്ളേരുണ്ടാകില്ലേ എന്ന് ചോദിച്ചപ്പോ ഭൂമി എന്നെ വിഴുങ്ങിയിരുന്നേൽ എന്നോർത്തിട്ടുണ്ട്’; തകർന്നു പോയ നിമിഷം

soubi

കുത്തുവാക്കുകളും പരിഹാസങ്ങളും ഒളിപ്പിച്ച ‘വിശേഷം തിരക്കലുകാരുടെ’ കഥകൾ കഴിഞ്ഞ ദിവസം മുതലാണ് വനിത ഓൺലൈൻ വായനക്കാർക്കു മുന്നിലെത്തിച്ചത്. കണ്ണുനീരടക്കി ഒരു കുഞ്ഞിക്കാലിനായി കാത്തിരിക്കുന്നവരുടെ മേൽ ശരം കണക്കെ പതിക്കുന്ന പരിഹാസച്ചിരികളും അസ്ഥാനത്തെ പ്രസവാന്വേഷണങ്ങളും ആശ്വാസമല്ല, മറിച്ച് അന്തമില്ലാത്ത വേദനയാണ് പലർക്കും സമ്മാനിക്കുന്നത്. വേദനയൊളിപ്പിച്ച അക്കഥകൾ ഒരു കൂട്ടം വീട്ടമ്മമാർ വനിത ഓൺലൈനിനോട് പങ്കുവച്ചപ്പോൾ അഭൂത പൂർണമായ പ്രതികരണങ്ങളാണ് ലഭിച്ചത്. പേരും വെളിപ്പെടുത്തിയും അല്ലാതെയും നിരവധി പേർ തങ്ങളുടെ അനുഭവ കഥകൾ ലോകത്തോട് പങ്കുവയ്ക്കാതെത്തി.

കരളുറപ്പു കൊണ്ട് നേരിട്ട ആ ചോദ്യശരങ്ങൾ, വേദനയുടെ പ്രസവകാലങ്ങൾ, നെഞ്ചുനീറ്റുന്ന കുത്തുവാക്കുകൾ വായനക്കാർ അവർ ഇതാ ലോകത്തോടു പങ്കുവയ്ക്കുകയാണ്. പറയാതെ ബാക്കി വച്ച മറുപടി...#ഇവിടെ നല്ല വിശേഷം... വിശേഷം തിരക്കലുകാരുടെ വേദനയൊളിപ്പിച്ച ചോദ്യങ്ങൾക്കുള്ള വീട്ടമ്മമാരുടെ മറുപടിയ്ക്ക് ഇതാ ഒരു തുടർച്ച. സൗബി ജോർജ് എന്ന വീട്ടമ്മയാണ് ഓർക്കാൻ ആഗ്രഹിക്കാത്ത ആ ഭൂതകാലത്തെക്കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്.

soubi-1

സൗബി ജോർജിന്റെ വേദനിപ്പിക്കുന്ന അനുഭവം ഇങ്ങനെ;

ദൈവത്തിന്റെ പരീക്ഷണം എൻഡോമെട്രിയോസിസിന്റെ രൂപത്തിൽ വന്നപ്പോ ഒന്ന് പതറി . പ്രത്യേകിച്ചും കല്യാണം കഴിഞ്ഞു ആറു മാസം കഴിഞ്ഞപ്പോ . മനസ് മുഴുവൻ കുഞ്ഞുണ്ടാകുമോ എന്ന ആധി , അതിനേക്കാൾ ഒക്കെ മുകളിൽ ആൾക്കാരുടെ ചോദ്യവും നമ്മുടെ പുറകിൽ നിന്ന് പറയുന്ന എല്ലാവരും എനിക്ക് കുഞ്ഞില്ല എന്നാണോ പറയുന്നേ എന്ന തോന്നലും ( അത് എന്റെ തോന്നല് മാത്രമല്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്) . ഭർത്താവിന്റെ വീട്ടു കാരുടെ കുറ്റപ്പെടുത്തലുകൾ .. മച്ചിയാണോ നിനക്ക് പിള്ളേരുണ്ടാകില്ലേ എന്ന് എന്നോട് ചോദിച്ചപ്പോ ഭൂമി എന്നെ അങ്ങ് വിഴുങ്ങിയിരുന്നേൽ എന്നോർത്തിട്ടുണ്ട് .

എന്റെ നിസഹായത കാണാനും മനസ്സിലാക്കാനും വളരെ കുറച്ചു പേരെ ഉള്ളായിരുന്നുള്ളു , നമുക്ക് പിള്ളേരുണ്ടായില്ലേൽ ദത്തെടുക്കാം എന്ന് ഭർത്താവു പറഞ്ഞു അത് പുള്ളിടെ നല്ല മനസ് പക്ഷെ കുടുംബത്തിലെ ഒറ്റ മോൻ എന്റെ ജീവിതത്തിനിനി ഒരർത്ഥ വുമില്ല എന്ന് തോന്നിയിട്ടുണ്ട് അന്നൊക്കെ . എന്റെ 'അമ്മ പോകാത്ത പള്ളികളില്ല , നേർന്ന നേർച്ചകളും. ഒടുവിൽ എല്ലാ പ്രാർത്ഥനകൾക്കും, കണ്ണുനീരിനും ഉത്തരമായീ എന്റെ മകൾ വന്നു . ജൂൺ , രണ്ടു 11:11ന് ദൈവം അനുഗ്രഹിച്ച ശുഭ മുഹൂർത്തത്തിൽ

എനിക്ക് സമൂഹത്തിനോട് ഒന്നേ പറയാനുള്ളു എരിതീയിൽ എണ്ണ ഒഴിക്കരുതേ .. ഞങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷം നിങ്ങളെ പോലുള്ളവർക്ക് മനസിലാകില്ല , ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത് .. എന്റെ കഥ ഞാൻ പറയുന്നത് എനിക്ക് ജീവിക്കാൻ ഉള്ള പ്രചോദനം തന്നത് ഇത് പോലെ അനുഭവിച്ച എന്റെ ഒരു കൂട്ടുകാരിയാണ് .. നിങ്ങളുടെ അനുഭവം മറ്റുള്ളവർക്ക് ആശ്വാസമാകട്ടെ ! നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും അതിയേറെ സന്തോഷിക്കുന്നു ., God bless !!