Friday 04 February 2022 04:54 PM IST

‘തളർന്നെങ്കിൽ, അമ്മ എന്നെ നിലത്തിറക്കിക്കോ’: നട്ടെല്ലു തുളയ്ക്കുന്ന ബോൺ മാരോയിലും നിറപുഞ്ചിരി: കാൻസർ പോരാട്ടം

Binsha Muhammed

soumya-baby

‘അല്ലേലും കുഞ്ഞിന്റെ കാര്യത്തിൽ നിനക്ക് ഓവർ കെയറാ... ഇതൊന്നുമില്ലെന്നേ വെറും ചൂടുകുരു. ഇച്ചിരി പൗഡറിട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ...’

കുഞ്ഞിന്റെ നെറ്റിയിൽ റോസാമുള്ളു കുത്തിയതു പോലൊരു ചുവന്ന തിണർപ്പ്. അതു കണ്ടിട്ട് ആധികയറുന്നത് കണ്ട സൗമ്യയെ പലരും കളിയാക്കുകയായിരുന്നു. പക്ഷേ റോസാചുവപ്പ് തോൽക്കുന്ന ചുവന്ന കുത്ത് മുതുകിലും കൂടി കണ്ടതോടെ സൗമ്യയ്ക്ക് ടെൻഷനേറി. പേടിക്കാനൊന്നുമില്ലെന്ന് നിസംഗമായി പലരും പറഞ്ഞ് അവസാനിച്ചപ്പോഴും നഴ്സുകൂടിയായ സൗമ്യയുടെ ഉള്ളിൽ പേടിയുടെ കൊള്ളിയാൻ മിന്നി.

ഉപദേശിച്ചവരുടെ വാക്കുമറുത്ത് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക്. അവിടെ രക്തപരിശോധന മുറിയിൽ ഫലത്തിനായി വഴിക്കണ്ണുമായി കാത്തിരിക്കുമ്പോഴും ഒന്നും സംഭവിക്കരുതേ എന്നായിരുന്നു പ്രാർഥന. പക്ഷേ കൊഞ്ചിച്ചിരിച്ചു തുടങ്ങിയ കൺമണിയുടെ കണ്ണിലെ വെളിച്ചം കെടുത്താൻ പോന്നൊരു വേദന അവളുടെ കുഞ്ഞുദേഹത്തിൽ വേരിട്ടു തുടങ്ങിയിരുന്നു. കറുത്ത മഷിപടർന്ന ടെസ്റ്റ് റിസൾട്ടിൽ നിന്ന് സൗമ്യ അതുവേഗം വായിച്ചെടുത്തു, എച്ച്ബി പ്ലേറ്റ്ലെറ്റ് 19000. വർഷങ്ങൾക്കു മുന്നേ പഠിച്ചതും പഠിപ്പിച്ചതുമായ... മെഡിക്കൽ സർജിക്കൽ... പുസ്തകങ്ങൾ മിന്നായം പോലെ മനസിലൂടെ പാഞ്ഞു. ‘ഹേയ് അതൊന്നും അല്ല എന്റെ കുഞ്ഞിന്... അങ്ങനെ ഒന്നും വരില്ല..’– സ്വയം ആശ്വസിച്ചു. പക്ഷേ ആശ്വാസങ്ങൾക്ക് നീർക്കുമിളകളുടെ ആയുസ് മാത്രമായി. അന്ന് ആ ആശുപത്രി വരാന്തയിൽ തുടങ്ങിയ നെട്ടോട്ടം ചെന്നെത്തി നിന്നത് തിരുവനന്തപുരത്തെ റിജ്യണൽ കാൻസർ സെന്ററിൽ. അന്തിമ ഫലം... കാൻസർ...

വെറും ഒന്നര വയസു മാത്രമുള്ള പ്രാർഥനയെന്ന പൊന്നുമോൾ അനുഭവിച്ച വേദനകളുടെ അധ്യായം അവിടെ... ആ ആശുപത്രി ഇടനാഴിയിൽ തുടങ്ങുകയായിരുന്നു. ആരോഗ്യദൃഢഗാത്രനായ ഒരു മനുഷ്യനെ പോലും വേദനയുടെ നിലയില്ലാക്കയങ്ങളിലേക്ക് തള്ളിവിടുന്ന കാൻസർ എന്ന വില്ലനെ ഇത്തിരിപ്പോന്ന ആ ദേഹം എങ്ങനെ സ്വീകരിച്ചു എന്നോർക്കുമ്പോൾ സൗമ്യയെന്ന അമ്മയുടെ ഉള്ളിൽ ഒരു വിറയലാണ്. തന്റെ പൈതലിന്റെ വേദനയ്ക്ക് കൂട്ടിരുന്ന ആ അനുഭവം കാൻസർ ദിനത്തിൽ സൗമ്യ ഓരോ അമ്മമാരോടുമായി പങ്കുവയ്ക്കുമ്പോഴും സൗമ്യയുടെ കണ്ണുകള്‍ പലവട്ടം നിറയുന്നുണ്ടായിരുന്നു. മകളുടെ വേദനയ്ക്ക് കൂട്ടിരുന്ന ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ, വനിത ഓൺലൈനോടു പറയുന്നു സൗമ്യ...

കുഞ്ഞയെന്ന് സ്നേഹത്തോടെ വിളിക്കുന്ന എന്റെ പ്രാർഥന. 9 വയസുകാരി ദക്ഷിണ അവരായിരുന്നു എന്റെയും ബിജിത്തേട്ടന്റെയും ലോകം. ബിജിത്തേട്ടൻ യുഎഇയിൽ പ്ലാന്റ് ഓപ്പറേറ്ററാണ്. നഴ്സിങ് ആണ് എന്റെ പ്രഫഷൻ.  

മൂത്തയാൾ ജനിക്കുമ്പോൾ വെറും ഒരു കിലോ ആയിരുന്നു അവളുടെ ഭാരം. അവളെ മനുഷ്യ കുഞ്ഞിനെപോലെ ആക്കി എടുക്കാൻ ഞാൻ ഒരുപാട് പാടുപെട്ടതാ. പ്രാർഥന മോളുടെ കാര്യത്തിൽ ആ ടെൻഷൻ ഇല്ലായിരുന്നു. 9മാസം തികച്ചു തന്നെ ആയിരുന്നു ജനനം. 3.5കിലോ ഭാരം. നല്ല ആരോഗ്യമുള്ള കുഞ്ഞായി അവളെ കിട്ടി. അവൾക്ക് ഒരു പനി പോലും വന്നതായി ഞാനോർക്കുന്നില്ല. അവളുടെ കളിയും ചിരിയുമായിരുന്നു വീടുനിറയെ. പക്ഷേ അതിനെ അതിവേഗം ദൈവം കെടുത്തികളഞ്ഞു.– സൗമ്യ പറഞ്ഞു തുടങ്ങുകയാണ്.

2021 ഞങ്ങൾക്ക് ഒരുപാട് പ്രതീക്ഷകളുടെ വർഷമായിരുന്നു. 2015. ൽ തുടങ്ങിയ വീട് പണി.. അതൊന്നു തീർത്തു പാല് കാച്ചൽ നടത്തണം...കുഞ്ഞിപ്പെണ്ണ് ഉണ്ടായിട്ട് ഒന്നു കാണാൻ പോലുമാകാത്ത അച്ചായി ലീവിന് വരും. അങ്ങനെ കുറേ പ്ലാനുകൾ. എല്ലാം കീഴ്‍മേൽ മറിഞ്ഞത് ഒരു ഫെബ്രുവരി 2ന്. കുഞ്ഞിപ്പെണ്ണിന് രണ്ടു ദിവസം ആയിട്ട് തലയ്ക്ക് ചെറിയ ചൂട് പോലെ ഉണ്ടായിരുന്നു. ഒരുപാടു നേരം വെള്ളത്തിൽ കളിച്ചതിന്റെ ആകുമെന്നു കരുതി. പോളിയോ തുള്ളിമരുന്ന് കൊടുത്തതിന്റെ അടുത്ത ദിവസം ആയതു കൊണ്ടുതന്നെ അതിന്റെ ബാക്കിയാകും ആ പനിച്ചൂടെന്ന് ഉറപ്പിച്ചു. ശ്രദ്ധിച്ചപ്പോൾ നെറ്റിയിൽ ഒരു ചെറിയ കുത്തു പോലെ പാട് കണ്ടു.... നല്ല ആഴത്തിൽ മുള്ളു കൊണ്ടത് പോലെ തോന്നി. ഉടുപ്പ് ഒക്കെ ഊരി നോക്കുമ്പോഴും കണ്ടും നെഞ്ചിലും പുറത്തും കുറേ കുത്തുകൾ. പോളിയോ കൊടുത്ത കുഞ്ഞുങ്ങൾക്കു ആർക്കേലും ഇങ്ങനെ വന്നോ എന്ന് ഒരുപാടു പേരോട് ആരാഞ്ഞു. ആർക്കും പ്രശ്നമില്ല. ചുടുകുരു ആകുമെന്ന് ആശാ വർക്കർ ചേച്ചിയും പറഞ്ഞു. ആശുപത്രിയിൽ പോകേണ്ടതില്ല, നൈസിൽ പൗഡർ ഇട്ടാമതിയെന്ന് പറഞ്ഞു. പക്ഷേ എനിക്കെന്തോ അങ്ങോട്ട് സമാധാനം വന്നില്ല.

soumya-1

വൈകുന്നേരത്തോടെ ആശുപത്രിയെത്തി. വല്യ കുഴപ്പൊന്നും കാണുന്നില്ലാലോ... പാരസെറ്റമോൾ കൊടുക്കു... എന്ന് പറഞ്ഞു.. ചുവന്ന പാടുകൾ വല്യ പേടിക്ക്കേണ്ട കാര്യം ഇല്ലാന്നും പറഞ്ഞു. ഇവളുടെ ബ്ലഡ്‌ ഒന്ന് ടെസ്റ്റ്‌ ചെയ്തു തരാമോ എന്ന് ഞാനാണ് അങ്ങോട്ടു പറഞ്ഞത്. അടുത്ത ദിവസം റിസൾട്ട് തരാം രക്തം കൊടുത്തിട്ട് പൊയ്ക്കോളൂ എന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷേ അന്നു തന്നെ വേണമെന്നും ഞാൻ കാത്തിരുന്നോളാം എന്നും പറഞ്ഞു. കാത്തിരുന്ന് കാത്തിരുന്ന് ഫലമെത്തി... ഫലം ചുമ്മാ ഒന്ന് ഓടിച്ചു നോക്കിയപ്പോ കണ്ടു, hb 5... Platelet 19000ചങ്കു പാളിപ്പോയി. വർഷങ്ങൾക്കു മുന്നേ പഠിച്ചതും പഠിപ്പിച്ചതും... മെഡിക്കൽ സർജിക്കൽ... ബുക്കുകളും മിന്നായം പോലെ വന്നു...ഹേയ് അതൊന്നും അല്ല എന്റെ കുഞ്ഞിന്... അങ്ങനെ ഒന്നും വരില്ല... ചിന്തകളെ തത്കാലം അവിടെ വെച്ചു...

ഡോക്ടർ പോയ ശേഷം കിട്ടിയ റിപ്പോർട്ട് അദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തു കൊണ്ടുപോയി കാണിച്ചു. കണ്ടമാത്രയിൽ പറഞ്ഞത്, പാനിക് ആവരുത്... ബ്ലഡ്‌ എമർജൻസി ആയി കയറ്റാൻ സൗകര്യം ഉള്ള ഹോസ്പിറ്റലിൽ എത്രയും പെട്ടെന്ന് കുഞ്ഞിനെ എത്തിക്കണം... ഒരു ഡെങ്കി പനിയോ മറ്റോ ആവും... എന്റെ അവസ്ഥ കണ്ടിട്ടാവും ഡോക്ടർ അങ്ങനെ പറഞ്ഞത്... ചേട്ടായി കൂടെയില്ല, എന്തു ചെയ്യണമെന്നു പോലും അറിയില്ല. നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ രായ്ക്കു രാമാനം ഓടി. ആ നിമിഷങ്ങളിലൊക്കെ അവൾ നല്ല ആക്ടീവ് ആയിരുന്നു. തീ മുഴുവൻ എന്റെ നെഞ്ചിലും. നേരം ഇരുന്നു വെളുപ്പിച്ച് പിറ്റേന്ന് ഓങ്കോളജി ഡോക്ടർ വരുമ്പോൾ ഭയപ്പെട്ട സംഗതി ഏതാണ്ടുറച്ചു.

കുഞ്ഞിന് കാൻസർ ആണ്. ബോൺ മാരോ ചെയ്താലേ ബാക്കി ഡീറ്റൈൽ പറയാൻ പറ്റു... അത്രമാത്രമേ കേട്ടതുള്ളൂ. ബോധം വന്ന് കണ്ണു തുറക്കുമ്പോ കുഞ്ഞിന്റെ ബെഡിൽ ആണ് ഞാൻ...കിടക്കുന്നതു...അവള് അടുത്ത് ഇരുന്നു എന്റെ ബാഗ് കൊണ്ട് കളിക്കുന്നു... മരവിച്ച അവസ്ഥയിലിരുന്ന എന്നോട് ഡോക്ടർ ഒരിക്കൽ കൂടി പറഞ്ഞു. സൗമ്യ... ഇതൊരു പരീക്ഷണമാണ്, അതിനേക്കാളേറെ നിയോഗവും. കാര്യങ്ങൾ സീരിയസായി എടുക്കുക, എത്രയും പെട്ടെന്ന് ട്രീറ്റ്മെന്റ് ആരംഭിക്കുക.

പോരാട്ടത്തിന്റെ നാളുകൾ

സ്വകാര്യ ആശുപത്രിയിലെ ചിലവ് താങ്ങാനാകില്ല എന്ന് ബോധ്യമുണ്ടായിരുന്നു. കാൻസർ തിരുവന്തപുരം ആർസിസിയിൽ എത്തിപ്പെടുന്നത് അങ്ങനെയാണ്. Acute lymphoblastic Lukemia അതാണ് എന്റെ കുഞ്ഞിപ്പെണ്ണിനെ ബാധിച്ചിരിക്കുന്ന കാൻസറെന്ന് ആർസിസിയിലെ ‍ഡോക്ടർമാർ വിധിയെഴുതി. അമൃത യിൽ വർക്ക്‌ ചെയ്തപ്പോൾ കണ്ടിട്ടുണ്ട് ബോൺ മാരോ യും മറ്റും ചെയ്ത രോഗികളെ നഴ്സ് എന്ന നിലയിൽ ശുശ്രൂഷിട്ടുണ്ട്.

അവര്‍ വേദന കൊണ്ട് പുളയുന്നത് കണ്ടുനിന്നിട്ടുണ്ട്. അങ്ങനെയുള്ളപ്പോൾ എന്റെ കുഞ്ഞിനെ നട്ടെല്ലില്‍ തുളഞ്ഞിറങ്ങുന്ന ബോൺ മാരോ വേദനയ്ക്ക് വിട്ടുകൊടുക്കില്ല നോവിക്കാൻ എന്നുറപ്പിച്ചു. ഒരുവട്ടം തിരികെ പോകണം എന്നുറപ്പിച്ചു. തിരുവനന്തപുരത്ത് വീടെടുത്ത് ചികിത്സ തുടരണം എന്ന് എന്റെ അനിയൻ പറഞ്ഞപ്പോഴും തിരികെ പോകുമെന്നും എന്റെ കുഞ്ഞിനെ വേദനിക്കാൻ വിട്ടുകൊടുക്കില്ലെന്നും ഉറപ്പിച്ചു. പക്ഷേ അതുകൊണ്ട് എന്തു കാര്യം. കൗൺസലിങ് സമയത്ത് ഡോ.മഞ്ജുഷ... പറഞ്ഞു... ആദ്യം നിങ്ങൾ ഇത് മനസിലാക്കണം. എന്നിട്ടേ ബാക്കി കാര്യങ്ങൾ പറ്റു... നൂറു ശതമാനം കുഞ്ഞിന്റെ പേരെന്റ്സ്... അവരുടെ കൈയിലാണ്... എല്ലാം... അല്ലാതെ അമ്മ തളർന്നു വീണാൽ കുഞ്ഞിന്റെ കാര്യം എന്താവും...

soumya-2

അവിടെ നിന്ന് ചില തീരുമാനങ്ങൾ എടുത്തു... ഇനി കരയില്ല... ഞാൻ കരയുമ്പോൾ എന്റെ കവിളിൽ ചേർന്ന് രണ്ടു കുഞ്ഞികൈകൾ...

പലവട്ടം മനസു പതറിപ്പോയി, കണ്മുന്നിൽ കുഞ്ഞുമക്കൾ... വേദനകൊണ്ട് പുളയുന്നു... കരയാൻ പോലും പറ്റാതെ... വെള്ളം ഇറക്കാതെ കുഞ്ഞുങ്ങൾ... ചികിത്സ ഇല്ലാ തിരിച്ചു വീട്ടിൽ കൊണ്ടുപോകോ... എന്ന് പറയുന്ന കേസുകൾ...അതിനകത്തു ഒരു അമ്മമാരെയും നോർമലായി ഞാൻ കണ്ടില്ല... പലതും കാണാതിരിക്കാൻ കണ്ണടച്ച്... ഇരുന്നിട്ടുണ്ട്... ഉറക്കം എന്തെന്ന് പല ദിവസങ്ങളിലും അറിഞ്ഞിട്ടില്ല. ഒരു രാത്രിയിൽ എപ്പോഴോ മയങ്ങിയപ്പോ

ആരുടെയോ നെഞ്ചുപൊട്ടിയ കരച്ചിൽ.. ഞങ്ങളുടെ വീടിന്റെ മുകളിൽ താമസിച്ച RCC യിലെ രോഗിയായ കുട്ടി മരിച്ചു... ലുക്കിമിയ... തിരിച്ചറിയാൻ വൈകിപോയി... അവർക്കു കുഞ്ഞിനെ നഷ്ടപ്പെട്ടു... അതൊക്കെ മനസു മരവിച്ചു പോയ നിമിഷങ്ങളാണ്.

പക്ഷേ ഈ പോരാട്ടം ജയിക്കാൻ ഞാനും എന്റെ കുഞ്ഞും ശരിക്കും ഇറങ്ങിത്തിരിച്ചു. എന്തു വന്നാലും തോൽക്കില്ലെന്നുറപ്പിച്ചു. ചില സമയങ്ങളിൽ കുഞ്ഞുങ്ങളില്‍ ദൈവം കുടിയിരിക്കും എന്ന് തോന്നിയിട്ടുണ്ട്. ദൈവം എല്ലാം സഹിക്കാനുള്ള കഴിവ് എന്റെ കുഞ്ഞിന് കൊടുത്തപോലെ. ആശുപത്രിയിലൂടെ ഒരുവട്ടം ഞാനവളെ എടുത്തോണ്ട് നടന്നപ്പോൾ... തളർന്നെങ്കിൽ എന്നെ തറയിലാക്കിക്കോ, ഞാൻ ഓകെയാ... എന്നവൾ പറഞ്ഞു. അതുകേട്ട് കരയണോ ചിരിക്കണോ എന്ന് ചിന്തിച്ചു പോയ നിമിഷം. ബോൺ മാരോയും ഇഞ്ചക്ഷനും ഉൾപ്പെടെ ഒത്തിരി സഹിച്ചിട്ടും എന്റെ മുത്ത് അത് പറയുകയാണെന്ന് ഓർക്കണേ...

ഒരു മാസം കഴിഞ്ഞു മൂത്ത മോളെ ഞാൻ അങ്ങോട്ടു കൊണ്ടുപോയി... അവള് വന്നതോടെ കുഞ്ഞിപ്പെണ്ണ് കൂടുതൽ ആക്റ്റീവ് ആയി. പതുക്കെ പിടിച്ചു എണീക്കാനും നടക്കാനും തുടങ്ങി ചേട്ടായിക്ക് ലീവ് കിട്ടി. അതൊക്കെ അവളെ കൂടുതൽ സന്തോഷവതിയാക്കി.

വേദനകളും പരീക്ഷണങ്ങളും എന്റെ കുഞ്ഞിന് പതിയെ പതിയെ പരിചിതമായി. പക്ഷേ അവൾ അനുഭവിച്ച വേദനകൾക്ക് മെല്ലെ മെല്ലെ ആശ്വാസം കിട്ടിത്തുടങ്ങി. ഇടയ്ക്ക് നടത്തിയ ബോൺ മാരോ റിസൾട്ട്‌ നെഗറ്റീവ് ആയിരുന്നു. പക്ഷേ കോഴ്സ് കംപ്ലീറ്റ് ചെയ്യാനായി പിന്നെയും പിടിച്ചു നിന്നു. രണ്ടര വർഷം... എല്ലാം എന്റെ കുഞ്ഞിനു വേണ്ടി. ഒടുവിൽ റേഡിയേഷൻ നിർത്തുകയാണെന്ന് എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആശ്വാസമായി. ഇനി മാസത്തിൽ ഒരിക്കൽ ആർസിസിയിൽ വന്ന് ഇഞ്ചക്ഷൻ എടുത്താൽ മതിയെന്ന് ഡോക്ടർ പറഞ്ഞു.

കടന്നു പോയ നാളുകൾ‌ അഗ്നി പരീക്ഷകളുടേതായിരുന്നു. നല്ലതും ചീത്തയും തിരിച്ചറിഞ്ഞ നാളുകൾ. ഉപകാരികളേയും അവഗണിച്ചവരേയും തിരിച്ചറിഞ്ഞ നാളുകൾ. ഒരുപാട്‌പേരെ ദൈവം ഞങ്ങളുടെ മുന്നിലേക്ക് എത്തിച്ചു..ആർസിസിയിൽ കഴിഞ്ഞ നാളുകളിൽ ബ്ലഡ് ഡൊണേറ്റ് ചെയ്ത പലരേയും ഒരിക്കലും മറക്കിലല. പലരുടേയും മുഖംപോലും ഓർമയില്ല. മോൾക്ക് വേണ്ടി പ്രത്യേകം പ്രാർഥനകൾ നേർച്ചകൾ.. സാമ്പത്തികമായ സഹായം.. എന്റെയും ചേട്ടായിടെയും കൂട്ടുകാർ ഞങ്ങളോട് ചേർന്ന് നിന്നവർ.. ആരെയും മറക്കില്ല.

ഞാൻ എവിടെയോ പോയി സുഖമായി താമസിക്കുക ആണെന്ന് പറഞ്ഞവർ... ഇതുപോലെ ഒരു സുഖം വേറെ ആർക്കും കൊടുക്കരുതേ എന്ന് പ്രാർഥന മാത്രം...കുഞ്ഞിനേയും കൊണ്ട് പുറത്തിറങ്ങുമ്പോൾ... പുറത്തേക്കിറങ്ങാനൊക്കെ ആയോ എന്ന് മുനവച്ച് ചോദിച്ചവർ. അവരോടൊക്കെ എന്റെ കുഞ്ഞിന് പകരുന്ന രോഗമല്ലെന്ന് മുഖത്തു നോക്കി പറയേണ്ടി വന്നിട്ടുണ്ട്. ഞങ്ങളിപ്പോഴും പോരാട്ടത്തിലാണ്. കാൻസറിന്റെ അവസാന വേരും അറുത്തു മാറ്റിയിട്ടേ തിരികെയുള്ളൂ. അതുവരെ എന്റെ കുഞ്ഞിപ്പെണ്ണാനായി പ്രാർഥനയോടെ കൂട്ടിരിക്കുകാണ് ഞാൻ.– സൗമ്യ പറഞ്ഞു നിർത്തി.