Monday 17 May 2021 01:02 PM IST : By സ്വന്തം ലേഖകൻ

സമ്മാനപ്പൊതി കാത്തിരുന്ന മകനു മുന്നില്‍ ചലനമറ്റ് സൗമ്യ: ചങ്കുപൊള്ളിച്ച് ഈ അന്ത്യചുംബനം

soumya-vid

സമ്മാനപ്പൊതികളുമായി വന്നുകയറേണ്ട അമ്മയെ കാത്തിരിക്കുകയായിരുന്നു ഒന്‍പതുവയസ്സുകാരന്‍ അഡോണ്‍. നെറുകയില്‍ അഡോണിന്റെ അന്ത്യചുംബനം ഏറ്റുവാങ്ങി ഇന്നലെ സൗമ്യ അന്ത്യയാത്രയായപ്പോള്‍, അഡോണിന്റെയും പിതാവ് സന്തോഷിന്റെയും തേങ്ങലുകള്‍ മാത്രം ആ ഒറ്റമുറി വീട്ടില്‍ ബാക്കിയായി. ഇസ്രയേലില്‍ നടന്ന റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിനു നാടു വിട നല്‍കി.

15നു രാത്രിയോടെയാണു സൗമ്യയുടെ മൃതദേഹം ഇടുക്കി കീരിത്തോടിലെ വീട്ടിലെത്തിച്ചത്. കീരിത്തോട് നിത്യസഹായമാതാ പള്ളിയില്‍ ഇടുക്കി രൂപത ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സഡ്ക ഇസ്രയേലിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു. കേരള ഗവര്‍ണര്‍ക്കു വേണ്ടി കലക്ടര്‍ എച്ച്.ദിനേശന്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിനിടെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്‌കെലോണ്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവുമായി സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്. 2017ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മലയാളി സൗമ്യ സന്തോഷിന്‍റെ ദാരുണ മരണം യുഎന് രക്ഷാസമിതിയെ അറിയിച്ച ഇന്ത്യ ഗാസയില്‍നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ അപലപിച്ചു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.