Thursday 13 September 2018 02:21 PM IST

പുതുപ്പെണ്ണിന്റെ മൊഞ്ചുള്ള വറുത്ത മീൻ! ഇത് രാഹുലേട്ടൻ സ്പെഷ്യൽ

Unni Balachandran

Sub Editor

rkm_kozhi

കടവന്തറയിലെ രാഹുലേട്ടന്റെ വീട്ടിലൂണിന് മുൻപിൽ എ പ്പോഴും ഇൻഷുറൻസ് കമ്പനികളിലെ ധാരാളം ആളുകളെ കാണാം. പോളിസി എടുപ്പിക്കാനല്ലാതെ ഇൻഷുറൻസ് ജോലിക്കാർ ഒരു വീടിനു മുൻപിൽ കാത്തുനിൽക്കുന്നുണ്ടെങ്കിൽ അത് രാഹുലേട്ടന്റെ കടയിലെ മീൻ വറുത്തത് കഴിക്കാൻ മാത്ര മായിരിക്കും. അവർക്ക് മാത്രമല്ല, പല ജോലികൾ ചെയ്തു നട ക്കുന്നവർകും ഉച്ചയായാൽ രാഹുലേട്ടന്റെ മീൻ വറുത്തതും ഊണും നിർബന്ധമാണ്.

നാല് ചെറിയ ടേബിളും കുറച്ച് കസേരയും മാത്രമേ വീ ടിന്റെ മുന്നിലിട്ടിടുള്ളൂ. അതുകൊണ്ട് വീടിന്റെ പുറത്തെ സ്‌റ്റെയർകെയ്സിൽ, സാമ്പ്രദായിക ‘കാൽമേശയിൽ’ വച്ചാണ് ബാക്കിയുള്ളവരുടെ കാത്തിരിപ്പ്. താഴെയുള്ള പാത്രങ്ങളിൽ മീൻ വറുത്തത് വീഴുമ്പോൾ, നാവിലെ വെള്ളംകൂടി ചേർത്തൊ രു ‘ശൂ’ വിളി, ചൂളമാക്കിയടിക്കും. ശ്രദ്ധിക്കുന്നില്ലെന്ന് ഭാവിച്ചാലും രാഹുലേട്ടന്‍ ആ വിളി കേൾക്കുന്നുണ്ട്. അഞ്ച് മിനിറ്റിൽ ചോറും 

മുളകിൽ ചോന്ന ചെമ്പല്ലി വറുത്തതും പാത്രത്തിലെത്തും. വറുത്തതും കോരിയെടുത്തുള്ള ആ വരവ് തന്നെയൊരു കാഴ്ചയാണ്. നാലോ അഞ്ചോ വറുത്തത് ഉണ്ടാകും പാത്രത്തിൽ.  കോട്ടയത്തെ അപ്പാപ്പി പറയാറുള്ളത് പോലെ ‘ഉണ്ട് നിറയും മുൻപേ കണ്ട് നിറയണം’. ആവശ്യക്കാരുടെ പാത്രത്തിലേക്ക് തിടുക്കത്തിൽ ഒരോരുരുത്തരെയായി അൺലോഡ് ചെയ്തിട്ട് രാഹുലേട്ടൻ പോകും. മീൻവറുത്തതിന്റെ ആ തിളക്കം കാ ണുമ്പൊ പുതുപ്പെണ്ണ് കയറി വരുമ്പോൾ വീട്ടിലുള്ളവരുടെ കുശുകുശുപ്പ് പോലെ പാത്രത്തിനറ്റത്തേക്ക് മാറി നിൽക്കും സാമ്പാറും അവിയലും. എന്തിന് ഉറ്റസുഹൃത്തായ അച്ചാറ് പോ ലുമൊന്ന് അസൂയപ്പെടും. മീന്‍ വറുത്തതിനു പിന്നാലെ രാഹുലേട്ടൻ കഞ്ഞിവെള്ളം കൊണ്ടുവരും. അതും കൂടി കുടിച്ചു ക ഴിയുമ്പോൾ ‘എന്റെ സാറേ’, പിന്നെ കാണുന്നതിനൊക്കെ ഇ ത്തിരി ഭംഗി കൂടുതൽ തോന്നും.

ഇതിന്റെ ഗുട്ടൻസ് ചോദിച്ചപ്പോൾ രാഹുലേട്ടൻ മത്സ്യരഹസ്യത്തിന്റെ പൂട്ട് തുറന്നു.  എന്റെ മോൾക്കാണ് ഈ ചോറും മീനും  ആദ്യം കൊടുക്കുന്നത്. അവളിത് കഴിച്ചിട്ട് ചിരിക്കുന്നതിന്റെ വോൾട്ടേജാണ് ഇത്രയും ആളുകൾക്ക് ചോറുകൊടുക്കാനുള്ള ആത്മവിശ്വാസം തരുന്നത്.’’ രാഹുലേട്ടൻ പറഞ്ഞു.

കോഴിക്കോടുള്ള അമ്മ ഹോട്ടലിന്റെ കാര്യപരിപാടികളും  വലിയമാറ്റമുള്ളതല്ല. ഇവിടെയെത്തിയപ്പോൾ ഒരു കാര്യം ഉറപ്പായി. ഇവിടെ മീനാണ് താരം.

സെൻട്രൽ മാർക്കറ്റിൽ നിന്നെത്തുന്ന അയക്കൂറ, സ്രാവ്, ചെമ്പല്ലി, ആവോലി,ചൂര എന്നിവയാണ് രുചിയുടെ തായമ്പക തീർക്കുന്നത്. ഈ പൊരിച്ചമീൻ കഴിക്കാനായി മാത്രം വീട്ടിൽ നിന്നിറങ്ങി,  ദിവാകരേട്ടന്റെ കോഴിക്കോട്ടെ  നേതാജി  റോഡിലുള്ള അമ്മ ഹോട്ടലിലേക്ക് വരുന്നവരും കുറവല്ല. മീൻ വറുത്തതിന്റെ മസാലകൂട്ടിലാണ് രഹസ്യമെന്ന് നാട്ടുകാർ പറയുമ്പോഴും ഇതിൽ രഹസ്യങ്ങളില്ലയെന്ന് ദിവാകരേട്ടൻ മീൻമുള്ള് തൊടാതെ പറയുന്നു.  

ജിമിക്കി കമ്മൽ കട്ടോണ്ട് പോയി ഹിറ്റാക്കിയപോലെ ഇ താരേലും ഹിറ്റാക്കുമോയെന്നുള്ള പേടിയും ദിവാകരനില്ല. അ തോണ്ട് ഖൽബിൽ തേനോഴുകുന്ന കോഴിക്കോടൻ രുചികൾ താളത്തിൽ പാടി തരാനും  മടിയില്ല. പക്ഷേ, ഒരു അപേക്ഷയെ ഉള്ളൂ, ഇതൊക്കെ കണ്ടുനിന്ന് കൊതി നിറുകയിലടിക്കുമ്പൊ മീൻ മുള്ള് വിഴുങ്ങി പോകാതിരിക്കാൻ ശ്രദ്ധിക്കണം. കഴിച്ചി റങ്ങുമ്പോ ഒരു കാര്യം വ്യക്തമാകും ദിവാകരേട്ടാ, മീൻ വ യ്പ്പിൽ ഇങ്ങളെ പോലെ ഇങ്ങള് മാത്രം.

വീട്ടിലൂണ് അങ്ങനെയാണ്, രുചിക്ക് ഭംഗിയും സൗന്ദര്യം കൂട്ടി കളറടിച്ചു നിൽക്കുന്നില്ല ഇവിടുത്തെ വരാന്തകൾ. ഒരു ചെറിയ പാത്രത്തിൽ ചോറും, കൂട്ടിനായി  സാമ്പാറും പരിപ്പും പിന്നെ, പുളിശ്ശേരിയുണ്ടെങ്കിൽ രസമില്ലെന്നും രസമുണ്ടെങ്കിൽ പുളിശ്ശേരിയില്ലെന്നും പറഞ്ഞുള്ള മൂന്നാം കൂട്ടരും എന്തെങ്കിലു മൊരു തോരനും അവിയലും രണ്ട് അച്ചാറും. പ്രത്യേകതകളി ല്ലാത്ത ഭക്ഷണത്തിന്റെ ഇവിടുത്തെ പ്രത്യേകത പരിചയ മാണ്. മായം ചേരാത്ത നല്ല ഭക്ഷണം എന്ന വിശ്വാസമാണ്  വീട്ടിലൂണിന് പ്രിയം കൂട്ടുന്നത്. വാമൊഴിയിലൂടെ നാടെങ്ങും കീർത്തി പരത്തുന്ന വീട്ടിലൂണുകൾ എപ്പോഴും ശ്രമിക്കുന്നതും ആ വിശ്വാസം നിലനിർത്താൻ തന്നെ.  

രാഹുലേട്ടന്റെ ഫിഷ് ഫ്രൈ

meen

നാലു വലിയ കഷണം മീനിൽ കാൽ ചെറിയ സ്പൂൺ മ‍ഞ്ഞൾപ്പൊടി, രണ്ടു വലിയ സ്പൂൺ മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. പിന്നീട് തിളച്ച എണ്ണയിലിട്ട് വറുത്തുകോരുക.

രുചിക്കുറിപ്പ്

∙ മീൻ ശുദ്ധമായ വെളിച്ചെണ്ണയിൽ മുക്കി പൊരിച്ചെടുക്കണം. മീൻ കഷണത്തിനൊപ്പം എണ്ണയിൽ മൊരിഞ്ഞു കിടക്കുന്ന അരപ്പു കൂടി കോരിയെടുത്ത് ചേർത്തു കഴിക്കുന്ന രുചി വേറിട്ടതാണ്. സവാള, കാരറ്റ്, കുക്കുമ്പർ, മല്ലിയില എന്നിവ അരിഞ്ഞത് മീൻ കഷണത്തിന്റെ മുകളിൽ വിതറാനും  മറക്കേണ്ട.