Tuesday 19 November 2019 05:04 PM IST : By സ്വന്തം ലേഖകൻ

മാത്തുക്കുട്ടി സ്വപ്നം കണ്ട കേരളം ഇതാണ്! സോഷ്യൽ മീഡിയയിലെ ആ മിടുമിടുക്കൻ ഇവനാണ്

viral-kid

പശുവിനെക്കുറിച്ചുള്ള ചോദ്യത്തിന്, പശുവിനെ കെട്ടിയ തെങ്ങിനെക്കുറിച്ച് ഉത്തരമെഴുതിയ ഒരു വിരുതന്റെ കഥ നമ്മൾ കേട്ടിട്ടുണ്ട്. ഉത്തരമറിയാതെ വന്നപ്പോള്‍ നിവൃത്തികെട്ടായിരുന്നു നമ്മുടെ കഥാനായകൻയ ഉത്തരക്കടലാസിൽ ആ സാഹസം കാട്ടിവച്ചത്. പക്ഷേ ഇവിടെയിതാ ഒരു വിരുതൻ അതിൽ നിന്നെല്ലാം ഒരുപടി മേലെ നിൽക്കുന്ന പ്രകടനവുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. സംഭവം സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്.

കേരളത്തെക്കുറിച്ച് രണ്ടു വാക്ക് സംസാരിക്കാനായിരുന്നു കക്ഷിയുടെ ടീച്ചർ ആവശ്യപ്പെട്ടത്. പക്ഷേ സംസാരിച്ചു വന്നപ്പോൾ ‘കേരളം കാടുകയറിയതാണ്’ ഇവിടുത്തെ ബഹുവിശേഷം. കേരളം നമ്മുടെ രാജ്യമാണെന്ന് സഗൗരവം സംസാരിച്ചു തുടങ്ങുകയാണ് കുട്ടിക്കുറുമ്പൻ. കേരളത്തിൽ കടലുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതോടു കൂടി നമ്മുടെ പൊളിശരത് ട്രാക്ക് മാറ്റുകയാണ്.

‘കടലിൽ മീനുണ്ട്...വെള്ളത്തില്‍ മീനുമുണ്ട്...മീനുകൾ വെള്ളത്തിൽ മാത്രമേ ജീവിക്കുകയുള്ളൂ.’– ഇങ്ങനെ പോകുന്നു പ്രസംഗം. ഇടയ്ക്ക് ടീച്ചർ കേരളത്തെ പറ്റി സംസാരിക്കാൻ പ്രാസംഗികനെ ഓർമ്മിപ്പിക്കുന്നതും വിഡിയോയിൽ വ്യക്തം. അപ്പോഴേക്കും പ്രസംഗം അടിമുടി മാറുകയാണ്.

‘കേരളത്തിലുള്ളവർക്ക് വിശക്കുമ്പോൾ ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ. ഇനി അഥവാ ഭക്ഷണം കിട്ടിയില്ലെങ്കിൽ നമ്മൾ വാങ്ങും. ദോശ കിട്ടിയില്ലെങ്കിലും നമ്മൾ ഉണ്ടാക്കണം.’ അവസാനം കേരളം നമ്മുടെ രാജ്യമാണെന്ന് പ്രഖ്യാപിക്കുന്നതോട് കൂടി പ്രസംഗം അവസാനിക്കുകയാണ്.

വിഡിയോ വൈറലായതോടെ കൂസലില്ലാതെ പ്രസംഗിക്കുന്ന ഈ മിടുക്കനെ തേടി നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. നാണിച്ചു നിൽക്കാതെയുള്ള ഉശിരൻ പ്രസംഗത്തിന് സോഷ്യൽ മീ‍ഡിയ നൽകുന്നതും നൂറിൽ നൂറു മാർക്ക്. സോഷ്യൽ മീഡിയയിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ഡാനിയൽ മാത്യു എന്നാണ് ഈ കുട്ടിക്കുറുമ്പന്റെ പേര്. മാത്തുക്കുട്ടി എന്നാണ് വിളിപ്പേര്. തൃപ്പുണ്ണിത്തുറയിലെ സ്കൂളിലാണ് കക്ഷി പഠിക്കുന്നത്. തൃപ്പുണ്ണിത്തുറ തന്നെയാണ് സ്വദേശവും.

Tags:
  • Social Media Viral