Saturday 19 October 2019 04:11 PM IST

‘പരിശീലനമൊന്നും അത്ര എളുപ്പമല്ല; ഒൻപതു മാസം ഫോൺ പോലും ഉപേക്ഷിച്ചായിരുന്നു പ്രാക്ടീസ്’

Sujith P Nair

Sub Editor

PTI8_7_2018_000025B

വേഗച്ചിറകിലേറി നിമിഷങ്ങൾ പറന്നുപോയി, ഒടുവിൽ ആ തൂവൽ ചിറകിന്റെ കരുത്തിൽ അവൾ ലോകം കൈക്കുമ്പിളിലാക്കി. ലോക ബാഡ്മിന്റൻ ഫൈനലിനൊടുവിൽ പി.വി. സിന്ധുവെന്ന ഇന്ത്യയുടെ പെൺമുത്ത്, മെഡലിൽ വിജയ മുത്തമിടുമ്പോൾ രാജ്യം ആ പെൺകരുത്തിനെ സാഷ്ടാംഗം പ്രണമിച്ചു. അവൾക്കായി 130 കോടി ജനങ്ങൾ ഒന്നിച്ചു കയ്യടിച്ച ആ നിമിഷത്തില്‍ അഭിമാനം കൊണ്ട് കണ്ണും കാതും നിറഞ്ഞ ഒരു അച്ഛനും അമ്മയുമുണ്ട്, സിന്ധുവിന്റെ അച്ഛ ൻ പുസർല വെങ്കിട്ട രമണയും അമ്മ വിജയയും.

ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ കീഴടക്കി ഹൈദരാബാദിലെ വീട്ടിലേക്കു സിന്ധു മടങ്ങി വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ. ഉച്ചയോടെ സിന്ധുവിനെ കാണാനെത്തുമ്പോള്‍ ചാംപ്യൻ ഗേൾ ഉറക്കം ഉണർന്നു കാണുമോ എന്നായിരുന്നു സംശയം. വാതിൽക്കൽ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച അച്ഛൻ രമണ ഉത്തരം പറഞ്ഞു, ‘‘അവൾ ആ റു മണിക്കു തന്നെ അക്കാദമിയിൽ പ്രാക്ടീസിനു പോയി. വേ ൾഡ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയതിന്റെ ആഘോഷമൊക്കെ എപ്പോഴേ കഴിഞ്ഞു. ചൈനയിൽ നടക്കുന്ന അടുത്ത ടൂർണമെന്റിന്റെ ഒരുക്കത്തിലാണിപ്പോൾ. ഒരു ടൂർണമെന്‍റു കഴിഞ്ഞാൽ അടുത്തത് എന്നാണ് അവളുടെ രീതി. വിജയത്തിന്റെ ലഹരിയിൽ വീട്ടിൽ മടി പിടിച്ചിരിക്കാൻ അവളെ കിട്ടില്ല. അത്ര കഷ്ടപ്പെട്ടു നേടുന്നതാണ് ഓരോ വിജയവും.’’

ഓണപ്പരീക്ഷയുടെ ക്ഷീണം തീർക്കാൻ ഒരാഴ്ച കിടന്നുറങ്ങുന്നവരുള്ള നാട്ടില്‍ നിന്നാണു വരുന്നതെന്നു പറഞ്ഞില്ല. അദ്ഭുതം തെല്ലും വേണ്ടെന്ന മുഖവുരയോടെ മുൻ വോളി ബോൾ താരങ്ങളായ രമണയും വിജയയും ആ  കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും കഥ പറഞ്ഞു. സിന്ധു എന്ന ലോക ചാംപ്യൻ പിറവിയെടുത്ത അതിശയ കഥ.  

അമ്മയ്ക്കുള്ള ജന്മദിന സമ്മാനം സ്പെഷലായി ?

(പൊട്ടിച്ചിരിച്ചു െകാണ്ടാണ് വിജയ പറഞ്ഞു തുടങ്ങിയത്.) എന്റെ ജന്മദിനമാണെന്നൊന്നും ഓർത്തിരുന്നില്ല. മെഡൽ കയ്യിലെടുത്ത ശേഷം നിറഞ്ഞ സ്റ്റേഡിയം സാക്ഷിയാക്കി അവൾ എനിക്കു സമർപ്പിക്കുകയായിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ ആശംസകൾ കേട്ടു തരിച്ചു നിന്നുപോയി. കണ്ണു നിറഞ്ഞ് ഒന്നും കാണാനാകാത്ത അവസ്ഥ. അവൾ ‘ഹാപ്പി ബർത്ത്ഡേ...’ പാടിയപ്പോൾ ഗാലറി ഏറ്റുപാടി. ഈ അമ്മയ്ക്ക് അതിൽ കൂടുതൽ എന്തു വേണം. ഞങ്ങളുടെ ഭാവമാറ്റങ്ങളെല്ലാം ബിഗ് സ്ക്രീനിൽ കാണിക്കുന്നുണ്ടായിരുന്നു. എ ന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവമാണത്. മകളുടെ കരിയറിലെയും ഏറ്റവും പ്രധാനപ്പെട്ട ദിവസവും അതുതന്നെ ആയതിൽ അഭിമാനമുണ്ട്. എല്ലാം ദൈവാനുഗ്രഹം.

രമണ: മോളെ സംബന്ധിച്ച് വലിയ സമ്മർദമുണ്ടായിരുന്ന മത്സരമാണത്. 2017ലും 2018ലും ഫൈനലിൽ കാലിടറിയപ്പോൾ ഫൈനൽ സമ്മർദം അതിജീവിക്കാൻ സിന്ധുവിന് പറ്റില്ലെന്നു  പോലും ചിലർ വിലയിരുത്തി. ഞങ്ങൾക്ക് അവളുടെ കഴിവിൽ ഉറച്ച വിശ്വാസമായിരുന്നു. അമ്മയുെട പിറന്നാള്‍ ദിവസത്തേക്ക് ദൈവം വിജയം കാത്തുവച്ചിരുന്നതാകും.

മെഡൽ നേട്ടത്തിനു പിന്നിൽ വർഷങ്ങൾ നീണ്ട കഠിനാധ്വാനമുണ്ട് ?

രമണ: ഞാനും വിജയയും വോളിബോൾ പ്രാക്ടീസ് ചെയ്യുന്ന കോർട്ടിന് സമീപം  ഒരു ബാഡ്മിന്റൻ കോർട്ടുണ്ടായിരുന്നു. ഞങ്ങൾ വോളിബോൾ പരിശീലനത്തില്‍ ഏര്‍പ്പെടുമ്പോൾ അവൾ ബാഡ്മിന്റൻ  കളിക്കാൻ പോകും. അങ്ങനെയാണ് ഈ ഗെയിമിനോട് താൽപര്യം തുടങ്ങിയത്. അന്നവൾക്ക് കഷ്ടിച്ച് എട്ടു വയസ്സേയുള്ളൂ.

പത്തു വയസ്സു തൊട്ട് സീനിയേഴ്സിനൊപ്പമായി പ്രാക്ടീസ്. അവർ 20 റൗണ്ട് ഓടുകയാണെങ്കിൽ മോളും അത്രയും ഓടും. പൊരുതാനുള്ള മനസ്സാണ് അവളുടെ ഏറ്റവും വലിയ കരുത്ത്. അതോടെ ഞങ്ങൾക്കും കോൺഫിഡൻസായി. ചിട്ടയായ പ്രാക്ടീസ് നൽകുന്നതിനായി ഗോപീചന്ദിന്റെ അടുത്താക്കി. രാവിലെ മൂന്നരയ്ക്ക് എഴുന്നേറ്റു വ്യായാമം തുടങ്ങും. എന്നിട്ടാണ് അക്കാദമിയിൽ പോവുക. ഇപ്പോഴത് രാവിലെ അഞ്ചേമുക്കാൽ ആയിട്ടുണ്ട്.

പ്രാക്ടീസിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. രാവിലെ ആറു മുതൽ ഒമ്പതര വരെ ഗോപിചന്ദ് അക്കാദമിയിൽ പരിശീലനം. അവിടുന്ന് ഫിറ്റ്നസ് അക്കാദമിയിലേക്ക്. ഉച്ചയ്ക്ക് ഒന്നര വരെ അവിടെ. ലഞ്ചിനു ശേഷം വീട്ടിൽ വന്നാൽ നാലു മണിക്ക് വീണ്ടും ഗോപിചന്ദ് അക്കാദമിയിലേക്ക്. ഏഴര വരെ പരിശീലനം കഴിഞ്ഞു വീട്ടിലെത്തി ചില മസാജുകളൊക്കെ കഴിഞ്ഞാകും  ഉറങ്ങുക. ലോക ചാംപ്യൻഷിപ് നേടി മടങ്ങിയെത്തിയിട്ട്  സ്പോൺസർഷിപ്പ് കമ്മിറ്റ്മെന്റിനായി രണ്ടു ദിവസം െബംഗളൂരുവിലായിരുന്നു. സിന്ധുവിന്റെ ചേച്ചി ദിവ്യക്ക് ഹാൻഡ് ബോളിലായിരുന്നു താൽപര്യം. ദേശീയ തലത്തിൽ മത്സരിച്ചിട്ടുമുണ്ട്. പക്ഷേ, പഠനത്തിന്റെ വഴിയാണ് അവൾ തിരഞ്ഞെടുത്തത്. ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് ദിവ്യ.  ഭർത്താവ്  ശ്രീറാം. അവരുടെ മകൻ ആര്യന്റെ ഏറ്റവും അടുത്ത കൂട്ടുകാരി സിന്ധുവാണ്.

singgds

സിന്ധുവിന്റെ കരിയർ ബാഡ്മിന്റൻ ആണെന്ന് എപ്പോഴാണ് തിരിച്ചറിഞ്ഞത് ?

രമണ: സ്പോർട്സ് താരങ്ങളായതുകൊണ്ടു തന്നെ, അത്‌ലറ്റിക്സ് എന്നോ ഗെയിംസ് എന്നോ വ്യത്യാസം  ഞങ്ങൾക്കില്ല. ടീം ഇവന്റിൽ മറ്റു ടീമംഗങ്ങളുടെ കൂടി പ്രകടനം  അനുസരിച്ചാകും വിജയം. ബാഡ്മിന്റനിൽ വ്യക്തിഗത പ്രകടനമാണ് വിജയം നിശ്ചയിക്കുന്നത്. അതിനായി ഒരുപാട് ത്യാഗങ്ങൾ സഹിക്കണം. പരിശീലനമൊന്നും അത്ര എളുപ്പമല്ല. റിയോ ഒളിംപിക്സിനു മുൻപ് ഒൻപതു മാസം ഫോൺ പോലും ഉപേക്ഷിച്ചായിരുന്നു പ്രാക്ടീസ്. ഓർത്തു നോക്കൂ, അവളുടെ പ്രായത്തിലുള്ള ഒരു പെൺകുട്ടി ഫോൺ കൈകൊണ്ടു പോലും തൊടാതിരിക്കുന്നത്.

പത്താം വയസ്സിലാണ് സ്പോർട്സിൽ മോളുടെ മികവ് ഞ ങ്ങൾ തിരിച്ചറിഞ്ഞത്. അത്രയ്ക്ക് കമിറ്റ്മെന്റ് അവൾക്കുണ്ടായിരുന്നു. അന്ന് ദിവസവും 120 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഗോപിചന്ദ് അക്കാദമിയിലേക്ക് പോയിവന്നിരുന്നത്. ഒരിക്കൽ പോലും അവൾ അതിൽ മടുപ്പ് പ്രകടിപ്പിച്ചിട്ടില്ല. വർക്ക് ലോഡ് താങ്ങാൻ അവൾക്കാകുമെന്ന് അതോടെ എനിക്ക് മനസിലായി. ദേശീയ തലം വരെ എത്താനുള്ള മികവുണ്ടെന്നും ഉറപ്പായിരുന്നു.

സിന്ധു പ്രഫഷനൽ പ്ലെയർ ആയ കാലത്ത് സൈന നെഹ്‌വാളായിരുന്നു നമ്പർ വൺ. അവർ തമ്മിൽ ആറു വയസ് വ്യത്യാസമുണ്ട്. സിന്ധുവിന് 22 വയസ്സാകുമ്പോൾ സൈന കരിയറിന്റെ അവസാന ഘട്ടത്തിലായിരിക്കും. അതുകൊണ്ടു നന്നായി പ്രയത്നിച്ചാൽ സിന്ധുവിന് ദേശീയ ചാംപ്യനാകാൻ കഴിയുമെന്ന് അന്നേ ഞങ്ങൾ കണക്കുകൂട്ടി. ഭാഗ്യവും ദൈവാനുഗ്രഹവും കൊണ്ട്, ഞാൻ കണക്കു കൂട്ടിയതിനെക്കാൾ ഉയരെ മോളുടെ കരിയർ എത്തി. സ്പോർട്സ് താരങ്ങളെല്ലാം ഇത്തരം കണക്കു കൂട്ടലുകൾ നടത്താറുണ്ട്.

വിജയ: അച്ഛനാണ് അവളെ ഇന്നത്തെ നിലയിൽ എത്തിച്ചത്. ടൂർണമെന്റുകൾക്ക് കൊണ്ടു പോകുന്നതെല്ലാം അദ്ദേഹമാണ്. എല്ലാത്തിനും അച്ഛന്റെ പിന്തുണ സിന്ധുവിന് ഉറപ്പായിരുന്നു. കളിയുമായി നടന്ന് ക്ലാസ് നഷ്ടപ്പെടുമ്പോൾ സഹായം തേടി എന്റെയടുത്ത് വരും. അവൾക്കു വേണ്ടി നോട്സ് എഴുതിയെടുക്കേണ്ട ചുമതല എനിക്കാണ്. മോളുടെ പ്രാക്ടീസിനും മറ്റുമായി അക്കാദമിയുടെ അടുത്തേക്ക് താമസം മാറാൻ തീരുമാനിച്ചതോടെ ഞാൻ റെയിൽവേയിലെ ജോലിയിൽ നിന്നു വിആർഎസ് എടുത്തു. അധികം വൈകാതെ അച്ഛനും റെയിൽവേയിലെ ജോലി ഉപേക്ഷിച്ചു.

പഠനത്തിലും സിന്ധു മിടുക്കിയായിരുന്നു ?

വിജയ:  കളിക്കളത്തിലെ മികവ് അവൾ പഠനത്തിലും പുലർത്തിയിരുന്നു. എംബിഎ വരെ ഫസ്റ്റ് ക്ലാസിലാണ് പാസായത്. മത്സരങ്ങൾ മൂലം ക്ലാസുകൾ നഷ്ടപ്പെട്ടാലും എല്ലാം പഠിച്ചെടുത്തിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു സംഭവമുണ്ടായി. ഒരു ടൂർണമെന്റിന് സ്കൂൾ ബാഗുമായാണ് പോയത്, മടങ്ങിയെത്തിയപ്പോൾ കൈയിൽ ബാഗില്ല. ഞാൻ ചോദിക്കുമ്പോഴാണ് ബാഗിന്റെ കാര്യം സിന്ധുവും ഓർമിക്കുന്നത്. ബുക്കും പുസ്തകവുമെല്ലാം നഷ്ടപ്പെട്ടതോടെ അവൾക്കു വലിയ വിഷമമായി. പിന്നീട് ഒരു സഹപാഠിയുെട ബുക്ക് വാങ്ങി മുഴുവൻ നോട്ടും അവൾ പകർത്തിയെഴുതുകയായിരുന്നു.

പത്താം ക്ലാസിലെ പരീക്ഷയുടെ സമയത്തു മറ്റൊരു രസകരമായ സംഭവമുണ്ടായി. മെക്സിക്കോയിൽ വേൾഡ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയതു കൊണ്ട് റെഗുലർ പരീക്ഷ മുഴുവനും മോൾക്ക് എഴുതാൻ പറ്റിയില്ല. എഴുതിയ ഒന്നു രണ്ടെണ്ണത്തിനു നന്നായി സ്കോര്‍ ചെയ്യാനുമായില്ല. സെപ്റ്റംബറിൽ സപ്ലിമെന്ററി പരീക്ഷ എഴുതിക്കാൻ മോളുമായി ഞാൻ രാവിലെ സ്കൂളിലേക്ക് പോകും, മടക്കവും ഒരുമിച്ചാണ്. ഇടയ്ക്കുള്ള സമയം സ്കൂളിലെ ഗേറ്റ് കീപ്പറുമായി വെറുതെ സംസാരിച്ചിരിക്കും.

അവസാന പരീക്ഷയുടെ ദിവസം സംസാരത്തിനിടെ ഗേറ്റ്കീപ്പറുടെ ഒരു ഡയലോഗ്, ‘മോൾ എല്ലാ വിഷയത്തിലും തോറ്റതിൽ വിഷമിക്കേണ്ട മാഡം...’ റെഗുലർ പരീക്ഷയിൽ തോറ്റ ഒന്നോ രണ്ടോ വിഷയങ്ങളാണ് സാധാരണ കുട്ടികൾ സപ്ലിമെന്ററി പരീക്ഷയിൽ എഴുതുന്നത്. സിന്ധു എല്ലാ പരീക്ഷയും എഴുതിയതു കണ്ടപ്പോൾ പഠിക്കാൻ അവളൊരു മണ്ടിയാണെന്ന് തെറ്റിദ്ധരിച്ചാണ് അയാൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചത്. മോൾ സപ്ലിമെന്ററി പരീക്ഷയെഴുതുന്നതിന്റെ കാരണം അയാളെ പറഞ്ഞു മനസിലാക്കാൻ പെട്ട പാട് എനിക്കേ അറിയൂ.

by-Sanjoy-Ghosh6

പ്രാക്ടീസും ദൈവാനുഗ്രഹവുമാണ് സിന്ധുവിന്റെ കരുത്ത് ?

തിരുപ്പതി വെങ്കടേശ്വരന്റെ വലിയ ഭക്തയാണ് സിന്ധു. ഭഗവാനിൽ എല്ലാം അർപിച്ചാണ് മത്സരങ്ങൾക്കിറങ്ങുക. ടൂർണമെന്റുകൾക്കു ശേഷം ലഭിക്കുന്ന മെഡലുകൾ വെങ്കടേശ്വരന് സമർപ്പിക്കുന്നതും പതിവാണ്. ലോക ചാംപ്യൻഷിപ്പിനു ശേഷം ഞങ്ങൾ കുടുംബസമേതം തിരുപ്പതിയില്‍ പോയി തൊഴുതു. മെഡലും സമർപ്പിച്ചു. ക്ഷേത്രത്തിലെ പവിത്രമായ പട്ടു തുണിയും പ്രസാദവും നല്‍കിയാണ് ക്ഷേത്ര ഭാരവാഹികൾ മോളെ സ്വീകരിച്ചത്. ഇഷ്ട ദേവന്റെ സന്നിധിയിൽ അത്തരമൊരു സ്വീകരണം ആരാണ് കൊതിക്കാത്തത്. ഇനിയും ഉയരങ്ങൾ കീഴടക്കാൻ വെങ്കടേശ്വരൻ അവളെ അനുഗ്രഹിക്കട്ടെ. അതു മാത്രമാണ് ഞങ്ങളുടെ പ്രാർഥന.

‘കേരളം; സുന്ദരം, അടിെപാളി’

‘‘വോളിബോൾ കളിച്ചിരുന്ന കാലത്ത് കേരളത്തിൽ എനിക്ക് ഒരുപാട് ഫാൻസുണ്ടായിരുന്നു.’’ പൊട്ടിച്ചിരിയൊെട രമണ പറയുന്നു. ‘‘വടകര, കോഴിക്കോട്, തൃശൂ ർ എന്നിവിടങ്ങളിലൊക്കെ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. അന്തരിച്ച ഉദയൻ, കിരൺ, മധു, നയന, റ സാ ഖ്, ജോൺസൺ, രാജു എൻ. നായർ തുടങ്ങി ഒരുപാട് ആത്മാർഥ സുഹൃത്തുക്കളെ സമ്മാനിച്ച നാടാണ് കേരളം.

മലയാള മനോരമ സംഘടിപ്പിച്ച പരിപാടിക്ക് സിന്ധുവുമൊത്ത് കൊച്ചിയിലെത്തിയത് മറക്കാൻ കഴിയില്ല. അ ന്ന് കായലിൽ ബോട്ട് റൈഡ് നടത്തിയതിനെ കുറിച്ച് ഇപ്പോഴും അവൾ ഇടയ്ക്കിടെ പറയും. കേരളത്തിൽ നിന്നുള്ള ദീജുവും തുളസിയും അടക്കമുള്ള ബാഡ്മിന്റൻ താരങ്ങളുമായി സിന്ധുവിന് അടുത്ത സൗഹൃദമുണ്ട്. അവരിൽ നിന്നു പഠിച്ച ഒന്നുരണ്ടു മലയാളം വാക്കുകൾ അറിയാം, ‘അടിപൊളി’, ‘സുഖമാണോ’ എന്നിങ്ങനെ. യാത്രകൾക്കിടയിൽ മലയാളികളെ കണ്ടാൽ അവൾ ഈ രണ്ടു വാക്കുകളും പ്രയോഗിക്കാതെ ഒരിക്കലും വിടാറില്ല...’

വരുമാനം: മുന്നിൽ േകാഹ് ലി മാത്രം

ഇന്ത്യയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന സ്പോർട്സ് താരങ്ങളിൽ മുൻനിരയിലാണ് 24 കാരി പി.വി. സിന്ധു.  ഇക്കണോമിക് ടൈംസിന്റെ 2017 ലെ കണക്കു പ്രകാരം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് പരസ്യങ്ങളിൽ നിന്നുള്ള സിന്ധുവിന്റെ വരുമാനം. പരസ്യചിത്രീകരണത്തിനായി ഒരു ദിവസം ഒരു േകാടി രൂപയാണ് സിന്ധുവിന്  ലഭിക്കുന്നത്.

ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍ സിന്ധു. 312 വിജയങ്ങളാണ് കരിയറിൽ ഇതുവരെ നേടിയത്. തോൽവികളുടെ എണ്ണം 129 മാത്രം. ലോക ചാംപ്യൻഷിപ്പ് മെഡൽ അടക്കം 15 രാജ്യാന്തര കിരീടങ്ങൾ. 2016 റിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയതും അഭിമാനാർഹമായ നേട്ടമായി.

Tags:
  • Spotlight
  • Inspirational Story