Tuesday 04 August 2020 04:47 PM IST

അധ്വാനിക്കുന്നതിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമുണ്ടോ?; അച്ഛനെ സഹായിക്കാന്‍ മകളുടെ തെങ്ങുകയറ്റം; വേദനകളെ ഒറ്റവെട്ടിന് വീഴ്ത്തി ശ്രീദേവി

Binsha Muhammed

sreedevi-main

എനിക്കൊരു മകനുണ്ടായിരുന്നെങ്കില്‍....

കാടാമ്പുഴ മുക്കലമ്പാട്ട് വടക്കേക്കര പുത്തന്‍ വീട്ടില്‍ ഒരുവട്ടം മാത്രമേ ആ ആത്മഗതം ഉയര്‍ന്നു കേട്ടിട്ടുള്ളൂ. അപകടം പറ്റി ശയ്യാവലംബിയായി കിടന്ന നേരത്തെപ്പോഴോ ഗൃഹനാഥന്‍ ഗോപാലന്‍വേദനയോടെ പറഞ്ഞ വാക്കുകള്‍. തെങ്ങുകയറ്റമാണ് ഗോപാലന് ജോലി. അപകടം പറ്റി അവശനിലയിലായതോടെ ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥ. വീട്ടില്‍ വരുമാനം പോലും അവതാളത്തിലാകുന്ന വിധം ബുദ്ധിമുട്ട്. പക്ഷേ അച്ഛന്‍ പറഞ്ഞ വാചകങ്ങള്‍ ശ്രീദേവി ഗോപാലന്‍ എന്ന മൂത്തമകളുടെ ചങ്കിലാണ് പതിച്ചത്. ആണ്‍മക്കള്‍ ഉണ്ടായിരുന്നെങ്കില്‍ വീട്ടില്‍ അല്ലലുണ്ടാകില്ല എന്നതാണ് ആ പറഞ്ഞതിന്റെ ധ്വനി. കുടുംബം പോറ്റല്‍ പെണ്ണിന് പറഞ്ഞിട്ടുള്ള പണിയല്ലല്ലോ?

രണ്ടാമതൊരുവട്ടം അച്ഛനെ കൊണ്ട് ആ വാക്കുകള്‍ പറയിപ്പിക്കില്ലെന്നുറപ്പിച്ച ശ്രീദേവി രണ്ടും കല്‍പ്പിച്ചായിരുന്നു. ബിരുദാനന്തര ബിരുദവും  ബിഎഡും തുടങ്ങി കേമപ്പെട്ട ഡിഗ്രികളെല്ലാം കയ്യിലുണ്ട്. പക്ഷേ വീട്ടിലെ അടുപ്പു പുകയാന്‍ അതൊന്നും പോരായിരുന്നു. ലോക് ഡൗണില്‍ നാടും നഗരവും തൊഴില്‍സ്ഥാപനങ്ങളും മിഴിയടച്ചതോടെ മറ്റു ജോലികളും തേടാന്‍ വയ്യാത്ത അവസ്ഥ. പക്ഷേ വിട്ടുകൊടുത്തില്ല... ബിഎഡിന്റെ സിലബസും ബിരുദാനന്തര ബിരുദത്തിന്റെ ഗ്ലാമറും സൈഡിലേക്ക് മാറ്റിവച്ച് അവളിറങ്ങിതിരിച്ചു. അച്ഛന്റെ സങ്കടം മാറ്റാന്‍ അച്ഛന്റെ വഴിയേ.... ശ്രീദേവി എംഎ, ബിഎഡ് അങ്ങനെ തെങ്ങുകയറ്റക്കാരിയായി...

വൈറ്റ് കോളര്‍ജോലി വിട്ടൊരു കളിയില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന നാടിനു നടുവിലേക്ക് തെങ്ങുക്കയറ്റക്കാരിയുടെ മേല്‍വിലാസമണിഞ്ഞെത്തി ഈ എംഎക്കാരി. പെണ്ണിന് പറ്റിയ പണിയല്ലെന്ന് ഉപദേശം... 'നീ ഈ എംഎ വരെ പഠിച്ചത് തെങ്ങു കയറാനാണോ എന്ന് പരിഹാസം.' അങ്ങനെ ചോദിച്ചവരോടൊക്കെ ശ്രീദേവിയുടെ മാസ് മറുപടി ഇങ്ങനെ.

'ഡിഗ്രി ഏതായാലെന്താ... അധ്വാനിക്കുന്നതിന് അത് തടസമാകില്ലല്ലോ ...'

ആ മറുപടി അഭ്യസ്ത വിദ്യരായ യുവത്വത്തിനുള്ള ഓര്‍മ്മപ്പെടുത്തലായിരുന്നു. മനസുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍. സോഷ്യല്‍ മീഡിയ ഹൃദയത്തിലേറ്റു വാങ്ങിയ ആ തെങ്ങുകയറ്റക്കാരിയെ വനിത ഓണ്‍ലൈന്‍ ഇതാ വായനക്കാര്‍ക്കു മുന്നിലേക്കെത്തിക്കുകയാണ്. എനിക്കൊരു പെണ്ണുണ്ടായിരുന്നെങ്കില്‍ എന്ന് മാറ്റിപ്പറയാന്‍ അച്ഛന്‍മാരെ പഠിപ്പിച്ച ശ്രീദേവിയുടെ കഥ...

sreedevi-cover

ഇതാ എന്റെ അവസരം

'അവസരങ്ങള്‍ക്കായി ഒരിക്കലും കാത്തു നില്‍ക്കരുത്... അവസരങ്ങള്‍ നമ്മള്‍ തന്നെ ഉണ്ടാക്കണം'. എന്റെ അവസരം ഇതാണ്, സാഹചര്യങ്ങള്‍ എനിക്ക് മുന്നിലേക്ക് വച്ചു നീട്ടിയ അവസരം.- നിറം മങ്ങിത്തുടങ്ങിയ ആ കുഞ്ഞ് വീടിന്റെ ചുമരില്‍ ബെര്‍ണാഡ് ഷായുടെ വാക്കുകള്‍. ആ വാക്കുകള്‍ കടമെടുത്താണ് ശീദേവി പറഞ്ഞു തുടങ്ങിയത്.

അച്ഛന്‍ ഗോപാലന്  തെങ്ങുകയറ്റമാണ് ജോലി, പിന്നെ അത്യാവശ്യം കൂലിപ്പണിയും ഉണ്ട്.  ശ്വാസം മുട്ടിന്റെ വയ്യായ്കയ്ക്കിടയിലും അച്ഛന്‍ കുടുംബത്തിനായി നല്ല വണ്ണം അധ്വാനിക്കുന്നുണ്ട്.  ഞാനും അമ്മ ഉഷയും അനിയത്തിമാരായ ശ്രീകുമാരിയുംശ്രീകലയും  അടങ്ങുന്ന കൊച്ചു കുടുംബം. സഹോദരിമാര്‍ രണ്ടു പേരും ബികോം രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ഒറ്റപ്പാലം എന്‍എസ്എസ് ട്രെയിനിങ് കോളജില്‍ ബിഎഡ് വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. എംഎയ്യ്ക്ക് ഹിസ്റ്ററി ആയിരുന്നു ഐച്ഛിക വിഷയം. ബിഎഡിന് സോഷ്യല്‍ സയന്‍സാണ് മെയിന്‍. 

sreedevi-1

അച്ഛന്റെ ജോലി കൊണ്ട് കഷ്ടിച്ചാണ് കടന്നു പോകുന്നത്. അച്ഛന്ഒരു സ്വപ്‌നമേയുള്ളൂ മൂവരും മെച്ചപ്പെട്ട ജോലി നേടുക, നല്ല നിലയിലാക്കുക. അതിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കാറുണ്ട് ആ പാവം. ഇടയ്ക്ക് അച്ഛന് ഒരു അപകടം സംഭവിച്ചു. ജോലിക്കു പോകാന്‍ വയ്യാതായി. വരുമാനം പാടെ നിലച്ചു.  പ്രതീക്ഷയറ്റു പോയ നിമിഷത്തിലെപ്പോഴോ ആണ് അച്ഛന്‍ എനിക്ക് ആണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ എന്ന് പറഞ്ഞത്. ആ വാക്കുകള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ആ വേദനയാണ് എന്നെ ഈ വഴി തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ തെങ്ങു കയറ്റക്കാരിയെന്ന മേല്‍വിലാസത്തിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലായിരുന്നു. ആദ്യ എതിര്‍പ്പ് വന്നതാകട്ടെ വീട്ടില്‍ നിന്നും. 

നാളികേരത്തിന്റെ കൂട്ടുകാരി

അമ്മയായിരുന്നു ആദ്യം എതിരു നിന്നത്. പ്രായമായ മകള്‍ ജോലിക്കു പോകുന്നു, അതും തെങ്ങു കയറ്റത്തിന്. വീട്ടുകാര്‍ക്ക് കട്ടയ്ക്ക് നോ പറഞ്ഞു. പക്ഷേ ഞാന്‍ വിട്ടു കൊടുത്തില്ല. യൂ ട്യൂബ് നോക്കി തെങ്ങുകയറ്റത്തിന്റെ ട്യൂട്ടോറിയലുകള്‍ പഠിച്ചു. തെങ്ങുകയറുന്ന യന്ത്രം വാാങ്ങിത്തരണമെന്ന് വീട്ടുകാരോട് പറഞ്ഞപ്പോള്‍  വീണ്ടും എതിര്‍പ്പ്. പക്ഷേ ഞാന്‍ വാശിയോടെ തന്നെ പിന്നെയും ചോദിച്ചു കൊണ്ടേയിരുന്നു. ആ വാശി ജീവിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഒടുവില്‍ നിവൃത്തികെട്ട് അച്ഛന് സമ്മതിക്കേണ്ടി വന്നു. ഒടുവില്‍ പണിപ്പെട്ട് ആ തെങ്ങുകയറ്റ യന്ത്രവും സ്വന്തമാക്കി, ഞാന്‍ പ്രൊഫഷണല്‍ കോക്കനട്ട് ക്ലൈംബറായി-തമാശയോടെ ശ്രീദേവിയുടെ വാക്കുകള്‍

sreedevi-3

യാതൊരു മുന്‍പരിചയവുമില്ലാതെയാണ് ഇറങ്ങുന്നത്. പക്ഷേ തെങ്ങുകയറ്റ യന്ത്രത്തിന്റെ സഹായത്തോടെ യൂട്യൂബ് വിഡിയോ കണ്ട അനുഭവ പരിചയത്തില്‍ പതിയെ പതിയെ പിച്ചവച്ചു. സത്യം പറയാല്ലോ... ഉയരത്തെ തെല്ലും പേടിക്കാതെയാണ് തെങ്ങുകയറ്റം തുടങ്ങിയത്. ജീവിക്കാന്‍ വേണ്ടി ഓട്ടോ ഡ്രൈവറുടേയും ടൈപ്പിസ്റ്റിന്‍റേയും ഒക്കെ വേഷംകെട്ടിയിട്ടുണ്ട്. പക്ഷേ ഇത് വേറിട്ട അനുഭവമായി. 

എങ്ങനെ കിട്ടി കുട്ടീ ധൈര്യം എന്ന് ചോദിക്കരുത്. അത് ജീവിക്കാന്‍ ബുദ്ധിമുട്ടുന്നവള്‍ സ്വാഭാവികമായി ആര്‍ജ്ജിച്ചെടുക്കുന്ന ധൈര്യമാണ്. തുടര്‍ച്ചയായ ശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. തെങ്ങിന് മുകളിലേക്ക് ഒടുവില്‍ സേഫായി എത്തി. പക്ഷേ അപ്പോഴും ഉണ്ടായിരുന്നു പ്രശ്‌നം, വിളഞ്ഞ തേങ്ങയേത്, കരിക്കേത് എന്ന് കണ്‍ഫ്യൂഷന്‍. അവിടെ എന്നെ ഹെല്‍പ് ചെയ്തത് പരിചയ സമ്പന്നനായ അച്ഛനാണ്. തുടര്‍ ശ്രമങ്ങളും പരിശീലനവും എന്നെ നാളികേരത്തിന്റെ കൂട്ടുകാരിയാക്കി. വിജയകരമായ ട്രെയിനിങ്ങിനൊടുവില്‍ എനിക്കു കിട്ടി ആദ്യശമ്പളം...40 രൂപ. അത് ജീവിതത്തിലൊരിക്കലും മറക്കില്ല.  

sreedevi-5

വേദനകള്‍ ഒറ്റവെട്ടിന് താഴെ

എതിര്‍പ്പുകള്‍ ആവോളം ഉണ്ടായിരുന്നു. പെണ്ണിന് പറ്റിയ പണിയാണോ? ഇത്രയും പഠിച്ചത് ഇതിനു വേണ്ടിയാണോ എന്നൊക്കെ. അധ്വാനിച്ച് ജീവിക്കുന്നതിന് ആണ് പെണ്ണ് എന്നൊക്കെ വേര്‍തിരിവുണ്ടോ എന്ന് ഞാന്‍ തിരിച്ചു ചോദിക്കും. ബിഎഡ് കോളജിലെ ചങ്ങാതിമാരൊക്കെ ഹാപ്പിയാണ്. ഇങ്ങനെയൊരു കൂട്ടുകാരി ഉണ്ടെന്ന് പറയുന്നതില്‍ അഭിമാനം എന്നാണ് അവര്‍ പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ ഒരു സുഖമൊക്കെയുണ്ട്. ആണ്‍മക്കളില്ലാ എന്ന വിഷമം അച്ഛന് മാറ്റിക്കൊടുക്കാന്‍ കഴിഞ്ഞല്ലോ എന്നതാണ് എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം. അച്ഛന്‍ അവശതകളൊക്കെ മാറി വീണ്ടും ജോലിയില്‍ സജീവമായെങ്കിലും ഞാന്‍ ഇപ്പോഴും തെങ്ങുകയറ്റവുമായി ഫീല്‍ഡിലുണ്ട്. ഒരു തെങ്ങ് കയറിയാല്‍ 40 രൂപയാണ് കിട്ടുന്നത്.

sreedevi-2

തെങ്ങുകയറാന്‍ ആളെ കിട്ടാത്ത കാലത്ത് ഞങ്ങളെ പോലുള്ളവരൊക്കെ വേണ്ടേ...? മാത്രമല്ല ഒരു കുടുംബത്തിലെ മുഴുവന്‍ പെണ്ണുങ്ങളേയും തെങ്ങുകയറ്റം പഠിപ്പിച്ച ക്രെഡിറ്റും എനിക്ക് ഇരിക്കട്ടേന്നേ. എന്തായാലും തെങ്ങുകയറ്റം നല്‍കിയ പാഠം ഒരിക്കലും മറക്കില്ല. ജീവിതം വഴിമുട്ടിയവള്‍ക്ക് കിട്ടിയ കച്ചിത്തുരുമ്പാണ് ഈ ജോലി. ഒരു ടീച്ചറാകണമെന്നതാണ് സ്വപ്നം. അതിനായി കഠിനമായി അധ്വാനിക്കുകയും ചെയ്യും. നാളെ ഒരു ടീച്ചറായാലും ഞാനെന്റെ കുട്ടികളോട് അഭിമാനത്തോടെ പറയും, ഞാനൊരു തെങ്ങു കയറ്റക്കാരി കൂടി ആയിരുന്നുവെന്ന്. അതിന്റെ പേരിലുള്ള നാണക്കേടും അമ്പരപ്പും ഞാനങ്ങ് സഹിക്കും. കാരണം ഞാനിതെല്ലാം ചെയ്തത് എന്റെ അച്ഛന് വേണ്ടിയാണ്. എന്റെ കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണ്. അതില്‍ അഭിമാനമേയുള്ളൂ- ശ്രീദേവി പറഞ്ഞു നിര്‍ത്തി.