Wednesday 05 January 2022 03:40 PM IST

ഞാൻ എങ്ങനെ അയോഗ്യയായി? ജോലി തിരികെ ലഭിച്ചിട്ടും ഞെട്ടൽ മാറാതെ ശ്രീജ

Roopa Thayabji

Sub Editor

sreeja-psc-strike-cover

‘‘റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും ജോലി കിട്ടാതെ കാത്തിരിക്കുമ്പോഴാണ് എനിക്കു താഴെയുള്ള റാങ്കുകാർക്ക് ജോലി കിട്ടിയെന്ന് അറിഞ്ഞത്. ഞാൻ എങ്ങനെ അയോഗ്യയായി എന്നാണ് ആദ്യം അന്വേഷിച്ചത്.’’

അർഹതപ്പെട്ട ജോലി ആരോ തട്ടിതറിപ്പിച്ചതിന്റെ പേരിൽ പിഎസ്സിയോട് പോരാടേണ്ടി വന്നു കോട്ടയം സ്വദേശി എസ്. ശ്രീജയ്ക്ക്. പാമ്പാടി, കോത്തല പുത്തൻപുരയിൽ സോമൻ നായരുടെയും ശോഭനയുടെ രണ്ടു പെൺമക്കളിൽ മൂത്തയാളാണു ശ്രീജ. എസ്ആർവി എൻഎസ്എസ് കോളജിൽ നിന്ന് ബിഎസ്‌സി ബോട്ടണി പാസായ ശ്രീജ സാമ്പത്തിക ഞെരുക്കം കാരണം പിന്നെ പഠിച്ചില്ല. ഇതിനിടെ സുരേഷുമായുള്ള വിവാഹം നടന്നു, രണ്ടു മക്കളുമായി. ഷീറ്റിട്ട വീട്ടിലിരുന്ന് ഷീജ സർക്കാർ ജോലി സ്വപ്നം കണ്ടു. കോച്ചിങ്ങിനു ചേർന്നെങ്കിലും ചെലവു താങ്ങാനാകാതെ വീട്ടിലിരുന്നായി പഠനം. പരിശ്രമത്തിനൊടുവിൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ, കെഎസ്ആർടിസി കണ്ടക്ടർ, സിവിൽ സപ്ലൈസ് കോർപറേഷൻ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക് പട്ടികകളിൽ ഇടം പിടിച്ചു.

‘‘2016 ഓഗസ്റ്റ് 27ന് നടന്ന പരീക്ഷയുടെ ഫലം 2018 മേയ് 30നാണ് വന്നത്. എനിക്ക് 233 ാം റാങ്ക്. ഓരോ സമയത്തും റാങ്ക് പട്ടികയിൽ ഉള്ളവർ സംഘടന രൂപീകരിക്കുകയും വാട്സാപ്പിലൂടെ വിവരങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ‌കഴിഞ്ഞ ഓണക്കാലത്താണ് കൂടുതൽ പേർക്ക് ഒന്നിച്ച് നിയമനം ലഭിച്ചതായി അറിഞ്ഞത്, മൂന്നാമതായി അഡ്വൈസ് മെമ്മോ കിട്ടാനുള്ളത് എനിക്കാണ്. പക്ഷേ, ആഴ്ചകൾ കഴിഞ്ഞിട്ടും മെമ്മോ വന്നില്ല. എനിക്കു താഴെ റാങ്കുള്ളവർക്ക് അഡ്വൈസ് മെമ്മോ ലഭിച്ചച്ചെന്നറിഞ്ഞ് പിഎസ്‌സി ഓഫിസിൽ എത്തിയപ്പോഴാണ് ജോലി വേണ്ടെന്ന് സമ്മതപത്രം നൽകിയതിനാൽ ഒഴിവാക്കി എന്നും ഈ റാങ്കു പട്ടികയുടെ കാലാവധി അവസാനിച്ചെന്നും അവർ പറഞ്ഞത്.

ഒന്നും ഞാനറിഞ്ഞില്ലെന്നു പറഞ്ഞ് ഉദ്യേഗസ്ഥരുടെ കാലുപിടിച്ച് കരഞ്ഞു. ഞാനല്ല സമ്മതപത്രം നൽകിയതെന്നു തെളിയിക്കാനാണ് അവർ പറഞ്ഞത്. നേരിട്ടിറങ്ങി അന്വേഷണം റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനിലെ ഓരോരുത്തരുടെയും നമ്പർ കണ്ടെത്തി വിളിച്ചു. അങ്ങനെയാണ് റവന്യു വകുപ്പ് ഉദ്യോഗസ്ഥയായ കൊല്ലം സ്വദേശി എസ്. ശ്രീജയാണു സമ്മതപത്രം നൽകിയതെന്നു കണ്ടെത്തിയത്. തന്റെ പേരും ജനനത്തീയതിയും റജിസ്റ്റർ നമ്പരും അടങ്ങുന്ന രേഖകൾ കാണിച്ച് മറ്റാരോ ആവശ്യപ്പെട്ടതു പ്രകാരമാണ് നിലവിൽ ജോലിയുള്ളതിനാൽ ഒഴിവാക്കണമെന്ന് അവർ കത്തു നൽകിയത്. അതിൽ എന്റെ പേരും വിലാസവും ഉൾപ്പെടുത്തിയതോടെയാണ് ‍ഞാൻ പുറത്തായത്.

sreeja-psc-strike

ഇക്കാര്യങ്ങൾ കാണിച്ച് ജില്ലാ പിഎസ്‍സി ഓഫിസർക്കും പൊലീസ് മേധാവിക്കും പരാതി നൽകി. പിഎസ്‌സിക്ക് സംഭവിച്ച പിഴവു തിരുത്തണമെന്ന് അറിയിച്ച് കത്തു നൽകിയ ശ്രീജ മാപ്പപേക്ഷയും നൽകി. വിവരങ്ങൾ സത്യമാണെന്നു ബോധ്യപ്പെട്ടപ്പോഴാണ് ജോലി എനിക്കു തിരിച്ചു നൽകാൻ പിഎസ്‌സി യോഗം തീരുമാനിച്ചത്. ഇപ്പോൾ പുളിക്കൽകവല സപ്ലൈകോ ഔട്ട്‌ലെറ്റിൽ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു മാസമായി. റാങ്ക് പട്ടികയിലുണ്ടായിട്ടും അയോഗ്യയായി എന്നറിഞ്ഞ് സങ്കടപ്പെട്ട് മിണ്ടാതിരുന്നെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു സ്ഥിതിയെന്നാണ് ആദ്യ ശമ്പളം വാങ്ങിയപ്പോൾ ആലോചിച്ചത്. ആരാണ് തോൽപ്പിക്കാൻ നോക്കിയതെന്ന് ഇപ്പോഴും എനിക്കറിയില്ല.’’ ജോലി തിരികെ ലഭിച്ചിട്ടും ശ്രീജയ്ക്ക് അന്നത്തെ ഞെട്ടൽ മാറിയിട്ടില്ല.