Monday 17 September 2018 02:06 PM IST : By സ്വന്തം ലേഖകൻ

'എല്ലാവര്‍ക്കും അവരൊരു മദ്യപാനിയായ തെരുവു സ്ത്രീ; പക്ഷേ, ആ നേരത്ത് പ്രതികരിക്കാന്‍ അവരേ ഉണ്ടായുള്ളൂ...'

sreeji-fb4

ചില മനുഷ്യരെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറാൻ നിമിഷങ്ങൾ മതി. ഇത് തെളിയിക്കുന്ന ഫെയ്സ്ബുക് കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പത്തനംതിട്ട ടൗൺ ഹാളിന് സമീപം തനിക്ക് നേരെ നടന്ന ആക്രമണത്തെ കുറിച്ച് യുവതിയിട്ട കുറിപ്പാണിത്. മദ്യപിച്ച് തെരുവിൽ അലയുന്ന സ്ത്രീ എന്ന് സമൂഹം മുദ്രകുത്തിയ ഒരു അമ്മയാണ് അന്നവരെ സഹായിക്കാനായി ഓടിയെത്തിയത്. ശല്യം അസഹ്യമായപ്പോൾ അയാളുടെ മുഖത്ത് യുവതി തല്ലിയെങ്കിലും ചുറ്റുംകൂടി നിന്നവരാരും പ്രതികരിച്ചില്ല. വീണ്ടും അയാൾ യുവതിക്കെതിരെ പാഞ്ഞടുത്തപ്പോഴാണ് തെരുവില്‍ അലയുന്ന മണിയമ്മ രക്ഷയ്ക്കെത്തിയത്. സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ.   

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം;

കള്ളുകുടിച്ച് തെരുവിൽ നടക്കുന്ന സ്ത്രീയോട് ആർക്കും ഒരു അടുപ്പം തോന്നാൻ ഇടയില്ല. എന്നാൽ ഒരൊറ്റ ദിനം കൊണ്ട് മറ്റുള്ള സ്ത്രീകളെക്കാൾ അവർ ശരിയാണെന്ന് തോന്നിപ്പോയ ഒരു സംഭവം ഉണ്ടായി. 'ഞരമ്പന്മാർ' സ്ത്രീകൾക്ക്നേരെ എന്ത് അതിക്രമവും നടത്തുമ്പോൾ അത് കണ്ട് നിൽക്കുന്ന ജനക്കൂട്ടത്തിന് (സ്ത്രീകൾ ആണെങ്കിലും പുരുഷന്മാർ ആണെങ്കിലും) 'നല്ല നമസ്കാരം' നേർന്ന് നേരെ മാറ്ററിലേയ്ക്ക് കടക്കാം.

കഴിഞ്ഞദിവസം പത്തനംതിട്ട ടൗൺ ഹാളിനോട് ചേർന്നുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സ്ത്രീകൾക്കായി അനുവദിച്ചിട്ടുള്ളിടത്ത് ഒരുപാട് സ്ത്രീകൾക്കിടയിൽ ഈ ഉള്ളവളും അങ്ങനെ ഇരിക്കുന്നു. അവിടേയ്ക്ക് എത്തി ഒറ്റനോട്ടത്തിൽ ഇത്തിരി വശപ്പിശകാണെന്ന് തോന്നിക്കുന്ന ഒരുത്തൻ ഏത് ക്ലാസിലാ, കോഴഞ്ചേരിക്ക് വണ്ടിയുണ്ടോ എന്നു തുടങ്ങി എന്തൊക്കെയോ തമിഴ് കലർന്ന മലയാളത്തിൽ ചോദിച്ചുകൊണ്ടേ ഇരുന്നു. വല്യ ശല്യമായി തോന്നാഞ്ഞതിനാൽ ഞാൻ ആ ഭാഗത്തേയ്ക്ക് നോക്കാൻ പോയില്ല.

ഒരു 5 മിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും ഞാനിരിക്കുന്നതിന് അഭിമുഖമായിരുന്ന് ഒരു സ്ക്കൂൾ കുട്ടിയെ നോക്കാനാരംഭിച്ചു. ഇത് കണ്ട ഞാനും മറ്റൊരു സ്ത്രീയും ആ ബസ് കോഴഞ്ചേരിക്കാനെന്ന് ഇവൻ എഴുന്നേറ്റ് പോകട്ടെ എന്ന് കരുതി ഉറക്കെ പറയുകയും ചെയ്തു. ബസ് വന്നതിനാൽ ആ കുട്ടി പോയപ്പോഴേയ്ക്കും പിന്നെ എന്നെയായി നോട്ടം. ഉടൻ ഞാൻ ഇരിക്കുന്നിടത്ത് സ്ഥലം കിടന്നതിനാൽ നേരെ എന്റെ അടുത്തായി ഇരിക്കാൻ ശ്രമിച്ചപ്പോൾ മാറിയിരിക്കടോ അപ്പുറത്താണ് പുരുഷന്മാരുടെ സ്ഥലം എന്ന് കുറച്ച് ഉറക്കെത്തന്നെ ഞാൻ പറഞ്ഞു.

ഞാൻ ആണാണ് നീ പെണ്ണും എന്നും പറഞ്ഞ് ഇവൻ എന്നെ ചാരും എന്ന അവസ്ഥയായി. ഞാൻ ചാടി എഴുന്നേറ്റ് പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഫോൺ എടുത്തപ്പോഴേയ്ക്കു നീ വിളിക്കടീ എന്നും പറഞ്ഞ് അവൻ എനിക്ക് നേരെ എഴുന്നേറ്റു. 'പോലീസു വരട്ടെ നീ വിളിച്ചിട്ട് ഞാൻ വന്നതാ നിന്റെ കാമം തീർക്കാനെന്ന് വിളിച്ചതാണെന്ന്' എന്ന് തമിഴ്കലർന്ന മലയാളത്തിൽ കേട്ടതേ എനിക്കോർമ്മയുള്ളൂ എന്റെ സർവ്വശക്തിയുമെടുത്ത് അവന്റെ കരണം നോക്കി ഒന്നു കൊടുത്തു. അവൻ എന്റെ മേൽ കൈയ്യോങ്ങുമോ എന്ന സംശയം ഉണ്ടായതിനാൽ എന്നെ തൊട്ടാൽ നിന്റെ കരണമടിച്ച് ഇനിയും പൊട്ടിക്കും ഞാൻ എന്ന് പറഞ്ഞിട്ടും അവിടെനിന്ന 45 പേരോളം അടങ്ങുന്ന സ്ത്രീ, പുരുഷന്മാർ നോക്കുകുത്തികളായി നിൽക്കുന്നതാണ് കണ്ടത്.

ടൗൺഹാളിൽ പ്രസ്ക്ലബിന്റെ പ്രോഗ്രാം നടക്കുന്നിടത്തുനിന്നും ഇതുകണ്ടുവന്ന ഒരു പത്രപ്രവർത്തകൻ ഓടി വരികയും സ്ത്രീകളെ ശല്യം ചെയ്യുന്നോടാ, എന്നും ചോദിച്ച് അവനെ വിരട്ടുകയും ചെയ്തു. ( അത് അല്ലെങ്കിലും അങ്ങനെയാണ്, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ തമ്മിൽ അറിയില്ലെങ്കിലും പ്രതികരിക്കാൻ നമ്മൾ ഒറ്റക്കെട്ടാണ്)

അപ്പോഴാണ് എന്നെ അതിശയിപ്പിച്ച് പത്തനംതിട്ടയിലും കോന്നിയിലും സ്ഥിരസാന്നിധ്യമായ, പേരറിയാത്ത കള്ളുകുടിച്ച് ബോധമില്ലാതെ നടക്കുന്നെന്ന് ഞാൻ ഉൾപ്പടെയുള്ള സമൂഹം അവഗണനയുടെ കൊടുമുടി കയറ്റി നിർത്തിയിരുന്ന ആ സ്ത്രീ എന്റെ അടുത്തേയ്ക്ക് ഓടി വന്നത്. എന്റെ മുന്നിൽ കയറിനിന്ന് അവനഭിമുഖമായി നിന്ന് നീ പെണ്ണുങ്ങളെ ശല്യം ചെയ്യുമോ, കൊച്ചിനെ നീ അടിക്കാൻ കൈപൊക്കുമോടാ എന്നൊക്കെ ചോദിച്ച് ഇട്ടിരുന്ന ചെരുപ്പ് എടുത്ത് അവന്റെ കരണത്തും പുറത്തുമായി അടിച്ചതും നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. കള്ളുകുടിച്ചു നടക്കുന്നവരെ ഇഷ്ടമല്ലാത്ത എനിക്ക് ആ സ്ത്രീയോടുള്ള കാഴ്ചപ്പാടിൽ മാറ്റമുണ്ടാക്കാൻ ഈ സംഭവം കാരണമാവുകയാരുന്നു. ആണും പെണ്ണുമായി ധാരാളം ആളുകൾ അവിടെ ഉണ്ടായിട്ടും അവർക്കു തോന്നിയ പ്രതികരണശക്തി മറ്റാർക്കും ഉണ്ടാകാതെ പോയല്ലോ, അപ്പോൾ അവരാണ് ശരി.

ശ്ശോ അത് പറയാൻ മറന്നു, നിങ്ങൾ ഇപ്പോൾ മനസിൽ പറഞ്ഞിട്ടുണ്ടാകും എന്താ പോലീസിനെ അറിയിച്ചില്ലേ എന്ന്, നമ്മുടെ പോലീസ് സ്റ്റേഷനിൽ വിളിച്ച് 2 തവണ പറഞ്ഞു ടൗൺഹാളിനോട് ചേർന്ന വെയ്റ്റിംഗ് ഷെഡ്ഡിൽ ഒരു കള്ളുകുടിയൻ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു എന്ന്. ഇത് പറഞ്ഞ് 2 തവണ വിളിച്ചപ്പോഴും മറുതലയ്ക്കലിൽ ഫോൺ അറ്റന്റ് ചെയ്ത സ്ത്രീ ശബ്ദം പറയുകയാണ് 'പിങ്ക് പോലീസ്' അവിടെങ്ങാനം ഉണ്ടോന്ന് നോക്കാൻ.

പട്ടാപ്പകൽ ഒരുത്തൻ പോലീസ്റ്റേഷന്റെ വെറും 200 മീറ്റർ അകലത്തിൽ കിടന്ന് അഴിഞ്ഞാടുമ്പോഴും സ്റ്റേഷനിൽ നിന്ന് പറയുന്നു പിങ്ക് പോലീസിനെ തിരക്കിക്കോളാൻ. ഇതിനിടെ സുനിൽ ടീച്ചർ എന്നെ വിളിക്കുകയും ടീച്ചർ പോലീസിൽ വിളിച്ച് പറഞ്ഞെന്ന് എന്നോട് പറയുകയും ചെയ്തു. എന്തായാലും പോലീസെത്തി അവനെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. അതുവരെ പത്തനംതിട്ടയിലെ പത്രപ്രവർത്തകരിൽ ചിലർ ഇതറിഞ്ഞ് എനിക്കൊപ്പം അത്രയും സമയം നിൽക്കുകയും ചെയ്തു.

അടിക്കുറിപ്പ്- എന്നെ ശല്യം ചെയ്താൽ അത് ആരായാലും എത്ര ജനങ്ങളുടെ മുന്നിൽ വച്ചായാലും കൊടുക്കേണ്ടത് സ്പോട്ടിൽ കൊടുത്തിട്ടേ ഇനി പോലീസിനെ വിളിക്കൂ. അല്ല പിന്നെ!!!

sreeji-fb765