Wednesday 01 December 2021 01:44 PM IST : By സ്വന്തം ലേഖകൻ

‘മകളാണ്, അവൾക്കിഷ്ടപ്പെട്ട പെൺകുട്ടിയോടൊപ്പം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’: അച്ഛന്റെ കുറിപ്പ്

sreejith

എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും ഉള്ളിന്റെയുള്ളിൽ ഉറഞ്ഞുകൂടുന്ന നിരർത്ഥകമായ അഭിമാനബോധം പലരേയും പലഘട്ടത്തിലും പിന്നോട്ടു വലിക്കും. സ്വത്വ പ്രഖ്യാപനങ്ങളോടും സ്വാതന്ത്ര്യങ്ങളോടും മുഖംതിരിക്കുന്ന പല അച്ഛനമ്മമാരും ഇന്നും നമുക്കിടയിലുണ്ട്. ജന്മം കൊണ്ട് കിട്ടിയ ഉടലിൽ നിന്നും ആണിലേക്കും പെണ്ണിലേക്കുമുള്ള യാത്രയ്ക്കിടെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒത്തിരിപ്പേർ നമുക്ക് ചുറ്റുമുണ്ട്. അതുപോലെ തന്നെ നമുക്ക് ചുറ്റുമുള്ളവർ സ്വവർഗാനുരാഗികളെണെന്നറിയുമ്പോൾ മുഖംചുളിക്കുന്നവരേയും ചുറ്റും കാണാം. ഇവിടെയിതാ ഒരച്ഛൻ അത്തരം പഴകി ദ്രവിച്ച ചിന്തകളിൽ നിന്നെല്ലാം മാറിനടക്കുകയാണ്. ലെസ്ബിയനായ മകളെയും അവളുടെ ധീരമായ തീരുമാനത്തേയും മനസുകൊണ്ട് സ്വീകരിച്ച അച്ഛന്റെ പേര് ശ്രീജിത്ത് വാവ പിവി. മകൾ രേഷ്മ അവൾക്കിഷ്ടപ്പെട്ട പെൺകുട്ടിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ച വിവരം ഫെയ്സ്ബുക്കിലൂടെയാണ് ശ്രീജിത്ത് പങ്കുവച്ചത്.

‘പുരോഗമന വാദം പറയാൻ എളുപ്പമാണ്. ഞാൻ സന്തോഷവാനാണ്. ഈ ലെസ്ബിയൻസിനോട് നിങ്ങളുടെ കരുതൽ ഉണ്ടാകണേ.’– ശ്രീജിത്തിന്റെ കുറിപ്പിലെ വരികൾ ഇങ്ങനെ. നിരവധി പേരാണ് ലെസ്ബിയൻ ജോഡിയായ രേഷ്മയ്ക്കും സഞ്ജനയ്ക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയത്. എല്ലാ വിധിയെഴുത്തുകളേയും താണ്ടി അവർ സന്തോഷത്തോടെ കഴിയട്ടേയെന്നും മനുഷ്യർ ജീവിക്കട്ടേയെന്നും ആശംസ കുറിപ്പുകളിൽ കാണാം.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കഴിഞ്ഞ എട്ടാം തിയതി

എന്റെ മകൾ രേഷ്മ

അവൾക്ക് ഇഷ്ട്ടപ്പെട്ട പെണ്ണ്ക്കുട്ടിയുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു

(Sanjana)

പുരോഗമന വാദം പറയാൻ എളുപ്പമാണ്

ഞാൻ സന്തോഷവാനാണ്

ഈ ലെസ്ബിയൻസിനോട് നിങ്ങളുടെ കരുതൽ ഉണ്ടാകണേ