Wednesday 03 July 2024 02:47 PM IST : By സ്വന്തം ലേഖകൻ

‘കല്ലു പോലും ദ്രവിച്ചു പോകുന്ന രാസവസ്തു സെപ്റ്റിക് ടാങ്കിലൊഴിച്ചു; ശ്രീകലയെ കൊന്നത് മദ്യം നൽകി ബോധംകെടുത്തി’: ഒരാൾ കൂടി പ്രതിയായേക്കും

forensic

പതിനഞ്ചു വർഷം മുൻപ് കാണാതായ ശ്രീകലയുടെ കൊലപാതകത്തിൽ ഒരാൾ കൂടി പ്രതിയായേക്കുമെന്ന് വിവരം. ഇതാരാണെന്ന് വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. മൃതദേഹം മറവു ചെയ്ത സ്ഥലം കണ്ടെത്താൻ കൂടുതൽ സ്ഥലങ്ങളിൽ കുഴിയെടുത്തേക്കുമെന്നും വിവരമുണ്ട്. സെപ്റ്റിക് ടാങ്കിലെ മൃതദേഹാവശിഷ്ടത്തിൽ മാലയെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തി. പരിശോധനയ്ക്ക് ഫൊറൻസിക്കിന്റെ പ്രത്യേക സംഘമെത്തി. 

കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അനിൽ ഇസ്രയേലിൽ തന്നെയുണ്ടോയെന്ന് സ്ഥിരീകരിക്കാൻ പൊലീസ് ശ്രമം നടത്തുന്നുണ്ട്. കൊലപാതകത്തിനു മുൻപ് കലയെ ഭർത്താവ് അനിൽ കാറിൽ കയറ്റിയത് എറണാകുളത്ത് നിന്നാണെന്നാണ് നിഗമനം. കാറിലുണ്ടായിരുന്നത് അനിൽ മാത്രമാണ്. മദ്യം നൽകി കലയെ ബോധരഹിതയാക്കിയ ശേഷമായിരുന്നു കൊലപാതകം. കാർ ഓടിച്ച പ്രമോദ് ഉൾപ്പെടെയുള്ളവർ കാറിൽ കയറിയത് കല ബോധരഹിതയായ ശേഷമാണ്.

കലയെ കൊലപ്പെടുത്തിയ ശേഷം മറവു ചെയ്ത സെപ്റ്റിക് ടാങ്കിൽ നിന്നും ഇനിയൊന്നും കിട്ടാൻ സാധ്യതയില്ലെന്ന് പൊലീസിനു വേണ്ടി മൃതദേഹ അവശിഷ്ടങ്ങളെടുത്ത സോമൻ അറിയിച്ചു. കല്ലു പോലും ദ്രവിച്ചുപോകുന്ന രാസവസ്തു സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നു. അസ്ഥിയെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങളും ടാങ്കിൽനിന്നും ലഭിച്ചു. അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്, ക്ലിപ്, ലോക്കറ്റ് എന്നിവയും ലഭിച്ചുവെന്നു സോമൻ പറഞ്ഞു.

കല മരിച്ചിട്ടില്ലെന്ന മകന്റെ പ്രതികരണം വൈകാരികമാണെന്നാണ് പൊലീസ് പറയുന്നത്. അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്നു കലയുടെ മകൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസം. ടെൻഷനാകേണ്ടെന്ന് അച്ഛൻ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ ഒന്നും കിട്ടില്ല. പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്നും അച്ഛൻ പറഞ്ഞതായി കലയുടെ മകൻ അഭിപ്രായപ്പെട്ടു.

Tags:
  • Spotlight