Friday 17 July 2020 11:22 AM IST

മേക്കപ്പിട്ട് സേതുലക്ഷ്മി പോകുന്നത് മോഡലിങിനല്ല, കീമോതെറപ്പിക്കാണ്! കാൻസറിനെ പുഞ്ചിരിച്ച് നേരിട്ട പെണ്ണാണ് ഇവൾ

Lakshmi Premkumar

Sub Editor

sethuu321

വളരെ സാധാരണ ഗതിയിൽ ഒഴുകിയിരുന്ന ഒരു പുഴ വലിയൊരു മഴയ്ക്ക് ശേഷം സംഹാര താണ്ഡവമാടുന്നത് കണ്ടിട്ടില്ലേ. പിന്നെ പതിയെ മഴയുടെ ഈണത്തിനനുസരിച്ച് ഒഴുകി തുടങ്ങും. കുറച്ചു കഴിയുമ്പോൾ വീണ്ടും ആ പഴയ ഓളപരപ്പിൽ കള കളാരവത്തോടെ അങ്ങനെ... ചിലപ്പോൾ ജീവിതവും അങ്ങനെയാണ്. ഒരു സുപ്രഭാതത്തിൽ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം സേതുലക്ഷ്മി ശ്രീനാഥിന്റെ ജീവിതവും അങ്ങനെയായിരുന്നു. 

അപ്രതീക്ഷിതമായി കേട്ട വാർത്തയിൽ മുഖത്തോടു മുഖം നോക്കി നിൽക്കേണ്ട അവസ്ഥ. ഒന്നുമറിയാതെ കളിക്കുന്ന മൂന്ന് വയസുകാരി തൻവിയോട് എന്തു പറയണം എന്ന് അറിയാത്ത അവസ്ഥ. പക്ഷെ, ഇതൊന്നുമല്ല ജീവിതം. ഇതിനപ്പുറവും ചാടി കടക്കും, മുമ്പിൽ ഏറെ ദൂരം പോകാനുണ്ട് എന്ന് മനസ്സിൽ അങ്ങ് ഉറപ്പിച്ചാൽ ഉണ്ടല്ലോ, ഇതാ ഇതുപോലെ ചിൽ ചെയ്ത് ജീവിക്കാം...

"ഒന്നര വർഷമായി ദേഹത്ത് ആകെ ഇടക്കിടെ ചൊറിച്ചിൽ വരും. എന്നാൽ ഒരു കുരുവോ റാഷസോ എവിടെയും കാണാനില്ല. ഭക്ഷണതിന്റെ അലർജി ആയിരിക്കും, അതല്ലെങ്കിൽ ഏതെങ്കിലും ക്രീമിന്റെ, അല്ലെങ്കിൽ പൊടിയുടെ എന്ന് തുടങ്ങി സ്വാഭാവികമായും തോന്നുന്ന സംശയങ്ങൾ തന്നെയായിരുന്നു മനസ്സിൽ. കാണിക്കാത്ത ഡോക്ടർമാരോ കഴിക്കാത്ത മരുന്നുകളോ ഇല്ല. പക്ഷെ, ഈ ചൊറിച്ചിൽ ഇടക്കിടെ വന്നു കൊണ്ടിരുന്നു.

ഞങ്ങൾ ബെംഗളൂരുവിൽ സെറ്റിൽഡ് ആണ്. ഭർത്താവ് ശ്രീനാഥ്‌ അവിടെ ഐടി പ്രൊഫഷണൽ ആയിരുന്നു. ഇപ്പോൾ എന്റെ ട്രീറ്റ്മെന്റിനൊക്കെയായി ജോബ് രാജി വച്ചു. കേരളത്തിലേക്ക് വന്നു. ഒരു ദിവസം കഴുത്തിന്റെ സൈഡിൽ ചെറിയൊരു മുഴ പോലെ തോന്നി. എങ്കിൽ പിന്നെ ഒന്ന് കാണിച്ചുകളയാം എന്നോർത്തു ബെംഗളുരുവിലെ മണിപ്പാൽ ഹോസ്പിറ്റലിൽ ചെയ്ത ചെക് അപ്പിൽ മനസിലായി ലിംഫോമ ആണെന്ന്. അതിന്റെ ആദ്യത്തെ ലക്ഷണങ്ങൾ ആയിരുന്നു ദേഹത്തെ ചൊറിച്ചിൽ. 

sethu778jojk

സംഭവം വല്യ കുഴപ്പക്കാരൻ ഒന്നും അല്ല. പക്ഷെ, കാൻസർ എന്ന വാക്ക് നമ്മുടെ ഉള്ളിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. എനിക്ക് ചെറിയ മോളുണ്ട്, ഭർത്താവ് ഉണ്ട്, അമ്മയും അച്ഛനും എല്ലാർക്കും വേണ്ടി ഞാൻ പിടിച്ച് കയറിയെ മതിയാകൂ. സോ എന്റെ മനസ് പെട്ടന്ന് മാറി. കൂൾ ആയി. എനിക്ക് ചെറിയ രീതിയിൽ അല്ലേ വരുത്തിയുള്ളു എന്ന് ദൈവത്തിനോട് നന്ദി പറഞ്ഞു. 

dramma

കരഞ്ഞു കരഞ്ഞാണ് അവനുറങ്ങിയത്, എന്നെ കാണാഞ്ഞിട്ടാകുമോ?; ഉണ്ണിയില്ലാത്ത ഞങ്ങളുടെ വീട്; മേരി അനിത പറയുന്നു

വീട്ടുകാരെല്ലാം കേരളത്തിൽ ആയത് കൊണ്ടു ഇപ്പോൾ ഞങ്ങളും കേരളത്തിൽ വന്നു. ഇപ്പോൾ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ ആണ് ചികിത്സ. ഓരോ കീമോ ചെയ്യാൻ പോകുമ്പോഴും ഏറ്റവും നല്ല ഡ്രസ്സ് ഇടും. നന്നായി ഒരുങ്ങും. ചിലപ്പോൾ ഡോക്ടർക്ക് വരെ തോന്നുമായിരിക്കും ഈ കുട്ടി എന്താ വല്ല കല്യാണത്തിനും പോകുന്നുണ്ടോ എന്ന്. പക്ഷെ, ഡോക്ടർക്ക് അറിയില്ലല്ലോ വീട്ടിൽ ഓരോ തവണയും ഫോട്ടോഷൂട്ട് കഴിഞ്ഞാ എന്റെ ഈ വരവെന്ന്. എന്നെ പോലെയുള്ള ഒരാൾക്കെങ്കിൽ ഒരാൾക്ക് നമ്മളാൽ സന്തോഷം കൊടുക്കാൻ പറ്റുക എന്നാൽ അതേറ്റവും നല്ലതാണെന്നു വിശ്വസിക്കുന്ന ആളാണ്‌ ഞാൻ. 

sethj78766

ഇതൊക്കെ അങ്ങ് മാറുമെന്നേ. ദയവു ചെയ്ത് സിംപതിയുടെ മുഖവുമായി ആരും എന്നെ നോക്കരുത്, ചിരിക്കരുത് എന്നൊരു പ്രാർത്ഥനമാത്രേ ഉള്ളൂ. പിന്നെ ഞങ്ങടെ രണ്ടു വീട്ടുകാരും കട്ടയ്ക്ക് കൂടെ നിൽക്കുമ്പോൾ ഞാൻ എന്തിനാ പേടിക്കുന്നെ. അല്ലേ... കീമോയുടെ ചെറിയ ക്ഷീണം ഉണ്ട്. അതല്ലെങ്കിൽ ഇനിയും കൊറേ അടിപൊളി ഫാഷൻ ഫോട്ടോസ് കൂടി ക്ലിക്ക് ചെയ്യാം എന്നതായിരുന്നു. മൂന്ന് സാരി എടുത്തുവച്ചിട്ട് ഒരെണ്ണം മാത്രല്ലേ ഉടുക്കാൻ പറ്റിയുള്ളൂ എന്നെ ഉള്ളൂ സങ്കടം."- സേതുലക്ഷ്മി പറയുന്നു.

Tags:
  • Spotlight
  • Motivational Story