Friday 01 July 2022 01:22 PM IST : By സ്വന്തം ലേഖകൻ

ശ്രീലക്ഷ്മി മുഴുവൻ പ്രതിരോധ വാക്സീനും എടുത്തിരുന്നു; യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ല! മകള്‍ക്ക് സംഭവിച്ചത് എന്താണെന്ന് അറിയണമെന്ന് പിതാവ്

sreelakshmi8865vghhj

പേവിഷബാധയേറ്റ് പാലക്കാട് മങ്കരയില്‍ മരിച്ച ബിരുദ വിദ്യാര്‍ഥിനി ശ്രീലക്ഷ്മി മുഴുവന്‍ പ്രതിരോധ വാക്സീനുമെടുത്തിരുന്നതായി കുടുംബം. വാക്സീന്‍ ക്ഷാമം കാരണം ഒരു ഡോസ് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് എടുത്തതെങ്കിലും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സമയങ്ങളില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് പാലക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നായി കുത്തിവയ്പെടുത്തിരുന്നു. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് തെളിയുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് കെ. സുഗുണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

മേയ് മുപ്പതിനാണ് ബന്ധുവിന്റെ വളര്‍ത്തുനായ ശ്രീലക്ഷ്മിയുടെ കൈയ്യില്‍ കടിച്ചത്. രാവിലെ കോളജിലേക്ക് പോകാന്‍ റോഡിലേക്ക് നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. പിന്നാലെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി ആദ്യ കുത്തിവയ്പെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ വാക്സീന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ജൂണ്‍ രണ്ടിനും ഇരുപത്തിഏഴിനും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് കുത്തിവയ്പെടുത്തു. വാക്സീന്‍ ക്ഷാമം കാരണം ജൂണ്‍ ആറിനുള്ള ഡോസെടുത്തത് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നായിരുന്നു. 

യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ശ്രീലക്ഷ്മിക്കുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം പരീക്ഷ കഴിഞ്ഞ് വന്നതിന് പിന്നാലെ ക്ഷീണം തോന്നി. ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യമായി. പിന്നാലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ശ്രീലക്ഷ്മി മരിച്ചു. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണം. കോയമ്പത്തൂര്‍ നെഹ്റു കോളജിലെ ഒന്നാംവര്‍ഷ ബിസിഎ വിദ്യാര്‍ഥിനായിരുന്നു ശ്രീലക്ഷ്മി. 

Tags:
  • Spotlight