Thursday 22 October 2020 12:42 PM IST

'അന്ന് വലതുകാല്‍ മുറിച്ചു മാറ്റിയപ്പോള്‍ പ്രേമിച്ച പെണ്ണും പാട്ടിനു പോയി, ഇന്ന് എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്റെ ദിവ്യ'; വേദനയില്‍ കൈപിടിച്ച പ്രണയകഥ

Binsha Muhammed

sreelal-cover-img

'എന്റെ നഷ്ടങ്ങളേയും വേദനകളേയും ഞാന്‍ പണ്ടേക്കും പണ്ടേ കുഴിച്ചു മൂടിയതാണ്. വീണുപോയപ്പോള്‍ എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് വാശികളായിരുന്നു. ആത്മവിശ്വാസമായിരുന്നു. ഇന്നെനിക്ക് കൂട്ട് ഇവളാണ്. എന്നെ മുന്നോട്ട് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നവള്‍. അവള്‍ കൂടെ ഉള്ളപ്പോള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നൊരു തോന്നല്‍.'

ദിവ്യയുടെ വിരലുകളെ ചേര്‍ത്തുപിടിച്ച് ശ്രീലാല്‍ ഇതു പറയുമ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കമുണ്ടായിരുന്നു. ജീവിക്കാന്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയവന്റെ വാശിയുണ്ടായിരുന്നു. 

വീല്‍ചെയറിലിരിക്കുന്ന കല്യാണ ചെക്കന്റേയും അവന്റെ നിഴലായി നില്‍ക്കുന്ന പെണ്ണിന്റേയും ചിത്രമാണ് ഈ കഥ കേള്‍ക്കാന്‍ ഇന്നു നമ്മളെ പ്രേരിപ്പിക്കുന്നത്. വിധിയുടെ പരീക്ഷണങ്ങള്‍ക്കിടയിലും തന്നെ ചേര്‍ത്തു നിര്‍ത്തിയ പ്രിയപ്പെട്ടവളെ കുറിച്ച് ശ്രീലാല്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. വിധിയെ മാറ്റിയെഴുതിയ ആ ചേര്‍ത്തുപിടിപിടിക്കലിന്റെ ഫഌഷ്ബാക്ക് തേടി 'വനിത ഓണ്‍ലൈന്‍'  എത്തുമ്പോള്‍ ശ്രീലാലിന്റെ നാവില്‍ നിന്നു കേട്ടത് സിനിമയെ വെല്ലുന്ന വലിയൊരു കഥ. ചുറുചുറുക്കും ആരോഗ്യവുമുള്ള ഒരു ചെറുപ്പക്കാരനെ വീല്‍ചെയറിലാക്കിയ അപകടം... അതിന്റെ പേരില്‍ അവനെ ഉപേക്ഷിച്ചു പോയ പ്രണയം...  അതിജീവനം... ഒരു ദീര്‍ഘനിശ്വാസമെടുത്ത് ശ്രീലാല്‍ പറഞ്ഞുതുടങ്ങുന്നു. കമ്മിലിട്ടവള്‍ പോയപ്പോള്‍ കടുക്കനണിഞ്ഞവള്‍ വന്ന വിധിയുടെ കടംവീട്ടലിന്റെ കഥ...

കളപറിക്കുന്നതു മുതല്‍ വിത്തിടുന്നതു വരെയുള്ള ജോലികള്‍ പുഷ്പം പോലെ ചെയ്യും; കര്‍ഷകനായ അച്ചാച്ചന്റെ ഓര്‍മ്മയ്ക്കായി അദ്വൈതിന്‍റെ കണ്ടുപിടിത്തം

മറക്കില്ല ആ രാത്രി

ആ രാത്രി ഞാന്‍ മറക്കില്ല... 2018 ഏപ്രില്‍ 22ലെ ആ നശിച്ച രാത്രി. കുണ്ടറ ടെക്‌നോപാര്‍ക്കില്‍ ഇലക്ട്രീഷ്യനായ ജോലി ചെയ്യുകയായിരുന്നു ഞാന്‍. ജോലി കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുള്ള കുരീപ്പുഴയിലെ വീട്ടിലേക്ക് വരും വഴിയാണ് എന്റെ ജീവിതം മാറ്റിമറിച്ച അപകടം നടക്കുന്നത്. അമിത വേഗതയില്‍ വന്ന കാര്‍ എന്റെ ബൈക്കിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതം മുഴുവന്‍ പതിച്ചത് എന്റെ  വലതു കാലിലേക്കായിരുന്നു. ആരൊക്കെയോ താങ്ങിപ്പിടിച്ച് ആശുപത്രിയിലേക്കെത്തിച്ചു. വിവരമറിഞ്ഞ് എന്റെ ബന്ധുക്കള്‍ ആശുപത്രിയിലേക്കോടി. ഓര്‍മ്മ മറഞ്ഞു പോയ... മരവിച്ചു പോയ മണിക്കൂറുകള്‍. അപകടത്തിന്റെ ആഴവും ഭീകരതയും മനസിലാക്കിയതു കൊണ്ടാകണം ആദ്യമെത്തിയ ആശുപത്രിക്കാര്‍ കൈമലര്‍ത്തി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കായിരുന്നു അടുത്ത നെട്ടോട്ടം. അവിടെയും പ്രതീക്ഷയുടെ വാതിലുകള്‍ അടഞ്ഞു. മറ്റൊരു ആശുപത്രിയിലേക്ക് എത്തി. ചികിത്സയും ടെസ്റ്റുകളും അടിയന്തിര സര്‍ജറികളും ശരീരത്തില്‍ കയറിയിറങ്ങിയ മണിക്കൂറുകള്‍. ഒടുവില്‍ എനിക്കുള്ള ഡോക്ടര്‍മാരുടെ വിധിയെഴുത്ത് വന്നു.- ശ്രീലാല്‍ ഒരു ദീര്‍ഘനിശ്വാസമെടുത്തു. 

sreelal-3

ഇടിയുടെ ആഘാതത്തില്‍ കാല്‍ ഞരമ്പുകള്‍ തകര്‍ന്നു പോയി. നല്ലെല്ലിലും മാരകമായ ക്ഷതം സംഭവിച്ചിരിക്കുന്നു. സ്‌പൈനല്‍ കോഡുകള്‍ തകര്‍ന്നിരിക്കുന്നു. കാലിന് മാത്രമായിരുന്നു അപകടമെങ്കില്‍ എങ്ങനെയെങ്കിലും നടക്കാമായിരുന്നുവത്രേ. പക്ഷേ നട്ടെല്ലിന് സംഭവിച്ച ക്ഷതം എല്ലാ പ്രതീക്ഷകളേയും അസ്തമിപ്പിച്ചു. ഞരമ്പുകള്‍ തകര്‍ന്നതോടെ പടര്‍ന്നു കയറിയ ഇന്‍ഫെക്ഷന്‍ എന്റെ വലതു കാല്‍ എന്നന്നേക്കുമായി എടുത്തു.  ഡോക്ടര്‍മാര്‍ പറയാതെ പറഞ്ഞ വാക്കുകളില്‍ നിന്നും ഒന്നു വ്യക്തമായി. ഇനി ഞാന്‍ എഴുന്നേറ്റ നടക്കില്ല. കിടന്ന കിടപ്പിലായിരിക്കും ശിഷ്ടകാലം. മലമൂത്ര വിസര്‍ജനം പോലും കിടന്ന കിടപ്പിലായിരിക്കും. വിധിയുടെ തമാശ ഒന്നു നോക്കണേ... ഇന്നലെ വരെ ആരോഗ്യത്തോടെ നടന്നവനാണ്, ഒറ്റ ദിവസം കൊണ്ട് അവന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു.

ജീവിക്കാനുള്ള വാശി

ശരീരത്തിന് സംഭവിക്കുന്ന മുറിവുകള്‍ ചിലപ്പോള്‍ അതിവേഗം ഉണങ്ങിയെന്നിരിക്കും. പക്ഷേ മനസിന് സംഭവിക്കുന്നത് അങ്ങനെയാകണം എന്നില്ലല്ലോ? എനിക്കൊരു പ്രണയമുണ്ടായിരുന്നു, അപകടം സംഭവിക്കുന്നതിന് മുമ്പ് എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. വിവാഹ നിശ്ചയം വരെ എത്തിയ ബന്ധം.  ഞാനിങ്ങനെ കിടന്ന കിടപ്പിലായി എന്നിറഞ്ഞപ്പോള്‍ പുള്ളിക്കാരി പാട്ടിന് പോയി. ഒരു യാത്ര പോലും പറയാതെ. എന്റെ അവസ്ഥയെ കുറിച്ച് എനിക്ക് ബോധ്യമുള്ളതു കൊണ്ട് ഞാനും പിന്നാലെ പോയില്ല. പക്ഷേ അതിന്റെ പേരില്‍ ഞാന്‍ അനുഭവിച്ച വേദന ചില്ലറയൊന്നുമല്ല. കുറേ നാള്‍ വേദന തിന്നും സംഭവിച്ച വിധിയെ ഓര്‍ത്തും കഴിഞ്ഞു പോയി. ഡോക്ടര്‍മാര്‍ പറഞ്ഞതു പോലെ എല്ലാം കിടന്ന കിടപ്പില്‍. ഒന്നു ചലിക്കാന്‍ പോലുമാകാത്ത അവസ്ഥ. അപകടം നട്ടെല്ലിനും കാലിനുമാണ് സംഭവിച്ചതെങ്കിലും ബുദ്ധിമുട്ട് ശരീരമൊട്ടാകെ പടര്‍ന്നു. നടുവിന് ബാലന്‍സില്ല... കൈക്ക് ബലക്കുറവ്... അസഹനീയമായ വേദന... അങ്ങനെ ഒന്നര വര്‍ഷം കടന്നു പോയി. 

sreelal

എന്റെ അവസ്ഥ കണ്ട് മനംനൊന്ത അച്ഛന്റേയും അമ്മയുടേയും മുഖങ്ങളാണ് ഏറെ വേദനയായത്. കൂട്ടത്തില്‍ എന്നോട് ഒരു നല്ലവാക്കു പോലും പറയാതെ ഇട്ടേച്ചു പോയ കുട്ടിയെ ഓര്‍ത്ത് ഏറെ വേദനിച്ചു. പക്ഷേ ആ വേദന വാശിയായി മാറിയത് അതിവേഗം. ഒന്നിനും കഴിയില്ലെന്ന മുന്‍വിധികളെ പടിക്കു പുറത്തു നിര്‍ത്തി ഞാന്‍ ജീവിച്ചു തുടങ്ങി. വേദനയുടെ ആ നിമിഷങ്ങളില്‍ എന്‍റെ അമ്മ ഷീലയായിരുന്നു എനിക്കെല്ലാം. എന്നെ കുഞ്ഞിലേ നോക്കിയതു പോലെ എന്‍റെ അമ്മ എന്നെ പൊന്നു പോലെ നോക്കി. പതിയെ പതിയെ കിടന്ന കിടപ്പില്‍ നിന്നും നിവര്‍ന്നിരിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ഫോണ്‍ പിടിക്കാനുള്ള ബലം പോലും കൈക്ക് ഇല്ലായിരുന്നു. നാളുകള്‍ കടന്നു പോകേ.. ഞാന്‍ എന്നെ തന്നെ ട്രെയിന്‍ ചെയ്യാന്‍ തുടങ്ങി. നേരമ്പോക്കിന് മൊബൈല്‍ കയ്യില്‍ വന്നതോടെ എന്റെ അതിജീവനം സോഷ്യല്‍ മുമ്പാകെ വച്ചു. കാരണം എനിക്ക് സംഭവിച്ചത് അധികമാര്‍ക്കും അറിയാമായിരുന്നില്ലായിരുന്നു. അതിജീവനത്തിന്റെ കഥ കേള്‍ക്കാന്‍ പലരും എത്തിയതോടെ ജീവിക്കാനുള്ള വാശി ഏറുകയായിരുന്നു. ജീവിതത്തിന്റെ പുതിയൊരു അധ്യായം അങ്ങനെ അവിടെ തുടങ്ങി. 

എനിക്കായി ദൈവം കാത്തുവച്ചവള്‍

ജിഎന്‍പിസി അടക്കമുള്ള ഫെയ്‌സ്ബുക്ക് സൗഹൃദക്കൂട്ടങ്ങളില്‍ എന്റെ കഥകള്‍ പാറിനടന്നു. അന്ന് അത് കണ്ട് എന്നെ കോണ്ടാക്റ്റ് ചെയ്തതാണ് ദിവ്യ. എന്റെ കഥകള്‍ കേട്ടും വേദന അറിഞ്ഞു എന്റെ കൂട്ടുകാരിയായി. മുംബൈയില്‍ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ട്‌സ് സെക്ഷനിലാണ് പുള്ളിക്കാരി ജോലി ചെയ്തിരുന്നത്. സൗഹൃദ വര്‍ത്തമാമനങ്ങള്‍ക്കിടയില്‍ എപ്പോഴോ ഞങ്ങള്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു. അതാദ്യം പറഞ്ഞതും അവളാണ്. ആവോളം പറഞ്ഞു നോക്കി.. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സോഷ്യല്‍ മീഡിയയിലെ ചിത്രം കണ്ട് എന്റെ ജീവിതം അളക്കരുത് എന്നും പറഞ്ഞു. പക്ഷേ എല്ലാം അറിഞ്ഞ് അവള്‍ കൂടെ നിന്നു.

വിവാഹിതരാതാനുള്ള തീരുമാനം എടുത്തപ്പോഴും ഞാന്‍ പറഞ്ഞതെല്ലാം ആവര്‍ത്തിച്ചു. പക്ഷേ അവള്‍ കൂടെ നിന്നു. ദിവ്യയുടെ വീട്ടില്‍ അറിയിക്കുമ്പോള്‍ എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ അവള്‍ ഉറച്ചു നിന്നു. വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിച്ചു. ഒടുവില്‍ എല്ലാവരുടേയും അനുഗ്രഹാശിസുകളോടെ ഒക്ടോബര്‍ 19ന് അവളെന്റെ പെണ്ണായി. കൊല്ലം കണ്ണാട്ടുകുടി ദേവീക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങ്. 

എനിക്കു സംഭവിച്ച നഷ്ടങ്ങളുടെ പേരില്‍ ഒരുപാട് വേദനിച്ചവനാണ് ഞാന്‍... എന്നെ കിടക്കയിലാക്കിയ വിധിയെ ഓര്‍ത്ത് ഒരുപാട് പഴിച്ചവനാണ് ഞാന്‍. നോക്കണേ വലിയ തമാശ... ഒരിക്കല്‍ വേദനിപ്പിച്ച വിധി എനിക്ക് വീണ്ടും ജീവിതം തിരികെ നല്‍കിയിരിക്കുന്നു. സത്യം പറഞ്ഞാല്‍... എന്നെ വിട്ടിട്ട് പോയ പെണ്‍കുട്ടിക്കു മുന്നേ വിവാഹം കഴിക്കുക എന്നത് എന്‍റെ വാശിയായിരുന്നു. അതും ഇപ്പോള്‍ നിറവേറിയിരിക്കുന്നു. ദൈവത്തിന് നന്ദി. 

ഇനിയെനിക്കെല്ലാം അവളാണ്. എന്നെ ചേര്‍ത്തുപിടിച്ച എന്റെ ദിവ്യ. അവളുണ്ടെങ്കില്‍ എനിക്ക് ഇനിയും ഏറെ ദൂരം പോകാന്‍ ആകുമെന്ന പ്രതീക്ഷയുണ്ട്. സ്വന്തം കാലില്‍ നിന്നു കൊണ്ട് തന്നെ വരുമാന മാര്‍ഗം കണ്ടെത്തണം. ഒരു സുഹൃത്തോ പങ്കാളിയോ കൂടി ഉണ്ടെങ്കില്‍ എനിക്കതിനു കഴിയും. തിരിച്ചു വരവിന്‍റെ ഈ യാത്രയില്‍ വഴിവിളക്കായി എന്റെ അച്ഛന്‍ ധനപാലനും അമ്മ ഷീലയും അനുജന്‍ ശ്രീഷാനുവും ഒപ്പമുണ്ടാകും. അവരൊക്കയല്ലേ എന്‍റെ ബലം..- ശ്രീലാല്‍ പറഞ്ഞു നിര്‍ത്തി. 

Tags:
  • Motivational Story