Monday 21 May 2018 12:19 PM IST : By R.Sreelekha IPS

’ആൺകുട്ടിയെ പ്രസവിക്കാത്ത കുറ്റത്തിന് ഇത്ര വലിയ ശിക്ഷയോ? ആ വാക്കുകൾ ഉണ്ടാക്കിയ മുറിവിന്റെ വേദന ഇന്നും മനസ്സിലുണ്ട്..’

sreelekha098654

ഇറ്റലിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന കാലത്താണ് വിവാഹ ആലോചനകൾ വന്നു തുടങ്ങിയത്. ഒന്നും നേരെയായില്ല. ചിലത് ശരിയാകുമ്പോൾ എനിക്ക് പയ്യനെ ഇഷ്ടപ്പെടില്ല.  അങ്ങനെ പ്രായം മുപ്പതിനോടകമെത്തിയപ്പോഴാണ് സുന്ദരനായ ഒരാൾ എന്നെ കാണാൻ വരുന്നത്. മാന്യമായ പെരുമാറ്റം, വിദ്യാസമ്പന്നൻ, നല്ല കുടുംബം. കെട്ടു കഴിഞ്ഞ് ഞാൻ അദ്ദേഹത്തെയും കൊണ്ട് ഇറ്റലിയിൽ പോയി. കുറേ നാൾ ഞങ്ങൾ സന്തുഷ്ടരായി അവിടെ കഴിഞ്ഞു. മൂന്ന‍ു പെൺമക്കൾ ഉണ്ടായി.

ഒരേയൊരു പ്രശ്നം  അവിടെ ഭർത്താവിന് സ്ഥിരം ജോലി കിട്ടിയില്ല എന്നതായിരുന്നു. വല്ലപ്പോഴും താൽകാലികമായ ഏതെങ്കിലും പണിക്കു പോകും. അതിൽ അദ്ദേഹം വിഷമിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. നാട്ടിൽ പോയാൽ മാസങ്ങൾ കഴിഞ്ഞേ മടങ്ങി വരാറുള്ളൂ. അതും ഞാൻ നിർബന്ധിക്കുമ്പോൾ മാത്രം. ഇതിന്റെ പേരിലാണ് ഞങ്ങൾ ആകെ വഴക്കടിക്കുന്നതും.

മക്കൾക്ക് നാട്ടിൽ പോകാൻ ഇഷ്ടമില്ല. എനിക്ക് ഇത്ര നല്ല ശമ്പളം കിട്ടുന്ന ജോലിയും കളയാനിഷ്ടമില്ല. എങ്കിലും ഭർത്താവിനോടൊപ്പം താമസിക്കാനുള്ള കൊതി കൊണ്ട് ഞാൻ നാൽപത്തിയെട്ടാം വയസ്സിൽ ജോലി ഉപേക്ഷിച്ചു പിള്ളേരെയും കൊണ്ട് നാട്ടിൽ വന്നു. കുറേ നാൾ എടുത്തു കുട്ടികൾ നാട്ടിലെ അവസ്ഥയും സംസ്കാരവുമായി  പൊരുത്തപ്പെടാൻ. ഞാനൊരു സ്വകാര്യ ആശുപത്രിയിൽ ജോലിക്ക് പോകാനും തുടങ്ങി. ശമ്പളം ഇറ്റലിയിൽ കിട്ടിയിരുന്നതിനെ അപേക്ഷിച്ച് വളരെ തുച്ഛം. ഞാൻ ഇത്രയും ത്യാഗം ചെയ്തിട്ടും ഭർത്താവിന് സന്തോഷമില്ല. കാരണം നാട്ടിലും കാര്യങ്ങൾ തഥൈവ! ഒരു ജോലിയിലും സ്ഥിരതയില്ല. കുറച്ച് പറമ്പുള്ളതിൽ വല്ലതും ചെയ്യാൻ പറഞ്ഞാൽ അത് കുറച്ചിൽ. ബിസിനസ്  തുടങ്ങാൻ താൽപര്യവുമില്ല. ഞാൻ ചാച്ചൻ എന്നു വിളിക്കുന്ന എന്റെ സഹോദരന്റെ ഫാക്ടറിയിൽ നല്ല ജോലി വാഗ്ദാനം ചെയ്തിട്ടും ദുരഭിമാനം കാരണം പോയില്ല. എങ്കിലും ഒരുമിച്ചു കഴിയാമല്ലോ എന്ന സന്തോഷത്തിലായിരുന്നു  ഞാൻ.

എന്നോടുള്ള സ്നേഹം കൊണ്ട് എന്റെ ചാച്ചൻ ഒരു ഗ്യാസ് ഏജൻസി ഭർത്താവിന് തരപ്പെടുത്തി കൊടുത്തു. അതോടെ കാര്യങ്ങൾ മെച്ചപ്പെട്ടു. മൂത്ത രണ്ടുമക്കളും  ഉപരിപഠനത്തിനായി ഇറ്റലിയിൽ തന്നെ പോയി. വീട്ടിൽ ഐശ്വര്യവും  സന്തോഷവും സമാധാനവും കളിയാടി നിന്നു. പക്ഷേ, ഞാനറിയാതെ ചിലത് അണിയറയിൽ നടക്കുന്നുണ്ടായിരുന്നു.

ഇടിത്തീ പോലെ ആ വാർത്ത

ഇടിത്തീ പോലെയാണ്  ഞാനറിഞ്ഞത്  ഭർത്താവിന് വേറൊരു ബന്ധമുണ്ടെന്ന്.  അതും കുറേനാളായി എന്നും അതിൽ ഒരു മകൻ ഉണ്ടെന്നും. മുൻപ് മോനില്ല എന്ന വിഷമം  അദ്ദേഹം പറയുമായിരുന്നു. വർഷങ്ങളായി  അത് പറയാത്തപ്പോൾ ഞാൻ കരുതിയത് പെൺകുഞ്ഞുങ്ങളിൽ അദ്ദേഹം സംതൃപ്തനാണ് എന്നായിരുന്നു. വിവരം  അറിഞ്ഞ ഞാൻ ചാച്ചനെ കൊണ്ട് അന്വേഷിപ്പിച്ചു. ആ സ്ത്രീ എന്നെക്കാൾ വളരെ ചെറുപ്പക്കാരിയും സുന്ദരിയുമാണ്. എന്റെ ഭർത്താവ് അവൾക്ക് ഫ്ലാറ്റ് വാങ്ങി കൊടുത്തിട്ടുണ്ട്. ബിസിനസ് യാത്ര എന്ന് പറഞ്ഞു പോകുന്നതൊക്കെ അവളുടെ അടുത്തേക്കായിരുന്നു. ആ ബന്ധത്തിൽ പിറന്ന മോൻ നഗരത്തിലെ ഏറ്റവും നല്ല സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കുന്നു. അവൾക്കു ജോലിയൊന്നുമില്ല. വെറുതെ സുഖിച്ചു കഴിയുന്നു.

ഭർത്താവിനോട് ഞാൻ കരഞ്ഞു കൊണ്ട് കാര്യം ചോദിച്ചു. ‘‘അവൾ എനിക്ക് സന്തോഷം തരുന്നു. നിന്നോട് എനിക്ക് സ്നേഹക്കുറവൊന്നുമില്ല, പക്ഷേ, അവളെയും മോനെയും ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല.’’ എന്നദ്ദേഹം കട്ടായം പറഞ്ഞു. എന്റെ ഹൃദയം തകർന്നു പോയി. ഏതു സ്ത്രീക്കാണ് ഇത് സഹിക്കാനാകുക? എന്റെ മക്കൾക്കുള്ള ട്യൂഷൻ പണം എടുക്കാൻ ബാങ്കിൽ ചെന്നപ്പോൾ എന്റെ ചെക്കുകൾ പാസ്സാക്കണ്ട എന്ന് ഭർത്താവ് എഴുതി നൽകിയത് കൊണ്ട് പണം എടുക്കാൻ പറ്റില്ല എന്ന് അവിടെയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു. ഇറ്റലിയിൽ നിന്ന് ഞാൻ സമ്പാദിച്ചതെല്ലാം ആ അക്കൗണ്ടിൽ ആയിരുന്നു. അത് ഭർത്താവ് അദ്ദേഹത്തിന്റെയും എന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് ആയിട്ടായിരുന്നു നാട്ടിൽ തുടങ്ങിയിരുന്നത്. എന്റെ  പേര് നീക്കം ചെയ്തതു  ഞാൻ അറിഞ്ഞിരുന്നില്ല. കണക്കിനൽപ്പം പിന്നോട്ടായ ഞാൻ ഇതൊന്നും ശ്രദ്ധിച്ചിരുന്നുമില്ല. ഞാൻ അദ്ദേഹത്തെ അന്ധമായി വിശ്വസിച്ചിരുന്നു. ഇത് വലിയ ചതിയായി എനിക്ക് തോന്നി.  

മക്കളുടെ പേരിൽ ഫിക്സ്ഡ് ഡിപ്പോസിറ്റിടാൻ കൊടുത്ത പണം വരെ അദ്ദേഹം എടുത്തിരുന്നു. എന്തൊക്കെ ത്യാഗങ്ങളാണ് ഞാൻ സഹിച്ചത്, എന്നിട്ടും ഇതെന്നോട് ചെയ്തല്ലോ എന്നോർത്തപ്പോൾ വല്ലാത്ത വിഷമവും ദേഷ്യവും തോന്നി. വിവാഹ മോചനത്തിനായി തുനിഞ്ഞപ്പോഴാണ് മനസ്സിലായത്  വീടും, പറമ്പും സകല സ്വത്തും അദ്ദേഹത്തിന്റെ പേരിലാണെന്ന്. ബന്ധം പിരിഞ്ഞാൽ ഞാനും മക്കളും എങ്ങോട്ടുപോകും? എന്റെ തുച്ഛമായ ശമ്പളം കൊണ്ട് ഞങ്ങൾ എങ്ങനെ ജീവിക്കും? ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം  അനുഭവിക്കാൻ വിധി ആ പെണ്ണിനാണല്ലോ, ദൈവമേ എന്ന് വിളിച്ചു ഞാൻ നിത്യേന നെഞ്ച്  തകർന്നു കരഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ കാലു പിടിച്ച് പറഞ്ഞു നോക്കി, എന്റെ സ്വത്തെനിക്ക് തന്നിട്ട് ആ പെണ്ണിനോടൊപ്പം പോയി പൊറുത്തോളാൻ. ഒന്നും  കേൾക്കാത്ത മട്ടിൽ ഇറങ്ങി പോകും, അവളുടെ അടുത്തേക്ക്.

ചെറുപ്പത്തിൽ അമ്മ നഷ്ടപ്പെട്ട കുട്ടിയാണ് ഞാൻ. ചാച്ചൻ മകളെപ്പോലെ ലാളിച്ചാണ് എന്നെ വളർത്തിയത്. കുറച്ചുനാൾ പപ്പയുടെ  സ്നേഹം കിട്ടിയിരുന്നു. പക്ഷേ, പപ്പയും  പിന്നീട്  മരിച്ചു. എന്റെ വിഷമം മനസ്സിലാക്കി ചാച്ചൻ എന്നോട് പറഞ്ഞു. ‘‘നീ വിഷമിക്കണ്ട, എന്നെ വിശ്വസിക്കൂ. കാര്യങ്ങൾ എനിക്ക് വിട്ടു തരൂ’’ എന്ന്. ചാച്ചൻ വല്ല കടുംകൈയും പ്രയോഗിക്കുമെന്ന് സംശയം തോന്നിയിരുന്നു. പക്ഷേ, അപ്പോഴേക്കും എന്റെ കെട്ടിയോനെ ഞാൻ അത്രയ്ക്ക് വെറുത്തിരുന്നു.

ഒരു രാത്രിയിൽ ഗ്യാസ് ഏജൻസി പൂട്ടി വീട്ടിലേക്ക് വരുമ്പോൾ ഭർത്താവിനെ വഴിയിൽ തടഞ്ഞു നിർത്തി ആരോ കുത്തിക്കൊന്നു. കൈയിലെ രൂപ നിറച്ച ബാഗ് മോഷ്ടിക്കാനാണ് കൊലപാതകമെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. അദ്ദേഹത്തെ കൊന്നത് എന്റെ ചാച്ചൻ ഏർപ്പാടാക്കിയ വാടകക്കൊലയാളി ആയിരുന്നു. മരണാനന്തര ചടങ്ങിന് ശേഷം  പൊലീസ് വീട്ടിൽ കുറെ കയറിയിറങ്ങി. അന്വേഷണം  എങ്ങുമെത്താതെ അങ്ങനെ നീണ്ടു പോയി.

എനിക്കും ചാച്ചനും മാത്രമായിരുന്നു വാടകക്കൊലയാളിയെക്കുറിച്ചു അറിവുണ്ടായിരുന്നത്. കുറെ നാൾ വലിയ മാനസിക സമ്മർദത്തിലൂടെയാണ്  ഞങ്ങൾ കടന്നുപോയത്. പതിയെ അന്വേഷണച്ചൂട് കുറഞ്ഞു. ഞാനും ദീർഘശ്വാസം വിട്ടു. അദ്ദേഹത്തിന്റെ  നിയമപരമായ ഭാര്യയാണ് ഞാൻ. എല്ലാ സ്വത്തിനും  ഇനി അവകാശം എനിക്കാണ്, ഞാൻ ആശ്വസിച്ചു.  പക്ഷെ, അവിടെയും അവൾ കരടായി വന്നു. അവൾ പൊലീസിന്  പരാതി നൽകി. അതിൽ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു അവളെ എന്റെ ഭർത്താവു കെട്ടിയതാണെന്നും, അദ്ദേഹത്തിന്റെ  മരണത്തിൽ എനിക്ക് പങ്കുണ്ടെന്നും ഒക്കെ പറഞ്ഞിരുന്നു.  ഇതോടെ പൊലീസ് ഉണർന്നു. അന്വേഷണം  എന്റെ നേർക്കായി. അപ്രാവശ്യം  എന്നെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചാണ് ചോദ്യം ചെയ്തത്.

ചാച്ചൻ എനിക്കായി വക്കീലിനെ ഏർപ്പാടാക്കിയെങ്കിലും  ഞാനത് അറിഞ്ഞിരുന്നില്ല. പൊലീസ് സ്റ്റേഷനിൽ വന്ന വക്കീലിനോട് ഞാൻ സർക്കിൾ ഓഫിസിൽ ആണെന്ന് അവർ പറഞ്ഞു. അവിടെ ചെന്നപ്പോൾ ഡിവൈഎസ്പിയുടെ ഓഫിസിൽ എന്നും. പിന്നെയും പലതും മാറി മാറിപ്പറഞ്ഞു. പതിനൊന്നു മണിക്കൂറോളം വെള്ളം  പോലും തരാതെ ആയിരുന്നു ചോദ്യം ചെയ്യൽ. അവസാനം ആ യാതനയിൽ നിന്നൊരു രക്ഷയ്ക്കായി ഞാൻ കുറ്റം സമ്മതിച്ചു. ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തിൽ സഹികെട്ട് ഞാൻ കുറേ ക്വട്ടേഷൻ സംഘങ്ങളെ സമീപിച്ചെന്നും അവസാനം ആലപ്പുഴക്കാരനായ കൊലയാളി ആ കൃത്യം ഏറ്റെടുത്തു എന്നും ഞാനയാൾക്കു സംഭവത്തിന്  മുൻപ് ഒന്നും,  കഴിഞ്ഞശേഷം രണ്ടും ലക്ഷം രൂപ വീട്ടിൽ വച്ച് നൽകിയെന്നും  പറഞ്ഞു. ഞാൻ എന്റെ ചാച്ചനെ ചതിച്ചില്ല. എന്റെ മൊഴിയിൽ ഉറച്ചു നിന്നു.

ഗൂഡാലോചനയ്ക്കും കൊലപാതകത്തിനും പ്രേരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് എന്നെ ഏഴു വർഷം കോടതി ശിക്ഷിച്ചു. കൊലപാതകിയേയും പൊലീസ് അറസ്റ്റ് ചെയ്തു. അവൻ  എന്റെ മൊഴി ഏറ്റു പറഞ്ഞു. എന്നെ കാണാൻ വന്ന ചാച്ചനോട് ഞാൻ പറഞ്ഞിരുന്നു, എത്ര കാശു കൊടുത്താണെങ്കിലും  അവനെക്കൊണ്ട്  അങ്ങനെ തന്നെ പറയിക്കണമെന്ന്. അഞ്ചു ലക്ഷം രൂപയാണ് അവന്റെ കുടുംബത്തിന് ചാച്ചൻ നൽകിയത്. എന്റെ മക്കളെ ചാച്ചൻ പൊന്നു പോലെ  നോക്കുന്നുണ്ട്. എന്റെ ശിക്ഷയ്ക്ക് അപ്പീൽ നൽകിയിട്ടുമുണ്ട്.
വലിയ കുറ്റബോധം  ഇപ്പോഴും എന്നെ ബാധിച്ചിട്ടില്ല.  ഒരു ദിവസം രാവിലെ മുഖം വീർപ്പിച്ചിരുന്ന എന്നോട്  ഭർത്താവ്  പറഞ്ഞത് മരണം വരെ മറക്കില്ല. ‘‘നീ അഭിമാനിക്കുകയല്ലേ വേണ്ടത്? ഈ പ്രായത്തിലും നിന്റെ ഭർത്താവിന് ഒരു കുഞ്ഞിനെ, അതും നിനക്ക്  നൽകാൻ പറ്റാത്ത ആൺകുഞ്ഞിനെ കിട്ടിയില്ലേ?” ആൺകുട്ടിയെ പ്രസവിക്കാത്ത കുറ്റത്തിന് ഇത്ര വലിയ ശിക്ഷയോ? ആ വാക്കുകൾ ഉണ്ടാക്കിയ മുറിവിന്റെ വേദന ഇന്നും ഉണങ്ങാതെ മനസ്സിലുണ്ട്.