Wednesday 30 October 2019 10:24 AM IST

മധുരത്തെ പ്രണയിച്ചപ്പോൾ 101 കിലോയിലെത്തി! ഡയറ്റും നൃത്തവും ശ്രീലക്ഷ്മിയെ തിരികെ 79 കിലോയിലെത്തിച്ചു

Asha Thomas

Senior Sub Editor, Manorama Arogyam

wl

കൊച്ചി സ്വദേശി ശ്രീ ലക്ഷ്മി 101 കിലോയിൽ നിന്ന് വെറും എട്ടു മാസം കൊണ്ട് 79 കിലോയിലേക്കെത്തിയത് ആരുടെയും സഹായമില്ലാതെയാണ്. സ്വന്തമായി ഡിസൈൻ ചെയ്ത ഡയറ്റും നൃത്തവും വഴി ഭാരം കുറച്ചതെങ്ങനെ എന്ന് മനോരമ ആരോഗ്യത്തോട് ശ്രീലക്ഷ്മി പറയുന്നു.

‘‘ ഞാൻ ജനിച്ചതും വളർന്നതുമെല്ലാം മധ്യപ്രദേശിലെ ഗ്വാളിയറിലാണ്. ഒൻപതു വർഷം മുൻപ് വിവാഹം കഴിഞ്ഞാണ് തൃപ്പൂണിത്തുറയിലേക്കു വരുന്നത്. ഞങ്ങളുടേത് ഒരു നൃത്ത കുടുംബമായിരുന്നു. അമ്മ ഗ്വാളിയറിൽ നൃത്താധ്യാപിക ആയിരുന്നു. മുത്തച്ഛൻ കലാമണ്ഡലത്തിൽ പഠിച്ചയാളാണ്. ചെറുപ്പം മുതലേ നൃത്തം കണ്ടും കേട്ടും ചെയ്തുമാണ് ഞാൻ വളർന്നത്. 12 വയസ്സുള്ളപ്പോൾ എനിക്ക് ഒരു വൈറൽ പനി വന്നു. പനി മാറിയപ്പോഴേക്കും വലതുവശം ഭാഗികമായി തളർന്ന് ഞാൻ കിടപ്പിലായി. ഇനി ഈ കുട്ടി എഴുന്നേറ്റു നടക്കില്ല എന്ന് ഡോക്ടർമാർ കയ്യൊഴിഞ്ഞു. പക്ഷേ, തൃപ്പൂണിത്തുറയിലുള്ള അഗസ്ത്യാശ്രമത്തിലെ ചികിത്സയിലൂടെ ഞാൻ എഴുന്നേറ്റു നടന്നു. അന്നു ഞവരക്കിഴി വയ്ക്കുമ്പോഴേ ഡോക്ടർ പറഞ്ഞിരുന്നു, ഭാവിയിൽ വണ്ണം വയ്ക്കുമെന്ന്. പോരാത്തതിന് ഞാൻ നല്ലൊരു ഭക്ഷണപ്രിയയുമാണ്. മധുരമാണ് പ്രധാന വീക്‌നെസ്. അങ്ങനെ ഞവരിക്കിഴിയും മധുരവുമെല്ലാം ചേർന്ന് ഞാൻ വീർത്തു വീർത്ത് 101 കിലോയായി. ഭാരം സെഞ്ചുറി കടന്നതോടെ ശരീരം പണിമുടക്കി തുടങ്ങി. ശക്തമായ മുട്ടുവേദന നൃത്തം ചെയ്യാൻ തടസ്സമായി. നൃത്തം. എന്റെ ജീവനാണ് പണ്ട് തളർന്നുപോയപ്പോഴും ഏറ്റവും വലിയ സങ്കടം ഇനി ഒരിക്കലും നൃത്തം ചെയ്യാനാകില്ലല്ലോ എന്നതായിരുന്നു.

2018 മേയ് മാസത്തിൽ വനിതാ മാഗസിനിൽ പ്ലസ് സൈസ് ഫാഷൻ മോഡലാകാൻ അവസരം ലഭിച്ചു. ആ ഷൂട്ട് കഴിഞ്ഞതോടെ മോഡലിങ്ങിനോട് ഒരു ഇഷ്ടമൊക്കെ തോന്നിത്തുടങ്ങി. ഗൗരവമായി മോഡലിങ് കൊണ്ടുപോകണമെങ്കിൽ ഭാരം കുറയ്ക്കണം. അങ്ങനെ വണ്ണം കുറയ്ക്കാൻ തീരുമാനിച്ചു.

യു ട്യൂബ് നോക്കി പലതരം ഡയറ്റുകളെ കുറിച്ച് മനസ്സിലാക്കി. എന്റെ ഒരു സുഹൃത്ത് ചില ടിപ്സൊക്കെ പറഞ്ഞുതന്നു. അങ്ങനെ ഡയറ്റിങ് തുടങ്ങി. എഴുന്നേറ്റയുടനെ ചെറുചൂടുവെള്ളം കുടിക്കും. അല്ലെങ്കിൽ ഗ്രീൻ ടീ.

രാവിലെ ബ്രേക്ഫാസ്റ്റിന് പ്രോട്ടീൻ ഷേക്ക്. പാട നീക്കിയ പാൽ, റോബസ്റ്റ പഴം, കുറച്ച് നിലക്കടല, ഒരൽപം തേൻ. ഇതെല്ലാം കൂടി മിക്സിയിൽ അടിച്ചെടുത്തതാണ് എന്റെ പ്രോട്ടീൻ ഷേക്ക്. ഉച്ചഭക്ഷണത്തിനു മുൻപ് രണ്ടു ലീറ്റർ വെള്ളം കുടിക്കും. ഇടയ്ക്ക് വിശന്നാൽ ഡൈജസ്റ്റീവ് ബിസ്കറ്റോ ആപ്പിളോ കഴിക്കും. ഉച്ചയ്ക്ക് ഒരു മണിക്കു മുൻപായി ചോറുണ്ണും.. അത് നല്ല വിശാലമായി വയറുനിറയെ കഴിക്കും.ചോറ്, സാമ്പാറ്, പച്ചക്കറികൾ, സാലഡ് അല്ലെങ്കിൽ ചപ്പാത്തി, കറി. ഭാരം കുറച്ചുതുടങ്ങിയതോടെ ഞാൻ സസ്യഭുക്കായി. അതുവരെ ഇടയ്ക്കൊക്കെ മീൻ കഴിക്കുമായിരുന്നു.

വൈകിട്ട് നാല് നാലരയോടെ ഒരു ഗ്രീൻ ടീ കുടിക്കും. വിശപ്പുണ്ടെങ്കിൽ കുറച്ച് നട്സ്, പയർ മുളപ്പിച്ചത് അല്ലെങ്കിൽ റോബസ്റ്റ പഴം കഴിക്കും. കശുവണ്ടി പരിപ്പ് കഴിക്കില്ല. ബദാമോ ആപ്രിക്കോട്ടോ ആണ് കഴിക്കാറ്. രാത്രിഭക്ഷണത്തിനു മുൻപും രണ്ടു ലീറ്റർ വെള്ളം കുടിക്കും.

Fashion sarin.indd

ഏഴ് ഏഴരയോടെ പാട നീക്കിയ പാലിൽ റോബസ്റ്റ പഴവും തേനും ചേർത്ത് ഷേക്ക് അടിച്ചു കുടിക്കും. നട്സ് ചേർക്കില്ല. ഇടയ്ക്കൊക്കെ വീട്ടിലുണ്ടാക്കുന്ന ഷേക്കിനു പകരം അമൂൽ പ്രോട്ടീൻ ഷേക്ക് കുടിക്കുമായിരുന്നു.

ഡാർക് ചോക്‌ലേറ്റ് മധുരം

ചായയും കാപ്പിയും മധുരവുമെല്ലാം ഒഴിവാക്കി. മധുരം കഴിക്കാൻ വല്ലാതെ ആഗ്രഹം തോന്നുമ്പോൾ ഒരു കഷണം ഡാർക് ചോക്‌ലേറ്റ് കഴിക്കും. ആഴ്ച തോറും ഭാരം നോക്കുമായിരുന്നു. ഏതാനും ഗ്രാമേ കുറഞ്ഞുള്ളുവെങ്കിലും അതു വലിയ സന്തോഷമായിരുന്നു.

മാസത്തിൽ രണ്ടു ദിവസം ചീറ്റ് ഡേ ആയിരുന്നു. അന്ന് ഇഷ്ടമുള്ളതെല്ലാം ആവോളം കഴിക്കും. പുറത്തുനിന്നു കഴിക്കേണ്ടിവരുമ്പോൾ അതിനനുസരിച്ച് ബാക്കിയുള്ള പ്രധാനഭക്ഷണങ്ങൾ ക്രമീകരിക്കും. രാത്രി പാർട്ടിയുണ്ടെങ്കിൽ ഉച്ചഭക്ഷണം കുറച്ചേ കഴിക്കൂ.

കൊച്ചിയിലെ ചോയിസ് സ്കൂളിൽ നൃത്താധ്യാപികയാണ് ഞാൻ.കിന്റർഗാർട്ടൻ കുട്ടികളെയാണ് നൃത്തം പഠിപ്പിക്കുന്നത്. ഒരുപാട് എനർജി േവണം കൊച്ചുകുട്ടികളോടൊപ്പം നൃത്തം ചെയ്യാൻ. ദിവസം മുഴുവൻ തലകുത്തി മറിഞ്ഞ് നടക്കുകയാണെന്നു പറയാം. സുംബ ഇൻസ്ട്രക്റ്റർ കൂടിയാണ്. നൃത്തമുള്ളതു കൊണ്ട് മറ്റ് വ്യായാമമൊന്നും വേണ്ടിവന്നില്ല. ഭാരം കുറഞ്ഞതോടെ പേശികളൊക്കെ അയഞ്ഞുതുടങ്ങി. അതുകൊണ്ട് സ്കൂളിന്റെ തന്നെ ജിമ്മിൽ പരിശീലനത്തിനു പോകുന്നുണ്ട്.

ഡയറ്റ് തുടങ്ങിയ സമയത്ത് ഭർത്താവിനും മക്കൾക്കുമൊന്നും ഞാൻ ഭാരം കുറയ്ക്കുമെന്നു തീരെ വിശ്വാസമില്ലായിരുന്നു. കൂടിപ്പോയാൽ ഒരാഴ്ച, എന്നാണ് അവർ കരുതിയത്. ആ ഞാൻ 8 മാസം ഡയറ്റ് ചെയ്ത് 79 കിലോയായപ്പോൾ ഏറ്റവും സന്തോഷം അവർക്കാണ്. 164 സെ.മീ ആണ് എന്റെ ഉയരം. 63 കിലോയാണ് മാതൃകാ ശരീരഭാരം.

കൂടുതൽ ഊർജത്തോടെയും ഒഴുക്കോടെയും എനിക്കിപ്പോൾ നൃത്തം ചെയ്യാം ഡ്രസ്സ് സൈസ് ഡബിൾ എക്സലിൽ നിന്ന് സ്മോളും മീഡിയവുമൊക്കെ ആയി എന്നതാണ് മറ്റൊരു വലിയ സന്തോഷം. ഇഷ്ടമുള്ള ഏതു ഡ്രസ്സും ധരിക്കാം. മുഖത്തു നല്ല മാറ്റം വന്നു. ചർമമൊക്കെ കൂടുതൽ തെളിഞ്ഞു.

wl1

ഭാരം കുറച്ചതു കണ്ട് ഒരുപാട് പേര് ഡയറ്റ് നിർദേശങ്ങൾക്കായി വിളിക്കുന്നുണ്ട്. അവരോടൊക്കെ ഞാൻ പറയും മനസ്സിന്റെ ബലമാണ് പ്രധാനമെന്ന്. ഒരു നല്ല ഡയറ്റ് തിരഞ്ഞെടുക്കുന്നതിലും പ്രധാനമാണ് അത് മുടങ്ങാതെ കൊണ്ടുപോകുന്നത്. ഒരൊറ്റ മാസം ഭക്ഷണം നിയന്ത്രിച്ചാൽ മതി ശരീരം അതു കൃത്യമായി ഉൾക്കൊള്ളും. പിന്നെ നമുക്ക് ആ അളവിൽ കൂടുതൽ കഴിക്കാൻ സാധിക്കില്ല.’’

ഭാരം കുറയ്ക്കുന്നത് എത്ര സിംപിളാണെന്നു തോന്നും ശ്രീലക്ഷ്മിയെ കേട്ടിരിക്കുമ്പോൾ. ഭാരം കുറയ്ക്കുന്നത് എത്രയോ നല്ല കാര്യമാണെന്നും തോന്നും ഊർജം വഴിയുന്ന ആ ചിരി കാണുമ്പോൾ...

Tags:
  • Diet Tips