Saturday 15 February 2020 12:34 PM IST : By സ്വന്തം ലേഖകൻ

കാളകൾക്കൊപ്പം യുവാവ് 100 മീറ്റര്‍ ഓടിയത് 9.55 സെക്കന്റില്‍! വേഗത്തിൽ ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കി ഇന്ത്യക്കാരൻ?

sreenivasa-gauda223

വേഗത്തിൽ ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കാന്‍ ഒരു ഇന്ത്യക്കാരൻ? അസാധ്യമെന്ന് കണ്ണുമടച്ച് പറയാൻ വരട്ടെ. അതിലേക്കുള്ള സാധ്യതകളിലേക്കാണ് സൈബർ ലോകം വിരൽ ചൂണ്ടുന്നത്. കര്‍ണാടകയിലെ മൂഡബദ്രിയിൽ നടന്ന കാളപ്പൂട്ട് മത്സരത്തിൽ ഒരു ചെറുപ്പക്കാരന്റെ മിന്നും പ്രകടനമാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. 

എന്ത് മനുഷ്യനാണ് ഇതെന്ന് ഒരുനിമിഷം അന്ധാളിച്ചു പോകും ശ്രീനിവാസ ഗൗഡയെന്ന ഈ കാളയോട്ടക്കാരന്റെ പ്രകടനം കണ്ടാൽ. കാളകളുമായി 142.5 മീറ്റര്‍ ഓടാന്‍ ശ്രീനിവാസ ഗൗഡ എടുത്ത സമയം 13.62 സെക്കന്റാണ്. അതില്‍ 100 മീറ്റര്‍ പിന്നിട്ടത് വെറും 9.55 സെക്കന്റില്‍. ജമൈക്കയുടെ ലോക റെക്കോഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട് 100 മീറ്റര്‍ പിന്നിടാന്‍ എടുത്ത സമയം 9.58 സെക്കന്റാണ്. 

റെക്കോർഡ് ഓട്ടത്തോടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ശ്രീനിവാസ ഗൗഡ. ഉസൈൻ ബോള്‍ട്ടുമായി ശ്രീനിവാസ മത്സരിച്ചാല്‍ പുഷ്പം പോലെ ജയിക്കുമെന്നാണ് കാണികളുടെ കമന്റുകള്‍. ചെളിയിലൂടെ ഓടുന്നതിനേക്കാള്‍ എളുപ്പമാണ് ട്രാക്കിലൂടെയുള്ള ഓട്ടമെന്നും ഇവര്‍ പറയുന്നു.  

കാളപ്പൂട്ട് മത്സരത്തിലെ 30 വര്‍ഷം പഴക്കമുള്ള റെക്കോർഡും ശ്രീനിവാസ ഗൗഡ മറികടന്നു. ഇരുപത്തിയെട്ടു വയസ്സ് മാത്രമുള്ള ഈ യുവാവ് 12 കാളപ്പൂട്ട് മത്സരങ്ങളില്‍ നിന്നായി 29 മെഡലുകളാണ് സ്വന്തമാക്കിയത്. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ശ്രീനിവാസ ഇപ്പോൾ കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്. കാളയോട്ട മത്സരമെന്നാൽ ഹരമാണ് ശ്രീനിവാസയ്ക്ക്. റെക്കോർഡ് നേട്ടത്തിന് കാരണം തന്റെ മിടുക്കൻ കാളകളാണെന്ന് ശ്രീനിവാസ പറയുന്നു. 

Tags:
  • Spotlight
  • Inspirational Story