Tuesday 02 March 2021 03:40 PM IST

‘രാത്രികളിലും പകലുകളിലും കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു; വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്ന് ഉറപ്പായി’

Tency Jacob

Sub Editor

sreeparvaa334c ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പരസ്പരം കാണുന്നതിനു മുൻപേ പ്രണയിച്ചു തുടങ്ങിയവർ, പ്രണയത്തിരയിൽ അലിയാൻ തീരുമാനിച്ചവർ... ശ്രീ പാര്‍വതിയുെടയും ഉണ്ണിയുെടയും അപൂർവ പ്രണയവും ജീവിതവും...

വെയിൽ ചിറകു വിരിച്ചു താണിറങ്ങാൻ തുടങ്ങുന്ന നേരമായിരുന്നു അത്. ഹൃദയമിടിപ്പാൽ തുളുമ്പുന്ന ആലിലകൾക്കിടയിലിരുന്ന് കൂട്ടം തെറ്റിയ ഒരു കിളി ആർദ്രമായി മൂളുന്നുണ്ട്. ‘ആർക്കുമൊന്നു പ്രണയിക്കാൻ തോന്നുന്ന ചുറ്റുവട്ടം അല്ലേ?’ തറവാട്ടമ്പലത്തിന്റെ ചുറ്റുമതിലിലിരുന്നു ശ്രീ പാർവതി, ഉണ്ണിയെ ഗാഢമായി നോക്കി. കൂത്താട്ടുകുളം താമരക്കാട് കുഞ്ചരയ്ക്കാട്ട് മനയിൽ ഉണ്ണി നമ്പൂതിരിയും ശ്രീ പാർവതിയും പ്രണയിതാക്കളായിട്ടു പതിനഞ്ചു വർഷം കഴിഞ്ഞു.

മാതളത്തേനുണ്ണാൻ...

‘‘ജേർണലിസം പഠിക്കണം മാധ്യമപ്രവർത്തകനാകണം എന്നൊക്കെ സ്വപ്നം കണ്ട് നടന്ന ആളാണ് ഞാൻ.’’ ഉണ്ണി പറഞ്ഞു തുടങ്ങി. ‘‘1996ൽ ഡിഗ്രി കഴിഞ്ഞെങ്കിലും കോളജിൽ നിന്നു വിട്ടു പോരാനുള്ള വിഷമം കൊണ്ടാണ് ഒരു വർഷത്തെ കംപ്യൂട്ടർ കോഴ്സ് ചെയ്യാൻ തീരുമാനിച്ചത്.

പനി പിടിച്ച് ആശുപത്രിയിലായ കൂട്ടുകാരനെ കാണാന്‍ ഒാട്ടോയില്‍ േപായതായിരുന്നു ഞങ്ങള്‍. ബസ് വന്നു തട്ടിയുള്ള അപകടത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. സ്പൈനൽ കോഡിന് ഏറ്റ പരുക്കു മൂലം ഞാൻ വീൽചെയറിലായി. എന്തു ചെയ്യുമെന്നൊരാധി ചെറുതായി മനസ്സിൽ വന്നു വീണു.

ജീവിതത്തെ വളരെ ലൈറ്റായി കാണാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ. ജീവിതത്തിൽ ചെറിയൊരു തിരിവു വന്നെങ്കിലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളെ കുറിച്ചു ചിന്തിച്ചു സങ്കീർണമാക്കേണ്ട എന്നു തീരുമാനിച്ചു.

കോളജിലെ അധ്യാപകരാണ് വീട്ടിലിരുന്നു കുട്ടികളെ പഠിപ്പിക്കാനും ഇന്റർനെറ്റ് കഫേയ്ക്കുമെല്ലാമുള്ള സജ്ജീകരണങ്ങൾ ചെയ്തു തന്നത്. പിന്നീടാണ് വെബ് ഡിസൈനിങ് പഠിച്ചു ഗ്രാഫിക്സിലേക്കു വരുന്നത്. ഇന്നത്തെ വാട്സ്‌ആപ്പായിരുന്നു അന്നത്തെ യാഹൂ മെസഞ്ചർ. നേരം പോക്കാൻ നല്ലൊരു മാർഗം എന്ന നിലയിലാണ് കൂട്ടുകാർ അതിനെക്കുറിച്ചു പറഞ്ഞു തന്നത്.

ജയേഷ് എന്നായിരുന്നു ഔദ്യോഗിക പേര്. വീട്ടിലും നാട്ടിലുമെല്ലാം ഉണ്ണി നമ്പൂതിരി എന്നാണ് വിളിച്ചിരുന്നത്. ഉണ്ണി മാക്സ് എന്നൊരു ടെക്കി പേരുമിട്ടാണ് മെസഞ്ചറിൽ കയറിയിരുന്നത്.  

മെസഞ്ചറിൽ നിന്നു കിട്ടിയ ഏക കൂട്ടുകാരിയാണ് ഈ അരികത്തിരിക്കുന്നത്. സൗഹൃദത്തിൽ തുടങ്ങി, പ്രണയത്തിലേക്കു നീണ്ടു, ജീവിതത്തോളം എത്തിയ കൂട്ട്.’’ പ്രണയകഥയെ രണ്ടു വാചകത്തിലൊതുക്കി ഉണ്ണി അതിനെ ആഴത്തിലേക്കു കൊണ്ടുപോയി.

സൗഹൃദം @ ഓൺലൈൻ

‘‘ഞാനും കംപ്യൂട്ടർ പഠിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. പഠിച്ചത് ശരിയാണോയെന്നു നോക്കുന്നു, ഇടയ്ക്ക് ചാറ്റു ചെയ്യുന്നു...’’ പാര്‍വതി പറഞ്ഞു തുടങ്ങിയ വാചകം ഉണ്ണി പൂരിപ്പിച്ചു, ‘‘അപ്പോൾ വഴി തെറ്റുന്നു...’’

പാർവ്വതി പൊട്ടിച്ചിരിയിലേക്കുതിർന്നു വീണു.

‘‘ഒരിക്കലുമില്ല, എന്റെ വഴിതെറ്റിയെന്നൊരു തോന്നൽ അന്നും ഇന്നും എനിക്കില്ല. എനിക്ക് ഈ ജീവിതം ആയിരുന്നു വേണ്ടത്. ഈ പ്രണയവും...’’പാർവതി ഉണ്ണിയുടെ കൈകൾ മെല്ലെ അമർത്തി.

‘‘പാർവ്വതിയെ പരിചയപ്പെട്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ ചാറ്റ് ചെയ്യാൻ മുൻകൂർ സമയമൊക്കെ പറഞ്ഞുവച്ചു. ഞാൻ വളരെ ആകാംക്ഷയോടെ എത്തിയപ്പോൾ ആൾ ഓഫ് ലൈനാണ്. കുറേനേരം അവിടെ ചുറ്റിപറ്റിയൊക്കെ നിന്നു. അന്നു ചെറിയൊരു നിരാശ തോന്നാതിരുന്നില്ല.’’ ഉണ്ണി പാർവതിയെ നോക്കി കുറുമ്പു പറഞ്ഞു.

‘‘കോഴ്സ് കഴിഞ്ഞു ഞാൻ ആകാശവാണിയിൽ ജോലി കിട്ടി പോയതായിരുന്നു. പെട്ടെന്നായിരുന്നു അതെല്ലാം സംഭവിച്ചത്. ജോലി കിട്ടിയ കാര്യം വിളിച്ചു പറയാനായി വീട്ടിൽ ഫോണുണ്ടായിരുന്നില്ല. പിന്നീടു കുറച്ചു നാൾ കഴിഞ്ഞാണ് വീട്ടിൽ ഫോൺ കിട്ടുന്നത്. അപ്പോൾത്തന്നെ നമ്പർ ഞാൻ ഇ-മെയിലായി അയച്ചു കൊടുത്തു.’’ പാർവതി ആ കുറുമ്പിന്റെ മുന ഒടിച്ചു കളഞ്ഞു.

‘‘മെയിൽ കിട്ടിയപ്പോൾ ‘അടുത്ത ഉഡായിപ്പുമായി ഇറങ്ങിയിട്ടുണ്ട്.’ എന്നാണ് എനിക്കു തോന്നിയത്.’’ ഉണ്ണി പരിഭവത്തിൽ തന്നെയാണ്.

‘‘സൗഹൃദവലയത്തിനു പുറത്ത് ആകെ ഉണ്ണിക്കു മാത്രമാണ് ഞാൻ ഫോൺ നമ്പർ കൊടുത്തത്. എന്തിനാണ് കൊടുത്തത് എന്നു എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ഇടയ്ക്ക് വിളിക്കും സംസാരിക്കും എന്നൊക്കെയേ ഉള്ളൂ.’’ പാർവതി സൗഹൃദ വഴികളിലൂടെ നടന്നു.

ആരാദ്യം പറയും...

‘‘പ്രശസ്ത കഥകളിപ്പാട്ടുകാരനും ചിത്രകാരനുമായിരുന്ന കോട്ടയ്ക്കൽ പരമേശ്വരൻ നമ്പൂതിരിയായിരുന്നു ഉണ്ണിയുടെ അച്ഛൻ. അദ്ദേഹത്തിെന്‍റ ഇന്റർവ്യൂ ആയിടയ്ക്ക് ഒരു വാരികയിൽ വന്നു. അതിൽ മകന്റെ അപകടത്തെക്കുറിച്ചും മകനിപ്പോൾ വീൽച്ചെയറിലാണെന്നെല്ലാം പറഞ്ഞിരുന്നു.അതു വായിച്ചാണ് ‍ഉണ്ണിയുടെ അവസ്ഥ ഞാൻ അറിയുന്നത്. അപ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി ഒരു വർഷത്തിലധികം കഴിഞ്ഞിരുന്നു.’’ പാർവതിയുടെ ഓർമയിലിന്നുമുണ്ട് ആ ദിവസം.

‘ഇതുവരെ എന്തേ പറഞ്ഞില്ല’ എന്നൊരു സങ്കടമാണ് മുന്നിട്ടു നിന്നത്. ചോദിച്ചപ്പോൾ വിവരങ്ങളൊക്കെ പറഞ്ഞു. ശരിക്കും, അന്നു മുതലാണ് ഞങ്ങളുടെ സൗഹൃദം ഗാഢമാകുന്നത്. പ്രണയത്തിൽ എല്ലായ്പ്പോഴും സൗഹൃദം ഉണ്ടായിരിക്കണമെന്നാണ് എനിക്കു തോന്നുന്നത്. പരസ്പരം തുറന്നു സംസാരിക്കാനുള്ള എളുപ്പവഴിയാണത്. ഇത്രനാൾ കഴിഞ്ഞിട്ടും ഞങ്ങളുടെ പ്രണയം മങ്ങാതെയും കെടാതെയും ഇരിക്കുന്നതിനു ഞങ്ങളുടെ സൗഹൃദത്തിനോടാണ് കടപ്പാട്.’’പാർവതി പ്രണയത്തേയും സൗഹൃദത്തേയും നേർരേഖയിലേക്കു വലിച്ചിട്ടു.

‘‘പ്രണയത്തിലേക്കു തോണി തുഴഞ്ഞെത്താൻ കുറച്ചുകൂടി നാളെടുത്തു. അക്കൊല്ലത്തെ വാലന്റൈൻസ് ഡേയ്ക്ക് ഞാൻ ഉണ്ണിക്കു ഒരു കാർഡയച്ചു. ‘ഏതൊക്കെയോ ജന്മങ്ങളിൽ വച്ചു കണ്ടുമുട്ടിയവരാണു നാം.’ എന്തിനാണു ഞാനങ്ങനെ എഴുതിയതെന്നറിയില്ല. അല്ലെങ്കിലും ഞങ്ങളുടെ ബന്ധവും ജീവിതവുമെല്ലാം ഒരു നിഗൂഢതയായിരുന്നു.ഞങ്ങൾക്കു പോലും മനസ്സിലാക്കാനാകാത്ത ഒന്ന്.

_REE4768

‘‘പക്ഷേ, കാർഡ് കണ്ടപ്പോഴേ എനിക്കൊരു സംശയം തോന്നി.’’ ഉണ്ണി, ഇടയിൽ കയറി പറഞ്ഞു.

‘‘ശരിയാണ്, ഉണ്ണി അന്നേ ഉറപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു, ഞാനീ നിലാവെളിച്ചം കൊള്ളുമെന്ന്. ഉണ്ണിയുടെ ബന്ധുവായ പെൺകുട്ടി ഒരു ദിവസം വിളിച്ചു േചാദിച്ചു, ‘ഉണ്ണിയോടു ശരിക്കും ഇഷ്ടമുണ്ടോ? പറ്റിക്കരുത്.’

‘‘ഞാനങ്ങനെ ആലോചിച്ചിട്ടൊന്നുമില്ല, വേണമെങ്കിൽ ആലോചിച്ചു നോക്കാം.’’എന്നു മറുപടി പറഞ്ഞു വച്ചു.

പിറ്റേന്നു ഞാൻ ഉണ്ണിയോടു തന്നെ ചോദിച്ചു. ‘എന്താ ഉണ്ണീ മറുപടി പറയേണ്ടത്?’

‘ഇനിയിപ്പോൾ അവളോടൊന്നും പറയേണ്ട. മറുപടി എന്റെയടുത്തു പറ‍ഞ്ഞാൽ മതി’

‘എനിക്കിഷ്ടമാണ്’ മറുപടി പറയാന്‍ പാർവതിക്ക് ഒരു മാത്ര പോലും ചിന്തിക്കേണ്ടി വന്നില്ല.

ആദ്യ സമാഗമ വേളയിൽ...

‘‘വീട് കൊട്ടാരക്കരയാണെങ്കിലും ആ സമയത്ത് അച്ഛന്റെയും അമ്മയുടേയും ജോലി സംബന്ധമായി കോഴിക്കോടാണു ഞങ്ങൾ താമസിച്ചിരുന്നത്. ഗുരുവായൂരമ്പലത്തിൽ വച്ച് എന്റെയൊരു ബന്ധുവിന്റെ കല്യാണമുണ്ടായിരുന്നു.അച്ഛനും അമ്മയും അനിയത്തിയും ബന്ധുക്കളുമൊത്താണ് അവിടേക്കു പോയത്. ഞാൻ ഗുരുവായൂരുണ്ടെന്നറിഞ്ഞ് ഉണ്ണിയും കൂട്ടുകാരും കൂത്താട്ടുകുളത്തു നിന്നു കാറോടിച്ചു വന്നു.

ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിനു മുന്നിൽ, ആൾക്കൂട്ടത്തിനു നടുവിലായിരുന്നു ആദ്യ കൂടികാഴ്ച. പ്രണയത്തിന്റെ തരി പോലും മുഖത്തു വീഴാതെ വെറും സുഹൃത്തുക്കളെന്നു വരുത്തി തീർക്കാനുള്ള കഷ്ടപ്പാടുകൾ...

പിന്നീട്, കത്തുകളിലൂടെയാണ് പ്രണയം വേഗമാർന്നത്. നല്ല സുന്ദരൻ പ്രണയ ലേഖനങ്ങളാണ് ഞാൻ എഴുതിയിരുന്നത്. ഒരുമിച്ചു ജീവിക്കാം എന്ന ചിന്തയിലേക്കു വേഗം തന്നെ ഞങ്ങൾ എത്തിപ്പെട്ടെങ്കിലും കനൽക്കാലം അവിടെ നിന്നു തുടങ്ങി. ഉണ്ണിയുടെ വീട്ടിൽ എതിർപ്പുകൾ ഉണ്ടായിരുന്നില്ലെങ്കിലും എന്റെ വീട്ടിൽ അങ്ങനെയായിരുന്നില്ല. എന്റെ സുഹൃത്തുക്കൾക്കോ കൂടെ ജോലി ചെയ്യുന്നവർക്കോ ആർക്കും ഈ വിവാഹത്തിനു സമ്മതമായിരുന്നില്ല.

ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പറഞ്ഞാണ് എല്ലാവരും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ, ഏതൊരാൾക്കും ഉണ്ടായേക്കാവുന്ന, അല്ലെങ്കിൽ ചിലപ്പോൾ മാത്രം സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യുന്ന കാര്യങ്ങളായിരുന്നു അതെല്ലാം. അതിനെല്ലാമുള്ള ഉത്തരം ഉണ്ണിയെ വേണ്ടെന്നു വയ്ക്കുന്നതാണ് എന്ന് എനിക്കു തോന്നിയില്ല.

സഹതാപവും അനുകമ്പയും കൊണ്ടാണു ഞാൻ ഈ തീരുമാനം എടുത്തതെന്നു വിശ്വസിച്ചവരും ഇപ്പോഴും വിശ്വസിക്കുന്നവരുമുണ്ട്. അവരോടൊന്നു മാത്രം ഞാൻ പറയു ന്നു; എന്റെ പ്രണയത്തെ അത്ര വില കുറച്ചു കാണാതിരിക്കൂ.

പ്രണയം മാത്രം തേടി...

പ്രണയം കുറച്ചു പൈങ്കിളിയാകണം എന്നൊരു തോന്നലായിരുന്നു എനിക്ക്. അതിന്റെ കുളിരും നോവും മോഹവും എല്ലാം അറിയണം. എന്നാൽ, ഉണ്ണിക്ക് അതായിരുന്നില്ല പ്രണയം. ജീവിതത്തോളം വിലപിടിച്ച ഗൗരവതരമായ ഒന്നായിരുന്നു. വിവാഹത്തെ കുറിച്ചുള്ള ചർച്ചകളായിരുന്നു കൂടുതൽ. രാത്രികളിലും പകലുകളിലും കരഞ്ഞു കരഞ്ഞു ഞാൻ തളർന്നു. അവസാനം വീട്ടുകാരുടെ സമ്മതത്തോടെ ഈ വിവാഹം നടക്കില്ലെന്ന് ഉറപ്പായി.

ഒരു ദിവസം രാവിലെ, ബന്ധുവും കൂട്ടുകാരുമൊത്ത് ഉണ്ണി എന്നെ വിളിക്കാൻ വന്നു. പിറ്റേന്നു കൂത്താട്ടുകുളം താമരക്കാട് ശ്രീ പോർക്കിലി ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു ഞങ്ങളുടെ കല്യാണം. ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ അച്ഛൻ വന്നു ഞങ്ങളെ കോഴിക്കോട്ടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. ഇപ്പോൾ അച്ഛനും അമ്മയും ഇവിടെ ഞങ്ങളുടെ വീടിനടുത്തു തന്നെയാണ് താമസിക്കുന്നത്. എന്നും അച്ഛൻ എന്നെ കാണാനെത്തും.

കല്യാണം തിരക്കും ബഹളവും ആഡംബരവുമൊന്നുമില്ലാതെ ലളിതമായി നടക്കേണ്ടതാണ് എന്നൊരു ചിന്തയുണ്ടായിരുന്നു. ഇറങ്ങിപ്പോന്നതു കൊണ്ട് അങ്ങനെതന്നെ ആകുകയും ചെയ്തു. ചുവന്ന കരയുള്ള സെറ്റുമുണ്ടും കയ്യിൽ കുറച്ചു കുപ്പിവളകളും ഒരു പൊട്ടും. മുല്ലപ്പൂവായിരുന്നു അന്നത്തെ വധുവിന്റെ ഏക ആർഭാടം.

പതിനഞ്ചു വർഷത്തിനു ശേഷം ‘ഡ്രീം ബ്രൈഡൽ മേക്കോവർ എന്നൊരു ആശയം കൊച്ചിയിലുള്ള സബിത സാവരിയ പറഞ്ഞപ്പോൾ വ്യത്യസ്തമായി തോന്നി. അന്നു ഒരുങ്ങാത്തത് ഇന്നൊന്നു ഒരുങ്ങി നോക്കാം. ഒരുങ്ങി വധുവും വരനുമായി വന്നപ്പോൾ പതിനഞ്ചു വർഷം മുൻപ്, അതേ ദിവസത്തിലനുഭവിച്ച നെഞ്ചിടിപ്പും പ്രണയ പരിഭ്രമവും ഞങ്ങളെ വന്നു മൂടി.’’

sree556paru

പുലരിപ്പൂ പോലെ ചിരിച്ചും...

ഭക്ഷണം, യാത്ര, സംഗീതം, എഴുത്ത് എന്നിവയാണ് ഞങ്ങളുടെ പ്രണയത്തിന്റെ രുചി കൂട്ടുന്നത്. എല്ലാ മാസവും യാത്രകൾ പോകും. കേരളം അത്ര വീൽച്ചെയർ ഫ്രണ്ട്‌ലിയല്ലാത്തതു കൊണ്ടു പുറത്തേക്കാണ് യാത്രകൾ കൂടുതലും.

വീൽച്ചെയറിൽ ജീവിക്കുന്നവർക്ക് തണൽ എന്ന പേരിലൊരു സംഘടനയുണ്ട്. സംരംഭം നടത്താൻ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ. ഉണ്ണിയാണ് അതിന്റെ സെക്രട്ടറി. പാട്ടു പാടാൻ ഇഷ്ടമായതുകൊണ്ട് ‘ഫ്രീഡം ഓഫ് വീൽസ്’ എന്ന പേരിൽ വീൽച്ചെയറിലിരുന്നു പാട്ടുപാടുന്നവരുടെ ഒരു ട്രൂപ്പുണ്ടാക്കിയിട്ടുണ്ട്. ഇരുന്നൂറോളം സ്റ്റേ ജുകളിൽ പാടി. ഒരു നാടകവും അവതരിപ്പിച്ചു. ഉണ്ണിക്ക് സിനിമയിൽ അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്.  

ഇപ്പോഴും പിറന്നാളുകൾക്ക് പരസ്പരം സർപ്രൈസു കൊടുക്കുന്നവരാണ് ഞങ്ങൾ. കല്യാണം കഴിഞ്ഞുള്ള ആദ്യ പിറന്നാളിനാണ് ഉണ്ണി ‘കണിക്കൊന്ന ഇ മാഗസിൻ’ ഡിസൈൻ ചെയ്ത് റെഡിയാക്കി തന്നത്. ഇ മാഗസിനുകൾ അധികം പ്രാബല്യത്തിൽ ഇല്ലാത്ത കാലമാണ് അത്.

ഞാൻ ഉണ്ണിക്കെഴുതിയ പ്രേമകവിതകൾ ചേർത്ത് ‘പ്രണയപ്പാതി’ എന്ന പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എനിക്കു ഉണ്ണിയോട് പറയാനുള്ളതായിരുന്നു ആ വാക്കുകളെല്ലാം.’’

‘‘പാർവതിയുടെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈനുകളിലും ആനുകാലികങ്ങളിലും ധാരാളം എഴുതുന്നുണ്ട്. ’’ ഉണ്ണി പാർവതിയെന്ന എഴുത്തുകാരിയെ പരിചയപ്പെടുത്തി.

‘‘പുതിയ പുസ്തകം വീൽച്ചെയറിലിരിക്കുന്ന ഒരു പെൺകുട്ടി കേന്ദ്രകഥാപാത്രമായി വരുന്ന നോവലാണ്.അതിൽ ഉണ്ണിയുടെ ജീവിതമുണ്ട്. ഉണ്ണി ഈ നിമിഷമായിരിക്കും ഇക്കാര്യം അറിയുന്നത്.’’ പാർവതി സ്നേഹത്തോടെ ഉണ്ണിയെ നോക്കി. പിന്നെ, പതിയെ പറഞ്ഞു.

എനിക്കു നീയെന്നാൽ ആകാശം പോലെ...

ഞാൻ കടൽ ആയി നിന്നെ തിരയുകയും...

Tags:
  • Spotlight
  • Relationship