Friday 11 June 2021 12:34 PM IST : By സ്വന്തം ലേഖകൻ

ലാലേട്ടന്റെ 61 കഥാപാത്രങ്ങളെ വരയിലാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം; ശ്രീരാഗിനെ ഫോണിൽ അഭിനന്ദിച്ച് മോഹൻലാൽ

pathanamthitta-sreeragh.jpg.image.845.440

വ്യത്യസ്ത സിനിമകളിലെ തന്റെ 61 കഥാപാത്രങ്ങളെ ഇരുകൈകളും കൊണ്ടു വരച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടിയ ശ്രീരാഗിനെ ഫോണിൽ അഭിനന്ദിച്ചു നടൻ മോഹൻലാൽ. ഒരുപാട് സന്തോഷമുണ്ടെന്നറിയിച്ച അദ്ദേഹം കോവിഡ് കാലമൊക്കെ കഴിഞ്ഞു നേരിട്ടു കാണാമെന്നും ശ്രീരാഗിനെ അറിയിച്ചു. പന്തളം തോന്നല്ലൂർ ശ്രീനന്ദനത്തിൽ വരദരാജൻ നായരുടെയും ശ്യാമളയുടെയും മകനായ ശ്രീരാഗ്, എൻഎസ്എസ് കോളജിലെ 3-ാം വർഷ ബിരുദ വിദ്യാർഥിയാണ്.

മേയ് 21നു മോഹൻലാലിന്റെ പിറന്നാൾ ദിനത്തിനു തലേന്നാണു ശ്രീരാഗ് ചിത്രങ്ങൾ വരച്ചത്. 61 വെള്ളക്കടലാസുകൾ ചുമരിൽ പതിച്ചു, അതിൽ മാർക്കർ ഉപയോഗിച്ചായിരുന്നു ചിത്ര രചന. ഇതിന്റെ ലൈവ് വിഡിയോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർക്ക് അയച്ചു നൽകിയിരുന്നു. അംഗീകാരം ലഭിച്ചതിന്റെ രേഖയും കഴിഞ്ഞ ദിവസം ശ്രീരാഗിനു മെയിലിൽ ലഭിച്ചു. മോഹൻലാലിന്റെ 60-ാം പിറന്നാളിനാണ് ചിത്രം വരയ്ക്കണമെന്ന ആഗ്രഹം ആദ്യം തോന്നിയതെന്നു ശ്രീരാഗ് പറഞ്ഞു. പഠനത്തിരക്കിൽ പിന്നീട് തുടരാനായില്ല.

ഇക്കുറി ലോക്ഡൗൺ തുടങ്ങിയതോടെ വീട്ടിലിരുന്നു പരിശീലിച്ചു തുടങ്ങി. ഏറെക്കുറെ ആത്മവിശ്വാസം തോന്നിയതോടെ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സുമായി ബന്ധപ്പെട്ടു. അവരുടെ നിബന്ധനകൾ പാലിച്ച് 5 മണിക്കൂറെടുത്താണ് ചിത്ര രചന പൂർത്തിയാക്കിയതെന്നും ശ്രീരാഗ് പറയുന്നു.സിനിമാക്കമ്പമുള്ള ഈ ഇരുപത്തിരണ്ടുകാരൻ മോഹൻലാലിന്റെ ആരാധകനുമാണ്. കോളജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി പി.ആർ.അമ്പിളി, ഇംഗ്ലിഷ് വിഭാഗത്തിലെ അധ്യാപകനായ ഡോ.രഞ്ജിത്ത് കൃഷ്ണൻ എന്നിവർ ഫിലിം ക്ലബ് അംഗം കൂടിയായ തനിക്ക് പ്രചോദനമായി ഒപ്പമുണ്ടെന്നും ശ്രീരാഗ് പറയുന്നു.

Tags:
  • Spotlight