വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടു വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് സൗജന്യമായി മുടിവെട്ടി നൽകാനുള്ള തയാറെടുപ്പിലാണ് പെരുമ്പാവൂർ അല്ലപ്ര ജംക്‌ഷനിൽ കെഎൽ 40 അരോമ ഹെയർ ഡ്രസിങ് സലൂൺ ഉടമ ശ്രീരാജ്. പെരുമ്പാവൂർ അഗ്നിരക്ഷാ സേനയിലെ സിവിൽ ഡിഫൻസ് ടീം അംഗമായ ശ്രീരാജ് 11നു വയനാട്ടിലേക്കു പോകും.
അഗ്നിരക്ഷാ സേനയ്ക്കൊപ്പം ആദ്യഘട്ട രക്ഷാപ്രവർത്തനം കഴിഞ്ഞു ഓഗസ്റ്റ് 5നാണു തിരിച്ചെത്തിയത്. കുലത്തൊഴിലായ ബാർബർ പണി ദുരിതാശ്വാസ ക്യാംപുകളിലുള്ളവർക്കും സൗജന്യമായി ചെയ്തു കൊടുക്കണമെന്ന തോന്നലുണ്ടായപ്പോൾ ശനിയാഴ്ച അക്കാര്യം ശ്രീരാജ് ഫെയ്‌സ്ബുക്കിലിട്ടു. 11 മുതൽ 13 വരെ ക്യാംപുകളിലുണ്ടാകും.
ഫെയ്‌സ്ബുക് പോസ്റ്റ് കണ്ടു പലരും വിളിക്കുന്നുണെന്നു ശ്രീരാജ് പറഞ്ഞു. ആരോഗ്യവകുപ്പിന്റെതടക്കം സർക്കാർ സംവിധാനങ്ങളുടെ അനുമതി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. മുടി വെട്ടുന്നതിനു ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്ന ട്രിമ്മറുകളും ഉപയോഗശേഷം കളയാവുന്ന കട്ടിങ് ക്ലോത്തുകളും ഷേവിങ് ഉപകരണങ്ങളും സ്വന്തം പണം മുടക്കി വാങ്ങിച്ചു. മേപ്പാടിയിലേക്കാണ് ആദ്യം പോകുന്നത്. അവിടെ നിന്ന് അനുമതി തേടി വിവിധ ക്യാംപുകളിലെത്തി ജോലി ചെയ്യാനാണു തീരുമാനം.
മികച്ച അത്‌ലീറ്റ് കൂടിയായ ഇദ്ദേഹം വെറ്ററൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റുകളിൽ പങ്കെടുത്തു ദേശീയ- രാജ്യാന്തര പ്രശസ്തി നേടിയ താരമാണ്. 2020-ൽ ടോക്കിയോ ഒളിംപിക്സിൽ ഹോക്കിയിൽ കേരളത്തിന്റെ അഭിമാനമായി പി. ആർ. ശ്രീജേഷ് വെങ്കലം നേടിയപ്പോൾ അതിന്റെ സന്തോഷം പങ്കിട്ടു ശ്രീരാജ് നാട്ടിലെ ശ്രീജേഷുമാർക്കു സൗജന്യമായി തലമുടി വെട്ടിക്കൊടുത്തതു വാർത്തയായിരുന്നു.
ക്യാംപുകളിൽ കഴിയുന്നവർ 9847264785 എന്ന നമ്പറിൽ വിളിച്ചാൽ മുടിവെട്ടാനായി ശ്രീരാജ് അവിടെയെത്തും. വെങ്ങോല ബഥനി കവലയിൽ മാലിക്കാലയിൽ രാജപ്പന്റെയും ചന്ദ്രികയുടെയും മകനാണു ശ്രീരാജ്. ബി. ഫാമിനു പഠിക്കുന്ന ശ്രീജയാണു ഭാര്യ. ഏകമകൻ ശ്രീപാർഥ്.