Thursday 31 May 2018 05:01 PM IST

സ്വപ്നങ്ങളുടെ വർണ്ണക്കുടമാറ്റം! വീൽചെയറിലിരുന്ന് കുട നെയ്യുന്ന ശ്രീരാജ് പറയും ഉയിർത്തെഴുന്നേൽപ്പിന്റെ കഥ

Binsha Muhammed

sree cover

യുദ്ധത്തിൽ പരാജിതനായി നാടും വീടും നഷ്ടപ്പെട്ട് ഗുഹയിൽ അഭയം തേടിയ ബ്രൂസ് ചക്രവർത്തിയുടെ കഥ കേട്ടിട്ടില്ലേ? പരാജയങ്ങൾ തുടർക്കഥയായി എല്ലാം നഷ്ടപ്പെട്ട ആ ചക്രവർത്തിക്ക് ഉയിർത്തെഴുന്നേൽപ്പിന്റെ പാഠം പഠിപ്പിച്ചു കൊടുത്തത് ആ ഗുഹയിലെ ഒരു എട്ടുകാലിയായിരുന്നു. വല നെയ്യുന്നതിനിടയിൽ പല തവണ പരാജയപ്പെട്ടിട്ടും പരാജയ ബോധം ലവലേശം പോലുമില്ലാതെ വിജയിക്കുന്നതു വരെ പരിശ്രമം തുടർന്നു ആ നിസാര ജീവി. തോൽവികളിൽ ജീവിതം അവസാനിക്കും എന്ന് നിനച്ച ബ്രൂസ് രാജാവിന് അതൊരു പുതിയ വെളിപാടായിരുന്നു. ഒരു ചിലന്തി പഠിപ്പിച്ച അതിജീവനത്തിന്റെ പാഠവും നെഞ്ചിലേറ്റി അദ്ദേഹം, പോരാടി. നിരവധി യുദ്ധങ്ങൾ ജയിച്ചു. നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിച്ചു.

രാജാവിനെപ്പോലെ എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നിയടുത്ത് നിന്ന് ജീവിതം തിരികെപ്പിടിച്ച ഒരു ‘രാജുണ്ട്’. തിരുവനന്തപുരം വെഞ്ഞാറമൂട് പ്ലാവോട് പുത്തൻ വീട്ടിലെ ഒറ്റമുറി വീടിന്റെ ഓരത്തേക്ക് കടന്നു ചെന്നാൽ പ്രതിസന്ധികളെ പടിയടച്ചു പിണ്ഡം വച്ച് സ്വപ്നങ്ങൾ നെയ്യുന്ന ഒരു ചെറുപ്പക്കാരനെ കാണാം.

സ്വപ്നങ്ങൾ അസ്തമിച്ചു എന്ന് തോന്നുന്നിടത്ത്, പ്രതീക്ഷകൾ ചീട്ടുകൊട്ടാരം പോലെ തകർന്നു എന്ന് കരുതിയടത്തു നിന്നാണ് ശ്രീരാജിന്റെ വിജയ കഥ തുടങ്ങുന്നത്. കൃത്യം 11 വർഷം മുമ്പ് വന്നു ചേർന്ന ഒരു അപകടം. അത് അയാളെ എന്നന്നേക്കുമായി ചക്ര കസേരകളിൽ ഒതുക്കി. ഒന്നെഴുന്നേൽക്കണമെങ്കിൽ പോലും ശ്രീരാജിന് പരസഹായം വേണം, ശാരീരിക അസ്വസ്ഥതകൾ പല ജോലിക്കും തടസമായി.

എന്നാൽ പണ്ടേക്കു പണ്ടേ സ്വപ്നങ്ങൾ നെയ്തു തുടങ്ങിയ ശ്രീരാജ് തോറ്റുകൊടുത്തില്ല. സ്വന്തം കാലിൽ നിൽക്കണമെന്ന നിശ്ചയദാർഢ്യം അയാളെ മുന്നോട്ടു നയിച്ചു. അങ്ങനെയാണ് കുട നിർമാണത്തിന്റെ വഴിയിലേക്ക് വരുന്നത്. അതയാൾക്ക് പുതിയ വഴിയാണ് തുറന്നു കൊടുത്തത്. ജീവിത വരുമാനത്തിനായി ശ്രീരാജ് ഇന്ന് കുട നെയ്യുകയാണ്. നൂറു കണക്കിന് കുടകളാണ് വീൽ ചെയറിലിരുന്ന് അദ്ദേഹം നിർമിക്കുന്നത്. നഷ്ടപ്പെട്ടുവെന്ന് തോന്നിയ പലതും ശ്രീരാജ് കുട നിർമ്മാണത്തിലൂടെ തിരികെ പിടിക്കുകയാണ്.

sree5

സ്വപ്നങ്ങൾ തേടിയുള്ള യാത്ര

തിരുവനന്തപുരം വെഞ്ഞാറമൂട് പ്ലാവോട് പുത്തൻ വീട്ടിൽ ജനാർദ്ദനൻ രാധമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ശ്രീരാജ്. ജ്യേഷ്ഠൻമാർ രണ്ടു പേർ. അടിസ്ഥാന വിദ്യാഭ്യാസവും ടെക്നിക്കൽ പരിജ്ഞാനവുമെല്ലാം നേടി മുന്നേറിയ ശ്രീരാജിന് ഏതൊരു ചെറുപ്പക്കാരനെയും പോലത്തെ സ്വപ്നങ്ങളേ ഉണ്ടായിരുന്നുള്ളൂ. നല്ലൊരു ജോലി നേടണം, അമ്മയ്ക്ക് തുണയാകണം, സ്വന്തം കാലിൽ നിൽക്കണം.

ആദ്യം എസി ടെക്നീഷ്യനായാണ് ജോലിക്കു കയറിയത്. ചെറിയ ശമ്പളത്തിലുള്ള ആ ജോലിയിൽ പരിഭമൊന്നുമില്ലാതെ സന്തോഷത്തോടെ അയാൾ ജീവിതം തള്ളി നീക്കി. അതിനിടെ പുതിയ അവസരങ്ങൾക്കായി ശ്രമിച്ചു കൊണ്ടേയിരുന്നു. പാവപ്പെട്ടവന്റെ സ്വപ്നങ്ങൾക്ക് അത്രയൊക്കെയേ നിറമുണ്ടാകൂ എന്നു കരുതി ആ ചെറുപ്പക്കാരൻ ജീവിതം മുന്നോട്ടു തുഴഞ്ഞു. അതിനിടെയാണ് നിലയില്ലാക്കയത്തിലേക്ക് ആ വീഴ്ച.

sree6

ജീവിതം കീഴ്മേൽ മറിഞ്ഞ ദിനം

2007 ഏപ്രിൽ. ഒരു ആറ് നില കെട്ടിടത്തിൽ എസി ഘടിപ്പിക്കുകയായിരുന്നു ശ്രീരാജ്. വിധി ഒരു നിമിഷം അയാളുടെ നേർക്ക് കണ്ണടച്ചു. ആറാമത്തെ നിലയിൽ നിന്നും കാൽവഴുതി ശ്രീരാജ് താഴേക്ക്. ജീവനെങ്കിലും ബാക്കി വയ്ക്കണമെന്ന കരുണ കാട്ടാൻ ദൈവത്തിന് തോന്നിയിരിക്കണം. ആശങ്കകൾക്കും വേദന തിന്നു ജീവിച്ച ദിവസങ്ങൾക്കുമൊടുവിൽ ശ്രീരാജിന് ജീവിതം തിരിച്ചു കിട്ടി. എന്നാൽ ജീവിതം പഴയതു പോലെ സുന്ദരമായിരുന്നില്ല. അന്നത്തെ ആ വീഴ്ചയിൽ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു. അരയ്ക്കു താഴേക്ക് തളർന്നു. ചക്രക്കസേരയിൽ ജീവിതം ഒതുക്കിയ ശ്രീരാജിന്റെ ദുർവ്വിധി അങ്ങനെ നടന്നു തുടങ്ങി.

sree2

ജീവിതമേ, ഞാൻ തോറ്റു പോകില്ല’

‘കണ്ണീരും അനുകമ്പയും നിറച്ച വാക്കുകളും ദൈന്യതയൊളിപ്പിച്ച നോട്ടങ്ങളും കൊണ്ട് നാം എന്ത് നേടാനാണ്. നമ്മുടെ വിധി നമ്മുടെ മാത്രം വിധിയാണ്. അതിനെ നേരിട്ടേ മതിയാകൂ, നിശ്ചയദാർഢ്യം കൈമുതലാക്കിയുള്ള യാത്രയിൽ നാം തോറ്റു പോയേക്കും, പക്ഷേ കരപറ്റാൻ തോണി തുഴഞ്ഞല്ലേ പറ്റൂ’– ശ്രീരാജ് പറഞ്ഞു തുടങ്ങുകയാണ്.

sree3

വീൽ ചെയറിൽ ഒതുങ്ങിയെങ്കിലും ശ്രീരാജ് തോൽക്കാൻ ഒരുക്കമല്ലായിരുന്നു. ‘ആർക്കും ഒരു ബാധ്യതയാകരുത്, സ്വന്തം കാലിൽനിൽക്കണം’, അയാൾ ഉറപ്പിച്ചു. ഫോട്ടോ ഷോപ്പും പഠിച്ചു കൊണ്ട് ചങ്ങാതിയുടെ സ്റ്റുഡിയോയിൽ ജോലി നോക്കി, വിഡിയോ ഗ്രാഫറായ കൂട്ടുകാരന്റെ അടുക്കൽ വിഡിയോ എഡിറ്ററായി ചെന്നു. എന്നാൽ അവശതകൾ അവിടെയും വില്ലനായി. ‘രണ്ടു മണിക്കൂറിലേറെ ഇരുന്ന് ജോലി ചെയ്യാൻ എനിക്കാവില്ല, അണ്ണാ, പിന്നെ എല്ലു പൊട്ടുന്ന വേദനയാണ്’– ശ്രീരാജിന്റെ വാക്കുകളിൽ വേദന.

sree4

എന്റെ സ്വപ്നങ്ങൾക്ക് വർണക്കുടകളുടെ നിറമാണ്’

പോത്തൻകോടുള്ള സുരേന്ദ്രൻ എന്നയാൾ കുട നിർമ്മിക്കാൻ പരിശീലിപ്പിക്കും എന്ന് കൂട്ടുകാരിലാരോ പറഞ്ഞാണ് ശ്രീരാജ് അറിഞ്ഞത്. ‘തലയിൽ ആപ്പിൾ വീണ ന്യൂട്ടന്റെ അവസ്ഥയായിരുന്നു അത്’– ശ്രീരാജ് ചിരിച്ചു.

പിന്നെ ഒന്നും ആലോചിച്ചില്ല ചങ്ങാതിമാരുടെ സഹായത്തോടെ അങ്ങോട്ടു വച്ചു പിടിച്ചു. എന്റെ ശാരീരിക അസ്വാസ്ഥ്യങ്ങൾ മനസിലാക്കാനുള്ള സന്മമനസാണ് ആദ്യം സുരേന്ദ്രൻ ചേട്ടനുണ്ടായതെന്ന് ശ്രീരാജ് പറയുന്നു. പിന്നീടങ്ങോട്ട് രണ്ടും കൽപ്പിച്ച് കുടനിർമ്മാണത്തിലായി ശ്രദ്ധ. ഇടയ്ക്കെപ്പോഴോ ആ പഴയ വേദന വന്ന് എത്തിനോക്കി പോയി. ‘പക്ഷേ എപ്പോഴും വേദന മാത്രം ജയിച്ചാൽ പോരല്ലോ?– ശ്രീരാജിന്റെ നിശ്ചയദാർഢ്യം നിറഞ്ഞ വാക്കുകൾ.

sree7

‘നാളുകൾ നീണ്ട പരിശീലനത്തിനൊടുവിൽ കുട നിർമ്മാണത്തിൽ ഞാൻ അഗ്രഗണ്യനായി. സ്വന്തമായി കുടകൾ നിർമ്മിച്ചു തുടങ്ങി. ഒരു ദിവസം ഒന്നും രണ്ടും കുടകൾ നിർമ്മിച്ചായിരുന്നു തുടക്കം. എന്നാൽ ഇന്ന് കഥമാറി. പല അളവിൽ, പല അഴകിൽ നൂറുകണക്കിന് വർണക്കുടകൾ വീൽ ചെയറിലിരുന്ന് കൊണ്ട് ഞാൻ നെയ്യുന്നുണ്ട്’.–ശ്രീരാജിന്റെ മുഖത്ത് നിറഞ്ഞ ചിരി.

കുടപിടിക്കുകയാണ്, ശ്രീരാജിന്റെ സ്വപ്നങ്ങൾ

വമ്പൻ കുടകൾ കളം വാഴുന്ന വിപണിയിലേക്ക് ഒരു പുതുമുഖം കടന്നു വരികയാണ്. ലോകോത്തര ബ്രാൻഡുകളുടെ കുടകള്‍ നിറഞ്ഞ വെഞ്ഞാറമ്മൂട്ടെ കടകളുടെ ഒരു കോണിൽ നോക്കിയാൽ കാണാം ശ്രീരാജിന്റെ ‘ശ്രീസ് അമ്പ്രല്ലാസ്’. അവിടെ പല വർണങ്ങളിലും, പല അഴകളവുകളിലുമുള്ള നൂറുകണക്കിന് ‘ശ്രീസ് അമ്പ്രല്ലകൾ’ കുട്ടികളെയും മുതിർന്നവരെയും കാത്തിരിക്കുന്നുണ്ട്. ‘വമ്പൻ ബ്രാൻഡുകൾക്കൊപ്പം പിടിച്ചു നിൽക്കാൻ കുറച്ച് പാടാണ് അണ്ണാ. എങ്കിലും എന്നെ അറിയുന്ന വെഞ്ഞാറമൂടുകാർ എന്റെ കുടയേ വാങ്ങൂ, അതാണ് നമ്മുടെ ട്രേഡ് സീക്രട്ട്. എന്റെ കുട മറ്റു നാടുകളിലേക്കും എത്തിക്കണമെന്ന വലിയ ആഗ്രഹമുണ്ട്– ശ്രീരാജിന്റെ മുഖത്ത് ആ പഴയ ദൈന്യത.

കോരിച്ചൊരിയുന്ന ഈ മഴക്കാലത്ത് സ്കൂളിലേക്കു പോകുന്ന വെഞ്ഞാറമൂടിലുള്ള കുരുന്നുകൾ എന്തായാലും മറ്റ് വർണക്കുടകൾക്കായി വാശി പിടിക്കില്ല. അതിന്റെ പേരിൽ പിണങ്ങുകയും ഇല്ല. ചെത്ത് ചെക്കൻമാർക്കും വേറേ ഓപ്ഷനില്ല. കാരണം അതെല്ലാം കാണുമ്പോൾ അവർക്ക് ശ്രീരാജ് ഏട്ടനെ ഓർമ്മവരും. പിന്നെ ഇതൊന്നുമില്ലെങ്കിലെന്താ. ശ്രീരാജിന്റെ കുട സൂപ്പറല്ലേ!

sree1