Saturday 03 August 2019 02:55 PM IST : By സ്വന്തം ലേഖകൻ

മദ്യലഹരിയിൽ ചീറിപ്പാഞ്ഞ് ശ്രീറാം! കാറിൽ കയറിയത് കവടിയാർ മുതൽ; വഫയുടെ മൊഴി ഇങ്ങനെ

wafa

മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ ഒപ്പം ഉണ്ടായിരുന്ന യുവതിയുടെ നിർണായക മൊഴി. വാഹനമോടിക്കുമ്പോൾ ശ്രീറാം മദ്യപിച്ചിരുന്നതായി ഒപ്പം ഉണ്ടായിരുന്ന വഫ പൊലീസിന് മൊഴി നൽകി. ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വന്നത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു. കവടിയാര്‍ മുതല്‍ വാഹനം ഓടിച്ചത് ശ്രീറാമാണ്. സംഭവത്തിൽ ശ്രീറാമിനും കാറുടമ വഫ ഫിറോസിനുമെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

അതേസമയം കെ.എം. ബഷീറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മെഡിക്കല്‍ കോളജില്‍ നിന്ന് കുമാരപുരം പള്ളിയിലേക്ക് കൊണ്ടുപോകും. പള്ളിയിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയക്കും.

അതേസമയം യഥാസമയം ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ എടുക്കാത്തതിനെതിരെ മനുഷ്യാവകാശകമ്മിഷന്‍ രംഗത്തെത്തി. ഡിജിപിയും സിറ്റിപൊലീസ് കമ്മിഷണറും ഉടന്‍ അന്വേഷണം നടത്തി പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.

നേരത്തെ വാഹനം ആരാണ് ഓടിച്ചിരുന്നത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. വാഹനം ഓടിച്ചത് ശ്രീരാം അല്ല എന്ന് വരുത്തി തീർക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്നും ആരോപണമുണ്ടായിരുന്നു. ദൃക്സാക്ഷി മൊഴികൾ പുറത്തു വന്നതോടെയാണ് വാഹനം ഒാടിച്ചത് ശ്രീറാം തന്നെയെന്ന നിഗമനത്തിൽ എത്തുന്നത്. കാറിൽ ഇടതുവശത്താണ് വഫ ഇരുന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവസ്ഥലത്തെ സിസിടിവി പരിശോധിക്കും. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമല്ലെന്ന് മാധ്യമപ്രവർത്തകർ സൂചിപ്പിച്ചപ്പോൾ എല്ലായിടത്തും സിസിടിവി വയ്ക്കാനാവില്ലെന്നായിരുന്നു കമ്മിഷണറുടെ മറുപടി. അപകടത്തിൽ ഫൊറൻസിക് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുലർച്ചെ 1.05 , മ്യൂസിയം പൊലീസ് അപകട സ്ഥലത്തെത്തിയപ്പോൾ തന്നെ വാഹനം ഓടിച്ചത് പുരുഷനാണന്ന് വ്യക്തമായി. മൂന്ന് ദൃക്സാക്ഷികളും പൊലീസിനെ ഇക്കാര്യം അറിയിച്ചു. ഇത് മനസിലാക്കിയാണ് സ്ത്രീയെ വീട്ടിൽ പറഞ്ഞ് വിട്ടത്. പുരുഷനെ വിശദമായി ചോദ്യം ചെയ്തപ്പോണെന്ന് പ്രതി ശ്രീരാം വെങ്കിട്ടരാമൻ എന്ന ഐ.എ.എസുകാരനാണന്ന് പൊലീസുകാർക്ക് മനസിലായത്. ഇതോടെയാണ് ശ്രീരാമിന്റെ അട്ടിമറി ശ്രമവും പൊലീസിന്റെ ഒത്തു കളിയും തുടങ്ങുന്നത്.

ശ്രീരാമിനെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ കേസ് എഴുതി നിയമപരമായല്ല കൊണ്ടുവന്നത്. ഇതു കൊണ്ടാണ് രക്തസാംപിളെടുത്ത് മദ്യപിച്ചതിന് ശാസ്ത്രീയ തെളിവ് ശേഖരിക്കാനാകാതെ പോയത്. പിന്നീട് 9.30 മണിക്കൂർ പൊലീസ് അതിന് ശ്രമിച്ചില്ല.

രണ്ട് ഓട്ടോ ഡ്രൈവറും ഒരു യാത്രക്കാരനും അപകടം കാണുകയും വാഹനം ഓടിച്ചത് പുരുഷനാണെന്ന് പൊലീസിനെ അറിയിച്ചതുമാണ്. എന്നാൽ ഇത് രേഖപ്പെടുത്താതെയാണ് വാഹനം ഓടിച്ചത് ആരാണന്ന് അറിയില്ലെന്ന അവ്യക്തത സൃഷ്ടിച്ചത്. 50 ലേറെ സി.സി.ടി.വി കാമറകളുള്ളതാണ് മ്യൂസിയം കവടിയാർ റോസ്. ആദ്യ 10 മണിക്കൂർ പൊലീസ് ഇത് പരിശോധിച്ചില്ല. പൊലീസിന്റെ ഈ വീഴ്ചകൾക്കെല്ലാം കാരണം ശ്രീരാം വെങ്കിട്ടരാമൻ നടത്തിയ അട്ടിമറി ശ്രമമാണ്.

വാഹനം ഓടിച്ചത് താനല്ലന്ന് പറഞ്ഞ ശ്രീരാം വഫാ ഫിറോസിനെക്കൊണ്ട് ഉത്തരവാദിത്വം ഏറ്റെടുപ്പിക്കാനും ശ്രമിച്ചു. മദ്യപിച്ചുവെന്ന് സ്ഥിരീകരിക്കുന്ന പരിശോധനകളിൽ നിന്നൊഴിവാക്കാൻ ആദ്യം രക്ത പരിശോധനയെ എതിർത്തു. ഇതിനായി ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലിൽ നിന്ന്  ഒഴിവാക്കി സ്വകാര്യ ആശുപത്രിയിൽ അഭയം തേടി. മാധ്യമ സമ്മർദത്തിന്റെ ഭാഗമായി നീക്കങ്ങളെല്ലാം പൊളിഞ്ഞതോടെയാണ് ശ്രീരാമിന് കുറ്റം സമ്മതിക്കേണ്ടി വന്നത്.