Thursday 22 July 2021 11:23 AM IST

‘എന്റെ സ്വപ്നം സഫലമായി, പക്ഷേ, അവരൊരുപാട് വേദനിച്ചിരുന്നു’: മിസ് ഗ്ലോബൽ ട്രാൻസ് ഇന്ത്യ 2021 ശ്രുതി സിത്താര പറയുന്നു...

Delna Sathyaretna

Sub Editor

sruthi-1

"ഈ മരണം വിശ്വസിക്കാൻ വയ്യ. അവരുടെ സ്വകാര്യ ഭാഗം ശാസ്ത്രക്രിയയ്ക്ക് ശേഷം കണ്ടിരുന്നു. വല്ലാത്ത അവസ്ഥയിലായിരുന്നു അത്. ഇത്തരം നിർഭാഗ്യങ്ങളും നഷ്ടങ്ങളും ഇനിയെങ്കിലും സംഭവിക്കാതിരിക്കട്ടെ." ലിംഗമാറ്റ ശസ്‌ത്രക്രിയയുടെ പരാജയത്തെ തു‍‍ടർന്നുള്ള നിർഭാഗ്യകരമായ സംഭവങ്ങളുടെ ഇരയായ ട്രാൻസ് ജെൻഡർ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ മരണത്തെപ്പറ്റി മിസ് ഗ്ലോബൽ ട്രാൻസ് ഇന്ത്യ 2021എന്ന സ്വപ്ന നേട്ടം കൈവരിച്ച്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ശ്രുതി സിത്താര പറയുന്നു.

പെണ്ണുടലിൽ ആണായും ആണുടലിൽ പെണ്ണായും ജനനത്തിലൂടെ കുടുങ്ങി പ്പോകുന്നവരുടെ വലിയ സ്വപ്നങ്ങളിലൊന്നാണ് പെണ്ണായോ ആണായോ പൂർണതയിലേക്ക് എത്തുക എന്നത്. സമ്പാദ്യമെല്ലാം പെറുക്കിക്കൂട്ടി പലരും വേദനാജനകമായ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയറ്റർ വരെ എത്തുന്നതും അതുകൊണ്ടാണ്. ശ്രുതി സിത്താരയ്ക്കുമുണ്ട് പ്രവീൺ എന്ന ആൺകുട്ടിയിൽ നിന്ന് ശ്രുതിയായി മാറിയ കഥ.

sruthi-new

അഭിനയിക്കാൻ വയ്യ

വൈക്കം ഉദയനാപുരത്ത് പ്രവീൺ എന്ന ആൺകുട്ടി ജനിച്ചപ്പോൾ അഛ്ഛനുമമ്മയും ഏറെ സന്തോഷിച്ചു. പഠിത്തത്തിലും കലയിലും മിടുക്കനായി ആ കുട്ടി വളർന്നു വന്നു. ചുറ്റും സന്തോഷം പടർത്താനുള്ള എന്തോ ഒരു കഴിവ് തനിക്കുണ്ടെന്ന് പ്രവീൺ തിരിച്ചറിഞ്ഞു, ഒപ്പം മറ്റൊരു കാര്യവും. പെൺകുട്ടികളുടെ വസ്ത്രം ഇടാനും അവരെപ്പോലെ നടക്കാനുമാണ് തനിക്ക് ഇഷ്ടമെന്ന്. എന്നാൽ, മറ്റുള്ളവരുടെ കളിയാക്കൽ ഭയന്ന് അവൻ ആൺകുട്ടിയായി അഭിനയിച്ചു. ബി.കോം പഠനത്തിനായി കൊച്ചിയിലെ സെന്റ് ആൽബർട്സ് കോളജിലെത്തിയപ്പോഴാണ് ആദ്യമായി ട്രാൻസ് സ്ത്രീകളെയും പുരുഷന്മാരെയും കാണുന്നതും പരിചയപ്പെടുന്നതും. അവിടെവച്ച് പ്രവീൺ ജാസ്മിനെ പരിചയപ്പെട്ടു. ജാസ്മിൻ എന്ന ട്രാൻസ് സ്ത്രീ ജീവിതത്തിൽ വന്ന ശേഷം പ്രവീൺ സ്വയം തിരിച്ചറിഞ്ഞു.. ശ്രുതി സിത്താരയെന്ന് പേരു മാറ്റി. ജോലി നേടി സ്ത്രീയായി ജീവിതം തുടങ്ങി.

മറ്റു ട്രാൻസ് സ്ത്രീകളെ അപേക്ഷിച്ച് ശ്രുതി ഭാഗ്യവതിയായിരുന്നു. കുടുംബവും കൂട്ടുകാരും അവളെയും അവളുടെ താൽപര്യങ്ങളെയും എന്നും പിന്തുണച്ചു. ഈ പിന്തുണയാണ് ശ്രുതിയുടെ ചുവടുകളിടറാതെ പിടിച്ചു നിർത്തുന്നതും. സർക്കാരിന്റെ സാമൂഹികവികസന വകുപ്പിൽ ജോലി നേടി ശ്രുതി തിരുവനന്തപുരത്തെത്തി. ജോലിയിൽ അധികനാൾ തുടർന്നില്ല. സമ്പാദ്യവുമായി ശ്രുതി വീണ്ടും കൊച്ചിയിലെത്തി. ശസ്ത്രക്രിയയിലൂടെ സ്വപ്നം കണ്ടശരീരം സ്വന്തമാക്കി.

sruthi-3

അഭിനയവും ഫാഷനും സൗന്ദര്യമത്സരവുമൊക്കെയായിരുന്നു ശ്രുതിയുടെ സ്വപ്നങ്ങൾ. ഒരു സ്വപ്നത്തിലെന്ന പോലെയുള്ള നേട്ടങ്ങളാണ് ശ്രുതിയെ പിന്നീട് തേടിയെത്തിയത്. 2018ലെ ക്യൂൻ ഓഫ് ദയാഹ് എന്ന സൗന്ദര്യപ്പട്ടം. 2021ൽ മിസ് ട്രാൻസ് ഗ്ലോബൽ മത്സരത്തിൽ ഇന്ത്യയിൽ നിന്നു തിരഞ്ഞെടുത്ത പ്രതിനിധി. ട്രാൻസ് ഗ്ലോബൽ മത്സരം വെർച്വലായി പുരോഗമിക്കുകയാണിപ്പോൾ. അതിന്റെ തിരക്കിൽ ഓടി നടക്കുന്ന ശ്രുതിയെന്ന പെൺകുട്ടിക്ക് ചിത്രശലഭത്തിന്റേതു പോലെ നിറങ്ങളുള്ള സന്തോഷത്തിന്റെ ചിറകുകളുണ്ട്. ആ ചിറകിൽ ചേക്കാറാൻ പഴയ കൂട്ടുകാരും ഇപ്പോഴും ശ്രുതിക്കൊപ്പമുണ്ട്. അവരെല്ലാം പ്രവീണിനെ മറന്നു. ഇത്തരം സന്തോഷങ്ങളിലേക്ക് ചുവടുവയ്ക്കാൻ വേണ്ടിയാണ് ആണുടലിൽ കുടുങ്ങിപ്പോകുന്ന പെൺജന്മങ്ങൾ ശസ്ത്രക്രിയയുടെ വേദനകളിലൂടെ കടന്നുപോകുന്നത്.

ശസ്ത്രക്രിയയ്ക്ക് ഫലമുണ്ടാകാതിരിക്കുമോ?

ശരിക്കുമൊരു സ്ത്രീയുടേതു പോലെ തോന്നിക്കുന്ന സ്വകാര്യഭാഗങ്ങൾ ശസ്ത്രക്രിയയ്ക്കു ശേഷം ലഭിക്കുമെന്ന സ്വപ്നം പൂർത്തീകരിക്കാനാവാതെ വരിക, ശസ്ത്രക്രിയയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യതയേറെയുണ്ട്. എന്നാൽ, ശസ്ത്രക്രിയ വിജയകരമായി ചെയ്തു സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിൽ ജീവിക്കുന്ന ട്രാൻസ് സ്ത്രീകളും നമുക്കു ചുറ്റുമുണ്ട്. ഓരോ ശരീരത്തിലും വ്യത്യസ്തമായ രീതിയാലാണ് റിസൾട്ട് കിട്ടുകയെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

മറ്റു സങ്കീർണ ശസ്ത്രക്രിയകൾക്കുള്ളതു പോലെ എല്ലാ റിസ്കുകളും ഇതിനുണ്ട്. ഒരു ശസ്ത്രക്രിയയിൽ ഒതുങ്ങുന്ന കാര്യവുമല്ല ലിംഗമാറ്റം. ആദ്യം ചെയ്യുന്നത് ഹോർമോൺ തെറപ്പിയാണ്. പിന്നെ വിശദമായ കൗൺസലിങ്. ഹോർമോൺ തെറാപ്പി ചിലർക്ക് മാസങ്ങളോളവും മറ്റു ചിലർക്ക് വർഷങ്ങളോളവും ചെയ്യേണ്ടി വരും. ബ്രെസ്റ്റ് ഓഗ്മെന്റേഷനായി അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിലാണ് ചെലവാകുക. പിന്നെ ഡൗൺ സർജറി. ഗുഹ്യാവയവങ്ങൾക്ക് മാറ്റം വരുത്തുന്നതാണിത്. ആണിൽ ‍നിന്ന് പെണ്ണായി രൂപപ്പെടുന്ന ട്രാൻസ് വുമണിന് വജൈനോപ്ലാസ്റ്റിയാണ് ചെയ്യുന്നത്. കേരളത്തിൽ പ്രധാനമായും രണ്ടു തരത്തിലുള്ള വജൈനോപ്ലാസ്റ്റി ചെയ്തു വരുന്നു. കുടലിൽ നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് വജൈനയാക്കി രൂപപ്പെടുത്തുന്ന ഇൻഡസ്റ്റൈനൽ വജൈനോപ്ലാസ്റ്റിയും (രണ്ടു ലക്ഷത്തിനും മൂന്നു ലക്ഷത്തിനുമിടയിലാണ് ചെലവ് ), പുരുഷ ലിംഗത്തിന്റെ ഭാഗങ്ങൾ കൊണ്ട് വജൈന രൂപപ്പെടുത്തുന്ന പെരിനിയൽ ഇൻവേർഷനുമുണ്ട്. ഇതിന് ഒന്നര ലക്ഷത്തോളം ചെലവാകും.

sruthi-2

ശസ്ത്രക്രിയയ്ക്ക് ശേഷവും ഒരുപാടു കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. എപ്പോഴും വൃത്തി കാര്യങ്ങൾ ശ്രദ്ധിക്കണം. പിന്നെ ഭക്ഷണത്തിലും വ്യായാമത്തിലും വേണം ശ്രദ്ധ. ഹോർമോൺ തെറാപ്പിയും തുടരണം.നെറ്റിയിലെയും താടിയിലെയും എല്ലിന്റെ ഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ, ശബ്ദം മാറ്റാനായി വോക്കൽ കോഡ് ശസ്ത്രക്രിയ, തോളെല്ലിന്റെ വീതിയിൽ മാറ്റം വരുത്തുന്ന ശസ്ത്രക്രിയ, രോമവളർച്ചയിൽ മാറ്റം വരുത്താനായി ലേസർ തെറാപ്പി അങ്ങനെയങ്ങനെ പല ഘട്ടങ്ങളായാണ് പൂർണമായൊരു മാറ്റം സാധ്യമാകുന്നത്.

പൗരുഷം അഭിനയിച്ച് ജീവിക്കുന്നതിനേക്കാൾ എളുപ്പമാണ് പെണ്ണായി മാറാൻ കഷ്ടപ്പാടുകൾ സഹിക്കുന്നത് എന്ന ചിന്തയാണ് അനന്യയേയും ശ്രുതിയെപ്പോലെ മിക്ക ട്രാൻസ് യുവതികളേയും വേദനാജനകമായ ശസ്ത്രക്രിയയ്ക്ക് മാനസികമായി ഒരുക്കുന്നത്.