Wednesday 02 December 2020 03:00 PM IST

പോസ്റ്ററുകൾക്ക് പകരം പോസ്റ്റുകൾ, ആവേശം ഇരട്ടിയാക്കി ട്രോളുകളും! തെരേസാസിലെ പെൺകുട്ടികൾക്ക് ഇത് ഡിജിറ്റൽ ഇലക്ഷൻ വിപ്ലവം

Binsha Muhammed

stc-election

ചെണ്ട മുതൽ പീപ്പി വരെ... ആരവത്തിനും ആഘോഷത്തിനും തോരണങ്ങളും പടക്കങ്ങളും പൂമാലകളും വേറെ. കൊച്ചി സെന്റ് തെരേസാസ് കോളജിലെ പിള്ളേർ കോളജ് യൂണിയൻ പിടിക്കാൻ ഇറങ്ങുന്ന രംഗം, കാണേണ്ട കാഴ്ച തന്നെയാണ്. ഇലക്ഷന് സീറ്റുറപ്പിക്കാനും പിള്ളേരുടെ മനസു കവരാനും കൊച്ചിയിലെ ‘തെരേസിയൻസിന്റെ’ ആവനാഴിയിൽ അന്നും ആയുധങ്ങൾ ആവോളമുണ്ടായിരുന്നു. പഠിച്ച പണി പതിനെട്ടും പയറ്റി തെര‍ഞ്ഞെടുപ്പ് ഗോദയിൽ കളംനിറയും കൊച്ചിയിലെ ഈ സുന്ദരിക്കുട്ടികൾ. പക്ഷേ കോളജ് പുതിയൊരു അധ്യായന വർഷത്തെ വരവേറ്റപ്പോൾ ആ പഴയ തെരഞ്ഞെടുപ്പ് കാലവും ആവേശവുമെല്ലാം ഓർത്ത് നെടുവീർപ്പിടാനായിരുന്നു വിദ്യാർത്ഥികളുടെ യോഗം. ഇലക്ഷൻ ക്യാമ്പയിനുകള്‍ക്ക് കാതോർത്ത് ക്ലാസ് മുറികൾ ഇന്ന് അടഞ്ഞു കിടക്കുന്നു... ജയ് വിളികളും മുദ്രാവാക്യങ്ങളും കേട്ട ക്യാമ്പസ് ഇടനാഴികളും മൂകമായിരിക്കുന്നു. എല്ലാം കോവിഡിന്റെ ലീലാ വിലാസം. ആ ഇലക്ഷനും പ്രചാരണ കോലാഹലങ്ങളെയും കോവിഡ് കാലം മുക്കി കളഞ്ഞെങ്കിലും അങ്ങനെയങ്ങ് തോറ്റു കൊടുക്കാൻ തെരേസിയൻസ് ഒരുക്കമല്ലായിരുന്നു. ഓൺലൈനിൽ ക്ലാസുകൾ എടുക്കാമെങ്കിൽ എന്തു കൊണ്ടു തെരഞ്ഞെടുപ്പും നടത്തിക്കൂടാ എന്ന് ഉറക്കെ ചോദിച്ചു. പിന്നെ ആ തീരുമാനം അങ്ങ് നടപ്പിൽ വരുത്തി. നവംബർ 27ന് നടന്ന കോളജ് യൂണിയൻ തെര‍ഞ്ഞെടുപ്പ് കേരളത്തിലെ സർവകലാശാലകളുടെ ചരിത്ര താളുകളിൽ ഇടംപിടിച്ചതും ഈ വ്യത്യസ്തത കൊണ്ടാണ്.

അന്ന് ചെണ്ടയും പടക്കവുമായിട്ടാണ് യൂണിയൻ സ്ഥാനാർത്ഥികൾ വോട്ടുറപ്പിക്കാൻ ഇറങ്ങിയതെങ്കിൽ കോവിഡ് കാലത്ത് അതെല്ലാം ഡിജിറ്റൽ പ്രചാരണത്തിന് വഴിമാറി. ട്രോളുകളും ഡിജിറ്റൽ പോസ്റ്ററുകളും ലഘു വി‍ഡിയോകളും തെരഞ്ഞെടുപ്പിനെ ആവേശം ചോരാതെ നിർത്തി. കോളജിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ ഓൺലൈനിലൂടെ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയപ്പോൾ അത് ചരിത്രവുമായി. സെന്റ് തെരേസാസിലെ ഓൺലൈൻ തെര‍ഞ്ഞെടുപ്പിനെ സൈബർ ലോകം വാഴ്ത്തുമ്പോൾ ഓൺലൈൻ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെട്ട ചെയർ പേഴ്സൺ നിരഞ്ജനയും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ജോർജിന ജോർജും വനിത ഓൺലൈനോട് സംസാരിക്കുന്നു.

stc-3

വിപ്ലവമായി വിർച്വൽ വോട്ട്

മാസങ്ങളായി കോളജ് അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകളെല്ലാം ഓൺലൈനായി. ആർട്സ് ‍‍ഡേയും ഫെസ്റ്റിവലുകളും ഒന്നും ഇല്ലാതായി. ചെയ്യാൻ പറ്റുന്ന ‘ദ്രോഹമൊക്കെ’ കോവിഡ് നല്ല വെടിപ്പായി തന്നെ ചെയ്തു. ഇങ്ങനെയൊക്കെ ആണെങ്കിലും ‘ചന്തുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളേ...’ ഞങ്ങളെ കൊണ്ട് ചെയ്യാവുന്നത് ഞങ്ങളും അങ്ങ് ചെയ്തു. അതാണ് ഈ ഓൺലൈൻ കോളജ് യൂണിയൻ ഇലക്ഷൻ– ചെയർ പേഴ്സന്റെ ഗൗരവമൊക്കെ മാറ്റിവച്ച് നിരഞ്ജന കൂളായി പറഞ്ഞു തുടങ്ങുകയാണ്.

കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിലെ അധ്യാപിക രാജി എസ്. പിള്ളയാണ് വിർച്വൽ തെര‍ഞ്ഞെടുപ്പിന്റെ സാധ്യത അവതരിപ്പിച്ചത്. വിദ്യാർത്ഥികളും മറ്റ് അധ്യാപകരും പച്ചക്കൊടി കാട്ടിയതോടെ ഓൺലൈൻ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. വെറുമൊരു പരീക്ഷണത്തിനു വേണ്ടിയായിരുന്നില്ല, ആ സാഹസം. പഴയ യൂണിയനിലെ പ്രതിനിധികൾ ക്യാമ്പസിനോട് വിടപറഞ്ഞിരിക്കുന്നു. അവരുടെ സ്ഥാനത്ത് പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനങ്ങളും വഹിക്കാൻ പ്രതിനിധികളേയും ആവശ്യമായി വന്നു. അങ്ങനെയാണ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ഉടൻ വേണമെന്ന് അഭിപ്രായം ശക്തമായത്.– നിരഞ്ജന പറയുന്നു.

കോളജിൽ എത്തിയില്ലെങ്കിലും തെരഞ്ഞെടുപ്പ് ആവേശം ശരിക്കും ഞങ്ങൾക്ക് ഫീൽ ചെയ്തു എന്നതാണ് സത്യം. അന്ന് ജയിക്കാൻ പ്രതിനിധികൾ കളത്തിലാണ് ഇറങ്ങിയതെങ്കിൽ ഇക്കുറി ഓൺലൈനിലൂടെയായിരുന്നു അങ്കം. 13 പോസ്റ്റുകളിലേക്കായി 55 നോമിനേഷനുകളാണ് ലഭിച്ചത്. –യുയുസി ആയി വിജയിച്ച ജോർജിനയ്ക്ക് ആവേശം വാനോളം.

പഞ്ചായത്ത് ഇലക്ഷനിലെ സ്ഥാനാർത്ഥികളെ പോലും വെല്ലുന്ന പോസ്റ്ററുകളാണ് ഞാൻ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾ ഡിസൈൻ ചെയ്തത്. അതിനൊക്കെ ഫലമുണ്ടായി എന്നു പറഞ്ഞാൽ മതിയല്ലോ, 859 വോട്ട് നേടിയാണ് ഞാൻ നേടിയത് വിജയിച്ചത്. നല്ല സ്റ്റൈലായി പോസ് ചെയ്ത ഫോട്ടോയൊക്കെ വച്ചായിരുന്നു പ്രചാരണം. യുയുസി സ്ഥാനത്തേക്ക് കണ്ണെറിയുന്ന തണ്ണീർ മത്തൻ ദിനങ്ങളിലെ നായികയായി എന്നെ പ്രതിഷ്ഠിച്ചതാണ് മറ്റൊരു ട്രോൾ കാഴ്ച. ക്രിയേറ്റീവായി ചിന്തിച്ച മറ്റ് സ്ഥാനാർത്ഥികളും ഉണ്ട്. ദിൽവാലേ ദുൽഹനിയാ ലേ ജായേഗേയിലെ ഷാരൂഖ് ഖാനെ യുയുസി സ്ഥാനമാക്കിയും കജോളിനെ സ്ഥാനാർത്ഥിയും ആക്കി വിഡിയോ പുറത്തിറക്കിയവർ വരെ കൂട്ടത്തിലുണ്ട്. എന്ത് ചെയ്യാനാ, തിലകൻ ചേട്ടൻ പറയും പോലെ ‘പത്ത് തലയുള്ള രാവണനാ പിള്ളേര്.’ . – നിറഞ്ഞ ചിരിയോടെ ജോർജിന പറയുന്നു.

stc-2

വോട്ടുറപ്പിക്കാൻ ഡിജിറ്റൽ മാർഗങ്ങൾ

പൊടിക്ക് ട്രോളും പിന്നെ നിറയെ പോസ്റ്ററുകളെയുമായി ആണ് ഞാൻ വോട്ട് തേടി എത്തിയത്. കാർട്ടൂൺ ചിത്രങ്ങളേയും കഥാപാത്രങ്ങളേയും തെരഞ്ഞെടുപ്പ് ചിത്രങ്ങളാക്കി മാറ്റി. വൈവിധ്യങ്ങളായ പോസ്റ്ററുകളുമായി സമൂഹ മാധ്യമങ്ങളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും സാന്നിദ്ധ്യമറിയിച്ചു. ആകെ പോൾ ചെയ്ത 3152 വോട്ടിൽ 1585 പേരാണ് എനിക്കായി വോട്ട് രേഖപ്പെടുത്തിയത്. 266 വോട്ടുകൾ നോട്ട കൊണ്ടു പോയി– നിരഞ്ജന പറയുന്നു.

ഡിജിറ്റൽ പ്രചാരണത്തിൽ ശക്തി തെളിയിച്ച സ്ഥാനാർത്ഥികളെ പിന്നെ കാത്തിരുന്നത് ക്വസ്റ്റ്യൻ ആൻസർ സെഷനാണ്. കോളജിലെ പഴയ ജനപ്രതിനിധികൾ സ്ഥാനാർത്ഥികളോട് ചോദ്യങ്ങൾ ചോദിക്കും. മുൻ ചെയർ പേഴ്സൺ ആയ റേച്ചല്‍ ആൻ വർഗീസ് ആണ് എന്നോട് ചോദ്യങ്ങൾ ചോദിച്ചത്. പഴയ യൂണിയൻ സംഘടിപ്പിച്ച ഏത് പരിപാടിയാണ് നല്ലത്? ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ എങ്ങനെ അഭിമുഖീകരിക്കും? ഉദാഹരണത്തിന് കോളജ് യൂണിയൻ യൂത്ത് ഫെസ്റ്റിൽ പങ്കെടുക്കുന്ന മത്സരാർത്ഥിക്ക് അടിയന്തിരമായി കോസ്റ്റ്യൂം എത്തിച്ചു നൽകേണ്ട സാഹചര്യം വന്നാൽ എങ്ങനെ അറേഞ്ച് ചെയ്യും? കോളജിന് വേണ്ടി ചെയർപേഴ്സൺ എന്ന നിലയ്ക്ക് എന്തെല്ലാം പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും എന്നിങ്ങനെ നീണ്ടു ചോദ്യങ്ങൾ.

മീറ്റ് ദി കാൻഡിഡേറ്റ് പോലും ഓൺലൈന്‍ ആയി എന്നതാണ് സത്യം. എല്ലാ സ്ഥാനാർത്ഥികളും അവരെ പരിചയപ്പെടുത്തുന്ന രണ്ട് മിനിറ്റ് വിഡിയോ ഷൂട്ട് ചെയ്യുന്നതാണ് രീതി. കോളജിനു വേണ്ടിയും വിദ്യാർത്ഥികൾക്കു വേണ്ടിയും ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും ഈ വിഡിയോയിലൂടെ അവതരിപ്പിക്കാനാകും. എല്ലാ വിഡിയോയും ഒരുമിച്ചു ചേര്‍ത്ത് കോളജിന്റെ ഒഫീഷ്യൽ യൂ ട്യൂബിൽ അപ്‍ലോഡ് ചെയ്ത് വിദ്യാർത്ഥികളിലേക്ക് എത്തിച്ചു. ഏറ്റവും ഒടുവിൽ നടന്ന ഡിജിറ്റൽ തെരഞ്ഞെടുപ്പും പഴുതുകളില്ലാതെ നടത്താനായി. കോളജ് യൂണിയന്റെ വെബ്സൈറ്റിലൂടെ ഓരോ വിദ്യാർത്ഥിക്കും കയറി വോട്ടു ചെയ്യാം എന്നതായിരുന്നു രീതി. മെയിൽ ഐഡിയും പാസ്‍വേഡും ഉപയോഗിച്ച് വെബ്സൈറ്റ് സന്ദർശിച്ചാണ് വോട്ടു രേഖപ്പെടുത്താനായി. തെര‍ഞ്ഞെടുപ്പിൽ വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ഉണ്ടായി എന്നു മാത്രമല്ല, ഒരു തെരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനും ഞങ്ങളുടെ യൂണിയന്‍ ഇലക്ഷന് കഴിഞ്ഞു. – നിരഞ്ജനയ്ക്ക് അഭിമാനം.

stc-1