Wednesday 26 August 2020 11:40 AM IST

സ്റ്റാർട്ടപ് തുടങ്ങി മൂന്നു മാസത്തിനുള്ളിൽ ആദ്യ വരുമാനം; 60 പിപിഇ കിറ്റുകൾ വാങ്ങി പൊലീസുകാർക്ക് സമ്മാനിച്ച് നന്മ!

Lakshmi Premkumar

Sub Editor

ppe44567t

നാലു മിടുക്കൻമാർ കുറേനാളായി ഒരു സ്റ്റാർട്ട്‌ അപ്പിന്റെ പിന്നാലെയായിരുന്നു. ഒടുവിൽ സ്റ്റാർട്ട്‌ അപ്പിന്റെ ആദ്യത്തെ വരുമാനവുമായി, ചില്ലിങിനോ, പാർട്ടിക്കോ, ഫ്രണ്ട്സുമായി ചുറ്റിയടിക്കാനോ അല്ല അവർ പോയത്. അടുത്ത സുഹൃത്തിന്റെ സഹോദരനായ ഡോക്ടറിൽ നിന്നും 60 പിപിഇ കിറ്റുകൾ വാങ്ങി സ്വന്തം നാട്ടിലെ പൊലീസുകാർക്ക് സമ്മാനിച്ചു. ലോകം ഇങ്ങനെയൊരു മഹാമാരി നേരിടുമ്പോൾ സ്റ്റുഡന്റസ് ആയ ഞങ്ങൾ ഇത്രയെങ്കിലും ചെയ്യണ്ടേ എന്നാണ് ഈ നാൽവർ സംഘത്തിന് ചോദിക്കാനുള്ളത്. 

മദ്രാസ് ഐ ഐ ടിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് രണ്ടാം വർഷക്കാരൻ അക്ഷയ് കൃഷ്ണ, ഖരാപൂരിൽ ഐ ഐ ടിയിൽ നേവൽ ആർക്കിടെക്ട് പഠിക്കുന്ന ലിയോ ലോറെൻസ്, കോഴിക്കോട് എൻ ഐ ടിയിൽ കെമിക്കൽ എൻജിനീയറിങ് പഠിക്കുന്ന ക്രിസ്റ്റി സനി സൂറത്ത്ഖൽ എൻ ഐ ടിയിൽ ഇലക്ട്രോണിക്സ്‌ ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി ആദിത്യ മധുസൂതനൻ എന്നീ മിടുക്കൻമാരാണ് അപ്രതീക്ഷിതമായി പോലീസിനെ വരെ സർപ്രൈസ് കൊടുത്തത്. 

സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്തുക്കൾ ആണ്. ഹയർ എഡ്യൂക്കേഷൻ തിരഞ്ഞെടുത്തപ്പോൾ പലരും ഇന്ത്യയിലെ പല സ്ഥലങ്ങളിലെ ഐ ഐ ടിയിലും എൻ ഐ റ്റിയിലും വിദ്യാർത്ഥികളായി മാറി. നാലുപേർക്കും പ്രായം ഇരുപതിൽ താഴെ. എങ്കിലും സൗഹൃദത്തിന്റെ നൂലിൽ പുതിയ എന്തെങ്കിലും ഒന്ന് ട്രൈ ചെയ്താലോ എന്ന് ചിന്തിച്ചപ്പോഴാണ് സ്റ്റാർട്ട്‌ അപ്പ്‌ എന്ന ആശയം തോന്നിയത്. 

ppekkjfd

സ്വന്തമായി ചെറിയ വരുമാനവും ആവും. ഭാവിയിൽ ഒരു എക്സ്പീരിയൻസ് കൂടിയാകും. പഠിക്കുന്ന വിഷയത്തിൽ നിന്നും വ്യത്യാസമുള്ള മേഖലയാണ്. നല്ല പോലെ സ്റ്റഡിയും, റിസേർച്ചും വേണ്ടി വന്നു ആദ്യ നാളുകളിൽ. അങ്ങനെ ഒരുപാട് നാളത്തെ ഹാർഡ് വർക്കിന്റെ ഫലമായിട്ടാണ് Muon എന്ന സ്റ്റാർട്ട്‌ അപ്പിന് തുടക്കം കുറിച്ചത്. സംതിങ് ക്രിയേറ്റീവ് അതായിരുന്നു സ്റ്റാർട്ട്‌ അപ്പിന്റെ ലക്ഷ്യം. നാലു പേരും നാലു സ്ഥലതായതു കൊണ്ട് വിഡിയോ കാൾ വഴിയായിരുന്നു പദ്ധതികൾ എല്ലാം ആവിഷ്കരിച്ചത്. അതിനിടയിൽ ലോക്ക് ഡൗൺ കൂടി വന്നു. പക്ഷെ, ലക്ഷ്യം മുന്നിൽ വച്ച് ശക്തമായി മുന്നോട്ട് പോയി. അങ്ങനെ മൂന്ന് മാസത്തിനുള്ളിൽ തന്നെ ആദ്യത്തെ വരുമാനം കിട്ടി തുടങ്ങി. 

"നാലുപേരുടെയും സ്ഥലം കോഴിക്കോട് ആണ്. അപ്പോൾ പിന്നെ മൂന്നാമത് ഒന്ന് ചിന്തിക്കേണ്ടി വന്നില്ല. ജന്മനാടിനു വേണ്ടി എന്തെങ്കിലും ചെയ്യാം എന്നായി. കൂടെ പഠിച്ച ഒരു സുഹൃത്തിന്റെ പേരെന്റ്സ് ഡോക്ടർസ് ആണ്. അവർ വഴി അറുപതു പിപിഇ കിറ്റ് വാങ്ങി. നമുക്ക് കാവൽ നൽകുന്ന പൊലീസ് എന്ന ഓപ്ഷൻ തന്നെയാണ് ആദ്യമേ മനസിലേക്ക് വന്നത്. അങ്ങനെ 30 കിറ്റ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ സമ്മാനിച്ചു. അടുത്ത മുപ്പത് കിറ്റ് കലക്ടറുടെ ഓഫീസിൽ എത്തി അദ്ദേഹത്തിന്റെ കൈകളിലും ഏല്പിച്ചു. 

"അക്ഷയ്യുടെ കണ്ണുകളിൽ അഭിമാനം നിറഞ്ഞു. അറിഞ്ഞവരൊക്കെ വിളിച്ച് അഭിനന്ദിച്ചു. പക്ഷെ, ഇതു ഒരു തുടക്കം മാത്രമാണ്. ഇനിയും ഏറെ ചെയ്യാൻ കിടക്കുന്നു. ഞങ്ങളുടെ കുഞ്ഞു സ്റ്റാർട്ട്‌ അപ്പ് വഴി സമൂഹത്തിന് ചെറിയ രീതിയിൽ എങ്കിലും കൈതാങ്ങ് ആകാൻ കഴിയുമെന്നതാണ് പ്രതീക്ഷ."

Tags:
  • Spotlight
  • Motivational Story