Thursday 11 October 2018 05:33 PM IST : By സ്വന്തം ലേഖകൻ

‘ആ വേദനയുടെ മുറിവുണങ്ങിയിട്ടില്ല, ലക്ഷ്മി സാധാരണ നിലയിലെത്താൻ സമയമെടുക്കും’; സ്റ്റീഫൻ ദേവസി

stephan-lek

ബാലഭാസ്കറിന്റേയും മകൾ തേജസ്വിനിയുടേയും മരണം സമ്മാനിച്ച വേദനകൾ പേറുന്ന മലയാളക്കര മനസു നിറഞ്ഞ പ്രാർത്ഥനയിൽ കൂടിയാണ്. എല്ലാ വേദനയും സഹിക്കാൻ ഈശ്വരൻ ബാക്കിയാക്കിയ ലക്ഷ്മിയുടെ ആരോഗ്യത്തിനു വേണ്ടി മനമുരുകി പ്രാർത്ഥിക്കുകയാണ് ഓരോ സഹൃദയരും. ബാലയുടേയും മകൾ ജാനിയുടേയും മരണം ഏൽപ്പിച്ച വേദന ഉൾക്കൊള്ളാൻ ലക്ഷ്മിക്കാകണേ എന്ന് ഏവരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

അതിന്റെയെല്ലാം പൂർണതയാണ് ലക്ഷ്മി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നുവെന്നുള്ള ആശ്വാസവാർത്ത. ബാലയുടേയും തേജസ്വിനുയുടേയും മരണവിവരം വേദനയോടെ കേട്ടറിഞ്ഞ ലക്ഷ്മി പതിയെ പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണ്.

പതിവു പോലെ ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരവുമായി എത്തിയിരിക്കുകയാണ് ബാലഭാസ്കറിന്റെ സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസി. ചികിത്സയിൽ കഴിയുന്ന ലക്ഷ്മി സാധാരണ നിലയിലെത്താൻ സമയമെടുക്കുമെന്നു സ്റ്റീഫൻ ദേവസ്സി പറയുന്നു. ‘ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. ബാലഭാസ്കറിന്റെയും മകളുടെയും മരണവാർത്ത ഉൾക്കൊള്ളാൻ ലക്ഷ്മിക്ക് അൽപം സമയം വേണ്ടിവരും. ബാലഭാസ്കറിന്റെ മാനേജർ തമ്പി അറിയിച്ചതായി സ്റ്റീഫൻ ഫെയ്സ്ബുക്ക് ലൈവിൽ പറയുന്നു.

സ്റ്റീഫന്റെ വാക്കുകൾ ഇങ്ങനെ:

‘ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ച് സുപ്രധാനമായൊരു കാര്യം പങ്കുവയ്ക്കാനുണ്ട്. ബാലയുടെ മാനേജർ മിസ്റ്റർ തമ്പി പറഞ്ഞത് പ്രകാരം ലക്ഷ്മിയുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. എന്നാൽ ലക്ഷ്മി സാധാരണനിലയിലെത്താൻ അൽപം സമയമെടുക്കും. കാരണം ബാലയുടെയും മകളുടെയും മരണവാർത്ത ഏൽപ്പിച്ച വേദന അവരെ നന്നേ തളർത്തിയിട്ടുണ്ട്. ആ സത്യം ഉൾക്കൊണ്ടു കൊണ്ടു കൂടി വേണം അവർ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ. എല്ലാവരും അവർക്കു വേണ്ടി പ്രാർത്ഥിക്കണം.

ബാലയെ സ്നേഹിക്കുന്നവർക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി മാത്രമാണ് ഞാൻ ഇക്കാര്യങ്ങളെല്ലാം അറിയിക്കുന്നത്. അല്ലാതെ ഇതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിവരങ്ങൾ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ബാല എന്റെ അത്രയും അടുത്ത സുഹൃത്തായിരുന്നു.'