Saturday 15 September 2018 04:23 PM IST

മരുന്നോർമകൾ ഉറങ്ങുന്ന വീട്; തൈക്കാട്ടുശ്ശേരി ആയൂർവ്വേദ മ്യൂസിയത്തിലേക്കൊരു യാത്ര

Vijeesh Gopinath

Senior Sub Editor

ayur_1
ഫോട്ടോ: ശ്യാം ബാബു

പുറത്ത് ബഹളം പെയ്യുന്നുണ്ട്. ഹോൺ മുഴക്കി പാഞ്ഞു പോകുന്ന വാഹനങ്ങൾ, ഏതൊക്കെയോ തിരക്കിലേക്ക് പറന്നു പോകുന്ന ആൾക്കൂട്ടങ്ങൾ. പിടിവിട്ടു തെന്നിപ്പോകുന്ന പട്ടം പോലെ എല്ലാവരും സമയമില്ലാതെ കുതിച്ചു പായുകയാണ്.


ആ ആൾപ്പുഴയ്ക്ക് അരികിലായി  ഒരു പടിപ്പുര തലയുയർത്തി നിൽക്കുന്നുണ്ട്. പുറത്തു നിന്നു നോക്കുമ്പോഴേ കാണാം അകം നിറയെ പച്ചപ്പാണ്. ജീവിതം ധ്യാനമാണെന്നോർത്തു നില‍്‍ക്കുന്ന കുറേ ചെടികളും മരങ്ങളും. മുക്കുറ്റി മുതൽ മാവും പ്ലാവും പേരയും വരെയുണ്ട്. നിലത്ത് പച്ചപ്പുൽ മൈതാനം. അകത്ത് ശലഭനിറം. പിന്നെ, കിളിക്കൊഞ്ചൽ...  
 അതിനൊക്കെ ഇടയിലാണ് മരുന്നോർമകളുടെ ആ വീട്.  ഇത് ഒല്ലൂർ തൈക്കാട്ടുശ്ശേരിയിലെ വൈദ്യരത്നം ആയുർവേദ മ്യൂസിയം. തിരക്കുകളിലോടി തളരുമ്പോൾ, ജീവിത ശൈലിയുടെ താളം തെറ്റലിൽ തളർന്നു പോകുമ്പോൾ അതിനൊക്കെയപ്പുറം ആയുർവേദത്തെ കുറിച്ച് കണ്ടറിയാൻ ഈ വാതിൽ തുറന്ന് അകത്തേക്കു കയറാം.


മരുന്നിന്റെ സുഗന്ധമാണ് തൈക്കാട്ടുശ്ശരിക്ക്. തൈലവും കുഴമ്പും പാകമാകുമ്പോൾ വായുവിൽ പടരുന്ന വാസന.    പടിപ്പുരയിലെത്തിയപ്പോഴേ തൈലം തേച്ച് കുളിച്ചെഴുന്നേറ്റ   കാറ്റ് കൈപിടിച്ചു പതുക്കെ പറ‍ഞ്ഞു, വരൂ... മരുന്നിന്റെ ഹൃദയത്തിലേക്കു കടന്നിരിക്കാം.


തിരക്കില‍്‍ നിന്നൊന്നു മാറിനിൽക്കൂ

പാഞ്ഞൊഴുക്കിൽ നിന്ന് അകത്തേക്കു കയറി. ആദ്യ ചുവടിൽ തന്നെ ആ മാറ്റം തിരിച്ചറിയാം. ഇപ്പോൾ നിൽക്കുന്നത് ശാന്തമായ, ഇലയനക്കം പോലും ഒാളമുണ്ടാക്കാത്ത ഒരു തടാകക്കരയിലാണ്. ഇവിടെ ആരും തള്ളിമാറ്റില്ല. ‘സമയം പോയി, വേഗം വേഗം’ എന്നു ധൃതി കൂട്ടില്ല. പതുക്കെ മുന്നോട്ടു നടക്കാം. കാഴ്ചകൾ കണ്ടറിഞ്ഞ് എത്ര വേണമെങ്കിലും നിൽക്കാം.


ആയുർവേദത്തിനായി ഒരു മ്യൂസിയവും ചരിത്രവും കഥകളും പറഞ്ഞു കൊടുക്കുന്ന ഇടവും കേരളത്തിൽ അധികമില്ല. ആയുസ്സിന്റെ വേദത്തിനൊപ്പം ഒരു ദിവസം മുഴുവൻ ചെലവഴിക്കാനുള്ള ഇടമായി ഏറെപ്പേർ ഈ വീടിനുള്ളിലേക്ക് എത്തുന്നുണ്ട്. ചിട്ടയും പഥ്യവുമുള്ള ചികിത്സാ രീതിപോലെ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട് മരുന്നിനിടയിലൂടെയുള്ള ഈ യാത്രയ്ക്ക്. അതിനെക്കുറിച്ചു പറയാൻ മ്യൂസിയം ക്യുറേറ്റർ അനിൽ  എത്തി.  ഈ മതിൽക്കെട്ടിനുള്ളിലെ ഒാരോ കാഴ്ചയും കൈവെള്ളയിലെ രേഖ പോലെയാണ് അനിലിന്. വർഷങ്ങളായി മരുന്നിന്റെ മനസ്സിനടുത്തുള്ള ജീവിതം.

ayur_4
ഫോട്ടോ: ശ്യാം ബാബു


‘‘ആദ്യം നമുക്ക് ചെടികളെയും മരങ്ങളെയും പരിചയപ്പെ ടാം. അതു കഴിഞ്ഞാൽ ആയുർവേദം എന്താണെന്നറിയാം. പിന്നെ,  മ്യൂസിയത്തിലേക്കു കയറാം. എങ്കിലേ കാഴ്ചകൾക്കൊരു തെളിച്ചമുണ്ടാകൂ...’’ അനിൽ ആമുഖം പറഞ്ഞു.    


ഇലഞ്ഞിയാണ് ആദ്യം കണ്ണിലേക്ക് എത്തുന്നത്. അത് നട്ടതാരെന്നറിഞ്ഞാൽ ഇലഞ്ഞിക്ക് ഗമ കൂടുമെന്നുറപ്പാണ്. മുൻ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ അബ്ദുൾ കലാം. തൊട്ടപ്പുറത്ത് നക്ഷത്രവനം ഉണ്ട്. 27 ജന്മ നക്ഷത്രങ്ങളുമായി ബന്ധപ്പെട്ട മരങ്ങൾ ഏതൊക്കെയാണെന്നു എഴുതിയിരിക്കുന്ന ബോർഡ് ചൂണ്ടിക്കാണിച്ച് അനിൽ പറഞ്ഞു.


‘‘ 27 നാളുകാരും നട്ടു വളർത്തുകയും പൂജിക്കുകയും ചെയ്യേണ്ട മരങ്ങളുണ്ട്. അതെല്ലാം വെറും വിശ്വാസം മാത്രമല്ല.  ഒരു മരം വെട്ടിയാൽ മറ്റൊരു മരം ഭൂമിയിൽ വളരണം എന്ന ഉദ്ദേശമാണ് ആ വിശ്വാസത്തിനു പിന്നിലുള്ളത്. മരുന്നല്ലാതെ ഒരു വസ്തുവും ഭൂമിയിലില്ല എന്നാണ് ആയുർവേദം അനുശാസിക്കുന്നത്. ഇത്തരം അറിവുകൾ പുതിയ തലമുറയ്ക്കു പകർന്നു കൊടുക്കുകയാണ് ഈ മരങ്ങളുടെയും ചെടികളുടെയും ലക്ഷ്യം. മൂന്നൂറോളം അപൂർവ ചെടികളും ഇവിടെയുണ്ട്.’’


സ്വന്തം ലക്ഷ്യം തിരിച്ചറിഞ്ഞതു കൊണ്ടാകാം അരികിൽ നിൽക്കുന്ന ഞാവൽമരം ഒരിളം കാറ്റ് തൊടുത്തു വിട്ടു. ചുറ്റും നിൽക്കുന്ന നൂറുകണക്കിനു മരങ്ങളും ചെടികളും അതേറ്റു ചൊല്ലി. മതിലിനരികില്‍ വളർത്തുന്ന കാവിൽ വള്ളികളും മറ്റും ആടിത്തുടങ്ങി.


 മരങ്ങൾ മാത്രമല്ല നിരവധി ഒൗഷധചെടികളും മ്യൂസിയത്തിനു ചുറ്റുമുണ്ട്. ഉള്ളിലേക്ക് കയറുമ്പോൾ തന്നെ മംഗളമുഹൂർത്തങ്ങളിലെ നിറസാന്നിധ്യമായ ദശപുഷ്പങ്ങൾ നിരന്നു നിൽക്കുന്നു. മുക്കുറ്റിയും തിരുതാളിയും  ക‍‍ൃഷ്ണകാന്തിയും  മുയൽ ചെവിയനുമൊക്കെ ഞങ്ങളെക്കുറിച്ചറിയുമോ എന്നു ചോദിക്കുന്നു. ഓരോ വേരിലും പൂവിലും ഇതളിലുമെല്ലാം ഒൗഷധഗുണം നിറച്ചുവച്ച ദശപുഷ്പത്തിനപ്പുറം പത്തു തരം തുളസിച്ചെ ടികളുമുണ്ടിവിടെ. വിക്സിന്റെ ഗന്ധവും മിന്റിന്റെ രുചിയു മുള്ളത്, മധുരമുള്ളത്, പിന്നെ രാമ തുളസി, നാരങ്ങാ തുളസി...

മരുന്നല്ലാത്ത മറ്റൊന്നുമില്ല. ഇനി തിയറ്റർ മുറിയിലേക്കുകയറാം. തിയറ്റർ മുറിയിലേക്കുള്ള വഴിയിൽ വലിയ കിണർ, വെള്ളം കോരാനുള്ള തുടിയും ബക്കറ്റും. കണ്ണീരുപോലെ തെളിനീർ.


പഠന മുറിയിലേക്ക്...


ചെന്നു നിന്നത് ‘ആയുർവേദ പാഠശാല’യിലാണ്. പഴയവീടിന്റെ ഒരു മുറി ഒാഡിയോ വിഷ്വൽ തിയറ്റർ ആക്കി മാറ്റിയിരിക്കുന്നു. വലിയ സ്ക്രീനിൽ തെളിയുന്നത് ആയുർവേദം എന്ന ശാസ്ത്രത്തിന്റെ വിവിധ ഏടുകൾ.


‘‘ഭക്ഷണ രീതിയിലും ജീവിത ശൈലിയിലുമൊക്കെ വന്ന മാറ്റമാണ് കുട്ടികളെ പോലും രോഗികളാക്കി മാറ്റുന്നത്. ആ രോഗ്യമുള്ളവരായി ജീവിക്കാന്‍ എന്തു േവണം എന്നാണ് മൂന്നു മണിക്കൂറോളമുള്ള ഷോയിലൂടെ കാണിക്കുന്നത്. കർക്കടക ചികിത്സ, കർക്കടക കഞ്ഞി... എല്ലാം ജീവിതത്തിലേക്കു തിരിച്ചു വന്നു തുടങ്ങി. ഇതൊക്കെ എന്താണെന്നു നമുക്ക്  ഈ ഷോയിലൂടെ മനസ്സിലാക്കാം.
മ്യൂസിയത്തിലേക്ക് കടക്കും മുൻപ് നാടിന് ആയുസ്സിന്റെ ബലം കൂട്ടിയ വൈദ്യരത്നം തലമുറയെ കുറിച്ചു കൂടി പറഞ്ഞു തരാം. അഷ്ടവൈദ്യന്മാരിൽ പേരെടുത്തവരാണ് ഇളയിടത്ത് തൈക്കാട്ടു മൂസ്സ് കുടുംബം. ചരിത്രവും കഥകളുമായി പതിനെട്ടാം നൂറ്റാണ്ടു മുതൽക്കേയുള്ള രേഖകളിൽ തൈക്കാട്ടു മൂസ്സുമാരുണ്ട്. അതിലൊന്നാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ െഎതിഹ്യമാലയിലെ ഇളേടത്ത് പരമേശ്വരൻ മൂസ്സിനെക്കുറിച്ചുള്ള കഥ.

ayur_6
ഫോട്ടോ: ശ്യാം ബാബു


കുടുംബത്തില്‍ വൈദ്യമറിയുന്ന ജ്യേഷ്ഠാനുജന്മാരിൽ മൂത്തയാളായിരുന്നു പരമേശ്വരൻ മൂസ്സ്. ചികിത്സയിൽ കേമൻ അനുജനായിരുന്നു. മാത്രമല്ല, പരമേശ്വരൻ മൂസ്സിന് ഇശ്ശി നൊസ്സ്ണ്ടോന്നൊരു സംശയമെന്നു പറഞ്ഞ് ഒളിഞ്ഞും തെളി ഞ്ഞും പരിഹസിക്കുന്നവരുമുണ്ടായിരുന്നു.


ഒരിക്കൽ പൂമുള്ളി മനയിൽ നിന്ന് ഒരു രോഗിയെ ചികിത്സയ്ക്കായി കൊണ്ടുവന്നു. അന്ന് ഇല്ലത്ത് പരമേശ്വരൻ മൂസ്സ് മാത്രമേയുള്ളൂ. ‘ചേട്ടൻ ചികിത്സിച്ചാൽ ശരിയാകില്ല’ എന്ന ഭയം പൂമുള്ളിമനയിൽ നിന്നു വന്നവർക്കുണ്ടായിരുന്നു. അവരത് തുറന്നു പറഞ്ഞ് തിരിച്ചു പോയി.


 ആ മനസ്താപത്താൽ പരമേശ്വരൻ മൂസ്സ് പെരുവനം ക്ഷേത്രത്തിൽ 12 സംവത്സരം ഭജനമിരുന്നു. കൊടും തപസ്സ്. അതോടെ ചികിത്സയിൽ അദ്ദേഹത്തിന് വലിയ സിദ്ധി കൈ വന്നു. ഒരാളുടെ ശാരീരിക ലക്ഷണങ്ങൾ വച്ച് ആയുസ്സ് പ്ര വചിക്കാൻ വരെ കഴിവുണ്ടായി. അതോടെ അദ്ദേഹം മരണത്തൈക്കാട് എന്നറിയപ്പെടാൻ തുടങ്ങി.


  കഥകളേറെയുണ്ട്. ഒരിക്കൽ അദ്ദേഹം തിങ്കൾ ഭജനത്താനായി ഗുരുവായൂർ ക്ഷേത്രത്തിലേക്കു പോയി. പുന്നത്തൂർ കോട്ട അന്ന് രാജാവിന്റെ കൊട്ടാരമായിരുന്നു. അതിനു മുന്നിലൂടെ മൂസ്സ് പോകുമ്പോൾ രാജഭടന്മാർ മൂന്നു പേരെ ചങ്ങലയ്ക്കിട്ടു നിർത്തിയിരിക്കുന്നതു കണ്ടു. രാജാവ് തൂക്കി കൊല്ലാന്‍ വിധിച്ചവരായിരുന്നു അവർ. അവരെ നോക്കി മൂസ്സ് പറഞ്ഞു, ‘ഈ കൂട്ടത്തിലൊരാൾക്ക് മരിക്കാനുള്ള സമയമായിട്ടില്ല.’


അതുപോലെ സംഭവിച്ചു. തൂക്കി കൊല്ലുന്നതിനു മുമ്പ് അതിലൊരാൾ രക്ഷപ്പെട്ടു. സംഭവമറിഞ്ഞപ്പോൾ മൂസ്സിനെ രാജകൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി. രാജാവ് താനെന്നു  മരിക്കും എന്നു പ്രവചിക്കാൻ ആവശ്യപ്പെട്ടു. ഇനി ഞാനങ്ങയെ കാണാൻ വരുന്നത് അങ്ങയുടെ മരണത്തിന്റെ തലേ ദിവസമാകും എന്നുപറഞ്ഞ് മൂസ്സ് ഇറങ്ങി പോന്നു.


വർഷങ്ങൾ കഴിഞ്ഞു. ആ പറഞ്ഞത് എല്ലാവരും മറന്നു.  രാജാവിന്റെ പിറന്നാളാഘോഷ ദിവസത്തിനു തലേ ദിവസം മൂസ്സ് എത്തി. പിറ്റേന്ന് ഒപ്പമുള്ളവരോടു മൂസ്സ് പറഞ്ഞു, ദർഭ വിരിച്ചോളൂ... അൽപസമയത്തിനുള്ളിൽ രാജാവ് കുഴഞ്ഞുവീണു മരിച്ചു.   


  പിന്നീടുള്ള തലമുറയിലെ നാരായണൻ മൂസ്സും ഇട്ടീരിമൂസ്സുമെല്ലാം സ്വാതി തിരുന്നാളിനെയും തൃപ്പൂണിത്തുറ രാ ജാവിനെയും ഒക്കെ ചികിത്സിച്ചിട്ടുണ്ട്. ‘വൈദ്യരത്നം’ എന്ന പേര് ബ്രിട്ടീഷുകാർ നൽകിയ അംഗീകാരമാണ്. 1924 ലാണ് ഇ. ടി നാരായണൻ മൂസ്സിന് ആ പുരസ്കാരം ലഭിച്ചത്. അദ്ദേഹത്തിന്റെ മകൻ നീലകണ്ഠൻ മൂസ്സാണ് വൈദ്യരത്നം ഒൗഷധശാല തുടങ്ങുന്നത്. ഇപ്പോഴത്തെ മ്യൂസിയമായിരുന്നു അന്ന് മരുന്നുണ്ടാക്കിയിരുന്ന സ്ഥലം. ഇനി നമ്മൾ അങ്ങോട്ടാണു പോവുന്നത്.’’ അനിൽ എഴുന്നേറ്റു.


പാരമ്പര്യത്തിന്റെ ഇളവെയിൽ കടന്ന് മ്യൂസിയത്തിനടുത്തേക്കു നടന്നു. പുൽമെത്തയിൽ ബുദ്ധന്റെയും ശങ്കരാചാ ര്യരുടെയും പ്രതിമകൾ. അതിനപ്പുറം തലമുറയിലെ പ്രശ സ്തരുടെ ശിൽപങ്ങള്‍.  


അറിവിലേക്കുള്ള ഇടനാഴി

ayur_5
ഫോട്ടോ: ശ്യാം ബാബു

മണിച്ചിത്രത്താഴുള്ള വലിയ വാതിൽ തുറന്നു കയറുന്നത് ഹാളിലേക്കാണ്. ഇരുവശത്തുമായി ആയുർവേദത്തിന്റെ വളർച്ച കാഴ്ചകളായി അണിനിരത്തിയിരിക്കുന്നു. പുരാണവും ചരി ത്രവും കലർന്ന കാഴ്ചകൾ. ആയുർവേദത്തിന്റെ ഉൽപത്തി യും ചരിത്രവും ഒാരോ അറകളിലായി പുനരവതരിപ്പിച്ചിരിക്കുന്നു.  തീയും വെള്ളവും കാറ്റും എല്ലാം കണ്ടറിയാൻ കഴിയും. പ്രതിമകളും മരങ്ങളും പ്രകൃതിയും ഒാരോ അറകളിലും ഒരുക്കി വച്ചിരിക്കുന്നു.


ആദ്യ മുറിയിൽ പുരാണങ്ങളുടെയും വിശ്വാസങ്ങളുടെയും കാഴ്ചകളാണ്. ആയുർവേദത്തിന്റെ തുടക്കം എങ്ങനെയാണെന്ന് ഈ കാഴ്ചകളില്‍ നിന്നു മനസ്സിലാക്കാം. യാഗവും പ്രാചീന ചികിത്സാ രീതികളും അഗ്നി കണ്ടെത്തിയ മനുഷ്യൻ അതു സൂക്ഷിക്കുന്നതും ചികിത്സയിലേക്ക് കൊണ്ടുവരുന്നതും  കാണാം. പ്രകൃതിയിൽ നിന്നുള്ള ഇലയും കായുമെല്ലാം ചികിത്സയ്ക്കായി കണ്ടെത്തിയ കാലം തിരിച്ചറിയാനാകും.  

   
പുരാതന താളിയോലകൾ മുതൽ ആയുർവേദ ഗ്രന്ഥങ്ങൾ വരെ എടുത്തു നോക്കാം. അടുത്ത ഘട്ടം സംഹിതകളുടേതാണ്. പ്രൈമറി ബുക്സ് ഒാഫ് ആയുർവേദ – അതാണ് സംഹിതകൾ. ബിസി 200ൽ ചികിത്സ നടത്തിയ ചരകന്റെയും ശുശ്രുതന്റെയും കാലം  ഈ  മുറിയിൽ പുനർനിർമിച്ചിരിക്കുന്നു. ഏതു വിഷവും സംസ്കരിച്ചാൽ മരുന്നായി മാറുമെന്ന് മനുഷ്യൻ തിരിച്ചറിയാൻ തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണ്.


തൊട്ടപ്പുറത്ത് ആത്രേയ മഹർഷിയുടെ രൂപം. അദ്ദേഹത്തിന്റ വാക്കുകളാണ് അഗ്നിവേശനുൾപ്പടെയുള്ള ആറു ശിഷ്യന്മാർ ഗ്രന്ഥരൂപത്തിലേക്കു പകർത്തിയത്. അഗ്നിവേശസംഹിതയാണത്രെ പിൽക്കാലത്ത് ചരകസംഹിതയായി മാറിയത്. പേരെടുത്ത ചികിത്സകനായ ആലത്തൂർ നമ്പിയെ  അശ്വനികുമാരൻമാർ പരീക്ഷിക്കാനെത്തിയ കഥയും ചിത്രമായി വരഞ്ഞു വീണിരിക്കുന്നു. അടുത്ത കളത്തിൽ ഗുരുവും ശിഷ്യന്മാരും ഇരിക്കുന്നു. സംഹിതകളുണ്ടായി കഴിഞ്ഞുള്ള മാറ്റമായിരുന്നു അത്. എഴുതിവയ്ക്കപ്പെട്ട രൂപമുണ്ടായപ്പോൾ അടുത്ത തലമുറയിലേക്ക്  അതു പകർന്നു കൊടുക്കാന്‍ തുടങ്ങി. അറിവുകൾ ശേഖരിക്കാനും എഴുതി വയ്ക്കപ്പെട്ട വിവരങ്ങളിലേക്ക് ചേർക്കാനും തുടങ്ങി. ഒപ്പം മരുന്നുകൾ ഉണക്കി സൂക്ഷിക്കാനും തുടങ്ങി.


പിന്നെ, കണ്ണു പോകുന്നത് രാജവൈദ്യത്തിലേക്കാണ്. സംഗ്രഹകാലഘട്ടം. ഇതിലാണ് രസശാല (ഫാർമസി) വരുന്നത്. വൈദ്യന്‍ നടുക്കിരിക്കും ചുറ്റും മരുന്നുകൾ ഉണ്ടാക്കുന്നതിന്റെ പലവിധത്തിലുള്ള കാര്യങ്ങൾ നടക്കുന്നു. ഇന്നത്തെ ഫാക്ടറിയുടെ പൂർവരൂപം. ഇങ്ങനെയുള്ള കേന്ദ്രങ്ങളി‍ൽ നിന്നാണ് യുദ്ധഭൂമിയിലേക്ക് മരുന്നുകൾ കൊണ്ടുപോകുന്നത്.


അടുത്ത ഘട്ടമായപ്പോഴേക്കും വൈദ്യന്മാർ കണ്ടും തൊട്ടും  രോഗങ്ങളറിയാൻ തുടങ്ങി. പിന്നെ, ചികിത്സയുടെ പുതിയ മേഖലകളിലേക്കെത്തുന്ന കാഴ്ചകളാണ് കാത്തിരിക്കുന്നത്. പണ്ടുകാലത്ത് ചികിത്സയ്ക്കുപയോഗിച്ചിരുന്ന ഉപകരണങ്ങൾ, ചികിത്സാരംഗത്തെ പുതുകൈവഴികൾ, വിഷചികിത്സ,ബാലചികിത്സ തുടങ്ങിയ മേഖലകൾ, പലതരം ചികിത്സാ രീതികൾ എന്നിവയെല്ലാം കണ്ടറിയാനാകും. ഏറ്റവും ഒടു വിൽ ചെന്നു നിൽക്കുന്നത് നീലകണ്ഠൻ മൂസ്സിന്റെ വലിയ പ്രതിമയ്ക്കു മുന്നിലാണ്. ആ കാലിൽ തൊടുമ്പോൾ ‘ആയുഷ്മാൻ ഭവ’ എന്ന അനുഗ്രഹവാക്കുകൾ കേൾക്കാം.

ayur_3
ഫോട്ടോ: ശ്യാം ബാബു


ഇനി പടികൾ കയറി മുകൾനിലയിലേക്കു പോകാം. നീളൻ വരാന്തയുടെ ആഢ്യത്വമാണ് ആദ്യം മനസ്സില്‍ നിറയുന്നത്. ഇനിയുള്ള കാഴ്ചകൾക്ക് ത്രിഡി ഭംഗിയുണ്ട്. ത്രീഡി കണ്ണടകൾ വച്ച് വിവിധ ചികിത്സാരീതികള്‍ ‘അടുത്തു കാണാം.’ ഒാരോ മുറികളിലുമായി പഴയതും പുതിയതുമായ കാലഘട്ടങ്ങളിലെ ചിത്രങ്ങൾ ചേർത്തു വച്ചിരിക്കുന്നു.

 
ഏറ്റവുമൊടുവിലെ മുറിയിൽ താളിയോല ഗ്രന്ഥങ്ങളും പൗരാണി വിജ്ഞാനവും കിയോസ്ക് ഉണ്ട്.  ചികിത്സാരീതികളെക്കുറിച്ച് ഇതിലൂടെ കണ്ടറിയാം.

    
കാഴ്ചകൾക്കിടയിലേക്ക് അഷ്ടവൈദ്യൻ ഇ.ടി പരമേശ്വരൻമൂസ്സ് കയറി വന്നു. ആയുർവേദത്തിന്റെ യാത്രകളെക്കുറിച്ചു പറയുന്ന ഈ മ്യൂസിയത്തിന്റെ ലക്ഷ്യം ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം വരച്ചിട്ടു.
‘‘മുത്തശ്ശനും വൈദ്യരത്നം ഗ്രൂപ്പിന്റെ സ്ഥാപകനുമായ ഇ.ടി നീലകണ്ഠൻ മൂസ്സിന്റെ നൂറാം ജന്മവാർഷികം ആഘോഷിച്ച വർഷമാണ് ഇതിന്റെ ആലോചനകൾ തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ഒാർമയ്ക്കായി എന്തു ചെയ്യണം എന്നാലോചിച്ചപ്പോൾ എന്റെ അമ്മയാണ് (സതി അന്തർജനം) മ്യൂസിയം എന്ന ആശയം മുന്നോട്ടു വച്ചത്. 2013 ഡിസംബറിൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.


സ്മാരകം എന്നതിനു പുറമേ ആയുർവേദത്തെക്കുറിച്ചുള്ള അവബോധം വരുംതലമുറയിലേക്കു പകർന്നു കൊടുക്കുകയുമായിരുന്നു ഇതിന്റെ ഉദ്ദേശം.’’ പരമേശ്വരൻ മൂസ്സ് പുഞ്ചിരിക്കുന്നു.


ആചാര്യ ഗൃഹം


ഒൗഷധശാല പ്രവർത്തിച്ചിരുന്ന നാലുകെട്ടാണ് മ്യൂസിയത്തിന്റെ മറ്റൊരു ഭാഗം. അഷ്ടവൈദ്യന്മാരായ വൈദ്യരത്നം നാരായണൻമൂസ്സ്, പദ്മശ്രീ ഇ.ടി നീലകണ്ഠൻ മൂസ്സ്, പദ്മഭൂഷൻ നാരായണൻ മൂസ്സ് തുടങ്ങിയ തലമുറയുടെ ജീവിത ചിത്രങ്ങളും ഒാർമകളുടെ ശേഖരവും ഇവിടെയുണ്ട്.  


നാലുകെട്ടിന്റെ നടുമുറ്റത്ത് എന്നും ‘മഴപെയ്യും.’ നടുക്കിരിക്കുന്ന വനദുർഗയുടെ വിഗ്രഹത്തിലേക്ക് ഒാടുവഴി ഇറങ്ങി വരുന്ന ക‍ൃത‍്രിമമഴ.  


കാഴ്ചകളിൽ നിന്നിറങ്ങി ചെന്നത് ഒരു ഗ്ലാസ് സംഭാരത്തിനു മുന്നിലേക്കാണ്. എരിവും പുളിയും അധികമില്ലാത്ത സംഭാരം അകത്തേക്കിറങ്ങി. ഉള്ളു തണുത്തത് സംഭാരം കൊണ്ടുമാത്രമല്ല, ആയുസ്സിന്റെ വേദത്തെക്കുറിച്ചുള്ള കാഴ്ചക  ൾ കൊണ്ടുകൂടിയാണ്.