Friday 14 September 2018 12:13 PM IST

‘ഒറ്റയാളാണെങ്കിലും ഒറ്റയ്ക്കല്ലല്ലോ?’; പരിമിതികളെ പാട്ടിനു വിട്ട് സ്വപ്നങ്ങൾക്കു പുറകേ പോകുന്ന ആസിമിന്റേയും അനുഗ്രഹിന്റേയും കഥ

Shyama

Sub Editor

dis ഫോട്ടോ: അഖിൽ കൊമാച്ചി

സ്കൂളിനെ വളർത്തിയ ആസിം

ഇരു കൈകളുമില്ലാതെ തൊണ്ണൂറു ശതമാനം ശാരീരികവൈകല്യത്തോടെ ജനിച്ച കുട്ടിയായിരുന്നു മുഹമ്മദ് ആസിം. നേരെ നിവർന്നു നിൽക്കാൻ കൂടി കഴിയാത്ത ഈ കുട്ടിയാണ് ഒരു പോരാട്ടം നടത്തിയത് എന്നു പ റഞ്ഞാൽ അവിശ്വസിനീയമായി തോന്നും.


വഴിമുട്ടി നിന്ന പഠനം തുടരാൻ വേണ്ടി മാത്രമാണ് ആസിം നിയമപ്പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ശരീരിക വൈകല്യങ്ങള‍്‍ കാരണം ദൂരെ പോയി പഠിക്കാൻ സാധിക്കില്ലെന്നു കാണിച്ച് ആസിം കൊടുത്ത പരാതിയിൽ 2018–2019 വർഷം വെളിമണ്ണ ഗവൺമെന്റ് മാപ്പിള യു.പി. സ്കൂളിൽ എട്ടാം ക്ലാസ് തുടങ്ങാൻ ഹൈക്കോടതി വിധി വന്നു. അങ്ങനെ ആസിമിനു വേണ്ടി മാത്രം  ഒരു സ്കൂൾ ഏഴാം ക്ലാസ്സിൽ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ജയിച്ചു.


കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലെ മുഹമ്മദ് ഷഹീദ് യമാനി– ജംസീന ദമ്പതികൾകളുടെ ആദ്യത്തെ കൺമണിയാണ് മുഹമ്മദ് ആസിം. ആസിമിനിപ്പോൾ 12 വയസ്സായി. ഗർഭം ധരിച്ച് നാലു മാസമായപ്പോഴേക്കും ഡോക്ടർമാരടക്കം പലരും ഈ കൂട്ടി ജനിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടിരുന്നു. കുട്ടിക്ക് വളർച്ചയില്ലാത്തതായിരുന്നു കാരണം. ഇതൊക്കെ കേട്ടിട്ടും ആസിമിന്റെ ഉപ്പയും ഉമ്മയും കുട്ടിയെ വളർത്താൻ തന്നെ തീരുമാനിച്ചു. ആ തീരുമാനത്തിന് അവർ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.
‘‘കുട്ടി ജനിച്ചപ്പോൾ തല വളരെ വലുത്. ഒരു കാൽ മറ്റേതിനേക്കാള‍്‍ ചെറുത്. താടിയെല്ലുകൾ ഉറച്ചിട്ടില്ലാത്തതു കൊ    ണ്ട് മുലപ്പാൽ കുടിക്കാൻ കൂടി കഴിയില്ല. വളർന്നിട്ടും പല്ലുകളില്ല. നാവിനു പ്രശ്നങ്ങൾ... ഒന്നാം ക്ലാസും  രണ്ടാം ക്ലാസുമൊക്കെ ആസിം വീട്ടിലിരുന്നു തന്നെയാണ് പഠിച്ചത്.’’ ആസിമിന്റെ  ഉപ്പ ഷഹീദ് പറയുന്നു. അധ്യാപകർ വീട്ടിൽ വന്ന് പാഠങ്ങൾ പറഞ്ഞു കൊടുത്തപ്പോൾ ഈ മിടുക്കൻ വളരെ ആവേശത്തോടെ പഠിച്ചെടുക്കുകയും ചെയ്തു.


മാപ്പിള സ്കൂളിലെ അധ്യാപകൻ ഖാദർ മാഷാണ് ആസി മിനെ സ്കൂളിൽ വിട്ടു പഠിപ്പിക്കണം അല്ലെങ്കിൽ അവൻ വീ    ടിന്റെ നാലു ചുവരുകൾക്കുള്ളിൽ തന്നെ ഒതുങ്ങിപ്പോകും എ ന്നു പറയുന്നത്. അങ്ങനെ ആസിം ആദ്യമായി മൂന്നാം ക്ലാസ് മുതൽ സ്കൂളിൽ പോയി പഠിച്ചു തുടങ്ങി. ആസിമിനെ എടുത്താണ് സ്കൂളിൽ എത്തിച്ചിരുന്നത്. ആദ്യത്തെ ചെറിയ ചില ബുദ്ധിമുട്ടുകളും അസ്വസ്ഥതകളും മാറിയപ്പോഴേക്ക്  ആസിമിന് സ്കൂളിനെയും കൂട്ടുകാരേയുമൊക്കെ ഇഷ്ടമായി.

dis_1 ഫോട്ടോ: അഖിൽ കൊമാച്ചി


ഇവിടെ തുടങ്ങിയ പോരാട്ടം


നാലാം ക്ലാസ് കഴിഞ്ഞ് ദൂരേക്ക് പോയി പഠിക്കാനുള്ള പ്രാപ്തി ആസിമിനോ അവന്റെ വീട്ടുകാർക്കോ ഉണ്ടായിരിന്നില്ല. പഠനം പാതി വച്ച് നിർത്താനും വയ്യ. അങ്ങനെയാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആസിം കാലുകൊണ്ട് ക ത്തെഴുതിയത്. എൽ.പി സ്കൂൾ യു.പി ആക്കി ഉയർത്തി തരണം എന്നായിരുന്നു ആവശ്യം. അന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക കാബിനറ്റ് കൂടിയാണ് എൽ.പി. സ്കൂൾ യു.പി. ആക്കി ഉയർത്തിയത്.


ഏഴാം ക്ലാസ് കഴിഞ്ഞപ്പോഴേക്കും വീണ്ടും പഴയ പ്രശ്നം തന്നെ വന്നു. പഠിക്കാൻ അടുത്തെങ്ങും ഗവൺമെന്റ് ഹൈസ്കൂൾ ഇല്ല. ഓമശ്ശേരി പഞ്ചായത്തില്‍ നിലവിലുള്ള യു.പി.സ്കൂളിന്റെ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ വേറെ ഗവൺമെന്റ് സ്കൂളുകളില്ല. ഉള്ളത് മാനേജ്മെന്റുകൾ നടത്തുന്ന രണ്ട് എയ്ഡഡ് സ്കൂളുകളാണ്. അതൊക്കെ അഞ്ചു കിലോമീറ്റർ –ഏഴു കിലോമീറ്റർ ദൂരത്തിലാണുതാനും. ഗ്രാമീണ മേഖലയായതു കൊണ്ട് ബസ്സുകൾ തന്നെ നന്നേ കുറവാണ്. ആസിമി  നാണെങ്കില്‍ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാനും ബുദ്ധിമുട്ടാണ്.


വീൽചെയറിലാണ് മിക്കവാറും. അല്ലാത്തപ്പോൾ ആരെങ്കിലും എടുത്ത് നടക്കണം. കാലിനു നീളക്കുറവുള്ളതു കാരണം നടക്കാൻ കഴിയില്ല. പഠനം പാതി വഴിയിൽ മുടങ്ങുന്ന ഘട്ടം വന്നപ്പോൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി. കയറിയിറങ്ങിയ വാതിലുകളെ കുറിച്ചും നടത്തിയ പോരാട്ടങ്ങളെ കുറിച്ചും  ആസിമിന്റെ ഉപ്പ. ‘‘നിലവിലെ സ്കൂൾ ഹൈസ്കൂളായി ഉയർത്തണം എന്ന ആവശ്യം ജില്ലാപഞ്ചായത്തും ഗ്രാമപഞ്ചായത്തും പാസാക്കി. രേഖകളും മറ്റുമായി മുഖ്യമന്ത്രി, ധനകാര്യമന്ത്രി, സാമൂഹിക നീതി വകുപ്പു മന്ത്രി തുടങ്ങിയവരെയൊക്കെ കണ്ടിരുന്നു. പക്ഷേ, ഗവൺമെന്റ് ഹൈസ്കൂൾ എന്ന ആവശ്യം നിരാകരിച്ചു. അങ്ങനെയാണ് നാട്ടുകാരുടെ പിന്തുണയോടെ കളക്ടറേറ്റിനു മുന്നിൽ സമരം ചെയ്തത്. സ്കൂൾ ആസിമിന്റെ  മാത്രം  ആവശ്യമായിരുന്നില്ല. പഞ്ചായത്തിനു കീഴിൽ വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കു     ട്ടികൾക്കും കൂടി വേണ്ടിയായിരുന്നു. ’’
മറ്റു വഴികളെല്ലാം അടഞ്ഞപ്പോളാണ് ആസിം നിയമ പോരാട്ടത്തിന് ഇറങ്ങിയത്. ‘‘സമൂഹ മാധ്യമങ്ങള‍്‍ വഴിയും മാധ്യ മങ്ങള‍്‍ വഴിയും #Justice4Asim എന്ന ഹാഷ്ടാഗിൽ ഒരുപാട് പേ ർ ഞങ്ങൾക്കൊപ്പം നിന്നു. പേരറിയാത്ത മുൻപരിചയം പോലുമില്ലാത്തവർ ഒറ്റക്കെട്ടായി. സ്കൂള്‍ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട പോരാട്ടത്തിൽ 133 ഹർജികളിൽ 132ഉം തള്ളിപ്പോയിട്ടും ആസിമിന്റേതു മാത്രം പരിഗണിച്ചു.  കോടതി വിധി അ നുകൂലമായി.’’  


നാലു സഹോദരങ്ങളാണ് ആസിമിന്. അഞ്ചിൽ പഠിക്കുന്ന ഹന്നലുബാബ, മൂന്നാം ക്ലാസുകാരൻ മുഹമ്മദ് ബിഷേർ എൽ.കെ.ജിയിലുള്ള മുഹമ്മദ് ഗസാലി, രണ്ടു വയസ്സുകാരി സൗധ. പഠനത്തിൽ  മാത്രമല്ല  വരയോടും പ്രസംഗത്തോടുമൊക്കെ ആസിമിനു താൽപര്യമുണ്ട്. സമ്മാനങ്ങളും  കിട്ടിയിട്ടുണ്ട്.


തനിയെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്യുന്നതു തന്നെയാണ് ഇഷ്ടം. വലുതാകുമ്പോള‍്‍ ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കണം എന്നാണ് ആസിമിന്റെ ആഗ്രഹം. സ്വന്തം ലോകം മാറ്റിപ്പണിയാൻ കഴിഞ്ഞവർക്ക് അതൊരു  ചെറിയ  സ്വപ്നം  മാത്രമാണല്ലോ.

dis_3 ഫോട്ടോ: അഖിൽ കൊമാച്ചി

സാധാരണ അച്ഛനെയും അമ്മയെയും നോക്കിയല്ലേ മക്കൾ പഠിക്കുന്നത്. ഇതിപ്പോ തിരിച്ചാണ്. ഞങ്ങൾക്കെല്ലാവർക്കും നോക്കി പഠിക്കാനുള്ള മാതൃകയാണിവൾ.’’ സ്വന്തം മകളെ കുറിച്ചുള്ള അഭിമാനത്തിന്റെ നേരിയ നനവ് കണ്ണിലും സന്തോഷച്ചിരി ചുണ്ടിലും നിറച്ച്  ഫാത്തിമ  ബിസ്മിയുടെ  ഉപ്പ. സെറിബ്ര ൽ പാൾസി ബാധിച്ച് സഹാപാഠി അനുഗ്രഹിനെ സ്വന്തം പ്രാ യത്തിൽ കവിഞ്ഞ പക്വതയോടെ നോക്കുന്ന ഫാത്തിമ ബിസ്മി നാട്ടുകാർക്കും  കേട്ടറിഞ്ഞ്  വരുന്നവർക്കും  ഒക്കെ  അദ്ഭുതമാണ്. വാതോരാതെ സംസാരിച്ച്,  സമൂഹ മാധ്യമങ്ങളിൽ വീമ്പു പറഞ്ഞ്, ആ  പറഞ്ഞതൊന്നും  തന്നെ  പ്രാവർത്തികമാക്കാത്തവർക്ക് അധികം സംസാരിക്കാത്ത ഫാത്തിമ ഒരു ഓർമപ്പെടുത്തലാണ്. എങ്ങനെയാകണം നമ്മൾ എന്ന പക്വതയാർന്ന ഓർമപ്പെടുത്തൽ.


അവനു കൈത്താങ്ങായി


‘‘കല്യാണം കഴിഞ്ഞ് പത്തു വർഷത്തിനു ശേഷമുണ്ടായതാണ് അനുഗ്രഹും ഇരട്ട സഹോദരൻ അഭിരാമും.’’ അനുഗ്രഹിന്റെ അമ്മ സുധ ഫാത്തിമയുടെ അടുത്തേക്ക് നീങ്ങിയിരുന്നു പറഞ്ഞു തുടങ്ങി. ‘‘മാസം തികയാതെ ഏഴാം മാസത്തിലാണ് ഇരട്ടകളെ പ്രസവിച്ചത്. കുട്ടികൾക്ക് രണ്ടും തൂക്കക്കുറവ്. രക്ഷപ്പെടാൻ 15 ശതമാനം സാധ്യത മാത്രമാണ് ഡോക്ടർമാർ പറഞ്ഞത്. മൂന്നു മാസത്തോളം ഐസിയുവിൽ കിടന്നു. തി രികെ പോരുമ്പോൾ അഭിരാമിന് ഒന്നര കിലോയും അനുഗ്രഹിന്  ഒരു കിലോയും മാത്രമായിരുന്നു തൂക്കം.

dis_4 ഫോട്ടോ: അഖിൽ കൊമാച്ചി


ഇരട്ടക്കുട്ടികളായതു കൊണ്ട് തന്നെ രണ്ടു പേരുടെയും വ ളർച്ച അളക്കാൻ എളുപ്പമായിരുന്നു. അഭിരാമിന്റെ തലയുറച്ച് കുറേ നാൾ കഴിഞ്ഞും അനുഗ്രഹിന്റേത് ഉറയ്ക്കുന്നില്ല. പരിശോധനകൾക്ക് അവസാനമാണറിഞ്ഞത് അനുഗ്രഹ് ഒരിക്കലും അഭിരാമിനേപ്പോലെ ആയിരിക്കില്ല എന്ന്.


 മരുന്നും ചികിത്സയും ഉണ്ടെങ്കിലും അതിനെക്കാളൊക്കെ അവനെ സഹായിച്ചത് ബിസ്മിയാണ്. ഒന്നാം ക്ലാസ് മുതൽ അവൾ കരുതലോടെ അവന്റെ കാര്യങ്ങൾ നോക്കുമായിരുന്നു. അതും ആരും പറഞ്ഞു കൊടുക്കാതെ.  


മോന്റെ കൂടെ ആദ്യമൊക്കെ ഞാനും സ്കൂളിൽ വന്നിരി    ക്കുമായിരുന്നു. ഒരു ദിവസം ചോറുണ്ണാനുള്ള സമയത്ത് ബിസ്മി കഴിച്ചോട്ടേ എന്നോർത്ത് ഞാൻ അവന് ചോറു വാരിക്കൊടുക്കാനിരുന്നു. അവൻ ചോറൊക്കെ വാരി എറിഞ്ഞു, ആകെ ബഹളമാക്കി. ബിസ്മി തന്നെ അവനു ചോറു വാരിക്കൊടുത്തപ്പോഴാണ് സന്തോഷായത്. ഇപ്പോൾ അവനെ സ്കൂളിലാക്കിയാൽ ബിസ്മിയാണ് കൂട്ടിക്കൊണ്ടു പോയി ഇരുത്തുക, ബാത്റൂമിൽ പോകാനും, നടക്കാനും, പഠിക്കാനും ഒക്കെ അവളാണ് സഹായിക്കുന്നത്.’’


പ്രകാശം പരത്തുന്ന പെൺകുട്ടി


കഴിഞ്ഞ അധ്യായന വർഷം വരെ പഠിച്ചിരുന്ന കോഴിക്കോട് പറമ്പിൽകടവ് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക യു.പി. സ്കൂളിൽ നിന്ന് ഇത്തവണ എട്ടാം ക്ലാസ്സിലേക്ക് അനുഗ്രഹും  ബിസ്മിയും പയിമ്പ്രയിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ചേർന്നത്. ബിസ്മി ഇംഗ്ലീഷ് മീഡിയത്തിലും അനുഗ്രഹ് മലയാളം മീഡിയത്തിലും ആയിട്ടും ഇന്റർവെൽ  മണി മുഴങ്ങിയാൽ ബിസ്മി അനുഗ്രഹിനടുത്തെത്തും.

dis_5 ഫോട്ടോ: അഖിൽ കൊമാച്ചി


‘‘ഞാനങ്ങനെ വലുതായിട്ടൊന്നും ചെയ്യുന്നില്ല. പഠിപ്പിനും കളിക്കും ഇടയിൽ ഇത്തിരി സമയം അവനു ചോറു കൊടു  ക്കും, അവൻ വിളിച്ചാൽ അവന്റെയടുത്ത് പോകും. വേണ്ടതു ചെയ്തു കൊടുക്കും. അവനെ സഹായിക്കാൻ അവന്റെ അ മ്മയും അച്ഛനുമൊക്കെയുണ്ട്, അതു വച്ചു നോക്കുമ്പോ ഞാന‍്‍  ചെയ്യുന്നത് എത്ര ചെറുതാണ്.’’ ബിസ്മി പതിഞ്ഞ സ്വരത്തിൽ ഇതു പറയുമ്പോൾ അവൾ ആകാശത്തോളം വ ലുതാകുന്നു.


കുട്ടികളുടെ കഥ കേട്ടറിഞ്ഞ് ആദ്യമായി ഇരുവരേയും ആ ദരിച്ചത് നാട്ടിലെ അസോസിയേഷനാണ്. പിന്നീട് കണ്ടും കേട്ടും അറിഞ്ഞ് ചെറിയ സാമ്പത്തിക സഹായങ്ങൾ വന്നു. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് ഒക്കെ ആദരവു നൽകി. മാധ്യമങ്ങൾ വാർത്ത ഏറ്റെടുത്തു.


‘‘സാധാരണ ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹം മാറ്റി നിർത്തുകയാണ് പതിവ്. ഇത് അതിനു വിപരീതമായി, കൂടുതൽ പേർ സഹായിക്കാൻ മുന്നിട്ടിറങ്ങി.’’ കുട്ടികളെ കുറിച്ചുള്ള വാർത്ത പുറംലോകത്തെ അറിയിക്കാൻ മുന്നിട്ട് നിന്ന രജീഷ് സാർ സംതൃപ്തനാണ്. ‘‘മതങ്ങളെ തമ്മിലടിക്കാനുള്ള ഘടകം മാത്രമായി കാണുന്നവർക്ക്  ബിസ്മിയുടേയും അനുഗ്രഹിന്റെയും സൗഹൃദം മറുമരുന്നാണ്. ജാതി  മത  ഭേദങ്ങളൊന്നുമില്ലാതെ പരസ്പരം കലർപ്പില്ലാതെ സ്നേഹിക്കാൻ ഈ കുട്ടികൾ പഠിപ്പിക്കുന്നു. രണ്ടു കുട്ടികളുടെയും കുടുംബക്കാർ തമ്മിലും നല്ല അടുപ്പം കാത്തു സൂക്ഷിക്കുന്നുണ്ട്.’’


അനുഗ്രഹിന്റെയും ബിസ്മിയുടേയും വീട്ടിൽ അംഗങ്ങൾ അഞ്ചാണ്. അനുഗ്രഹിന്റെ അച്ഛൻ മണികണ്ഠൻ ചെത്തു തൊഴിലാളിയാണ്. അമ്മ സുധ. ഇരട്ട സഹോദരൻ അഭിരാം. അനുജത്തി ചൈത്ര. ബിസ്മിയുടെ ഉപ്പ മുഹമ്മദാലി, ഉമ്മ നസീമ. അനുജത്തി മുഫീദ ഹന്ന. അനുജൻ മുഹമ്മദ് യാസിം.


ഫോട്ടോ എടുക്കാൻ ക്ലാസ് മുറിയിലെത്തി, ചോക്ക് കണ്ടപ്പോൾ അനുഗ്രഹ് പതിയെ എഴുന്നേറ്റ് നടന്നു. ഒരു ചോക്കു കഷ്ണമെടുത്ത് കറുത്ത ബോർഡിൽ വരച്ചുതുടങ്ങി. വലിയൊരു ചതുരം വരച്ച് അതിനകത്ത് ചെറിയ ചെടികൾ, കല്ലുകള‍്‍, ഒരാമ, ഒരു ജെല്ലിഫിഷ്. അപ്പോൾ അനുഗ്രഹിന്റെ അമ്മ പറയുന്നു ‘അത് കടലിനടിയിൽ നിന്നുള്ള കാഴ്ചയാണ്...’
സ്കൂൾ അവധിയായിരുന്നിട്ടും അനുഗ്രഹിനേയും ബി  സ്മിയേയും കാണാൻ അധ്യാപകരെല്ലാവരുമെത്തി. ഒന്നിൽ നിന്നും മാറ്റി നിർത്താതെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാ യാത്രകളിലും അനുഗ്രഹിനെ എടുത്തു നടന്നിരുന്ന അധ്യാ പകർ. അവനെ ഇത്രയുമൊക്കെയാക്കിയത് ഇവരെല്ലാവരും ചേർന്നാണ്, അപ്പോ ഇനിയും മിടുമിടുക്കനായി തന്നെ വളർത്തണമല്ലോ.’’ അമ്മയുടെ ആശങ്കകൾ തുളുമ്പുന്നു.  


വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യം മുഴുമിപ്പിക്കും മുൻപേ അനുഗ്രഹ് ഉറക്കെ പറഞ്ഞു ‘‘മജീഷ്യൻ’’.
മജീഷ്യൻ ഗോപിനാഥ് മുതുകാട് സ്കൂളിൽ വരികയും പിന്നീട് കുട്ടികൾക്ക് തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റ് കാ  ണാനുള്ള അവസരമൊരുക്കുകയും ചെയ്തപ്പോൾ മുതൽ അനുഗ്രഹിന്റെ സൂപ്പർ സ്റ്റാർ അദ്ദേഹമാണ്. യൂട്യൂബിലും മറ്റും നോക്കി സ്വയം മാജിക്ക് പഠിക്കുന്നുമുണ്ട്.
‘‘ഫാത്തിമയ്ക്ക് വലുതാകുമ്പോൾ ആരാകണം?’’
‘‘എനിക്ക് ഡോക്ടർ.’’ അതു കേട്ട് പുറത്തു പെയ്യുന്ന മഴപോലും പറയുന്ന പോലെ, ‘അങ്ങനെ തന്നെയാകട്ടേ... ’