Monday 01 October 2018 05:39 PM IST

ഒറ്റക്കണ്ണനെന്ന വിളിപ്പേരിൽ നിന്ന് സിവിൽ സർവീസിലേക്ക്; ലിപിന്റെ വിജയരഹസ്യം ഇതാണ്

Unni Balachandran

Sub Editor

TONS2320
ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ദൂരദർശനിൽ മഹാഭാരതം സൂപ്പർ ഹിറ്റായി ഓടുന്ന സമയം. അമ്പെയ്തു കളിക്കാൻ നാലാം ക്ലാസ്സുകാരനായ ലിപിൻരാജ്, ചേട്ടൻ വിനീഷിന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങി. പപ്പായ മരത്തിനടുത്തേക്ക് നടന്ന ഇരുവരുടേയും കയ്യിൽ അമ്പുകൾക്കു പകരം കോമ്പസും ഡിവൈഡറുമായിരുന്നു. ചേട്ടന്റെ ഉന്നമെല്ലാം മരത്തിൽ തറഞ്ഞുകയറിയതിന്റെ പിരി മുറുക്കത്തിൽ ലിപിൻരാജിന്റെ കണ്ണുകൾ പ പ്പായ മരത്തിലേക്ക് ഏകാഗ്രമായി.

പക്ഷേ, ഡിവൈഡർ വലിച്ചെറിഞ്ഞപ്പോൾ അതിന്റെ കൂർത്ത വശങ്ങൾ നിവർന്നിരുന്നത് ആ നാലാം ക്ലാസ്സുകാരൻ ശ്രദ്ധിച്ചില്ല. മരത്തിൽ തറഞ്ഞുകയറാതെ അങ്ങോട്ടെറിഞ്ഞതിനേക്കാ ൾ ശക്തിയിൽ പാഞ്ഞു വന്നു ലിപിനു നേരെ. തലയൊന്നു വെട്ടിച്ചു മാറ്റാൻ പോലും കഴിഞ്ഞില്ല. വലം കണ്ണു പൊത്തി ലിപിൻ താഴെ വീണു. കണ്ണിന്റെ ഒത്ത നടുക്കേറ്റ മുറിവ്. പക്ഷേ, ഒരു തുള്ളി ചോര പൊടിഞ്ഞില്ല.

എന്തോ ഒരു വെളുത്ത ദ്രാവകം കണ്ണിൽ നിന്ന് ഒഴുകിപ്പോയി, കടുത്ത വേദനയും. അന്ന് ഊർന്നിറങ്ങിപ്പോയത് വലം കണ്ണിന്റെ കാഴ്ചയായിരുന്നുവെന്ന് തിരിച്ചറിയാൻ
പിന്നെയും ദിവസങ്ങളെടുത്തു. പിന്നെയും പല രൂപത്തിൽ പരീക്ഷിക്കാനെത്തി വിധി.

പക്ഷേ, തോൽവിയുടെ ഇരുട്ടിൽ മുങ്ങിപ്പോകാൻ ലിപിൻ ഒരുക്കമായിരുന്നില്ല. മങ്ങിയ കാഴ്ചയ്ക്കൊപ്പം ഒറ്റക്കണ്ണനെന്ന വിളിപ്പേര് നൽകി സമൂഹം. ജയിക്കാനുറച്ചവന് ഒരു കണ്ണിലെ വെളിച്ചം തന്നെ ധാരാളമെന്ന് തെളിയിച്ചു ഈ പത്തനംതിട്ട നാരങ്ങാനംകാരൻ. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയപ്പോൾ അതുവരെ ഗൗനിക്കാതിരുന്ന വരും പരിഹസിച്ചവരും വരെ അഭിനന്ദനവുമായി എത്തി. നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് ലിപിൻ മനസ്സിലന്ന് എഴുതി. വിജയിക്കുന്നവന്റെ വാക്കുകൾ കേൾക്കാനേ ആളുകൾക്ക് താൽപര്യമുള്ളൂ...

‘‘2012ലെ സിവിൽ സർവീസ് പരീക്ഷയ്ക്കു ഞാൻ 224–ാം റാങ്ക് സ്വന്തമാക്കി. കാഴ്ചപ്രശ്നങ്ങൾ മൂലം ഐഎഎസ്, ഐ പിഎസ്, ഐആർഎസ്, ഐഎഫ്എസ് എന്നിവയിൽ എനിക്ക് യോഗ്യത ലഭിച്ചില്ല. എങ്കിലും ‘ഗ്രൂപ്പ് എ’ സർവീസ് തന്നെയായ റെയിൽവേ പഴ്സനലിലേക്കു ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ റയിൽവേയിൽ ഡിവിഷനൽ പഴ്സനൽ ഓഫിസറായി പാലക്കാട് ജോലി ചെയ്യുന്നു. സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചപ്പോൾ ഒ.എൻ.വി. കുറുപ്പ് സാർ ‘സിവിൽ സർവീസിൽ മലയാളത്തിന്റെ ഒന്നാം റാങ്ക്’ എന്ന് പ്രശംസിച്ചത് ഞാനിന്നും ഓർക്കുന്നു...’’ ജീവിതവിജയത്തിന്റെ പടവുകൾ കയറുമ്പോഴും വേദനകളുടെ പഴയകാലം അത്ര വേഗം മറക്കാൻ കഴിയില്ല ലിപിൻ രാജിന്.

മുറിവും മരുന്നും കവർന്ന കാഴ്ച

‘നാലാംക്ലാസ്സിലെ വേനലവധിക്കാലത്താണു കണ്ണിന് അപകടം സംഭവിച്ചത്. ഞാനും ചേട്ടനും ആദ്യം ആരോടും പറായാതെ വിവരം ഒളിപ്പിച്ചു. പക്ഷേ, മക്കൾക്കെന്തെങ്കിലും പറ്റിയാൽ അമ്മമാർക്ക് പെട്ടെന്ന് മനസ്സിലാകുമല്ലോ. അമ്മ ലീലാമണി എന്നെ അടുത്തു ചേർത്തു നിർത്തി കണ്ണിലേക്ക് നോക്കി. കണ്ണിലെ ചുവപ്പ് കണ്ട് അമ്മ പേടിച്ചു.

നിലമുള്ളരിയും മുലപ്പാലുമൊക്കെ സംഘടിപ്പിച്ച് കൊ ണ്ടുവന്ന് കണ്ണിലൊഴിച്ചു. പക്ഷേ, യാതൊരു വ്യത്യാസവുമുണ്ടായില്ല. ഒടുവിൽ പേടിച്ച് പേടിച്ചാണ് അമ്മ അച്ഛനോട് കാര്യം പറയുന്നത്. മദ്യപാന ശീലമുണ്ടായിരുന്നു അച്ഛന്. അമ്മ പറഞ്ഞത് മുഴുവനും മനസ്സിലായോ എന്നറിയില്ല. മുറിവുണക്കാനുള്ള മരുന്നായ ‘ബെറ്റാഡിനു’മായാണ് അന്ന് വൈ കിട്ടുവന്നത്. അച്ഛൻ അന്നും മദ്യപിച്ചിരുന്നു. വന്ന വഴിയേ മരുന്ന് എന്റെ കണ്ണിൽതേച്ചു. കണ്ണ് തീപൊള്ളൽ പോലെ പുകയാൻ തുടങ്ങി. പിറ്റേന്നായപ്പോൾ കണ്ണിൽ ചൊറിച്ചിലും. പഴുപ്പ് വ്യാപിച്ചതറിഞ്ഞത് പുഴുക്കൾ പുറത്തു വന്നപ്പോഴാണ്. വേദന കൊണ്ട് പുളഞ്ഞ രാത്രികൾ. ഒരു ദിവസം പോലും അമ്മ അക്കാലത്ത് ഉറങ്ങിയിട്ടില്ല. ഞാൻ മയക്കത്തിലേക്കു വീണാലും എന്റെ കാലുകൾ തലോടി കണ്ണും തിരുമ്മി അമ്മ ഇരിക്കും. ഒരുപക്ഷേ, അത്ര ക്ഷമയോടെ കൂടെ ഇരിക്കാൻ ലോകത്ത് അമ്മയ്ക്കു മാത്രമേ കഴിയൂ.

അവസാനം കണ്ണ് തീരെ തുറക്കാൻ പറ്റാതായി. പഴുപ്പ് ഇടതു കണ്ണിലേക്കും പടർന്നു തുടങ്ങി. എങ്ങനെയൊക്കെയോ അമ്മ എന്നെയും കൊണ്ട് ഡോക്ടറുടെ അടുത്ത് ചെന്നു. കണ്ണിന്റെ അവസ്ഥ കണ്ട് അവർക്കും വിഷമമായി. ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നു പിന്നീടുള്ള ദിവസങ്ങളിൽ. ഡോക്ടർമാർ ഒരു വിധം ഇടതു കണ്ണിനെ ഇരുട്ടിൽ നിന്നു രക്ഷിച്ചെടുത്തു. വലതു കണ്ണിൽ നിന്ന് കാഴ്ച എന്നേക്കുമായി മറഞ്ഞിരുന്നു. വലതു കണ്ണ് എടുത്ത് കളയാമെന്ന് അവർ പറഞ്ഞു. പക്ഷേ, എനിക്കതു സമ്മതിക്കാൻ തോന്നിയില്ല. എന്നോടു തന്നെ മൽസരിക്കാൻ കണ്ണാടി നോക്കുമ്പോൾ എന്നും ആ വലം കണ്ണ് അവിടെ ഉണ്ടാകണമെന്നു തോന്നി.

രണ്ടിൽ നിന്ന് ഒന്നിലേക്കുള്ള വീഴ്ചയുമായി പൊരുത്തപപ്പെടാൻ നന്നേ പാടുപെട്ടു. കുറച്ചു സമയം എന്തിലെങ്കിലും ശ്രദ്ധിച്ചു നോക്കിയാൽ തലകത്തുന്നതു പോലെ തോന്നും. അ ങ്ങനെ വേദന കൂടുമ്പോൾ അമ്മ നനഞ്ഞ തോര്‍ത്ത് നെറ്റിക്കു ചുറ്റും വലിഞ്ഞു കെട്ടി വയ്ക്കും. എന്റെ ശ്രദ്ധയകറ്റാൻ അമ്മയെന്തെങ്കിലും വായിച്ചുകൊണ്ടേയിരിക്കും വായനകേൾക്കുമ്പോഴും എന്റെ കണ്ണുനീർ വീണ് തലയണ നനഞ്ഞുകൊണ്ടേയിരുന്നു. കഥകൾ കേട്ടും വേദന കടിച്ചമർത്തിയും നാളുകളുടെ ആശുപത്രി വാസത്തിനു ശേഷം ഞാൻ വീട്ടിൽ മടങ്ങിയെത്തി. ഇതിനിടെ പുസ്തകങ്ങൾ വായിച്ചു കേട്ട് പരീക്ഷ എഴുതി പാസ്സായി. ഏഴാം ക്ലാസ്സിലാണ് തിരികെ കോഴഞ്ചേരി അയന്തി ഗവ. യുപി സ്കൂളിലെത്തിയത്.

‘ഒറ്റക്കണ്ണൻ എന്ന വട്ടപ്പേരായിരുന്നു തിരികെ സ്കുളിലെത്തിയ എന്നെ വരവേറ്റത്. നെറ്റിയിൽ ഒരു കണ്ണുമാത്രമുള്ള ഗ്രീക്ക് കഥകളിലെ ‘പോളിബ്യൂറോസെന്ന്’ വിളിച്ചും ചിലരെന്നെ നോവിച്ചു. ചിലർക്കിത് ആടിന്റെ കണ്ണാണോയെന്നു സംശയം. എങ്ങനെയെങ്കിലും പഠിക്കാൻ ശ്രമിക്കുമ്പോൾ ബഹളവുമായി അച്ഛൻ എത്തും. നോട്ട് ബുക്കും പരീക്ഷാ ഹാൾ ടിക്കറ്റും വരെ കത്തിച്ചു കളയും. ഉള്ളിൽ ആളുന്നത് അച്ഛന്റെ സ്നേഹമല്ലല്ലോ, മദ്യത്തിന്റെ ലഹരിയല്ലേ?

ഒാർമ തുടങ്ങുമ്പോൾ മുതൽ അവഗണനകൾ നേരിട്ടി ട്ടുണ്ട് ഒരുപാട്. രണ്ടു മക്കൾ മതിയെന്നായിരുന്നു അച്ഛന്. ഞാൻ സ്കൂളിൽ പോകണമെന്നോ പഠിക്കണമെന്നോ യാതൊരു ആഗ്രഹവും ഉള്ളതായി തോന്നിയിട്ടില്ല. ആഗ്രഹിക്കാതെ വ ന്ന കുട്ടിയല്ലേ. അതുകൊണ്ടാകാം പഠിക്കാനുള്ള സഹായമൊന്നും തന്നില്ല. പുസ്തകം വാങ്ങാനുള്ള കാശ് ചോദിക്കുമ്പോൾ പശുവിനെ നോക്കിയും വീട് വൃത്തിയാക്കിയും കഴിഞ്ഞോളാൻ പറയും.

കരഞ്ഞു പ്രാർഥിക്കുമ്പോൾ ദൈവം ചില മനുഷ്യരുടെ രൂപത്തിൽ മുന്നിൽ വരുമെന്നാണ് എന്റെ അനുഭവം.
ഞാൻ കണ്ട ദൈവത്തിന്റെ പേര് രാജേശ്വരി ടീച്ചർ എന്നായിരുന്നു. അമ്മ കഴിഞ്ഞാൽ അത്ര കരുതലോടെ എന്റെ സങ്കടം
കേട്ട മറ്റൊരാൾ ടീച്ചറാണ്. പഠനസഹായങ്ങൾക്കൊപ്പം പുസ്തകങ്ങൾ വായിക്കാനുള്ള പ്രേരണയും ടീച്ചൽ നൽകി.
ഞാൻ കഥയെഴുതുമെന്നു കണ്ടുപിടിച്ചപ്പോൾ മുതൽ ആ വ
ഴിക്കും നല്ല പ്രോത്സാഹനം തന്നു. ധാരാളം മത്സരങ്ങളിൽ
എനിക്ക് വിജയിക്കാനായി. പരിമിതികൾക്കപ്പുറം നിന്ന് കഠിനമായി പ്രയത്നിക്കാനുള്ള കഴിവ് നേടിയതിന്റെ കടപ്പാടത്രയും ടീച്ചറോടാണ്.

TONS2414
ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ഞാൻ കണ്ട രണ്ടാമത്തെ ദൈവം

നമ്മെ കാണാൻ തീരുമാനിച്ചാൽ ദൈവം ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന കടയിലും വരും. പ്ലസ്ടുവിന്റെ മാർക്ക് ലിസ്റ്റ് ഫോട്ടോസ്റ്റാറ്റ് എടുക്കാനാണ് കോഴഞ്ചേരി പൊയ്യാനിലുള്ള മോട്ടി ചെറിയാന്റെ കടയിലെത്തുന്നത്. പ്ലസ്‌ടുവിന്റെ മാർക്ക് ലിസ്റ്റിൽ മലയാളത്തിന് നൂറിൽ നൂറ് മാർക്ക് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.

കുടൂതലൊന്നും അന്വേഷിക്കാതെ അദ്ദേഹം പറഞ്ഞു. ‘സിവിൽ സർവീസ് ആണ് ലക്ഷ്യമെങ്കിൽ തിരുവനന്തപുരം മാർ ഇവാനിയോസിൽ ജേർണലിസം ഡിഗ്രിക്ക് ചേരുന്നതാണ് നല്ലത്.’ അതു കേട്ടിട്ടും വലിയ സന്തോഷമൊന്നും പ്രകടിപ്പിക്കാതെ നിന്ന എന്നോട് അദ്ദേഹം കാര്യങ്ങൾ തിരക്കി. അ ച്ഛന്റെ പെരുമാറ്റം മൂലം അയൽവാസികളിൽ നിന്നു പോലും സഹായം കിട്ടുമെന്ന പ്രതീക്ഷയില്ല. പിന്നെ, എങ്ങനെ ഇതൊക്കെ നടക്കാനാണ്?

‘പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അപേക്ഷിക്കൂ’ അദ്ദേഹം പറഞ്ഞത് വെറും വാക്കായിരുന്നില്ല. ജീവിതത്തിൽ ഞാനെ ന്റെ രണ്ടാമത്തെ ദൈവത്തെ കണ്ടു മുട്ടിയ നിമിഷമായിരുന്നു അത്. കോളജിൽ അഡ്മിഷൻ കിട്ടി. കോളജിലെ ഫീസും പഠന ചെലവുകളും നടന്നത് അദ്ദേഹത്തിന്റെ സഹായത്തോടെയാണ്. ആ വലിയ മനുഷ്യൻ പകർന്ന വെളിച്ചത്തിലൂടെയാണ് പിന്നീടിത്രയും ജീവിതം ഞാൻ കടന്നെത്തിയത്.

2006ലായിരുന്നു അച്ഛന്റെ വേർപാട്. വീട്ടിലെ സാമ്പ ത്തിക സ്ഥിതി വളരെ മോശമായിരുന്നു. ഉന്നത വിദ്യാഭ്യാസവും സിവിൽ സർവീസുമൊന്നും ആവശ്യപ്പെടുന്ന സമയം എന്റെ മുന്നിൽ ഇല്ലെന്നു തോന്നി. പെട്ടെന്ന് സ്ഥിര വരുമാനമുള്ള ജോലി നേടുകയേ മാർഗമുള്ളൂ. അങ്ങനെ പരീക്ഷയെഴുതി എസ്ബിടിയിൽ ക്ലാർക്കായി. ആ സമയത്ത് വീണ്ടും സിവിൽ സർവീസ് മോഹം മനസ്സിൽ തളിരിട്ടു. ചേച്ചി ലിജി എന്റെ പഠനത്തിന് എല്ലാ സപ്പോർട്ടും തന്നു. 2011ൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതി.

പരീക്ഷാ ഹാളിൽ എല്ലാവരും വലിയ ധൃതിയിലായിരുന്നു. സമയം ഒട്ടും പാഴാക്കാതെ ഉത്തരങ്ങൾ കറുപ്പിക്കുന്ന തിരക്കിലാണ് എല്ലാവരും. അപ്പോഴാണ് ഫോക്കസ് ഉറപ്പിക്കാനാകാതെ കണ്ണ് എന്നെ തോൽപിക്കുന്നുവെന്ന സത്യം ഞാൻ മനസ്സിലാക്കുന്നത്. ഓപ്ഷൻ ‘എ’ കറുപ്പിക്കുമ്പോൾ ‘ബി’ ആയി പോകുന്നു. മുൻപെഴുതിയ പരീക്ഷകൾ കംപ്യൂട്ടറിലായിരുന്നതു കൊണ്ട് പ്രശ്നം തോന്നിയില്ല. ആ പരീക്ഷാ ഹാളിൽ എന്റെ ലോകം നെടുകെ പിളരുന്നത് പോലെ തോന്നി. പക്ഷേ, തളരാതെ അടുത്ത തവണ എഴുതി. കാഴ്ച വൈകല്യമുള്ളവർക്ക് അനുവദിക്കുന്ന സഹായി വഴിയാണ് ഉത്തരങ്ങ‌ൾ എഴുതിയത്. സിവിൽ സർവീസ് ഫലം വന്നപ്പോൾ 224–ാം റാങ്ക്. വെളിച്ചം വീണ്ടും കണ്ണിലേക്കെത്തിയ പോലെ എനിക്കു തോന്നി.

‍ഒടുവിൽ അമ്മയുടെ ചിരി

TONS2528
ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ചേച്ചി ലിജിക്ക് ദേവസ്വം ബോർഡിലാണു ജോലി. ചേട്ടൻ വിനീഷ് കെഎസ്ഇബി ജീവനക്കാരനാണ്. സമപ്രായക്കാരുടെയൊക്കെ കല്യാണം കഴിയുമ്പോൾ അമ്മയ്ക്ക് എന്റെ കാര്യമോർത്തായി ആധി. എന്നാൽ കണ്ണുകളേക്കാൾ, എന്നെ സ്നേഹിക്കാൻ തയാറായൊരു പെണ്ണിനെ നാഗർകോവിലി ൽ ദൈവം എനിക്കായി കരുതിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ
ജൂണിലായിരുന്നു ഡോ. രവീണയുമായുള്ള വിവാഹം. അതിനു ശേഷമാണ് വർഷങ്ങൾക്കു ശേഷം എന്റെ അമ്മ ആശ്വാസത്തോടെ എന്നെ നോക്കി ഒന്നു നിറഞ്ഞു ചിരിച്ചു

ഇപ്പോൾ ഞാൻ ജില്ല തോറും 30 കൂട്ടികളെ സൗജന്യമായി സിവിൽ സർവീസിന് പഠിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോട്ടയം , കൊല്ലം, പത്തനംതിട്ട എന്നീ ജീല്ലകളിലെ കൂട്ടികളാണ് ഇപ്പോൾ ‘വാക്ക് വിത്ത് എ സിവിൽ സെർവന്റ്’ എന്ന എന്റെ പദ്ധതിയുടെ ഭാഗമായുള്ളത്. വെളിച്ചം സ്വീകരിച്ചാൽ മാത്രം പോരല്ലോ. തിരിച്ചും നൽകേണ്ടതല്ലേ.’ ലിപിന്റെ ചിരിക്ക് ആത്മവിശ്വാസത്തിന്റെ ആയിരം വാട്ട് തെളിച്ചം.