Tuesday 04 September 2018 11:28 AM IST

പത്തേക്കറിൽ ഒറ്റയ്ക്കു പണി ചെയ്തു തുടങ്ങി, ഇന്ന് വർഷം സന്പാദിക്കുന്നത് ഒരു കോടി

Tency Jacob

Sub Editor

TONS1896 ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

ഒരിക്കൽ അപ്പ ഉടുമ്പൻചോലയിൽ എന്നെ കാണാനെത്തുമ്പോൾ, ഒറ്റമുറി വീടു പണിയാനുള്ള കട്ട ചുമക്കുകയായിരുന്നു ഞാൻ. താമസിച്ചിരുന്ന മ ൺകുടിലിൽ പാമ്പുകൾ ഇടയ്ക്കിടെ വിരുന്നെത്തുന്നു. പണി കഴിഞ്ഞു വരുമ്പോൾ വീടിനകത്തുനിന്നു സ്ഥലമൊ ഴിഞ്ഞു തരുന്ന പാമ്പുകൾ ഉള്ളിൽ ഭയം നിറച്ചു. രാത്രി കളിലെ സ്വപ്നങ്ങളിലും അവ ഇഴഞ്ഞ് ഉറക്കത്തെ തൂത്തെറിഞ്ഞു തുടങ്ങിയപ്പോഴാണ് വീട് പണിയാൻ തീരുമാനിക്കുന്നത്. തറ പാകാൻ കല്ലു ചുമക്കുന്ന മകളെക്കണ്ട് അപ്പയുടെ ഹൃദയം കരഞ്ഞിട്ടുണ്ടാവണം. കുശലമൊക്കെ കഴിഞ്ഞ് പോകാനിറങ്ങുമ്പോൾ കണ്ണിൽ നീർനനവ്. അപ്പയുടെ മുഖം കണ്ടപ്പോൾ സങ്കടത്തിനു പകരം വാശിയാണു മുന്നിട്ടു നിന്നത്. ‘അപ്പാ തന്നെയല്ലേ ജീവിക്കൂ എന്നു പറ ഞ്ഞ് ഇവിടെ കൊണ്ടു വിട്ടത്. എന്നെ ചേർത്തു പിടിച്ചു നി ർത്താമായിരുന്നല്ലോ. എന്തേ തോന്നിയില്ല...?’ 

ഏകാന്തതയിലൊരു നിമിഷം നിന്ന ശേഷം അപ്പ പറ ഞ്ഞു. ‘എന്റെ മോൾക്കത് ഒരിക്കൽ മനസ്സിലാകും’. പക്ഷേ, അന്നെനിക്കത് മനസ്സിലായില്ല.

മലർവിഴി, പേരുപോലെ അത്ര മൃദുലമായിരുന്നില്ല ജീ വിതം. ശരിയാണ്, ഒരിക്കൽ പൂക്കളോടും കിളികളോടുമൊപ്പം പാറിനടന്നു കളിച്ചിരുന്നു. അച്ഛന്റെ ചെല്ലക്കണ്ണായി വീടു മുഴുവൻ ഓടിനടന്നിരുന്നു. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ ജമീന്ദാരായിരുന്നു അച്ഛൻ. തോട്ടവും കൃഷിയുമായി തിരക്കിട്ട ജീവിതം. അച്ഛനും ബന്ധുക്കൾക്കുമായി രാജാക്കാട്, ചതുരംഗപ്പാറ, രാജകുമാ രി, ഉടുമ്പൻചോല എന്നിവിടങ്ങളിലായി ആയിരം ഏക്കറി നു മേലെയായിരുന്നു കൃഷിഭൂമി. ആദ്യകാലത്തെല്ലാം തമിഴ്നാട്ടുകാർക്കായിരുന്നു ഇവിടെയെല്ലാം തോട്ടങ്ങളു ണ്ടായിരുന്നത്. പിന്നീടാണ് മലയാളികൾ സ്ഥലം വാങ്ങാ ൻ തുടങ്ങിയത്. 

എന്റെ കുട്ടിക്കാലത്ത് ബോഡിനായ്ക്കന്നൂർ നല്ല സ്കൂളുകളുണ്ടായിരുന്നില്ല. അതുകൊണ്ട് അമ്മയുടെ വീടായ മധുരൈയിലായിരുന്നു പഠനം. മൂന്നു വയസ്സിൽ പോയതാണ് അവിടെ. അന്ന് അമ്മയുടെ അനിയത്തിമാരെല്ലാം ഉണ്ടായിരുന്നതുകൊണ്ട് വീട്ടിൽ നിന്നായിരുന്നു സ്കൂളിൽ പോയി വന്നിരുന്നത്. ചിറ്റമ്മമാരുടെ കല്യാണം കഴിഞ്ഞപ്പോൾ ബോർഡിങ്ങിലാക്കി. 

പത്താംക്ലാസ് കഴിഞ്ഞപ്പോഴായിരുന്നു എന്റെ വിവാഹം. നന്നായി പഠിച്ചിരുന്ന, പഠിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ തിരുമണത്തിനൊരുങ്ങേണ്ടി വന്നത് പകപ്പോടെയായിരുന്നു. ചെന്നൈയിലെ മറ്റൊരു ജമീന്ദാർ കുടുംബമായിരുന്നു മനോഹരന്റേത്. വീട്ടിലെ മൂത്തമകൻ. ആർഭാടം കൊടികുത്തിവാണ ജീവിതം. രണ്ടാമത്തെ മകളെ പ്രസവിച്ച് അധികമാകുന്നതിനു മുമ്പേ ചില പ്രശ്നങ്ങളിൽപ്പെട്ട് അദ്ദേഹത്തിന്റെ സ്വത്തെല്ലാം നഷ്ടപ്പെട്ടു. ആയിരക്കണക്കിനു ഏക്കർ വരുന്ന തോട്ടങ്ങൾ  ഒരുനാൾ തങ്ങളുടേതല്ലെന്നറിയുക. ആരായാലും ഉലഞ്ഞു പോവുക സ്വാഭാവികം. അദ്ദേഹം വി ഷാദത്തിലേക്കു കൂടുമാറി.

‘ഇങ്ങനെയിരുന്നാൽ എങ്ങനെയാണ്? എന്തെങ്കിലും ജോലി നോക്കേണ്ടേ?’ എന്റെ അപ്പ പറഞ്ഞതുകേട്ട് അവ രുടെ അമ്മ എന്തോ അരുതാത്തതു കേട്ടതെന്ന പോലെ ചാടിയെഴുന്നേറ്റു. ‘ദിവസം നൂറ് ആളുകൾക്കെങ്കിലും ജോ ലി കൊടുത്തിരുന്ന ആൾ, വേറൊരാളുടെ കീഴിൽ ജോലി ക്കു പോകുകയോ?’

കാട്ടിലേക്കുള്ള യാത്ര

വീട്ടിൽ നിന്ന് ഉടുമ്പൻചോലയില്‍ സ്വന്തം പേരിലുള്ള തോ ട്ടത്തിലേക്ക് അപ്പായുടെ കൂടെ യാത്രയാകുമ്പോൾ നാലും രണ്ടും വയസ്സുള്ള മക്കളെ പിരിയുന്ന വിഷമം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു കൗമാരക്കാരിപെൺകുട്ടി പിന്നെയെന്തു ചിന്തിക്കാൻ? എന്റെയവസ്ഥ കണ്ട് കൈയിലുണ്ടായിരുന്ന കുറച്ചു സ്വർണാഭരണങ്ങൾ വാങ്ങി താത്തയുടെ പേരിലുള്ള പത്തേക്കർ ഭൂമി എന്റെ പേരിലേക്ക് എഴുതിത്തരികയായിരുന്നു. ബാക്കി പണം കൃഷി ചെയ്ത് ലാഭം കിട്ടുമ്പോൾ കൊടുത്താൽ മതി.

ബോഡിമെട്ടിറങ്ങുമ്പോൾത്തന്നെ ഞാൻ ഛർദി തു ടങ്ങി. മണിക്കൂറുകളോളമെടുത്ത ബസ് യാത്ര അവസാനിച്ചപ്പോൾ ദുരിതം അവസാനിച്ച സന്തോഷത്തിലായിരുന്നു ഞാൻ. ‘ഇനി എന്റെ തോട്ടം. അവിടെ കൃഷി ചെയ്ത് ഞാൻ വിളവുകളിറക്കും.’ മുമ്പിൽ കാട്ടുവഴി പോലുമില്ലാത്ത കാടു കണ്ട് ഞാൻ അപ്പായുടെ പിന്നിൽ പേടിച്ചരണ്ടു നിന്നത് ഇ പ്പോൾ കൂടി ഓർത്തെടുക്കാം.

ഒറ്റ മുറിയുള്ളൊരു മൺവീട്. ചുറ്റിനും പച്ചപിടിച്ച കാട്. അയൽപക്കങ്ങളൊന്നുമില്ല. കുറച്ചു നീങ്ങി എനിക്കപരിചിതരായ രണ്ടു പണിക്കാരുടെ വീടുണ്ട്. ‘നീയിവിടെ വേല ചെയ്ത് നിന്റെ ജീവിതം കെട്ടിപടുക്ക്’ എന്നു പറഞ്ഞ് അപ്പാ പോയപ്പോൾ ആദ്യം വന്നത് കരച്ചിലാണ്. പിന്നെ, പിന്നെ മന സ്സിലായി തനിച്ചാണ്...

21 വയസ്സ്, ജീവിതം തളിർക്കേണ്ട പ്രായം. വാശിതോന്നി. ആരുടേയും മുമ്പിൽ കൈനീട്ടാതെ ഞാൻ ജീവിച്ചു കാണിക്കും. പിന്നീട് രാപകലില്ലാതെ അധ്വാനമായിരുന്നു. അപ്പാ പോകുന്നതിനു മുമ്പ് വെച്ചുതന്ന 500 രൂപയുണ്ട്, അതായിരുന്നു മൂലധനം. തൊട്ടടുത്ത തോട്ടത്തിൽ നിന്ന് കുറച്ചു ഏലക്കമ്പുകൾ വാങ്ങി, കള പറിച്ച് നട്ടു തുടങ്ങി.അന്നുതൊട്ടിന്നുവരെ എന്റെ കൃഷിയിടത്തിലെ ഒരു പണിക്കാരി ഞാനാണ്. വൈകുന്നേരം മറ്റു തൊഴിലാളികൾക്ക് കൂലി കൊടുക്കുന്നതോടൊപ്പം എന്റെ പങ്ക് മാറ്റിവെച്ചു. യാതൊരുപാധികളുമില്ലാതെ എന്നെ ഏറ്റുവാങ്ങിയത് ഈ കാടായിരുന്നു.

കാട് തന്ന പാഠങ്ങൾ

കുറച്ചപ്പുറത്തുള്ള മലയാളിവീട്ടുകാർക്ക് കുറച്ചു പശുക്കളു  ണ്ട്. സംസാരിച്ചു വന്നപ്പോൾ അവർക്കു നല്ല ലാഭം കിട്ടുന്നുണ്ടെന്നു മനസ്സിലായി. അങ്ങനെ ലാഭം കൊതിച്ച് ഒരു പശുവിനെ വാങ്ങി. പശുവിനെ നോക്കാനും പാൽ കറക്കാനൊക്കെ ഒരു മാസം കൊണ്ട് പഠിച്ചു. ലാഭമാണെന്ന് തോ ന്നിയപ്പോൾ കുറച്ചു പശുക്കളെ കൂടി വാങ്ങി. പാൽ വിറ്റ് കാ ശാക്കിയതിനൊപ്പം ചാണകവും മൂത്രവും ഉപയോഗിച്ച് പഞ്ചഗവ്യമുണ്ടാക്കി കൃ ഷിയിൽ പരീക്ഷിക്കാൻ തുടങ്ങി. ആടുകൾ, കോഴികൾ, മുയൽ വളർത്തൽ പരീക്ഷിക്കാത്തതൊന്നുമില്ല. കൃഷിക്കു വേണ്ടി കുഴിച്ച കുളത്തിൽനിന്ന് തോട്ടം മുഴുവൻ നനച്ചിട്ടും വെള്ളം പിന്നെയും ബാക്കി. കാട്ടിലെ ഉറവയല്ലേ, വറ്റില്ല. അങ്ങനെ മീൻവളർത്തൽ തുടങ്ങി. അക്വാപോണിക്സ് പരീക്ഷിച്ചു. ഇഞ്ചി, കുരുമുളക്,  പച്ചക്കറികൾ, മല്ലിയില, പുതിനയില, പഴങ്ങൾ  എല്ലാം കൃഷിയുണ്ട്. തികച്ചും ജൈവികരീതിയിലാണ് എല്ലാം കൃഷി ചെയ്യുന്നത്. വീട്ടിലേക്കൊന്നും പുറത്തുനിന്നു വാ ങ്ങേണ്ടി വരരുത് എന്നായിരുന്നു തീരുമാനം. അങ്ങനെയാണെങ്കിൽ ചെലവു ചുരുക്കാമല്ലോ.

ഒരു സന്ധ്യക്ക് ആട്ടുകല്ലിൽ മാവ് അരക്കാനിരുന്നപ്പോൾ എന്തോ പേരറിയാ സങ്കടം വന്നു തിങ്ങി. പെട്ടെന്ന് അപ്പായെ കാണണമെന്നു തോന്നി. വീട്ടിലേക്കു പോകാൻ വേണ്ട കാശു കൈയിലില്ല. മൂന്നു കിലോമീറ്റർ അകലത്തൊരു വീട്ടിൽ അന്നു ഫോണുണ്ട്. തനിയെ നടന്നു പോയി ഫോൺ ചെയ്തു.‘എനിക്ക് അപ്പായെ കാണണമെന്നു തോന്നുന്നു.’ ‘വരൂ, വന്നിട്ടു പോകൂ’ അപ്പ പറഞ്ഞു.  പണമില്ലാത്ത ആ നിസ്സഹായവസ്ഥയിൽ വാശി തോന്നി. ജീവിതത്തിൽ എന്തെങ്കിലുമായിട്ടേ ഇനി നാട്ടിലേക്കു മടക്കയാത്രയുള്ളൂ. കുറച്ചു ദിവസം കഴിഞ്ഞൊരു രാത്രിയിൽ എന്തോ ദുസ്വപ്നം കണ്ട് ഞെട്ടിയെഴുന്നേറ്റു. ഹൃ ദയം അടച്ചുകെട്ടിയപോലെ. ആരോ വിളിക്കുന്നതു കേട്ടു പു റത്തിറങ്ങി നോക്കിയപ്പോൾ കാറുമായി ബന്ധുക്കൾ വന്നിരിക്കുന്നു. അപ്പ മരിച്ചിരിക്കുന്നു. അന്ന് മരണവിവരം അറിയിക്കാൻ  ഫോൺ കോളാണ് വന്നിരുന്നതെങ്കിൽ, ബസുകൂലിക്കുപോലും വകയില്ലാത്ത ഞാൻ എന്തു ചെയ്തേനേ എന്നെപ്പോഴും ചിന്തിക്കും. ഭർത്താവിന്റെ അച്ഛനമ്മമാർ മരി ച്ചപ്പോഴേക്കും എല്ലാം ഏറ്റെടുത്ത് ചെയ്യാവുന്ന നിലയിലേക്ക് സ്ഥിതി മാറിയിരുന്നു. കടങ്ങളൊക്കെ ഒരുവിധം ഒതുങ്ങി, മക്കൾ നല്ല സ്കൂളിൽ പഠിക്കുന്നു. എല്ലാ കാര്യങ്ങളും ന ന്നാ യി ചെയ്തു. എന്നാലും ജീവിതത്തോടും ഉറ്റവരോടും ഒരു പരിഭവം ബാക്കി. ‘വിമർശനങ്ങൾക്കപ്പുറം കുറച്ചു കൂടി ദയ ഞാന്‍ അർഹിക്കുന്നുണ്ടായിരുന്നു.’ 

TONS1963 ഫോട്ടോ: ടിബിൻ അഗസ്റ്റിൻ

മണ്ണു വിട്ടുപോകാനാകാതെ

മൂത്തമകൾ ഇന്റീരിയർ സിസെസെനിങ് കഴിഞ്ഞു. രണ്ടാമത്തെ മകൾ എംബിഎ പൂർത്തിയാക്കി ജോലി ചെയ്യുന്നു. ര ണ്ടുപേരും വിവാഹിതരാണ്. പേരക്കൂട്ടികളുമുണ്ട്. ഭർത്താവ് അവരുടെയൊപ്പമാണ്. ആർക്കും കാട്ടിൽ വന്ന് ചെറിയ സൗകര്യങ്ങളിൽ താമസിക്കാൻ താൽപര്യമില്ല. എല്ലാവരും പറയും ‘ഇതെല്ലാം വിറ്റ് നാട്ടിലേക്കു വരൂ. എന്തിനാണവിടെ തനിച്ചു നിൽക്കുന്നത്?’ എന്ന്. പക്ഷേ, എനിക്കീ മണ്ണു വിട്ടു പോകാൻ വയ്യ. ഈ ഭൂമിയിലെ ഓരോ ചുവടിലും എന്റെ കാൽ പതിഞ്ഞിട്ടുണ്ട്. കണ്ണീർ വീണ് ഈർപ്പമണിഞ്ഞിട്ടുണ്ട്. വിട്ടു പോകുമ്പോൾ അവരെന്നോട് പരിഭവിക്കാതിരിക്കില്ല. നിനക്ക് ഞങ്ങൾ എല്ലാം തന്നു. എന്നിട്ടും...

ഞാൻ വന്ന കാലത്ത് കൂടെയുള്ള പണിക്കാർ ഇപ്പോഴുംമുണ്ട്. പ്രായാധിക്യം കൊണ്ട് തോട്ടത്തിലൊന്നും ജോലി ചെ യ്യാൻ വയ്യാതായവർക്ക് വരുമാനത്തിന് വേണ്ടി തുടങ്ങിയ സം രംഭമാണ് സ്ക്വാഷും ജാമും തയ്യാറാക്കൽ. അതാകുമ്പോൾ ഒരിടത്തിരുന്ന് ചെയ്താൽ മതിയല്ലോ.‘ഓർഗാനിക് വേൾഡ് ’എന്നു പേരിട്ടിരിക്കുന്ന ആ ഉല്പന്നങ്ങളിൽ മധുരത്തിനു പ ഞ്ചസാരക്കു പകരം തേനാണ് ചേർക്കുന്നത്. കൃഷിയിടങ്ങളിൽ പലയിടത്തായി വച്ച തേനീച്ചക്കൂടുകളിൽ നിന്നാണ്  തേൻ സംഭരിക്കുന്നത്. തോട്ടത്തിൽ നിറയെ കാന്താരിമുളക് കൃഷിയുള്ളതുകൊണ്ട് അതും ചേർക്കും. ആരോഗ്യത്തിന് നല്ലതാണ്. കൃത്രിമ നിറങ്ങളും ചേർക്കാറില്ല. 

ഏലത്തിന് രാസവളമുപയോഗിക്കാതെ നല്ല വിളവെടുക്കാൻ പറ്റില്ല എന്നാണ് ഗവേഷകരുടെ പോലും അഭിപ്രായം. കുറച്ചു സ്ഥലത്ത് തികച്ചും ജൈവരീതിയിൽ ഏലം കൃഷി ചെയ്തിട്ടുണ്ട്. ഇപ്പോൾ പതിനെട്ടേക്കർ ഭൂമി കൂടി വാങ്ങിയിട്ടുണ്ട്. അതിൽ ഈ കൃഷിരീതി ചെയ്ത് കാണിച്ചു കൊടുക്കണമെന്നതാണ് ലക്ഷ്യം. കൃഷിയോടു കാണിച്ച അർപ്പണത്തിനു പല അവാർഡുകളും തേടിയെത്തി. 

ചാനലുകളിലും മറ്റും വന്ന ഇന്റർവ്യൂ കണ്ട് വിദേശത്തുനിന്നു ധാരാളം കോളുകൾ വരുന്നുണ്ട്. വാർഷിക വരുമാനം ഒരു കോടിയെന്നു കേട്ടാണ് ഈ വിളികളൊക്കെ. ‘ഞങ്ങൾക്ക് കൃഷി ചെയ്യണമെന്നുണ്ട്. ജോലിയുപേക്ഷിച്ചു വരട്ടെ’ എ ന്നെല്ലാമാണ് ചോദിക്കുന്നത്. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ നല്ലൊരു പങ്കും അധ്വാനിച്ചാണ് ഈ നേട്ടമുണ്ടാക്കിയത്. മുപ്പതിലധികം വർഷങ്ങള്‍ ഇതിനുവേണ്ടി കടം കൊണ്ടു. കഷ്ടപ്പെടാനും കാത്തിരിക്കാനും തയാറാണെങ്കിൽ ഒരു കൈ നോക്കൂ. 

 ഇന്നെനിക്കറിയാം അപ്പ അന്നു പറഞ്ഞതിന്റെ പൊരുൾ. ആരുടേയും മുമ്പിൽ കൈനീട്ടാതെ, തലകുനിക്കാതെ, ദയക്ക് കാത്തു നിൽക്കാതെ ചുറ്റിലും കാത്തു കിടന്ന കടമകളൊക്കെ നിറവേറ്റി ജീവിതം ജീവിക്കാൻ കഴിഞ്ഞൊരു സ്ത്രീയാകാൻ കഴിഞ്ഞത് ജന്മപുണ്യം തന്നെയാണ്.