Tuesday 19 November 2019 10:54 AM IST : By സ്വന്തം ലേഖകൻ

ഒരു വർഷമായി കാണാതായ സ്വർണ്ണമാല കണ്ടുകിട്ടി; സഹായം തേടിയെത്തിയവർക്ക് ഊരി നൽകി വിദ്യാർഥിനി!

gold-cchhbjnkjnf

എബിന്റെയും ഷിബിന്റെയും അപ്പായുടെ ജീവൻ രക്ഷിക്കാൻ ധനശേഖരണത്തിന് എത്തിയവർക്ക് കഴുത്തിൽ കിടന്ന സ്വർണമാല ഊരി നൽകി പ്ലസ്‍ വൺ വിദ്യാർഥിനി അലീന പൈലോ. പൂങ്കാവ് വടക്കേ പറമ്പിൽ കയർ തൊഴിലാളി പൈലോ ജോസഫിന്റെയും തയ്യൽ തൊഴിലാളി ജൂലിയുടെയും മകൾ അലീനയാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ അര പവനിലേറെ തൂക്കമുള്ള മാല നൽകിയത്.

ഒരു വർഷമായി കാണാതായ മാല കഴിഞ്ഞയാഴ്ചയാണ് അലമാരയിൽ പേപ്പറുകൾക്കിടയിൽ നിന്ന് കിട്ടിയത്. കൽപ്പണിക്കാരനായ പൂങ്കാവ് പാടത്ത് വലിയവീട് ഷിബുവിന്റെ (43) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചികിത്സയുടെ ധനശേഖരണാർഥം ജനകീയ കമ്മിറ്റി പ്രവർത്തകർ അലീനയുടെ വീട്ടിൽ പിരിവിന് എത്തിയപ്പോഴാണ് നഷ്ടപ്പെട്ട് തിരികെ കിട്ടിയ മാല ഊരി നൽകിയത്.  മാല വിറ്റ് ലഭിച്ച 17000 രൂപ ചികിത്സാസഹായ ഫണ്ടിലേക്ക് വകയിരുത്തി.

ഷിബുവിന്റെ അയൽക്കാരാണ് അലീനയുടെ കുടുംബം. തുക ഉടൻ തന്നെ ഷിബുവിന്റെ കുടുംബത്തിന് കൈമാറുമെന്ന് സഹായ സമിതി ചെയർമാൻ എൻ.പി. സ്നേഹജൻ, വൈസ് ചെയർമാൻ സിനിമോൾ ജോജി കൺവീനർ ജയൻ തോമസ് എന്നിവർ പറഞ്ഞു. ചടങ്ങിൽ അലീനയേയും ആദരിക്കും. ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് അലീന. എസ്എസ്എൽസിക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയിരുന്നു.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10, 11, 12, 13, ആര്യാട് 15, 16, 17, 18 എന്നിങ്ങനെ 8 വാർഡുകളിലായി 48 സ്ക്വാഡുകളായി തിരിഞ്ഞ് അഞ്ഞൂറിലേറെ സന്നദ്ധ പ്രവർത്തകരാണ് ഫണ്ട് സമാഹരണത്തിനായി ഇറങ്ങിയത്. രണ്ടു മണിക്കൂറിൽ 9,63,298 രൂപയാണ് ആകെ സമാഹരിച്ചത്. 

Tags:
  • Spotlight
  • Inspirational Story