‘അമ്മേ എനിക്കിനി നടക്കാൻ കഴിയില്ലേ?’- 10 മാസം മുൻപ് വരെ കൂട്ടുകാരുമൊത്ത് ഓടിനടന്ന രദീബിന്റെ ചോദ്യത്തിനു മുൻപിൽ അമ്മ രജിതയും പതറി നിൽക്കുകയാണ്. കൂട്ടുകാരോടൊപ്പം ദിവസവും സ്കൂളിൽപോയി പഠിച്ചും ക്രിക്കറ്റും ഫുട്ബോളും കളിച്ചും നടന്നതാണ് പാലക്കാട് പട്ടാമ്പി ഗവ. ഹൈസ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥി ഇ.രദീബ്.
കാലിനു വേദന തോന്നിത്തുടങ്ങിയതോടെ ഒട്ടേറെ ഡോക്ടർമാരെ കാണിച്ചു. കാത്സ്യത്തിന്റെ കുറവാകാം വേദനയ്ക്കു കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ വേദന കൂടിക്കൂടി വന്നതോടെ നടക്കാൻ കഴിയാതെയായി. വിദഗ്ധ പരിശോധനയിൽ ജനിതക രോഗമായ മസ്കുലർ ഡിസ്ട്രോഫിയാണെന്നു കണ്ടെത്തി.
തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് ഇപ്പോൾ.ഡിസ്ട്രോഫിൻ എന്ന പ്രോട്ടീൻ ഇല്ലാതെ വരുന്നതോടെ പേശികൾക്കു ബലക്ഷയം സംഭവിച്ചു ശരീരം തളരുന്ന അവസ്ഥ. 38 ലക്ഷം രൂപയോളം ചികിത്സയ്ക്കു ചെലവാകുമെന്നാണു ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
രദീബിന്റെ രോഗം കണ്ടെത്തിയെങ്കിലും അതിന്റെ കാഠിന്യം മനസ്സിലാക്കണമെങ്കിൽ ഇനിയും വിദഗ്ധ പരിശോധനകൾ നടത്തണം. മകന് തുടർ പരിശോധന നടത്താൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് അമ്മ രജിത. പട്ടാമ്പിയിൽ വാടകയ്ക്കാണു കുടുംബം കഴിയുന്നത്. രജിതയുടെ അമ്മ രമണിയും രജിതയും ജോലി ചെയ്താണ് ഓരോ ദിവസത്തെയും വീട്ടുചെലവു നടത്തിയിരുന്നത്.
ടാപ്പിങ് തൊഴിലാളിയായ രമണിയുടെ ഇരു കണ്ണുകളുടെയും കാഴ്ച മങ്ങിത്തുടങ്ങി. ഇതോടെ പണിക്കുപോകാൻ കഴിയാത്ത അവസ്ഥയാണ്. രജിത എറണാകുളം പ്രിന്റിങ് പ്രസിൽ ജോലി ചെയ്താണ് മക്കളെ പഠിപ്പിച്ചിരുന്നത്. മൂത്ത മകൻ രതീഷ് 12–ാം ക്ലാസ് വിദ്യാർഥിയാണ്.
രദീബിനു അസുഖം ബാധിച്ചതോടെ രജിതയ്ക്കു ജോലിക്കു പോകാൻ കഴിയാതെയായി. മകനെ എടുത്ത് ബസിൽ കയറ്റിയാണ് ആശുപത്രിയിൽ പോകുന്നത്. അസുഖം സ്ഥിരീകരിച്ചതോടെ രദീബിന്റെ പഠനവും മുടങ്ങിയിരിക്കുകയാണ്. ദിവസവും മകനെ സ്കൂളിൽ കൊണ്ടുപോയി തിരികെ എത്തണമെങ്കിൽ 60 രൂപയാകും ഓട്ടോ ചാർജ്.
ജോലിയില്ലാത്തതിനാൽ ഇതിനുള്ള പണവും കണ്ടെത്താൻ കഴിയുന്നില്ല. സ്വന്തമായി ഭൂമിയും കുടുംബത്തിനില്ല. ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ല. രദീബിനു സ്കൂളിൽ പോയി പഠിച്ച് മിടുക്കനാകണമെങ്കിൽ ഇനി സുമനസ്സുകൾ സഹായിക്കണം. മകന്റെ ചികിത്സയ്ക്കു വേണ്ടി പി.രജിതയുടെ പേരിൽ പട്ടാമ്പി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 14120100181916. ഐഎഫ്എസ്സി: FDRL0001412. ഗൂഗിൾ പേ നമ്പർ: 8943447126.