Thursday 17 January 2019 05:19 PM IST : By സ്വന്തം ലേഖകൻ

അധ്യാപികയെ സ്ഥലം മാറ്റി; സ്കൂൾ വിട്ടിറങ്ങാതെ രാത്രിയിലും ‘പഠിച്ച് പ്രതിഷേധിച്ച്’ വിദ്യാർത്ഥികൾ

protest

സ്കൂൾ കോളേജ്–കാലഘട്ടങ്ങളിൽ പല തരത്തിലുള്ള സമര പരിപാടികൾക്കും വിദ്യാർത്ഥികള്‍ മുന്നിട്ടിറങ്ങാറുണ്ട്. പലതും രക്ഷിതരൂക്ഷിതമായ അക്രമങ്ങളിലൊക്കെ കലാശിക്കുകയാണ് പതിവ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പഠന സമരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. വീട്ടിൽ പോലും പോകാൻ കൂട്ടക്കാതെ ക്ലാസിൽ ഇരുന്ന ഇരുപ്പിലിരുന്ന് പ്രതിഷേധിച്ചാണ് പിള്ളേർ കലിപ്പു തീർക്കുന്നത്. ആ പ്രതിഷേധത്തിനു പിന്നിലുള്ള കാരണവും ഏറെ ശ്രദ്ധേയമാണ്.

അരീക്കുഴ ഗവൺമെന്റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഈ പ്രതിഷേധത്തിനു പിന്നിൽ. അവിടുത്തെ ഗണിത ശാസ്ത്ര അധ്യാപികയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾ പഠന സമയം കഴിഞ്ഞിട്ടും ക്ലാസിൽ ഇരുന്ന് പ്രതിഷേധിക്കുന്നത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇനി അധിക നാളുകൾ ഇല്ലെന്നിരിക്കെ വന്ന ഈയൊരു നടപടിയിൽ രക്ഷകർത്താക്കൾക്കും കടുത്ത അമർഷമുണ്ട്.

ഹൈസ്കൂളായി സ്ഥാനക്കയറ്റം വന്നതു മുതൽ പത്താം ക്ലാസിൽ മികച്ച വിജയം കരസ്ഥമാക്കുന്ന സ്കൂളുകളിൽ ഒന്നാണ് അരീക്കുഴ ഗവൺമെന്റ് ഹൈസ്കൂള്‍. ഈ വർഷം 26 വിദ്യാർത്ഥികൾ പരീക്ഷയ്ക്കിരിക്കുന്ന സ്കൂൾ മികച്ച വിജയം നേടാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെയാണ് അധികൃതരുടെ സ്ഥലംമാറ്റ നടപടി. അധ്യാപികയെ കാഞ്ഞിരമറ്റം ഗവ: ഹൈസ്കൂളിലേക്ക് മാറ്റിക്കൊണ്ടാണ് ഉപ വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഇതിനെതിരെ വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

അതേസമയം ഓൺലൈൻ ട്രാൻസ്ഫർ വഴി സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവർക്ക് ഒഴിവു വരുന്ന മുറയ്ക്ക് സ്ഥലം മാറ്റം നൽകുന്ന പതിവ് നടപടിക്രമം മാത്രമാണിതെന്ന് അധികൃതർ പറയുന്നു. എന്നാൽ സ്ഥലംമാറ്റ ഓർഡറിൽ ഒപ്പിട്ടിട്ടില്ലെങ്കിലും പുതുതായി ചാർജെടുത്തതിനാൽ സംഭവത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു.