Tuesday 11 September 2018 10:05 AM IST : By സ്വന്തം ലേഖകൻ

വിദ്യാർഥികളെ കിറുക്കിക്കിടത്താൻ വെള്ളത്തിൽ കലർത്തി ലഹരി ഗുളികകളുടെ ഉപയോഗം; വിലക്കി എക്സൈസ്

idukki-drug

വിദ്യാർഥികളെ കിറുക്കിക്കിടത്താൻ ലഹരി ഗുളികകൾ വ്യാപകം. കോളജ് വിദ്യാർഥികൾക്കിടയിൽ ലഹരി ഗുളികകളുടെ ഉപയോഗം വ്യാപകമാണെന്ന വിവരത്തെ തുടർന്നു ഹൈറേഞ്ചിലെ രഹസ്യ കേന്ദ്രത്തിൽ മിന്നൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണു ലഹരി ഗുളികകൾ ഉൽപാദിപ്പിക്കുന്നുണ്ടെന്നു കണ്ടെത്തിയത്. 5 ദിവസം മുൻപു രാത്രി ഹൈറേഞ്ച് മേഖലയിൽ കേരള – തമിഴ്നാട് അതിർത്തിയോടു ചേർന്ന സ്ഥലത്തായിരുന്നു സംഭവം. സ്വകാര്യ കോളജിലെ വിദ്യാർഥികൾ സംഘം ചേർന്നു ലഹരി ഗുളിക ഉപയോഗിക്കുന്നതായി രഹസ്യവിവരം എക്സൈസിനു ലഭിച്ചിരുന്നു.

തുടർന്നു നെടുങ്കണ്ടത്തു നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി. ലഹരിഗുളിക വാങ്ങാനെന്ന വ്യാജേനെ സ്ഥലത്തെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ കണ്ടതു വെള്ളം തിളപ്പിച്ചു ഗുളികയുടെ ലായനി തയാറാക്കുന്ന വിദ്യാർഥി സംഘത്തെ. 7 പേരടങ്ങിയ സംഘമാണു ലഹരി ഗുളികകൾ ഉപയോഗിക്കുന്നതിനിടെ കുടുങ്ങിയത്. കമ്പത്തു നിന്നാണു വിദ്യാർഥിസംഘം ഗുളിക വാങ്ങിയതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരോട് ഇവർ പറഞ്ഞത്. മുറിക്കുള്ളിൽ നിന്നു ഗുളികകളൊന്നും പിടിച്ചെടുത്തിട്ടില്ല.

ഉപയോഗിച്ച ലഹരി ഗുളികകളുടെ കവറുകൾ മാത്രമാണു മുറിക്കുള്ളിൽ നിന്നു ലഭിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗുളിക വെള്ളത്തിൽ കലക്കിയ ശേഷം ശരീരത്തിൽ കുത്തിവയ്ക്കുകയാണെന്നാണു വിദ്യാർഥികൾ ഉദ്യോഗസ്ഥരോടു പറഞ്ഞത്. കോളജ് അധികൃതരെ വിളിച്ചു വരുത്തി എക്സൈസ് സംഘം വിവരം കൈമാറി. പുതിയ തരത്തിലുള്ള ലഹരി മരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്. ലഹരി ഗുളിക വിതരണം ചെയ്യുന്ന സംഘത്തെക്കുറിച്ച് എക്സൈസിനു സൂചനകൾ ലഭിച്ചതായും വിവരമുണ്ട്.

ബുദ്ധിയെ തളർത്തും, ആരോഗ്യം നശിക്കും


ലഹരി ഗുളികയുടെ നിരന്തര ഉപയോഗം ബുദ്ധിശേഷിയിൽ കുറവു വരുത്തുമെന്ന് എക്സൈസ്. ലഹരിയുടെ ദോഷവശങ്ങൾ ഒരാളെ ശാരീരികമായും മാനസികമായും ബാധിക്കും. അമിതമായ ലഹരി ഉപയോഗം കാലക്രമേണ ഓർമ, ചിന്ത, സ്വബോധം എന്നിവ നഷ്‌ടമാക്കുന്നു. വൈകാതെ കുട്ടി കടുത്ത ആകാംക്ഷ, ഭയം, സംശയം, ശ്രദ്ധയില്ലായ്‌മ, നിരുത്സാഹം എന്നിവയ്‌ക്ക് അടിമപ്പെടും. കുട്ടി ലഹരിക്ക്‌ അടിമയായിട്ടുണ്ട് എന്നു സംശയം തോന്നിയാൽ ഉടൻ തന്നെ വിദഗ്ധനായ ഡോക്ടറുടെയോ മാനസികാരോഗ്യ വിദഗ്ധന്റെയോ സഹായം തേടണം. ശകാരമോ കുറ്റപ്പെടുത്തലോ ദേഹോപദ്രവമോ വഴി ഇതിനു പരിഹാരം തേടാൻ പാടില്ലെന്നും എക്സൈസ് അറിയിച്ചു.

more...