കൊച്ചി സ്വദേശി സുഭദ്ര(73)യെ കൊലപ്പെടുത്തുന്നതിനു മുൻപായി 20 മയക്കുഗുളികകൾ നൽകിയതായി മരുന്ന് എത്തിച്ച മൂന്നാം പ്രതി റെയ്നോൾഡ് പൊലീസിനു മൊഴി നൽകി. സുഹൃത്ത് മാത്യൂസും ശർമിളയും ആവശ്യപ്പെട്ടതു പ്രകാരമാണു തന്റെ വീട്ടിലുണ്ടായിരുന്ന മരുന്നു കൊടുത്തത്. റെയ്നോൾഡിന്റെ മകനു ചികിത്സയുടെ ഭാഗമായി ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടറുടെ നിർദേശപ്രകാരം അവിടത്തെ ഫാർമസിയിൽ നിന്നു നൽകിയ മരുന്നുകളായിരുന്നിത്.
ആദ്യ ദിവസം ഇത്രയും ഗുളികകൾ പാനീയത്തിൽ കലക്കികൊടുക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ടപ്പോൾ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഊരിയെടുത്തു. അടുത്ത ദിവസം രാവിലെ അമിതമായ ക്ഷീണം അനുഭവപ്പെട്ട സുഭദ്ര തീരെ അവശയും പാതിമയക്കത്തിലുമായിരുന്നു. ജൂസ് വേണമെന്നു സുഭദ്ര ആവശ്യപ്പെട്ടതു പ്രകാരം ഇവരെ ഓട്ടോറിക്ഷയിൽ കലവൂർ ബസ് സ്റ്റാൻഡിന് സമീപത്തെ ബേക്കറിയിലും കൊണ്ടുവന്നിരുന്നു. മാത്യൂസും ശർമിളയും റെയ്നോൾഡും സുഭദ്രയും ഒരുമിച്ചാണു ജൂസ് കുടിച്ചത്.
നാലു ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച മൂന്നാം പ്രതി കാട്ടൂർ പാനേഴത്ത് റെയ്നോൾഡുമായി(61) മണ്ണഞ്ചേരി പൊലീസ് ഇന്നലെ ഉച്ചയോടെയാണു തെളിവെടുപ്പ് ആരംഭിച്ചത്. കോടതിയിൽ നിന്നു പ്രതിയുമായി ആദ്യം കോർത്തുശേരിയിലെ വാടക വീട്ടുവളപ്പിൽ സുഭദ്രയുടെ മൃതദേഹം കുഴിച്ചുമൂടിയ സ്ഥലത്ത് എത്തിച്ചു. തുടർന്നു കാട്ടൂരിലെ ഇയാളുടെ വീട്ടിലും കലവൂരിൽ ജൂസ് കുടിച്ച ബേക്കറിയിലും എത്തിച്ചു തെളിവെടുത്തു. ആലപ്പുഴ ഡിവൈഎസ്പി മധു ബാബു, മണ്ണഞ്ചേരി ഇൻസ്പെക്ടർ എം.ആർ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻപൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്.
പ്രതിയെ എത്തിച്ചത് അറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി. കേസിലെ ഒന്നും രണ്ടും പ്രതികളായ കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള(52), ഭർത്താവ് കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ്(നിഥിൻ–35) എന്നിവർ റിമാൻഡിലാണ്. ഇവരുടെ തെളിവെടുപ്പ് കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 4ന് കാണാതായ ഇവരെ 7ന് കോർത്തുശേരിയിലെ വാടക വീട്ടിൽ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണു കേസ്. ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങളും പ്രതികൾ അപഹരിച്ചു.