Saturday 14 September 2024 11:18 AM IST : By സ്വന്തം ലേഖകൻ

‘സുഭദ്രയ്ക്ക് മക്കളുമായി അടുപ്പം കുറവ്, മിക്ക ദിവസവും ശർമിളയെ ഫോണിൽ‍ വിളിക്കും’; ക്രൂരകൃത്യത്തിലേക്ക് പ്രതികളെ നയിച്ചത് മദ്യാസക്തി!

subhadra-demise

ക്രൂരകൃത്യത്തിലേക്കു പ്രതികളെ നയിച്ചതു മദ്യാസക്തി. ശർമിളയും മാത്യൂസും മദ്യത്തിന് അടിമകളായിരുന്നെന്നു പൊലീസ് സൂചിപ്പിച്ചു. മദ്യത്തിനു പണം കണ്ടെത്താനാകാം സുഭദ്രയുടെ സ്വർണം തട്ടിയെടുക്കാൻ പദ്ധതിയിട്ടത്.

ശർമിളയെയും മാത്യൂസിനെയും കാണാനെത്തുന്ന സുഭദ്ര പലപ്പോഴും ഇവരോടൊപ്പം താമസിച്ചിരുന്നെങ്കിലും മദ്യപിച്ചിട്ടില്ലെന്നാണു പൊലീസിനു ലഭിച്ച വിവരം. ഭക്ഷണം മാത്രം കഴിച്ചിരുന്നു. മക്കളുമായി അടുപ്പം കുറവായിരുന്നെങ്കിലും സുഭദ്ര മിക്ക ദിവസവും അവരെ ഫോണിൽ‍ വിളിക്കുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

ശർമിളയുടെ പിതാവ് വർഷങ്ങൾക്കു മുൻപ് കുടുംബത്തെ ഉപേക്ഷിച്ചു പോയതാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഉഡുപ്പിയിൽ ചെമ്മീൻ ഷെഡിൽ ജോലിക്കു പോയ മാതാവ് അവിടെ മറ്റൊരു വിവാഹം കഴിച്ചു.

ശർമിളയും മാത്യൂസും ശ്രമിച്ചത് തട്ടിയെടുത്ത സ്വർണം മുഴുവൻ സ്വന്തമാക്കാൻ

ഗുളികകൾ നൽകി സുഭദ്രയെ മയക്കി സ്വർണം തട്ടിയെടുക്കാൻ പദ്ധതിയിട്ടതു റെയ്നോൾഡ്. പക്ഷേ, സുഭദ്രയെ കൊലപ്പെടുത്തിയ ശേഷം ശർമിളയും മാത്യൂസും റെയ്നോൾഡിനെ തെറ്റിദ്ധരിപ്പിച്ചു മുഴുവൻ സ്വർണവും സ്വന്തമാക്കാൻ ശ്രമിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

വിഷാദരോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഗുളികകൾ സംഘടിപ്പിച്ചതു റെയ്നോൾഡാണ്. അവയുപയോഗിച്ചു സുഭദ്രയെ ദിവസങ്ങളോളം മയക്കി ശർമിളയും മാത്യൂസും സ്വർണാഭരണങ്ങൾ മോഷ്ടിച്ചെങ്കിലും സുഭദ്രയെ കൊലപ്പെടുത്തിയെന്നു റെയ്നോൾഡിനെ അവർ അറിയിച്ചില്ല. മോഷ്ടിച്ച സ്വർണത്തിന്റെ പങ്ക് റെയ്നോൾഡിനു നൽകുന്നത് ഒഴിവാക്കാൻ കൂടിയായിരുന്നു ഇതെന്നാണു പൊലീസ് നിഗമനം. സുഭദ്ര തിരികെ പോയെന്നാണു ശർമിളയും മാത്യൂസും റെയ്നോൾഡിനോടു പറഞ്ഞത്.

സ്വർണം വിറ്റത് മൂന്നിടങ്ങളിൽ

സുഭദ്രയുടെ സ്വർണാഭരണങ്ങൾ ശർമിളയും മാത്യൂസും വിറ്റതു മൂന്നിടത്ത്. ആലപ്പുഴ, തോപ്പുംപടി, ഉഡുപ്പി എന്നിവിടങ്ങളിലാണിത്. തോപ്പുംപടിയിൽ വിറ്റപ്പോൾ പകരം സ്വർണം വാങ്ങിയെന്നും പൊലീസിനു വിവരം ലഭിച്ചു. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുമ്പോൾ ഈ ആഭരണങ്ങൾ വീണ്ടെടുക്കുമെന്നു പൊലീസ് പറഞ്ഞു.

Tags:
  • Spotlight