Saturday 14 September 2024 10:06 AM IST : By സ്വന്തം ലേഖകൻ

‘കട്ടിലിൽ നിന്നു ചവിട്ടിവീഴ്ത്തി, കഴുത്തിൽ ഷാൾ മുറുക്കിയപ്പോൾ പിടഞ്ഞ സുഭദ്രയുടെ പുറത്ത് പ്രതികൾ ചവിട്ടിപ്പിടിച്ചു’; കൊലപ്പെടുത്തിയത് അതിക്രൂരമായി

mathews-sharmila7899

കൊച്ചി സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കലവൂർ കോർത്തുശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിൽ മൂന്നു പ്രതികൾ. കഴിഞ്ഞ ദിവസം കർണാടക മണിപ്പാലിൽ നിന്നു പിടിയിലായ മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള (52), ഭർത്താവ് കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിധിൻ– 35) എന്നിവർക്കു പുറമേ, മാത്യൂസിന്റെ ബന്ധു മാരാരിക്കുളം തെക്ക് പനേഴത്ത് റെയ്നോൾഡും (61) അറസ്റ്റിലായി. ശർമിളയാണ് ഒന്നാം പ്രതി. മാത്യൂസ് രണ്ടും റെയ്നോൾഡ് മൂന്നും പ്രതികൾ. സുഭദ്രയെ ശർമിളയും മാത്യൂസും ചേർന്നു ക്രൂരമായാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.

കട്ടിലിൽ നിന്നു ചവിട്ടി വീഴ്ത്തി, കഴുത്തിൽ ഷാൾ മുറുക്കിയപ്പോൾ പിടഞ്ഞ സുഭദ്രയുടെ പുറത്തു പ്രതികൾ ചവിട്ടിപ്പിടിക്കുകയും ചെയ്തു. കൊച്ചി കരിത്തല റോഡ് ശിവകൃപയിൽ തനിച്ചു താമസിക്കുകയായിരുന്ന സുഭദ്രയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ മൂവരും ചേർന്ന് ആസൂത്രണം ചെയ്ത പദ്ധതിയാണു കൊലപാതകത്തിലെത്തിയതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 4ന് സുഭദ്രയെ കൊച്ചിയിൽ നിന്നു ശർമിള തന്ത്രപൂർവം തങ്ങളുടെ വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. തുടർന്ന് വിഷാദരോഗ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്ന് ഉയർന്ന അളവിൽ ചായയിലും മറ്റും ചേർത്തു നൽകി ബോധരഹിതയാക്കി. 

സ്വർണാഭരണങ്ങൾ പല ദിവസങ്ങളിലായി കവർന്നു. 7ന് രാവിലെ ബോധം തെളിഞ്ഞപ്പോൾ ആഭരണങ്ങൾ തിരികെ വേണമെന്നും പൊലീസിൽ പരാതിപ്പെടുമെന്നും സുഭദ്ര പറഞ്ഞു. ഇതോടെയാണു കൊലപ്പെടുത്താൻ പ്രതികൾ തീരുമാനിച്ചത്. ഉച്ചയ്ക്ക് 12നും ഒന്നിനുമിടയിൽ സുഭദ്രയെ കൊലപ്പെടുത്തി. മാലിന്യം തള്ളാനെന്ന പേരിൽ വൈകിട്ട് ഒരാളെ വിളിച്ചുവരുത്തി വീട്ടുവളപ്പിൽ കുഴിയെടുപ്പിച്ചു. അർധരാത്രിയോടെ മൃതദേഹം കുഴിയിലിട്ടു മൂടിയെന്നും പൊലീസ് അറിയിച്ചു.

2 ദിവസം കൂടി പ്രതികൾ ഇതേ വീട്ടിൽ താമസിച്ചു. സുഭദ്രയുടെ ഫോൺവിളികൾ പരിശോധിച്ച കടവന്ത്ര പൊലീസ് ശർമിളയെ ബന്ധപ്പെട്ടതോടെയാണു ദമ്പതികൾ കർണാടകയിലെ മണിപ്പാലിലേക്കു കടന്നത്. തുടർന്ന് 4 തവണ പ്രതികൾ നാട്ടിലെത്തി. ഈ മാസം ആദ്യവാരം ആലപ്പുഴ അതിർത്തിയോടു ചേർന്ന് എറണാകുളം ജില്ലയിൽ വാടകയ്ക്കു വീടെടുക്കാനും ശ്രമിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച സുഭദ്രയുടെ മൃതദേഹം കണ്ടെത്തിയതോടെ പിറ്റേന്നു വീണ്ടും മണിപ്പാലിലേക്കു കടന്നു. അവിടെ സുഹൃത്തിന്റെ വീട്ടിൽ എത്തിയ വിവരം അന്വേഷണ സംഘം അറിയുകയും മണിപ്പാലിലെത്തി പിടികൂടുകയുമായിരുന്നു. 

ഇന്നലെ രാവിലെ 9 മണിയോടെ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ വൈകിട്ട് 5 മണിവരെ ചോദ്യം ചെയ്തു. അപ്പോഴാണു കൊലപാതകത്തിൽ റെയ്നോൾഡിന്റെ പങ്ക് വ്യക്തമായത്. തുടർന്ന് ഇയാളെയും കസ്റ്റഡിയിലെടുത്തു. മൂവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓണത്തിനു ശേഷം തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകും. മൃതദേഹം മറവു ചെയ്യാൻ കുഴിയെടുത്ത കാട്ടൂർ കിഴക്കേവെളിയിൽ വീട്ടിൽ ഡി.അജയന് (39) കൊലപാതകത്തിൽ പങ്കില്ലെന്നു പൊലീസ് പറഞ്ഞു.

ഉഡുപ്പിയിലേക്കു മുങ്ങിയ പ്രതികൾ 4 തവണ നാട്ടിലെത്തി മടങ്ങി

ഒളിവുജീവിതവും നിരന്തര യാത്രകളും കാരണം ക്ഷീണിതരായാണു ശർമിളയും മാത്യൂസും പൊലീസിന്റെ പിടിയിലായത്. മണിപ്പാലിൽ വച്ചു പിടികൂടുമ്പോൾ തന്നെ ഇവർ അവശരായിരുന്നു. നീണ്ട മടക്കയാത്രയും ക്ഷീണം കൂട്ടി. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ വച്ചു ഭക്ഷണം ലഭിച്ചതോടെയാണ് ഇരുവരും പൊലീസിനോടു സംഭവങ്ങൾ വ്യക്തമാക്കിയത്.സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ടു കടവന്ത്ര പൊലീസ് ഫോണിൽ വിളിച്ചതോടെ ശർമിളയും മാത്യൂസും നാടുവിട്ടിരുന്നു. 

ഇവർ ഉഡുപ്പിയിലെത്തി സ്വർണം വിറ്റു പണം വാങ്ങിയ ശേഷം നാട്ടിലെത്തി കാര്യങ്ങൾ തിരക്കി. കൊലപാതക ശേഷം 4 തവണ ഇവർ നാട്ടിലെത്തിയെങ്കിലും ഓഗസ്റ്റ് 24നു മാത്രമാണു പ്രതികൾ നാട്ടിലെത്തിയ വിവരം പൊലീസ് അറിഞ്ഞത്. ഓഗസ്റ്റ് 23നു ശർമിളയും മാത്യൂസും കാട്ടൂരിലെത്തി റെയ്നോൾഡിനെ കണ്ടിരുന്നു. കടവന്ത്ര പൊലീസ് ചോദ്യം ചെയ്തതടക്കമുള്ള വിവരങ്ങൾ റെയ്നോൾഡ് അവരോടു പറഞ്ഞു.

ഓഗസ്റ്റ് 24നു ശർമിളയും മാത്യൂസും കാട്ടൂരിലെ ബസ് സ്റ്റോപ്പിൽ നിൽക്കുന്നതു കണ്ടവർ‍ പൊലീസിനു വിവരം നൽകിയിരുന്നു. തുടർന്ന് ഇതുവഴിയുള്ള ബസുകളിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തി. 

എന്നാൽ, തീരദേശത്തേക്കു പോയി അവിടെ നിന്ന് ഓട്ടോയിലാണു പ്രതികൾ സ്ഥലം വിട്ടത്. എറണാകുളം ജില്ലയിൽ പലയിടത്തായാണ് ഇവർ താമസിച്ചത്. വാടക വീട് അന്വേഷിക്കുന്നുമുണ്ടായിരുന്നു.പൊലീസ് മൃതദേഹം കണ്ടെത്തിയെന്ന വാർത്ത അറി‍ഞ്ഞതോടെ ഇരുവരും വീണ്ടും ഉഡുപ്പി ലക്ഷ്യമാക്കി യാത്ര തുടങ്ങിയെങ്കിലും മണിപ്പാലിൽ ഇറങ്ങി. അവിടത്തെ പരിചയക്കാരിയോടു സഹായം തേടുകയായിരുന്നു ഉദ്ദേശ്യം. ദീർഘമായ യാത്രയും മാനസിക സംഘർഷവും ഇവരെ തളർത്തിരുന്നു. പിടിയിലാകുമ്പോൾ യാത്ര ചെയ്തു ക്ഷീണിച്ച അവസ്ഥയിലായിരുന്നെന്നും പൊലീസാണെന്നു പറഞ്ഞപ്പോൾ തന്നെ എതിർപ്പില്ലാതെ ഒപ്പം പോന്നെന്നും അന്വേഷണ സംഘാംഗങ്ങൾ പറഞ്ഞു.

സുഭദ്രയ്ക്കു താൻ മകളെപ്പോലെയെന്നു ശർമിള

സുഭദ്രയ്ക്കു താൻ മകളെപ്പോലെയായിരുന്നെന്നു ശർമിള പൊലീസിനോടു പറഞ്ഞു. 2016 മുതൽ സുഭദ്രയുമായി പരിചയമുണ്ട്. എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വച്ചാണു സുഭദ്രയെ പരിചയപ്പെട്ടത്. താൻ അനാഥയാണെന്നു ശർമിള പറഞ്ഞതോടെ സുഭദ്ര പലപ്പോഴും കാണാനെത്തി. ഒരു സ്ഥാപനത്തിൽ താൽക്കാലിക ജോലി ശരിയാക്കുകയും ചെയ്തു. 

സുഭദ്രയുടെ പരിചയക്കാരി നടത്തിയ ഹോസ്റ്റലിൽ താമസ സൗകര്യവുമൊരുക്കി. 2020 ൽ മാത്യൂസുമായുള്ള വിവാഹം കഴിഞ്ഞതോടെ മാത്യൂസ് മുൻകയ്യെടുത്തു സുഭദ്രയുമായുള്ള ബന്ധം ഊഷ്മളമാക്കി. മിക്കപ്പോഴും ഒന്നിച്ചു യാത്ര ചെയ്യുകയും സുഭദ്ര കോർത്തുശേരിയിലെത്തി താമസിക്കുകയും ചെയ്തിരുന്നെന്നും ശർമിള പൊലീസിനോടു പറഞ്ഞു.

Tags:
  • Spotlight