Friday 05 November 2021 11:42 AM IST : By സ്വന്തം ലേഖകൻ

വാടകയ്ക്ക് കോട്ടെടുത്ത് ഗൾഫിലേക്കുള്ള ഇന്റർവ്യൂവിൽ: കയ്പേറിയ കാലം കഴിഞ്ഞു, ഇപ്പോൾ സുബിലിന്റെ ജീവിതം നിറയെ മധുരം

subil

കോവിഡ് പരത്തിയ ഇരുട്ടിൽ പ്രതീക്ഷയുടെ പ്രകാശം പരത്തിയാണ് ഇന്നു ദീപാവലി വരുന്നത്. തിന്മയുടെമേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ദീപാവലി ഈ പുതുകാലത്ത് നിരാശയുടെ മേൽ പ്രതീക്ഷയുടെ വെളിച്ചം തൂവുന്ന ആഘോഷമാണ്. ആ ആഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ നാട്ടിലെങ്ങും ദീപാവലിമിഠായികൾ മധുരം വിതറുകയാണ്. പ്രവാസ ജീവിതം ഉപേക്ഷിച്ച് നാട്ടിലത്തി തന്റെ ഗ്രാമത്തിൽ മധുരപലഹാര സംരംഭം തുടങ്ങിയ ചേളന്നൂർ സ്വദേശി കെ.സുബിലിന്റെ ജീവിതം ഈ ദീപാവലിക്കാലത്ത് മനസ്സിൽ മധുരം പകരുന്ന അതിജീവനകഥയാണ്.

കക്കോടിയിലെ ബേക്കറിയിൽ ജീവനക്കാരനായാണ് സുബിൽ ജീവിതം തുടങ്ങിയത്. 2011ൽ വാടകയ്ക്കെടുത്ത കോട്ടു ധരിച്ച് ഗൾഫിലേക്കുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തതാണു സുബിലിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ലുലു ഗ്രൂപ്പിലെ കേക്ക്ഷോപ്പിലായിരുന്നു ജോലി. നാട്ടിലേക്ക് തിരികെവന്നു. കക്കോടിയിൽ പൂട്ടാനൊരുങ്ങിയ ബേക്കറി ഏറ്റെടുക്കുമ്പോൾ പുതിയതെന്തും പഠിച്ചെടുക്കാമെന്ന ആത്മവിശ്വാസമാണ് കൈമുതലായിരുന്നത്. ബേക്കറി വിജയമായി. തുടർന്ന് നരിക്കുനിയിൽ സിറ്റിസ്റ്റാർ എന്ന പേരിൽ ബേക്കറി തുടങ്ങി. 

മൂട്ടോളിയിൽ പ്രൊഡക്‌ഷൻ യൂണിറ്റും തുടങ്ങി. പിന്നീട് മൂട്ടോളിയിലെ പ്രൊഡക്‌ഷൻ യൂണിറ്റ് വിപുലമാക്കി ബേക്കറിയാക്കി മാറ്റി. ഈ ദീപാവലിക്കാലത്ത് 150 തരം മധുര പലഹാരങ്ങളാണ് ഒരുക്കിയതെന്ന് സുബിൽ പറഞ്ഞു. ക്രിസ്മസ് കാലമാവുമ്പോഴേക്ക് കേക്കുകൾക്കു മാത്രമായൊരു സംരംഭം തുടങ്ങാനും സുബിൽ ലക്ഷ്യമിടുന്നു.

More