Wednesday 04 July 2018 11:11 AM IST

സങ്കടങ്ങളുടെ മിഡ് ഫീൽഡ് കടന്ന് സുഡാനിയിലെ മാനേജർ ഇതാ ഇവിടെയുണ്ട്!

Tency Jacob

Sub Editor

crisis-football3
ഫോട്ടോ: അരുൺ പയ്യടിമീത്തൽ

എന്റെ മാത്രം കഥയല്ല സുഡാനിയെന്ന സിനിമ, മറ്റു രണ്ടുമൂന്നു മാനേജർമാർ കൂടി സൗബിൻ അവതരിപ്പിച്ച മജീദ് എന്ന കഥാപാത്രത്തിലുണ്ട്. സംവിധായകൻ സക്കരിയ കുറച്ചുനാൾ കൂടെയിരുന്ന് കാര്യങ്ങൾ ചികഞ്ഞെടുത്തിരുന്നു. ആ സിനിമയിൽ ഞാൻ ചെറിയൊരു സീനിൽ അഭിനയിക്കുന്നുമുണ്ട്.’’ കാര്യങ്ങൾ കൃത്യമായിരിക്കണമല്ലോ എന്നൊരു തീർപ്പുണ്ട്  പെരിന്തൽമണ്ണ തോരപ്പൻ വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ ബാബുവിന്റെ ശബ്ദത്തിൽ.

‘‘കളിക്കളത്തിലും ചുറ്റുവട്ടത്തും ബാബു അയ്നോവ് എന്നു പറഞ്ഞാലാണ് എല്ലാവരും അറിയുക. ഇൻ ദ നെയിം ഓഫ് വിക്ടറി എന്നതിന്റെ ചുരുക്കെഴുത്താണ് അയ്നോവ്. അതെ, എല്ലാം വിജയത്തിന്റെ പേരിൽ. ഇരുപതു വയസ്സുവരെ ക്രിക്കറ്റിനോടായിരുന്നു ഭ്രമം. കൂട്ടുകാരെല്ലാം മൈതാനത്ത് പന്തുരുട്ടി സമയം കളഞ്ഞപ്പോൾ പന്തടിച്ചു പറത്തുന്നതിലായിരുന്നു എന്റെ വീര്യം. സ്കൂളിലെയും കോളജിലെയും  ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു. സ്േറ്ററ്റ് ടീമിലേക്ക് സെലക്‌ഷൻ കിട്ടി. കഠിന പരിശീലനത്തിലായിരിക്കുമ്പോഴാണ് ആ വഴിത്തിരിവ്.’’

അപ്രതീക്ഷിതം ആ സെൽഫ് ഗോൾ

ഗ്രൗണ്ടിൽ പരിശീലനം കഴിഞ്ഞ് സുഹൃത്തിന്റെ കൂടെ മടങ്ങുകയായിരുന്നു. മാങ്ങ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോൾ വെറുതേയൊരു പൂതി, കേറിപ്പറിച്ചാലോ. ഉഷാറ് പ്രായമല്ലേന്ന്, കൊമ്പിൽ ചവിട്ടിനിന്ന് പറിക്കുന്നതിനിടയിൽ ബോൾ വരുന്നുണ്ടെന്ന് സങ്കൽപിച്ച് ബാറ്റു ചെയ്യുന്ന ക്രിക്കറ്റിലെ ഷാഡോ എന്നൊരു പോസിലേക്കെന്ന പോലെ കാൽവച്ചു.  പിന്നെ, കണ്ണുതുറക്കുന്നത് ആശുപത്രിയിലാണ്. ഡോക്ടറെ കണ്ടപ്പോൾ ആദ്യം ചോദിച്ചത് ‘ഇനി എനിക്ക് കളിക്കാൻ പറ്റൂലേ’ എന്നായിരുന്നു.  ‘പിന്നേ... രണ്ടാഴ്ച കഴിഞ്ഞാൽ കളിക്കാല്ലോ’ എന്നായിരുന്നു മറുപടി.  ഡോക്ടർ തമാശ പറഞ്ഞതാണെന്നു മനസ്സിലാക്കാൻ പിന്നെയും  മാസങ്ങളെടുത്തു. വീഴ്ചയിൽ നട്ടെല്ലിനായിരുന്നു ക്ഷതം. അരയ്ക്കു താഴെ തളർന്നു പോയിരുന്നു.

ഇഞ്ചുറി ടൈമിലെ പെനൽറ്റി ഗോൾ

കിടപ്പിലാണെങ്കിലും പതുക്കെ എഴുന്നേറ്റ് നടക്കും... കളി തുടരാൻ പറ്റും... എന്നെല്ലാമായിരുന്നു എന്റെ പ്രതീക്ഷ. ഉമ്മയുടെയും വീട്ടുകാരുടെയും മുഖത്തെല്ലാം  മൗനം തളം കെട്ടികിടക്കുന്നത് എന്തിനെന്ന്  മനസ്സിലായില്ല. ആറുമാസം കഴിഞ്ഞപ്പോൾ അതിന്റെ പൊരുളു തിരിച്ചറിഞ്ഞു. ഇനി എനിക്ക് നടക്കാനാകില്ല...   മൂന്നുമാസം കഴിഞ്ഞപ്പോൾ എഴുന്നേറ്റിരിക്കാൻ തുടങ്ങി. ചെക്കന്മാരൊക്കെ ക്രിക്കറ്റ് കളിക്കണ കാണുമ്പോൾ ചിന്തിക്കും. ഞാനും ഇങ്ങനെ കളിക്കേണ്ടതായിരുന്നില്ലേ... പിന്നെ, മനസ്സിലായി ഇനിയും സങ്കടപ്പെട്ടിരുന്നിട്ടു കാര്യമില്ല. കൂട്ടുകാരെല്ലാം  ഫുട്ബോൾ കമ്പക്കാരും കളിക്കാരുമായിരുന്നു. അങ്ങനെയാണ് ഫുട്ബോൾ കണ്ടു തുടങ്ങുന്നത്. പിന്നെയത് ഇഷ്ടമായി. അവർ പോകുന്നിടത്തെല്ലാം എന്നെയും പൊക്കിയെടുത്തു കൊണ്ടുപോയി. അന്നുതൊട്ട് കൂട്ടുകാരുടെ തോളിൽത്തൂങ്ങി കളി കാണാൻ പോകും. ആദ്യം നന്നായി കളിക്കുന്ന സുഹൃത്തുക്കളെയൊക്കെ വച്ച്  ലോക്കൽ ടീം ഉണ്ടാക്കി. പിന്നെ, മെല്ലെ മാനേജരായി.  

ജീവിതത്തിൽ ഇനിയെന്തു ചെയ്യാൻ പറ്റും എന്ന ചോദ്യത്തിൽ നിന്നാണ് റോയൽ ട്രാവൽസ് ബ്ലാക് ആൻഡ് വൈറ്റ് എന്ന ടീം ഉണ്ടാകുന്നതും മാനേജരാകുന്നതും. ആ ടീമിലേക്ക് വിദേശ കളിക്കാരെ കൊണ്ടുവരാൻ തുടങ്ങിയതും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ കളിക്കാരും വരുന്നത്. അവിടെ നമുക്കൊരു  ഏജന്റുണ്ടാകും. ഉശിരൻ കളിക്കാരെന്നൊക്കെയാണ് പറയുക. ചിലപ്പോൾ പന്തു തട്ടിയ പരിചയമേ ഉണ്ടാകൂ. അവൻ നോക്കുമ്പോൾ ഇന്ത്യയല്ലേ, ലോകകപ്പിലൊന്നും പെടാത്ത രാജ്യം. എന്തെങ്കിലുമൊക്കെ ചെയ്താൽ മതിയെന്നാകും. പക്ഷേ ഇവിടെ വന്ന് തിരൂക്കാട് ഗ്രൗണ്ടിലിറങ്ങി സെവൻസ് കളിക്കാൻ ശ്രമിക്കുമ്പോൾ കാണികളുടെ ഓളം കണ്ട് ഓനാകെ പതറും. ‘ എനിക്ക് കളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല മാനേജർ’ എന്ന് നിസ്സഹായനാകും. ഇലവൻസ് കളിച്ചുവന്ന് സെവൻസ് കളിക്കൽ അത്രയെളുപ്പമല്ലെന്ന് നമുക്കറിയാല്ലോ. പിന്നെ, പതുക്കെ മെരുക്കിയെടുക്കും. ഒട്ടും പറ്റുന്നില്ലാന്ന് കാണുന്നവരെ ടിക്കറ്റെടുത്ത് മടക്കി അയക്കും. കരഞ്ഞു കൂവി പോയോരൊക്കെയുണ്ട്. പണം എന്ന ഒറ്റവലയിലാണ് ഇവർ വന്നു വീഴുന്നത്. അവരുടെ സങ്കടം കാണുമ്പോൾ നമ്മുടെ കണ്ണും നിറയും. നമ്മളും തോനെ കാശില്ലാത്തവരാണല്ലോ.

ക്യാഷ് വല കാക്കുന്ന ഗോൾകീപ്പർ

ആകെ ചൊറ പിടിച്ച പണിയാണ് ഇത്. കയ്യില് കായ് നിക്കില്ല. മൂവായിരം രൂപ കയ്യിലുള്ളപ്പോഴാണ് ഞാൻ മാനേജരാകുന്നത്. ഇപ്പോഴും കളിക്കാലം കഴിഞ്ഞാൽ അധികമൊന്നും മിച്ചമുണ്ടാകില്ല. വീട്ടിലെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് നോക്കുന്നത്. കളി തുടങ്ങിയാൽ ആകെ തിരക്കാണ്. ഇന്ന് ആരെയൊക്കെ ഇറക്കണം. ഏത് പൊസിഷനിൽ നിറുത്തണം ആ കെ ബേജാറിലാകും. കളിക്കാർക്ക് എഫ്ആർഒ എടുക്കേണ്ടതിനൊക്കെ പൈസ കെട്ടിവയ്ക്കണം. ചിലരെല്ലാം  കള്ള പാസ്പോർട്ട് എടുത്തു വരും. എത്ര സൂക്ഷിച്ചു നോക്കിയാലും ന മുക്കതു മനസ്സിലാവില്ല. പക്ഷേ, പൊലീസിനത് കൃത്യമായി മനസ്സിലാകും. ഒരു ദിവസത്തിനുള്ളിൽ നാട്ടിലേക്ക് ടിക്കറ്റെടുത്ത് അവരെ പറഞ്ഞയയ്ക്കണം. പെട്ടെന്ന് ടിക്കറ്റ് എടുക്കുന്നതുകൊണ്ട് അറുപതിനായിരം രൂപയൊക്കെയാകും.

crisis-football9

അപ്പോൾ കൂട്ടുകാരുടെ ഭാര്യമാരുടെ സ്വർണം പണയം വ ച്ചും  കടം വാങ്ങിയും പൈസ കണ്ടെത്തും.  ഇപ്പോൾ കള്ള പാസ്പോർട്ടും  ലഹരികടത്തുമൊന്നുമില്ല. ചില കളിക്കാര് തിരുപ്പൂര് പോയി ചെറിയ പൈസയ്ക്ക് കുറെ ടിഷർട്ട് വാങ്ങി നാട്ടിലേക്കയയ്ക്കും. അവിടെ രണ്ടിരട്ടി വിലയ്ക്ക് വിൽക്കും. കളിച്ച് വീടു നോക്കിയവർ ഒരുപാടുണ്ട്. ചുക്കു എന്ന കളിക്കാരനുണ്ടായിരുന്നു. നന്നായി കളിക്കും. ഒൻപതു വർഷം നാട്ടിൽ പോകാതെ അവനിവിടെ ഇന്ത്യയിൽ നിന്നു. ഉച്ചയ്ക്ക് എല്ലാവരും ചോറു കഴിക്കുമ്പോൾ, ബ്രെഡും ജാമും കഴിച്ച് വിശപ്പടക്കും. പെങ്ങന്മാരെയെല്ലാം കെട്ടിച്ചു വിട്ട്, പുതിയ വീടു വച്ചിട്ടാണ് തിരികെ പോയത്.

കളത്തിനു പുറത്തെ ഡിഫൻഡർ

കളിക്കാർക്ക് താമസിക്കാനുള്ള മുറിയെല്ലാം നമ്മളെടുത്തു കൊടുക്കണം. പിന്നെ, ഗ്യാസ് സിലിണ്ടറും വെള്ളവും. ഭക്ഷണമൊക്കെ അവർ തന്നെയുണ്ടാക്കികൊള്ളും.  
ഇംഗ്ലിഷ് അറിയാത്തവരോട് ആംഗ്യഭാഷയിലാണ് സംസാരം. നല്ല കളിക്കാരനെങ്കിൽ ഒരുദിവസം നാലായിരം രൂപ കൊടുക്കും. സെവൻസ് കളിക്കാൻ പോയാൽ ആകെ കിട്ടുന്നത് പതിനയ്യായിരമൊക്കെയാണ്. കളിക്കാരെ പിരിച്ചുവിടാൻ ന മ്മടെ കയ്യിൽനിന്ന് കായ് എറക്കേണ്ടി വരും. സിനിമയിലെ ഒരു ഡയലോഗില്ലേ? ‘‘പൈസ വേണ്ടാത്തോരൊക്കെ വന്നോളിൻ.’’ ഞാനങ്ങനെ വിളിച്ചിട്ടാണ് വീതം വയ്ക്കുക. ഈ ദുനിയാവിൽ ആർക്കാ പൈസ വേണ്ടാത്തത്? ലോക്കലു കളിക്കുമ്പോൾ കൂടുതൽ കിട്ടും. അപ്പോൾ നിശ്ചയിച്ചുറപ്പിച്ച പൈസയേക്കാൾ കൂടുതൽ കൊടുക്കും. അവര് വിയർത്ത് കളിച്ചിട്ട് കിട്ടിയതിൽ നിന്നു കൊള്ളലാഭമെടുക്കാൻ കഴിയില്ല. ‘മാനേജർ, ഹൺഡ്രട് റുപ്പീസ്, പ്ലീസ്? അവരും ചോദിച്ചോണ്ടിരിക്കും.

കളിയോടുളള ഇഷ്ടംകൊണ്ടോ, പ്രതിബദ്ധത കൊണ്ടോഒന്നുമല്ല അവർ വരുന്നത്. പട്ടിണിയുടെ നോവു കൊണ്ടാണ്. ചിലരുടെ അനുഭവങ്ങൾ കേട്ടാൽ നമ്മൾ കരഞ്ഞുപോകും. ഒരിക്കൽ ഫൈനലിൽ ഒരു കളിക്കാരന് പരുക്കു പറ്റി. സർജറി കഴിഞ്ഞ് അവനെ നാട്ടിലേക്ക് വിടാനുള്ള ഒരുക്കങ്ങൾ നടത്തുന്നതറിഞ്ഞ് ഓൻ കരച്ചിലായി. ‘ മാനേജർ, എന്നെ വിടരുത്, വീട്ടിൽ പട്ടിണിയാണ്, അവർക്കെന്നെ നോക്കാനാകില്ല’. പിന്നെ വീട്ടിലേക്ക് കൊണ്ടുപോന്നു.

എന്നെത്തന്നെ ഞാനിങ്ങനെ കഷ്ടിച്ച് നോക്കിക്കൊണ്ടിരിക്കുമ്പോൾ അവനെ എങ്ങനെ നോക്കാനാണ്? പിന്നെ എന്റെ ഉമ്മ കദീജ നോക്കി. കുളിപ്പിക്കലും മറ്റു കാര്യങ്ങളുമെല്ലാം കൂട്ടുകാർ വന്നു ചെയ്തു. പിന്നീട് ഇത് തുടർക്കഥയായപ്പോൾ ഉമ്മ ചൂടായി. എന്നാലും പിന്നെയും നോക്കും. ഉമ്മയോട് അടുപ്പമുള്ളവർ പിന്നീട് വരുമ്പോൾ അവിടത്തെ ടീ ഷർട്ടൊക്കെ സമ്മാനമായി കൊടുക്കും. കളിക്കാര് മാനേജർ എന്നോ ബാബു എന്നോ വിളിക്കും. ചിലര് നമ്മെ പൊക്കാനായിട്ട് മറ്റുള്ള മാനേജരുമാരുടെയിടയിൽ വച്ച് ‘ ബിഗ് മാനേജർ’ എന്നു വിളിക്കും. ഞാൻ പറയും ‘ മുന്നിലെ ബിഗ് വേണ്ട, വെറും മാനേജർ മതിയെന്ന്. ബുദ്ധിമുട്ടിച്ച കളിക്കാരും പറ്റിച്ചവരുമൊക്കെയുണ്ട്. നല്ല കളിക്കാരാണെങ്കിൽ അടുത്ത വർഷം വരാമെന്നു പറഞ്ഞ് അഡ്വാൻസു വാങ്ങിപ്പോകും. പിന്നെ, തിരിച്ചു വരില്ല. കുറേ കാശ് പോയപ്പോൾ പഠിച്ചു.

സങ്കടങ്ങളുടെ മിഡ് ഫീൽഡ് കടന്ന്

ജീവിത്തിലെ ദുഖങ്ങളൊന്നും ഓർക്കാൻ നേരമില്ല. എഴുന്നേറ്റാൽ പിന്നെ കളിയും അതിന്റെ കാര്യങ്ങളുമായി തിരക്കിലാകും. ഇന്നു കളി ജയിക്കോ, തോൽക്കോ എന്നൊക്കെയാണ് എപ്പോഴും ചിന്ത. തോറ്റാൽ  ആരും കാണാതെയിരുന്നു കരയും. ജയിച്ചാൽ തിമിർക്കും. കളിക്കാലം കഴിഞ്ഞാൽ ദിവസത്തിന്റെ പകുതിയിലധികം ഉറങ്ങിത്തീർക്കും. എണീറ്റാൽ  സിഗരറ്റുവലിക്കുന്നൊരു ശീലമുണ്ട്. കളി കഴിഞ്ഞാൽ പിന്നെ കാശില്ലല്ലോ. സിഗരറ്റ് വലിയൊക്കെ ആഡംബരമാണ്. അതിനെ മറികടക്കാൻ കൂടി വേണ്ടിയാണ് ഈ ഉറക്കം. കൂട്ടുകാരുടെയടുത്തുനിന്ന്, കടം വാങ്ങി കാര്യങ്ങൾ നടത്തും. കളി തുടങ്ങുമ്പോൾ തിരിച്ചു കൊടുക്കും.

ഞാൻ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ ഉപ്പ മരിച്ചു. പിന്നെ ഉമ്മയാണ് എല്ലാം. മൂത്ത ഇക്ക ഹെൽത് ഇൻസ്പെക്ടറാണ്. ഒരു പെങ്ങളുണ്ട്. അവളുടെ  കല്യാണം കഴിഞ്ഞു. അഞ്ചു വർഷം മുൻപായിരുന്നു എന്റെ വിവാഹം. ഭാര്യ സജി. ഒരു കാർവാങ്ങി എനിക്ക് ഓടിക്കാൻ പാകത്തിലാക്കി അതിലാണ് കറക്കമെല്ലാം. പിന്നത്തെ യാത്രകളൊക്കെ കൂട്ടുകാരുടെ തോളി ൽ തൂങ്ങിയാണ്. ആ കാഴ്ചയിൽ പലരും സഹതാപം കൊണ്ട് വീൽചെയർ വാങ്ങിത്തരാമെന്നു പറഞ്ഞിട്ടുണ്ട്. എനിക്കതു വേണ്ട. അതു കാണുമ്പോൾ, എനിക്ക് എന്തോ കുറവുണ്ടെന്ന് എന്നെ അതോർമിപ്പിച്ചു കൊണ്ടിരിക്കും...

crisis-football