Wednesday 21 August 2024 04:53 PM IST

‘സുരേഷേട്ടൻ താടിവച്ചത് സിനിമയ്ക്കു വേണ്ടിയല്ലേ, ഈ താടി മരിച്ചു പോയ എന്റെ അമ്മയുടെ ഓർമയാണ്’: അപരൻമാർ നഗരത്തിൽ

Binsha Muhammed

Senior Content Editor, Vanitha Online

sg-rajini

കായൽക്കാറ്റിൽ മഴയുടെ തണുപ്പുണ്ട്.  ഫോ ർട്ടുകൊച്ചിയിലെ ചായക്കടയിൽ നിന്നിറങ്ങി വന്ന ആളെ കണ്ടപ്പോൾ ഒന്നു ഞെട്ടി. ‘നീങ്ക അപ്പടിയേ നമ്മ തലൈവർ മാതിരി’ കൂട്ടത്തിൽ തമിഴ്‌നാട്ടുകാരനായ ഒരാളുടെ കമന്റ്.

‘കൊച്ചി രജനികാന്ത്’ എന്നറിയപ്പെടുന്ന സുധാകരപ്രഭുവിന്റെ ചായക്കടയുടെ മുന്നിൽ അപ്പോൾ ഒരു കാർ എത്തി. ഡോർ തുറന്ന് അയാൾ മെല്ലെ പുറത്തേക്കിറങ്ങി. കൂളിങ് ഗ്ലാസ്, കറുത്ത കുർത്ത, പളപളാ മിന്നുന്ന കരമുണ്ട്. അരൂരിന്റെ സുരേഷ് ഗോപി, ജയചന്ദ്രൻ. അതോടെ കണ്ടുനിന്നവരുടെ ആവേശം മീറ്റർ ചായ പോലെ പതഞ്ഞുപൊന്തി.

‌ ‘രജനികാന്തിന്റെ ചായക്കടയിൽ സുരേഷ് ഗോപി യോ?’ വനിത ഒരുക്കിയ ഈ കൂടിക്കാഴ്ചയെ ഒറ്റവരിയിൽ അങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ, അതിനും അപ്പുറമുണ്ട് അവർക്കിരുവർക്കും പങ്കുവയ്ക്കാനുള്ള വിശേഷങ്ങൾ. താരങ്ങളുമായുള്ള രൂപസാദൃശ്യമൊഴിച്ചാൽ ഇവരുടെ ജീവിതങ്ങൾക്കു സിനിമയുടേതു പോലുള്ള വെള്ളിവെളിച്ചമില്ല.  കട ഭാര്യ സുധയെ  ഏൽപ്പിച്ച് തലൈവർ സ്റ്റൈൽ വേഷത്തിൽ സുധാകരപ്രഭു യൂബർ ഡ്രൈവറായ അരൂർക്കാരൻ ജയചന്ദ്രനൊപ്പം നടക്കാനിറങ്ങി.

തലൈവർ മീറ്റ്സ് ആക്‌ഷൻ കിങ്

സുധാകര പ്രഭു: ബസ് കണ്ടക്ടറായിരുന്ന ശിവാജിറാവു ഗെയ്ക്‌വാദ് രജനികാന്തായി മാറിയ കഥ എ ല്ലാവർക്കുമറിയാമല്ലോ. അത്തരം മാജിക്കൽ ട്വിസ്റ്റ് ഒന്നും എന്റെ ജീവിതത്തിലില്ല. വയസ്സാംകാലത്ത് സംഭവിച്ച നിയോഗമാണ് ഈ തലൈവർ വിളിയും സൂപ്പർ സ്റ്റാർ വേഷവും.

ജയചന്ദ്രൻ: മൂന്നു വർഷം മുൻപുള്ള സുധാകര പ്രഭുവിനെ ആരെങ്കിലും അറിയുമായിരുന്നോ ചേട്ടാ. എ ന്റെ കാര്യവും വ്യത്യസ്തമല്ല. അരൂരിൽ നിന്നു കൊ ച്ചി വരെ സൈക്കിൾ ചവിട്ടി വന്ന് സുരേഷ് ഗോപി പടങ്ങൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടുള്ളതാണ് എന്റെ സിനിമാബന്ധം.

അദ്ദേഹത്തെ ഇതുവരെ നേരിട്ടു കണ്ടിട്ടും കൂടിയില്ല. പണ്ടു ബംഗാളി എന്നു വിളിച്ചിരുന്നവർ ഇപ്പോൾ സുരേഷ് ഗോപിയെപ്പോലെ എന്നു പറയുന്നതു കേ ൾക്കുന്നത് തന്നെ രസം.
സുധാകര പ്രഭു:  എന്താണ് ജയന്റെ ബംഗാളി ബന്ധം?

ജയചന്ദ്രൻ: അച്ഛൻ രാമചന്ദ്രനു ബംഗാളിലെ കോൾ ഇന്ത്യ എന്ന കൽക്കരി കമ്പനിയിലായിരുന്നു ജോലി. അമ്മ സരസ്വതിയമ്മ.
ബംഗാളിൽ ജോലി ചെയ്യുന്നയാളുടെ മകൻ ബംഗാളി. അന്നൊക്കെ ബംഗാളികളും ബംഗാളിൽ പോയവരും നാട്ടിൽ കുറവല്ലേ. ഞാൻ ജനിച്ചു മൂന്നാലു മാസം കഴിഞ്ഞപ്പോഴേക്കും ബംഗാളി ബന്ധം ഉപേക്ഷിച്ച് അരൂരിലെ അമ്മ വീട്ടിലേക്ക് എത്തി.

ഞങ്ങൾ ഏഴു മക്കൾ. ഏറ്റവും ഇളയതായിരുന്നു ഞാൻ. പത്താം ക്ലാസ് തോറ്റതോടെ ജീവിതത്തിന്റെ നിറം മങ്ങിത്തുടങ്ങി.  ഇഷ്ടം പോലെ ഉണ്ടായിരുന്നത് കഷ്ടപ്പാടും ദാരിദ്ര്യവും മാത്രം.  
സുധാകര പ്രഭു: എന്റെ മൂത്തമകൾ സുപർണ ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. അതാണ് തമിഴ്നാടുമായുള്ള ഏകബന്ധം. എനിക്ക് നഷ്ടപ്പെട്ട വിദ്യാഭ്യാസം മക്കൾക്കു കൊടുക്കാൻ വേണ്ടിയായിരുന്നു നാളിതുവരെയുള്ള കഷ്ടപ്പാട്. അതിൽ ഭാഗ്യവാനാണ്.  നാലു പെൺമക്കളാണ്. സുപർണ ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് അവിടെ താമസിക്കുന്നു. രണ്ടാമത്തെയാൾ അപർണയും മൂന്നാമത്തെ മകൾ അമൃതയും ഐടി രംഗത്ത്. അപർണ ബെംഗളൂരുവിലും അമൃത കൊച്ചിയിലും ജോലി ചെയ്യുന്നു. ഇളയവൾ ആതിര പ്ലസ് വൺ വിദ്യാർഥി.  
 എന്റെ ബാല്യകൗമാരങ്ങൾക്കു പപ്പടത്തിന്റെ മണമാണ്. കഞ്ഞിക്കു ചുട്ട പപ്പടവും സദ്യയ്ക്കു വറുത്ത പപ്പടവുമാണ് കോംബിനേഷൻ. എന്റെ ജീവിതത്തിന്റെ കോംബിനേഷൻ തന്നെ പപ്പടമാണ്. ഞങ്ങൾ ആറു മക്കളായിരുന്നു. നാലു പെണ്ണും രണ്ട് ആണും. വിശന്നു വലഞ്ഞ് പള്ളിക്കൂടത്തിൽ നിന്ന് ഓടി വീട്ടിലെത്തുമ്പോഴും വിശ്രമമില്ല. അമ്മ കെട്ടുകണക്കിന് പപ്പടം സഞ്ചിയിലാക്കി തരും. കടയെന്നോ വീടെന്നോ വ്യത്യാസമില്ലാതെ ഓട്ടം തന്നെ. കൂട്ടത്തിൽ പത്താം ക്ലാസ് കടന്നു കൂടിയത് ഞാൻ ഒരേ ഒരാൾ.
ഹാർഡ്‌വെയർ കടയിലെ ഹെൽപർ, കാന്റീൻ നടത്തിപ്പ്, ചായക്കട, കളക്‌ഷൻ ഏജന്റ് അങ്ങനെ പല റോളുകൾ.  അന്നൊന്നും എന്റെ ശരീരത്തിൽ ‘തലൈവർ ’ കൂടിയിട്ടില്ല കേട്ടോ. റിയൽ ലൈഫ് രജനിയെ ഓർമിപ്പിക്കുന്ന കഷണ്ടിയുമില്ല. നിറയെ മുടിയുണ്ടായിരുന്നു.  മുടി വെട്ടി വൃത്തിയാക്കി നടന്നു കൂടെയെന്ന് ഭാര്യയും മക്കളും ഇടയ്ക്ക് ചോദിക്കും. ദൈവം എന്തായാലും അത് കേട്ടെന്നു തോന്നുന്നു.

പ്രായം 50 കടന്നപ്പോഴേക്കും ‘എൻ വഴി തനീ വഴി’ എ ന്നു പറഞ്ഞു തലമുടി അതിന്റെ വഴിക്ക് പോയി. താനേ വന്ന പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി. അത് ഇത്രയും ഹിറ്റാക്കിയതിനു കാരണക്കാരൻ സംവിധായകൻ നാദിർഷ ആണ്.

കണ്ടുപിടിച്ചത് നാദിർഷ

ജയചന്ദ്രൻ: നാദിർഷ എങ്ങനെയാണ് ചേട്ടനെ  കണ്ടത്?

സുധാകര പ്രഭു: ഹരിശ്രീ അശോകൻ പഠിച്ച കാലത്ത് അ തേ സ്കൂളിൽ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ഒരു സിനി മാബന്ധവും എനിക്കില്ല. അശോകൻ സിനിമാനടനായി പേരെടുത്തതോടെ അതുപോലൊന്ന് എന്റെ ജീവിതത്തിലും സംഭവിച്ചെങ്കിൽ എന്നൊക്കെ മനോരാജ്യം കാണുമായിരുന്നു. പപ്പടവും പ്രാരാബ്ധവും ഒഴിഞ്ഞ നേരങ്ങളിൽ കോമഡി നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. പിന്നെ, നാടകം സംവിധാനവും ചെയ്തു. ഒന്നര കൊല്ലത്തോളം കലാഭവനിൽ നാടൻപാട്ട് കലാകാരനായി. പക്ഷേ, കലാഭവൻ സുധാകരപ്രഭു എന്ന പേരിലേക്ക് എത്താൻ കഴിഞ്ഞില്ല. അങ്ങനെ ആ മോഹം പപ്പടം പോലെ പൊടിഞ്ഞു.

എങ്കിലും കൊച്ചിയിൽ എവിടെ സിനിമാ ഷൂട്ടിങ് നടന്നാലും പഴയ മോഹം മനസ്സിലിട്ടാറ്റി ഒന്നെത്തി നോക്കും.  ‘ചിലപ്പോൾ ബിരിയാണി കൊടുത്താലോ?.’ നാദിർഷയുടെ  സിനിമയുടെ ഷൂട്ടിങ്ങ് നടന്നപ്പോഴും  അതുവഴി പോയി.  ഇടവേളയിൽ എന്നെ കണ്ട നാദിർഷ ചോദിച്ചു. ‘ചേട്ടനെ കണ്ടാൽ അസൽ രജനി സാറിനെ പോലുണ്ടല്ലോ’.
‘ഒപ്പം നിന്നൊരു ഫോട്ടോ എടുത്തോട്ടെ’ എന്ന നാദിർഷയുടെ ചോദ്യം കേട്ടു ഞാനന്തിച്ചു പോയി. പക്ഷേ, നാദിർഷ അതു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സീൻ മാറി.  ചെല്ലുന്നിടത്തെല്ലാം തലൈവാ വിളികൾ. കൊച്ചിയിൽ ജയിലർ സിനിമാ കാണാൻ പോയപ്പോൾ തലൈവരോടുള്ള ആരാധനയുടെ കൊച്ചുപങ്ക് എനിക്കും കിട്ടി.

sg-rajini-1

ജയചന്ദ്രൻ: അതൊക്കെ വലിയ ഭാഗ്യമല്ലേ, ചേട്ടാ. ഇനി ഞാനെന്റെ കഥ പറയാം. പത്താം ക്ലാസ് തോറ്റ ഉടനെ എന്നെ ഗൾഫിലേക്ക് കയറ്റി വിടാനായിരുന്നു കുടുംബക്കാരുടെ പ്ലാൻ. അതിനിടെ ചേച്ചിമാരുടെ കല്യാണം കഴിഞ്ഞു. വീട്ടിലെ സാമ്പത്തിക സ്ഥിതി കൂടുതൽ മോശമായി.

എങ്ങോട്ടെങ്കിലും പോയേ പറ്റു. അങ്ങനെ മുംബൈയി ൽ ചെന്നിറങ്ങി.  അന്ന് കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ജെസിബിയും പൊക്ലിനും ഓപ്പറേറ്റ് ചെയ്യാനുള്ള ‘പോളിടെക്നിക്’ പഠിക്കാനായിരുന്നു യാത്ര.  അത് കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തി. കിട്ടിയത് വേറൊരു ജോലി. പരസ്യകമ്പനിയിൽ ഓഫിസ് അസിസ്റ്റന്റ്. ശമ്പളം 650 രൂപ.  
എല്ലാ കഷ്ടപ്പാടിനു നടുവിലും അമ്മയായിരുന്നു   ആ ശ്വാസം. ശരിക്കും ഞാനൊരു അമ്മക്കുട്ടിയായിരുന്നു. അ മ്മയുടെ മരണശേഷമാണ് സുരേഷ് ഗോപി എന്റെ ജീവിതത്തിലേക്കു കടന്നു വന്നത്. സുരേഷേട്ടൻ താടിവച്ചത് സിനിമയ്ക്കു വേണ്ടിയല്ലേ. പക്ഷേ, എന്റെ താടി അമ്മയുടെ  മരണാനന്തര ചടങ്ങുകളുടെ ഭാഗമായി വച്ചതാണ്. പിന്നെ, അതുമാറ്റാൻ തോന്നിയില്ല. അതങ്ങനെ നിൽക്കുമ്പോൾ അമ്മ കൂടെയുണ്ടെന്നൊരു തോന്നൽ.

മാമാ, മാമനുണ്ടൊരു എസ്ജി ലുക്

സുധാകര പ്രഭു: സുരേഷ് ഗോപി ലുക് ഉണ്ടെന്ന് ആരാണ് ആദ്യം പറഞ്ഞത്?

ജയചന്ദ്രൻ: താടി വളർന്നതോടെയാണു സുരേഷ് ഗോപിയുടെ ഛായ ഉണ്ടെന്നു കേട്ടുതുടങ്ങിയത്. ആദ്യം താടിയുടെ കഥ പറയാം. മരിക്കുന്നതു വരെ അമ്മയുടെ പ്രഭാതകർമങ്ങൾ ഉൾപ്പെടെ ഞാനാണു നോക്കിയിരുന്നത്. മൂന്നു വർഷം മുൻപാണ്  അമ്മ പോയത്. താടി വളർന്നു കഴിഞ്ഞപ്പോൾ പെങ്ങളുടെ മകൻ മനോജാണ്  പറഞ്ഞത്, ‘മാമാ... താടി വച്ചപ്പോൾ മാമനെ കാണാൻ സുരേഷ് ഗോപിയെ പോലെ തന്നെയുണ്ട്.’ കേട്ടപ്പോൾ  സുഖമൊക്കെ തോന്നിയെങ്കിലും  അതു കാര്യമാക്കിയില്ല.

കാര്യങ്ങൾ മാറിമറിയുന്നത് ഈയടുത്താണ്. മകൾ അനുപമയുടെ ബിഎഡ് പ്രവേശനവുമായി ബന്ധപ്പെട്ട് കോളജിൽ പോകേണ്ടി വന്നതിനാൽ ആ ദിവസം ടാക്സി ഓടിയില്ല. വീട്ടിൽ വിശ്രമിക്കുമ്പോഴാണ് വാഹനങ്ങൾ ഗ താഗത കുരുക്കിൽ ബുദ്ധിമുട്ടുന്നത് ശ്രദ്ധിച്ചത്. മുണ്ടും മടക്കി കുത്തി റോഡിലേക്കിറങ്ങി ഗതാഗതം നിയന്ത്രിച്ചു.
ദൂരെ നിന്ന് കണ്ടവരെല്ലാം എസ്ജി ചേട്ടനാണെന്ന് തെറ്റിധരിച്ചു വിഡിയോ എടുത്തു. ഒരു യൂട്യൂബർ  സോഷ്യൽ മീഡിയ പേജുകളിലുമിട്ടു. അങ്ങനെ ഞാൻ പോലുമറിയാതെ സുരേഷ്ഗോപിയുടെ ഡ്യൂപ്പായി.

sg-rajini-4 ഭാര്യ സുധ, മക്കൾ സുപർണ, അപർണ, അമൃത, ആതിര എന്നിവർക്കൊപ്പം സുധാകരപ്രഭു

സുധാകര പ്രഭു: മകൾ‌ ചെന്നൈയിലാണെന്നു പറഞ്ഞല്ലോ. നാട്ടിൽ ചായക്കടയുള്ളതു കൊണ്ടു തന്നെ അതിരാവിലെ നാലു മണിക്ക് എഴുന്നേറ്റാണു ശീലം. മകളുടെ വീട്ടിലെത്തിയപ്പോഴും സ്വിച്ചിട്ട പോലെ പുലർച്ചെ എഴുന്നേറ്റു.

ഒന്നും പ്രത്യേകിച്ച് ചെയ്യാനില്ല. നേരെ അമ്പത്തൂരിലെ നിരത്തിലൂടെ നടക്കാനിറങ്ങി. എതിരെ നടന്നു വന്നവരിൽ പലരും എന്നെ നോക്കി ‍ഞെട്ടി നിൽപ്പാണ്. കുശലം തിരക്കുന്നു, സെൽഫിയെടുക്കുന്നു. ആകെപ്പാടെ ജഗപൊഗ. ചുറ്റും തലൈവാ വിളികൾ.

പറയാൻ പറ്റാത്ത അപരന്റെ ദുഃഖം

ജയചന്ദ്രൻ: ‘ഈ പാവം പൊയ്ക്കോട്ടേ...’ എന്ന് ചില ഓ ട്ടോയുടെ പുറകിലൊക്കെ എഴുതിവയ്ക്കാറില്ലേ. എന്റെ ടാക്സിയുടെ പിന്നിലും അങ്ങനെ എഴുതിയാലോ എന്ന് ആലോചിക്കുവാ. നല്ലതു പറയുന്നതിനൊപ്പം പരിഹാസവും കളിയാക്കലുകളും കണക്കിന് കിട്ടുന്നുണ്ട്. വിഡിയോ വൈറലായതോടെ പ്രശസ്തി കിട്ടിയെങ്കിലും രാഷ്ട്രീയ പകയോടെ കമന്റുകളും ധാരാളം കേൾക്കേണ്ടി വന്നു. അ തു പലതും അമ്മയെ സ്നേഹിക്കുന്ന ഒരു മകനും പറയാൻ പോലും കൊള്ളാത്തതാണ്.  
സുധാകര പ്രഭു: അതൊന്നും മനസ്സിലേക്ക് എടുക്കേണ്ട ജയാ. നമ്മൾ മിമിക്രി കലാകാരന്മാരെ പോലെ പ്രഫഷനലായി ചെയ്യുന്നതല്ലല്ലോ. രണ്ടു വലിയ മനുഷ്യരുടെ അപരന്മാർ എന്നറിയപ്പെടുന്നതു പോലും അഭിമാനകരമല്ലേ.

ജയചന്ദ്രൻ: ഞാൻ താടിവയ്ക്കുന്നതു ഭാര്യ അമ്പിളിക്കു കണ്ണെടുത്താൽ കണ്ടുകൂടാ. താടി വടിക്കാൻ ആവുന്നതു പറഞ്ഞു നോക്കി. ഞാനുണ്ടോ കേൾക്കുന്നു. വൈറലായതിന്റെ കുശുമ്പാണോ എന്നറിയില്ല. അവൾ ഇടയ്ക്കിടെ പറയും... ‘ദേ മനുഷ്യാ... സൂക്ഷിച്ചോ, നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ കൊമ്പൻമീശ ഞാനിങ്ങെടുക്കും.’  ഇത് കേട്ടു ചിരിച്ചു കൊണ്ട് മക്കൾ അനുപമയും അശ്വിനും അമ്മയ്ക്കൊപ്പം ചേരും.
സുധാകര പ്രഭു: മക്കളൊക്കെ നല്ല നിലയിലായെങ്കിലും ഞാനിന്നും സ്വന്തം അധ്വാനത്തിന്റെ ബലത്തിലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഒാട്ടമല്ലേ നമ്മുടെ ജീവിതത്തിന്റെ കരുത്ത്.

sg-rajini-5 മക്കൾ അശ്വിൻ, അനുപമ, ഭാര്യ അമ്പിളി എന്നിവർക്കൊപ്പം ജയചന്ദ്രൻ

ജയചന്ദ്രൻ: ചേട്ടന് മക്കൾ ഒരു കരയ്ക്കെത്തി എന്നെങ്കിലും ആശ്വസിക്കാം. എനിക്ക് 52 വയസ്സായി. പകലന്തിയോളം ഒാടിയാലും പലപ്പോഴും ചെലവുകളുടെ ദൂരം പിന്നിടാൻ കഴിയാറില്ല. വീടിന്റെ ആധാരം സൊസൈറ്റി ബാങ്കിലാണ്.
എനിക്കോ പഠിക്കാൻ കഴിഞ്ഞില്ല. മക്കൾ നല്ലൊരു നിലയിലെത്തിക്കാണണം. അതേ മോഹമുള്ളൂ. പിന്നെയൊരു വലിയ ആഗ്രഹം കൂടിയുണ്ട്. എന്നെങ്കിലും സുരേഷ് ഗോപി സാറിനെ ഒന്നു നേരിൽ കാണണം. പറ്റിയാൽ ഒപ്പം നിന്നൊരു ഫോട്ടോ എടുക്കണം.

സുധാകര പ്രഭു: പ്രായത്തെക്കുറിച്ചൊന്നും കൂടുതൽ ചിന്തിക്കേണ്ട. എനിക്ക് 62 ആയി. ഇപ്പോഴും ജോലി ചെയ്യുന്നു. അണിയാൻ മോഹമുള്ള വേഷങ്ങളൊന്നും ഇപ്പോൾ മനസ്സിലില്ല.  സ്വന്തമായി ജോലി ചെയ്തു ജീവിക്കാൻ കഴിയുന്നിടത്തോളം കാലം ആർക്കും വയസ്സാകില്ലടോ.
ജയചന്ദ്രന്റെ ഫോണിൽ യൂബർ നോട്ടിഫിക്കേഷന്റെ ശബ്ദം. അടുത്ത റൈഡിനുള്ള വിളിയാണത്. കടയിൽ തിരിച്ചെത്താനുള്ള തിരക്കുണ്ട് സുധാകരപ്രഭുവിന്. പരസ്പരം യാത്ര പറഞ്ഞ് അവർ രണ്ടു വഴികളിലൂടെ നീങ്ങി.

ബിൻഷാ മുഹമ്മദ്
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ