Friday 22 June 2018 04:19 PM IST

പ്രമേഹത്തിന് ലഡുവും തേനും കൊടുത്തുള്ള നാടൻ ചികിത്സ; പ്രലോഭനങ്ങളിൽ വീഴുന്നതിന് മുൻപ് ശ്രദ്ധിക്കൂ!

Roopa Thayabji

Sub Editor

luddu-diabetic

വണ്ണം കുറയ്ക്കാൻ മരുന്ന് കഴിച്ച യുവാവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ കേരളം ഞെട്ടിയ വാർത്തയാണിത്. 90 കിലോഗ്രാം ഭാരമുണ്ടായിരുന്ന കട്ടപ്പന സ്വദേശി മനു എസ്. നായർ എന്ന 25 കാരന് മരണസമയത്ത് 50 കിലോയായിരുന്നു തൂക്കം. തടി കുറയുന്നതിനാണോ പ്രമേഹം കുറയുന്നതിനാണോ മനു മരുന്ന് കഴിച്ചതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല എന്നു പൊലീസ് പറയുന്നു. തടി കുറയുന്നതിനായി മരുന്നു കഴിച്ചതിനെ തുടർന്നു പ്രമേഹം കൂടിയാണു മനു മരിച്ചതെന്നാണ് ആരോപണം. പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.

ഈ വാർത്ത വിരൽചൂണ്ടുന്ന മറ്റൊന്നു കൂടിയുണ്ട്. കുറച്ച് ഷുഗർ കൂടിയാലെന്താ, വണ്ണം കുറയ്ക്കുന്ന ആ മരുന്ന് ഏതാ??? എന്ന് അന്വേഷിക്കുന്ന മലയാളിയുടെ മനോഭാവം. വണ്ണം കുറയ്ക്കാൻ പച്ചിലമരുന്ന്, കാൻസറിന് ഒറ്റമൂലി, സ്ത്രീകൾക്ക് ശരീരപുഷ്ടിക്കും പുരുഷൻമാർക്ക് ലൈംഗികശക്തി വർധിക്കാനും ചികിത്സ. ആധികാരികത ഇല്ലെങ്കിൽ പോലും പാർശ്വഫലമോ കഠിനമായ ചിട്ടകളോ ഇല്ലെന്ന ടാഗ്‍‌ലൈൻ കണ്ടാൽ മലയാളി മൂക്കുംകുത്തി വീഴും.

പ്രമേഹത്തിന് ലഡു ചികിത്സ

ഫാസ്റ്റ് ഫൂഡും ശീതളപാനീയങ്ങളും ലൈഫ്സ്റ്റൈലിന്റെ ഭാഗമായപ്പോൾ കൂട്ടുവന്നതാണ് ജീവിതശൈലീ രോഗങ്ങൾ. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത് എൻ കുമാർ പറയുന്നത് കേൾക്കാം.- ‘‘ശാസ്ത്രം പുരോഗമിക്കുമ്പോഴും ശാസ്ത്രബോധം നഷ്ടപ്പെട്ടതു പോലെ പെരുമാറുന്നവരാണ് നമ്മൾ. എറണാകുളത്ത് ലഡുവും തേനും കൊടുത്ത് പ്രമേഹം ചികിത്സിക്കുന്ന വൈദ്യനുണ്ട്. കുറേ കാശ് പോയി രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം മൂർഛിച്ച് തിരിച്ചെത്തിയവരെ നേരിട്ടറിയാം. പേരോ പരാതിയോ ഇവർക്കില്ല, കാരണം കാശു പോയാലും മാനം കളയാൻ വയ്യ. ശരീരത്തിലെ മൂന്ന് ഭാഗങ്ങളിൽ തൊട്ട് പ്രമേഹം ചികിത്സിക്കുന്ന വൈദ്യനുണ്ട്. ഇയാളുടെ അടുത്ത് ചികിത്സ തേടി 11 കിലോഗ്രാം ഭാരം കുറഞ്ഞ രോഗിക്ക് ഷുഗർ ലെവൽ നാലിരട്ടിയാണ് കൂടിയത്. വ്യായാമവും ഭക്ഷണനിയന്ത്രണവും നല്ല മാറ്റം വരുത്തുമെന്നിരിക്കേ അധ്വാനിക്കാൻ ആർക്കും മനസില്ല. പിന്നെ കുറുക്കുവഴി തേടുകയായി."

കരൾ രോഗം വന്ന് ചില പ്രമുഖർ മരണപ്പെട്ടതോടെ രണ്ടു സ്മോളടിക്കുന്നവർക്കൊക്കെ ഇരിക്കപ്പൊറുതി ഇല്ലാതായി. ഇതു മുതലെടുത്താണ് തട്ടിപ്പുകാർ രംഗത്തെത്തിയത്. കരൾ രോഗം വരാതിരിക്കാൻ മരുന്ന് കൊടുക്കുന്നവർക്ക് ഡിമാൻഡ് കൂടി. മദ്യപിക്കുന്നത് പ്രശ്നമല്ല, മരുന്ന് പതിവായി കഴിച്ചാൽ മതി എന്ന വാചകത്തിൽ മയങ്ങിയാൽ അതുമതി രോഗിയാകാനെന്ന് പൊതുജനാരോഗ്യ വിദഗ്ധനും പ്രശസ്ത ന്യൂറോസർജനുമായ ഡോ.ബി. ഇക്ബാൽ പറയുന്നു;  ‘‘ശാസ്ത്രീയമായ ചികിത്സാ രീതികൾ നിലവിലുള്ളപ്പോൾ തന്നെ സർവരോഗ സംഹാരികളായ മരുന്നുകളുടെ പരസ്യത്തിനു പിന്നാലെ പോകുന്ന സാക്ഷരരാണ് മലയാളികൾ. ഷോർട്ട് കട്ടാണ് വേണ്ടത്. ഒരാൾ മരിച്ചപ്പോഴാണ് ഇതു പുറത്തുവന്നതെങ്കിൽ മരിക്കാതെ തന്നെ ഇരകളാകുന്ന നിരവധി പേരുണ്ട്. കേരളത്തിൽ അടുത്തിടെ മരണപ്പെട്ട പല പ്രശസ്തരുടെയും കാര്യം നേരിട്ടറിയാം. പലരും ഉചിതമായ ചികിത്സ സ്വീകരിക്കാതെ അശാസ്ത്രീയ ചികിത്സ തേടിയവരായിരുന്നു. വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും തേടി പോകുന്ന സ്ത്രീകളുടെ എണ്ണവും ഇന്ന് വളരെ വലുതാണ്. ആധുനിക ചികിത്സയോടുണ്ടാകുന്ന വിദ്വേഷത്തിന്റെ പേരിൽ മറ്റ് ചികിത്സ തേടുകയല്ല വേണ്ടത്.’’