Wednesday 23 December 2020 03:57 PM IST

‘ഈ നിമിഷത്തിനായിരിക്കും എന്റെ ആയുസ്സ് ഈശ്വരൻ നീട്ടിത്തന്നത്’: ടീച്ചർ അന്ന് വൈകാരികമായി പറഞ്ഞു: ഓർമ്മകളിൽ വിതുമ്പി കെഎ ബീന

Tency Jacob

Sub Editor

sugatha-kumari-beena

പവിഴമല്ലിയെ പ്രണയിച്ച ടീച്ചർ

‘‘ധനുമാസത്തിലെ അശ്വതിയാണ് സുഗതകുമാരി ടീച്ചറുടെ പിറന്നാൾ. നാളെയാണ് ആ ദിവസം.ജീവിച്ചിരുന്നുവെങ്കിൽ, ആരോഗ്യം നല്ലതായിരുന്നുവെങ്കിൽ ഞങ്ങൾ ടീച്ചർക്കു വേണ്ടിയുണ്ടാക്കിയ പവിഴമല്ലി കൂട്ടായ്മയിലേക്ക് ടീച്ചർ എത്തുമായിരുന്നു.’’ എഴുത്തുകാരി കെ എ ബീന, സുഗതകുമാരി ടീച്ചറെ ഓർമ്മിക്കുന്നു.

‘‘കഴിഞ്ഞ വർഷത്തെ പിറന്നാളിനു സിവിയർ അറ്റാക്കു കഴിഞ്ഞു വിശ്രമത്തിലിരിക്കുകയായിരുന്നു ടീച്ചർ.വീട്ടിൽ ആശംസ പറയാൻ ചെന്നപ്പോൾ തമാശയ്ക്കു ചോദിച്ചു.‘നമുക്കു നീർമാതള തണലിൽ ഒരുമിച്ചു കൂടേണ്ടേ?’ വളരെ സന്തോഷത്തോടെ വരാമെന്നു സമ്മതിച്ചു. എഴുത്തുകാരി മാധവിക്കുട്ടിയുടെ ഓർമയ്ക്കു വേണ്ടി നട്ടു വളർത്തിയ തിരുവനന്തപുരം മാനവീയം വീഥിയിലെ നീർമാതള ചുവട്ടിലാണ് ഞങ്ങളുടെ ഒരുമിച്ചു കൂടൽ. കവിതകൾ ചൊല്ലി മധുരം നുണ‍ഞ്ഞു ആ സന്ധ്യയിൽ ടീച്ചർ ഞങ്ങളോടൊപ്പമിരുന്നു.‘ഈ നിമിഷത്തിനായിരിക്കും എന്റെ ആയുസ്സ് ഈശ്വരൻ നീട്ടിത്തന്നത്.’ എന്നു വൈകാരികമായി പറയുകയും ചെയ്തു.അതായിരുന്നു ടീച്ചറുടെ അവസാനത്തെ പൊതുപരിപാടി. ഇന്നു ഇപ്പോൾ ടീച്ചറുടെ വിയോഗമറിയുമ്പോൾ ഞങ്ങളെല്ലാം അമ്മയില്ലാത്ത കുട്ടികളാവുന്നു.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജവഹർ ബാലഭവനിൽ വച്ചാണ് ഞാൻ ആദ്യം ടീച്ചറെ കാണുന്നത്.കുട്ടികളുടെ സാഹിത്യകലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള തിരുവനന്തപുരത്തെ ഒരിടമായിരുന്നു അത്. സുഗതകുമാരി ടീച്ചറായിരുന്നു അതിന്റെ ഡയറക്ടർ.അന്നു അതൊന്നും എനിക്കറിയില്ല.ഒരുദിവസം കോട്ടൺസാരി അലസമായുടുത്ത് ചുവന്ന കല്ലുവച്ച കമ്മലും കരിമണി മാലയും പൊട്ടും തൊട്ടു ഭംഗിയുള്ള ഒരു അമ്മ ഞങ്ങളോടു സംസാരിക്കാൻ വന്നു.ഓരോന്നു സംസാരിക്കുന്നതിന്നിടയിൽ ‘വലുതാവുമ്പോൾ ആരാവണമെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?’ എന്നൊരു ചോദ്യം വന്നു.എന്റെ ഊഴമെത്തിയപ്പോൾ ‘എനിക്കു സുഗതകുമാരിയെ പോലെ ഒരു എഴുത്തുകാരിയാവണം’ എന്നു പറഞ്ഞു.അമ്മ വീട്ടിലിരുന്നു ചൊല്ലിത്തരുന്ന കവിതകൾ സുഗതകുമാരി ടീച്ചറുടേതാണെന്ന അറിവു മാത്രമേ എനിക്ക് അതുവരെയുള്ളൂ.

sugatha-kumari-1

‘കുഞ്ഞു വായിക്കാറുണ്ടോ?’

ഉണ്ടെന്നു തലകുലുക്കിയപ്പോൾ,രാമായണമെടുത്തു കൊണ്ടുവന്നു എന്നെക്കൊണ്ടു വായിപ്പിച്ചു.അതുകഴിഞ്ഞപ്പോൾ ‘ഞാനാണ് സുഗതകുമാരി ടീച്ചർ’എന്നു പുഞ്ചിരിയോടെ പറഞ്ഞു.അന്നെനിക്കു തോന്നിയ സന്തോഷം ഓരോ പ്രാവശ്യം ടീച്ചറെ കാണുമ്പോഴും തോന്നിയിട്ടുണ്ട്.ഞങ്ങൾ തിരുവനന്തപുരത്തുള്ള സ്ത്രീ എഴുത്തുകാർക്കും പത്രപ്രവർത്തകർക്കുമെല്ലാം അമ്മ തന്നെയായിരുന്നു അവർ.ഞങ്ങളുടെ നിലപാടുകൾക്കു വേണ്ടിയുള്ള ആശ്രയം.എനിക്കു പതിനഞ്ചു വയസ്സുള്ളപ്പോൾ എഴുതിയ എന്റെ ആദ്യ പുസ്തകം ‘ബീന കണ്ട റഷ്യ’ യ്ക്ക് അവതാരിക എഴുതിയത് ടീച്ചറായിരുന്നു.അങ്ങനെ എത്രയെത്ര ഓർമ്മകളാണ്.

ഏറ്റവുമൊടുവിൽ നിയമസഭയുടെ സഭാ ടിവിക്കു വേണ്ടി ഫെബ്രുവരിയിൽ ഞാനും മുല്ലക്കര രത്നാകരൻ സാറും ചേർന്നു ടീച്ചറെ ഇന്റർവ്യൂ ചെയ്തിരുന്നു.അതാണെന്നു തോന്നുന്നു ടീച്ചറുടെ അവസാന ഇന്റർവ്യൂ.അത്രയേറെ എന്റെ ജീവിതം ടീച്ചറുമായി കോർത്തു കിടക്കുന്നു.

ടീച്ചറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ സ്ത്രീ എഴുത്തുകാരികളുടെ ഫോറം 1996ൽ രൂപീകരിച്ചതു മുതലാണ് നിരന്തരമായി ഇടപെടുന്നത്.അമ്മയായും ചേച്ചിയായും കൂട്ടുകാരിയായും ടീച്ചറായുമെല്ലാം ഞങ്ങളുടെ ജീവിതത്തിലേക്കും ടീച്ചർ കടന്നുവന്നു.എല്ലാ മാസവും ഒരു ദിവസം വൈകുന്നേരം നീർമാതളച്ചോട്ടിൽ ഒരുമിച്ചു കൂടി വർത്തമാനം പറഞ്ഞു ചായ കുടിച്ചു ചെലവഴിക്കും.ആ നീർമാതള തൈ നട്ടതെല്ലാം ടീച്ചറാണ്.

ടീച്ചർക്കു വേണ്ടിയാണ് ഞങ്ങൾ പവിഴമല്ലി എന്ന കൂട്ടായ്മ ഉണ്ടാക്കിയത്.ടീച്ചർക്ക് ഏറ്റവുമിഷ്ടപ്പെട്ട പൂവായിരുന്നു പവിഴമല്ലി.അതിനെക്കുറിച്ചു രണ്ടു കവിതകളും എഴുതിയിട്ടുണ്ട്.ടീച്ചറുടെ എൺപത്തിരണ്ടാം പിറന്നാളിന്റെയന്നു തിരുവനന്തപുരം നഗരത്തിൽ 82 പവിഴമല്ലി തൈകൾ നട്ടാണ് അതു തുടങ്ങിയത്.ആ നവംബറിൽ തന്നെ വലിയൊരു കലാസാംസ്ക്കാരിക പരിപാടി സംഘടിപ്പിച്ചു.ഗായിക ചിത്ര ‘കൃഷ്ണാ നീയെന്നെ അറിയില്ല’ എന്ന ടീച്ചറുടെ കവിത ചൊല്ലി.വന്ദന ശിവ,മേധാ പട്കർ എന്നിവരും അതിൽ പങ്കെടുത്തിരുന്നു.നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.ടീച്ചറോടുള്ള നന്ദി പ്രകാശിപ്പിക്കാൻ രാത്രി മൺചെരാതുകൾ കത്തിച്ചു വച്ചു.ടീച്ചറുടെ മുഖം ആ നിമിഷം എത്ര ദീപ്തമായിരുന്നു.ടീച്ചറുടെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ തുടക്കമായ സൈലന്റ് വാലി സംരക്ഷണ സമരം ലോകപരിസ്ഥിതി പ്രസ്ഥാനത്തിന്റെ തന്നെ തുടക്കമാണെന്നാണ് പറയുന്നത്.ഞങ്ങളുടെ അമ്മ ഇല്ലാതായതു പോലെയാണ് തോന്നുന്നത്.നികത്താനാവാത്ത നഷ്ടം.’’

s-kumari-beena

അഴിവാതിലിലൂടെ പരുങ്ങി വന്നെത്തുന്നു

പവിഴമല്ലിപ്പൂവിൻ പ്രേമം...