Sunday 03 October 2021 09:55 AM IST : By സ്വന്തം ലേഖകൻ

കരുതലിന്റെ കയ്യൊപ്പുമായി സുഹാസിനി എത്തുന്നു: സ്തനാര്‍ബുദ ബോധവത്കരണവുമായി മാതൃസ്പന്ദം വെബിനാര്‍ ഇന്ന് 7 മണിക്ക്

suhasini-webinar

സ്തനാര്‍ബുദത്തിന്റെ വേദനയില്‍ കരളുടഞ്ഞു പോയവര്‍ക്ക് കരുതലിന്റെ പൊന്‍വെളിച്ചവുമായി മാതൃസ്പന്ദം. ലോകമെങ്ങും സ്തനാര്‍ബുദ ബോധവത്കരണ ദിനമായി ആചരിക്കുന്ന ഒക്ടോബറില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന വെബിനാറാണ് സംഘടിപ്പിക്കുന്നത്. വനിത മാസിക, സ്വസ്തി ഫൗണ്ടേഷന്‍, ട്രിവാന്‍ഡ്രം ഓങ്കോളജി ക്ലബ്, ലക്ഷ്മിഭായ് കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന വെബിനാറില്‍ േകരളത്തിനകത്തും പുറത്തുമുള്ള കാന്‍സര്‍ രോഗ വിദഗ്ധരാണ് പങ്കെടുക്കുക. 

സൂം പ്ലാറ്റ്‌ഫോമിലൂടെ ഒരുങ്ങുന്ന വെബിനാര്‍ സ്തനാര്‍ബുദത്തിന്റെ വേദന പേറുന്ന രോഗികളുടേയും അവരുടെ വേദനയ്ക്ക് കൂട്ടിരിക്കുന്ന പ്രിയപ്പെട്ടവരുടേയും ആശങ്കകള്‍ അകറ്റാന്‍ പോന്നതാണ്.

വെബിനാറില്‍ സുഹാസിനി മണിരത്‌നം മുഖ്യാതിഥി

നടിയും നിര്‍മ്മാതാവും സംവിധായികയുമായ സുഹാസിനി മണിരത്‌നത്തിന്റെ സാന്നിദ്ധ്യമാണ് വെബിനാറിനെ ശ്രദ്ധേയമാക്കുന്നത്. പ്രചോദനമേ കുന്ന വാക്കുകളും അനുഭവ സാക്ഷ്യങ്ങളുമായി സുഹാസിനി വെബിനാറില്‍ മുഖ്യാതിഥിയാകും. ഇന്ന് വൈകിട്ട് 7 മണിക്കാണ് വെബിനാര്‍ ആരംഭിക്കുന്നത്. 

'പേഴ്‌സണലൈസ്ഡ് കെയര്‍ ഇന്‍ ബ്രെസ്റ്റ് കാന്‍സര്‍' എന്ന വിഷയം മുന്‍നിര്‍ത്തി ഡോ. അനൂപ് ടിഎം സംസാരിക്കും. കീമോ കാലത്ത് മുടിയുടെയും ശരീരത്തിന്റെയും സംരക്ഷണം എന്ന വിഷയത്തെ അധികരിച്ച് ഡോ. സോണിയ ഫിറോസും രോഗികളോട് സംവദിക്കും.  

വെബിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് സംശയങ്ങള്‍ േചാദിക്കാനും അവസരമുണ്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെ എന്നും െവകിട്ട് ഏഴു മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂെട നടക്കുന്ന വെബിനാറില്‍ പങ്കെടുക്കാനുള്ള െഎഡി. 825 0173 6914 (പാസ് വേര്‍ഡ് ആവശ്യമില്ല)

വനിത, മനോരമ ആരോഗ്യം എന്നിവയുടെ ഫേസ്ബുക്ക് പേജ്‌ ലൈവിലൂടെയും വെബിനാറില്‍ പങ്കെടുക്കാം.